നല്ല ദൈവങ്ങളെല്ലാം ഉയർന്ന ജാതിക്കാർക്കും ചീത്ത ദൈവങ്ങളെല്ലാം താഴ്ന്ന ജാതിക്കാർക്കുമെന്ന അവസ്ഥയുണ്ടായിരുന്നു. ജാതിസമ്പ്രദായത്തെ ഓമനിച്ച ഹിന്ദുമതത്തിന്റെ അകത്തളങ്ങളിലാകെയും കേരളത്തിലൊരു കാലത്ത് ഈ ദുരവസ്ഥ മനുഷ്യരിലൊരു വിഭാഗത്തോട് മറ്റൊരു വിഭാഗം വച്ചു പുലർത്തിയ ഒരു കടുത്ത അനീതി തന്നെയായിരുന്നു. ജാതിയും മതങ്ങളും സൃഷ്ടിച്ച ഇരുട്ട്. ഈ ഇരുട്ടിൽ ദൈവങ്ങളെയും ഉൾപ്പെടുത്തിക്കളഞ്ഞു. ജാതിമതാന്ധതയുടെ ഇരുട്ടിൽ നിന്ന് ദൈവങ്ങളെ മോചിപ്പിച്ച് താഴ്ന്ന ജാതിക്കാരായ പതിത വർഗ്ഗത്തിന് നൽകിയ ദൈവികപ്പോരാളിയായിരുന്നു നാരായണഗുരു. അതുകൊണ്ടാണ് നാരായണഗുരു ഏറ്റെടുത്ത മാനവിക കർമ്മങ്ങളിലൊന്ന് ക്ഷേത്രപ്രതിഷ്ഠകൾ നടത്തലായി മാറിയത്. നാരായണഗുരു ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയത് മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാനും ദൈവത്തെ മനുഷ്യരിലേക്ക് നയിക്കാനുമായിരുന്നു. അസ്പൃശ്യരായ പാവങ്ങൾക്ക് നല്ല ദൈവങ്ങളില്ലാത്തതിന്റെ വേദനയാണ് നാരായണഗുരു നെഞ്ചിലേറ്റിയത്. ഈ വേദന മാറ്റാനുള്ള ചികിത്സയുടെ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ എൺപത് പ്രതിഷ്ഠകൾ നടത്തുകയുണ്ടായി. ഇവയിലൊന്നാണ് മംഗലാപുരത്തെ കുദ്രോളി ഗോകർണനാഥ ക്ഷേത്ര പ്രതിഷ്ഠ. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ കാലാന്തരത്തിൽ ശ്രീനാരായണീയർ ഗുരുദേവ ക്ഷേത്രങ്ങൾ എന്നു വിളിച്ചുപോന്നു. ഗുരുദേവ ക്ഷേത്രമായ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്രത്തിൽ പുതിയൊരു മനുഷ്യനിർമ്മിതി നടക്കുകയാണ്. ഗോകർണനാഥ ക്ഷേത്രത്തിൽ സ്ത്രീകൾ പൂജാരിണിമാരായി. ഗുരുവിന്റെ ദൈവകേന്ദ്ര മാനവികതയിൽ നിന്ന് പൂജാരിണി രൂപത്തിൽ ആദ്യം പൊട്ടിവിരിഞ്ഞത് രണ്ട് നക്ഷത്രങ്ങളായിരുന്നു. ലക്ഷ്മിശാന്തിയും ഇന്ദിരശാന്തിയും. ഇപ്പോൾ പട്ടികജാതിക്കാരും വിധവകളുമായ രണ്ട് നക്ഷത്രങ്ങൾകൂടി പൊട്ടി വിരിഞ്ഞു. ബൈബിളിൽ പല നക്ഷത്രങ്ങളും ദൈവാംശം കലർന്ന സ്ത്രീകളുടെ പ്രതീകങ്ങളാണ്. ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികളെ ബൈബിളിലെ ഇത്തരം ദിവ്യ നക്ഷത്രങ്ങളുടെ സ്വപ്ന തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാം. സ്ത്രീപുരുഷ സമത്വത്തിന് ലഭിച്ച ദൈവഗീതം പൊഴിക്കുന്ന നക്ഷത്രങ്ങളാണ് ഇൗ പൂജാരിണികൾ. സ്ത്രീകൾക്ക് ഗുരുദേവനിൽനിന്ന് നക്ഷത്ര പദവി ലഭിച്ചിരിക്കുന്നു. ഗുരുദേവന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികൾ ദൈവത്തിന്റെ പ്രഭയിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ ദേവസ്വംബോർഡിന്റെ വകയായ ക്ഷേത്രങ്ങളും പെടുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സ്ത്രീ നിന്ദ നടക്കുന്നത് സർക്കാരിന്റെ കൂടി നേതൃത്വത്തിലാണെന്ന കാര്യം നമ്മുടെ മനുഷ്യത്വത്തെ അലോസരപ്പെടുത്തുന്നതേയില്ല. മാറി മാറി വരുന്ന സർക്കാരുകൾക്കാവട്ടെ ദേവസ്വം ബോർഡിനെക്കാൾ വലുതല്ല നമ്മുടെ നാട്ടിലെ സ്ത്രീ സമൂഹം. ഹിന്ദുമതത്തിന്റെ മതപരിസരങ്ങളിൽ സ്ത്രീകൾ ഇന്നും രണ്ടാംകിട (സെക്കൻഡ് സെക്സ്) ജന്മത്തിന്റെ ഉടമകളാണ്. 'വീത വികാരയായ് വില്ക്കപ്പെടാൻ" പിറന്ന ഇന്ദുലേഖമാർ മാത്രമല്ല, ലൈംഗിക ദാഹത്തിന്റെ ഭ്രാന്തിൽ പറിച്ചു കീറപ്പെടാൻ ജനിച്ചുപോയ ഇരകൾ കൂടിയാണ്. ഇങ്ങനെയൊക്കെയുള്ള സ്ത്രീ സമുദായത്തിലെ പാപികളായിട്ടാണ് വിധവകൾ കരുതപ്പെടുന്നത്. മറ്റൊരു മതത്തിലും സ്ത്രീകൾക്ക് ഇങ്ങനെയൊരവഗണനയില്ല. ഭർത്താവ് മരിച്ചാൽ അയാളുടെ ചിതയിൽ ചാടി മരിച്ച് സതിയായിത്തീരണമായിരുന്നു ഒരുകാലത്തെ ഹിന്ദുസ്ത്രീക്ക്. ചിതയിൽ ചാടി മരിച്ച് പരലോകത്തേക്ക് ഭർത്താവിനെ പിന്തുടരണമായിരുന്നു. അതൊക്കെ അവസാനിച്ചിട്ടും വിധവകൾ പാപികളായിത്തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ ഏറ്റവും ദുരിതവും അവഗണനയുമനുഭവിക്കുന്ന ഭ്രഷ്ട സമൂഹമാണ് വിധവകൾ. വിധവകളെ ദുശ്ശകനങ്ങളായി കരുതുന്ന അനാചാരത്തിന്റെ ഇന്ത്യയിലെ വിളനിലങ്ങളിലൊന്നാണ് കർണാടക ദേശം. എല്ലാവിധത്തിലും കീഴാള മനുഷ്യരുടെ നിലവിളി അത്യുച്ചത്തിൽ ഉയർന്ന ഒരു നാട്. അവിടെ നിന്ന് പ്രതീക്ഷയുടെ പ്രകാശം പരന്നൊഴുകാൻ തുടങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദീപാവലി നാളിൽ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്ര മുറ്റത്ത് ആയിരക്കണക്കിന് വിധവകൾചേർന്ന് ദേവിയുടെ രഥം പതിനായിരക്കണക്കിന് സ്ത്രീകളുടെ മുമ്പിൽ വലിച്ചെഴുന്നള്ളിച്ചു. വിധവകൾ രഥം വലിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുന്നതു കാണാൻ ഒരു നാടുണർന്നു വന്നു. ആ രഥത്തിലേക്ക് പൂജാരിണിമാരും കയറി. ദൈവം മാനവീയ നിറങ്ങളിൽ ചിരിക്കുകയായിരുന്നു. അങ്ങനെ കുദ്രോളിയിലെ ഗോകർണനാഥനു മുന്നിൽ ഒരു വിപ്ളവം പൂർത്തിയായിരിക്കുന്നു. ദൈവവും സ്ത്രീകളും പങ്കെടുത്ത വിപ്ളവം. ഈ വിപ്ളവത്തിന്റെ തത്വശാസ്ത്രം മാനുഷരെല്ലാരുമൊരുപോലെ എന്ന നാരായണ ഗുരുവിന്റെ സ്വപ്നങ്ങളാണ്.
കുദ്രോളിയിലെ ഗോകർണനാഥനു ചുറ്റും വിധവകൾ വലിച്ചുകൊണ്ടുപോയ ദേവിയുടെ തേര് കേരള മാനവീയതയ്ക്കു മുന്നിൽ സ്ത്രീകളെ ദൈവത്തിൽ നിന്നകറ്റരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് കൈകൂപ്പി നില്ക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും ദൈവത്തിനു മുന്നിൽ സമന്മാരാണെന്ന പ്രാർത്ഥനയാണ് കേരള മാനവീയത ഇനിയെങ്കിലും അതിന്റെ ആത്മമുദ്രയാക്കേണ്ടത്. ഇൗ ആത്മ മുദ്രയെ മുൻനിറുത്തിക്കൊണ്ട് കേരള മാനവീയത ക്ഷേത്ര സങ്കല്പങ്ങളോടാവശ്യപ്പെടണം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുവാദം നൽകേണമേയെന്ന്. ശബരിമലയിൽ സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടിയാണ് ഇനി കേരള മാനവീയത ആശിക്കേണ്ടതും പൊരുതേണ്ടതും.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് സ്ത്രീകളുടെ ശബരിമല പ്രവേശനം? സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നത് വിലക്കിയതിനു കാരണമായ സാഹചര്യങ്ങളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. കാടും മൃഗങ്ങളും തണുപ്പുമൊക്കെയായിരുന്നല്ലോ തടസ്സ കാരണങ്ങൾ.
ആശിച്ചുകൂടേ കേരള മാനവീയതയ്ക്ക് എല്ലാ മതക്കാർക്കും ശബരിമലയടക്കമുള്ള എല്ലാ ഹിന്ദുദേവാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകണമെന്ന്.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് ശബരിമലയടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾ കൂടി പൂജാരിണികളാകണമെന്ന്.
സ്വാമി അയ്യപ്പൻ മലയാളിയുടെ സ്വന്തം ദൈവമാണ്. കേരളത്തിൽ ജനിച്ച ദൈവമാണ്. ഈ ദൈവത്തിൽ കേരളത്തിലെ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. പിന്നെന്തുകൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിച്ചുകൂടാ? സ്വാമി അയ്യപ്പന്റെ ദർശനവും അനുഗ്രഹവും തങ്ങൾക്കെന്നപോലെ തങ്ങളുടെ സഹോദരിമാർക്കും ഭാര്യമാർക്കും പെൺമക്കൾക്കും ലഭ്യമാക്കാൻ നമ്മുടെ നാട്ടിലെ ആണുങ്ങളെന്താണ് മുന്നിട്ടിറങ്ങാത്തത്? ഋതുമതിയായതുമുതൽ ആർത്തവം നിലയ്ക്കുന്നതുവരെയുള്ള സ്ത്രീയെ അശുദ്ധയായി കരുതുന്ന യാഥാസ്തിതികയുടെ അന്ധവിശ്വാസം ആരാണിവിടെ മുറുകെ പിടിക്കുന്നത്. ഈ അന്ധവിശ്വാസം സ്ത്രീ സത്യത്തെ നിഷേധിക്കലാണ്.
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ക്രൂരതയിൽ കിളിർത്ത പലതരം അന്ധവിശ്വാസങ്ങളാണ്. ഇത്തരം അന്ധവിശ്വാസങ്ങളെക്കുറിച്ച് ഹിന്ദു സമൂഹത്തിലെ ആചാര്യന്മാരും സാമൂഹ്യ നായകന്മാരും സ്ത്രീകളുടെ സംഘടനകളും ചർച്ച ചെയ്ത് തീരുമാനമെടുക്കണം. കാരണം ശബരിമലയിൽ എന്നല്ല, ഏത് ദേവാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് പ്രാകൃതമാണ്.
http://news.keralakaumudi.com/news.php?nid=7a44c587dc71c1615fdd42d59c30609c#.VHAk6Yq2oqs.facebook
0 comments:
Post a Comment