യാത്രയ്ക്കിടെഒരു ഭക്തന്റെ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. ശിഷ്യരിൽ പലരും ഒപ്പമുണ്ട്. ആ സമയം ഒരു ഭക്തൻ ഒരു സ്വർണവളയുമായി അവിടെയെത്തി. അയാൾ പറഞ്ഞു. "ഗുരുസ്വാമീ... എനിക്ക് വായുവിന്റെ കോപം ഉണ്ടായപ്പോൾ ഒരു നേർച്ച നേർന്നിരുന്നു. ഒരു സ്വർണവള ഉണ്ടാക്കി കൈയിലിട്ട് വ്രതമെടുത്ത് പഴനിക്ക് പോകാമെന്ന്. അത് സാധിക്കാൻ പോവുകയാണ്. ഈ സ്വർണവള സ്വാമി എന്റെ കൈയിൽ ഇട്ടു തരണം." ഗുരു ആഗതനെ നോക്കി ഒന്നു പുഞ്ചിരിച്ചു. "കൈ ഉയർത്തിപ്പിടി"ക്കാൻ പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. ഗുരുദേവൻ വളയെടുത്ത് കൈയിൽ ഇട്ടുകൊടുത്തിട്ട് ചുറ്റിനും നിൽക്കുന്നവരോടായി പറഞ്ഞു. "ഇത്തരം വഴിപാടുകൾക്ക് രണ്ടുണ്ട് നേട്ടം. പഴനിക്കുപോയെന്നും വരുത്താം സ്വർണവള ഇടുകയും ചെയ്യാം." അതുകേട്ട് എല്ലാവരും ചിരിച്ചു. ഭക്തൻ ഇളിഭ്യനായി നിന്നു. പറഞ്ഞത് അയാളോടാണെങ്കിലും പൊന്നും പണവുംവച്ച് ജീവിതത്തെ അളക്കാൻ ശ്രമിക്കുന്നവർക്കുനേരെയാണ് ഗുരുദേവൻ പരിഹാസത്തിൽപൊതിഞ്ഞ ശരം അയച്ചത്. ഇന്ന് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നത് പൊന്നും പണവുംകൊണ്ടാണ്. ഹൃദയംകൊണ്ടല്ല. ഹൃദയംകൊണ്ട് ആരെങ്കിലും ആരെയെങ്കിലും സ്നേഹിച്ചാലും ഫലമില്ല. ആ സ്നേഹം എന്നും എടുക്കാച്ചരക്കായി അവശേഷിക്കും. പണത്തിന് അത്രകണ്ട് നമ്മുടെ സമൂഹത്തിൽ സ്ഥാനം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. പണം കുമിഞ്ഞു കൂടുന്നിടത്ത് അസ്വസ്ഥതകൾ ജനിക്കും എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. ഗുരുദേവനെ സംബന്ധിച്ച് സാമൂഹ്യവ്യവഹാരത്തിന് ആവശ്യമായ ഒരു ഉപാധി മാത്രമായിരുന്നു പണം. സ്കൂൾ തുടങ്ങാനും ആശുപത്രികെട്ടാനും ആശ്രമം കെട്ടാനും പണം പിരിച്ചിട്ടുണ്ട് ഗുരുസ്വാമി. ഓരോന്നിനും എത്ര തുക വേണ്ടിവരും എന്നുകണക്കാക്കി അതിനുമാത്രമായിരുന്നു പിരിവ്. ശിവഗിരിയിൽ കാണിക്കപ്പെട്ടി വയ്ക്കണം എന്ന ശിഷ്യരുടെ ആഗ്രഹത്തെ ഗുരു എതിർത്തു. എന്നാൽ നിർബന്ധം വന്നപ്പോൾ സമ്മതിച്ചുകൊടുത്തു. ഒരു ദിവസം കള്ളൻ വന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ശിഷ്യർ സങ്കടവുമായി ഗുരു സമക്ഷം എത്തി. "ആ പണം അവിടെ കൊണ്ടുപോയി ഇട്ടവരുടെ കൈവശം ഇരുന്നെങ്കിൽ ആവശ്യത്തിന് ഉപകരിക്കുമായിരുന്നു. എല്ലാവരുംകൂടി അത് ഒരിടത്തുകൊണ്ടുപോയിവച്ചു. അതിനേക്കാൾ ആവശ്യമുള്ളവൻ വന്നെടുത്തുകൊണ്ടുപോയി. അതിന് ഇനി സങ്കടപ്പെടാൻ എന്തിരിക്കുന്നു." എന്നായിരുന്നു ഗുരുവിന്റെ മറുപടി. സമ്പത്തിന്റെ ലിക്വിഡേഷനെതിരെയാണ് ഗുരു അപ്പോൾ ശബ്ദമുയർത്തിയത്. ആവശ്യത്തിനുമാത്രം പണം എന്നതാവണം ജീവിതത്തിന്റെ അടിസ്ഥാനം. ജീവിതത്തിന്റെ പരമമായ ലക്ഷ്യം അറിവ് നേടുകയാണ്. പണം ഉണ്ടാക്കുകയല്ല. അറിവുള്ളവൻ മാനിക്കപ്പെടുന്ന സാമൂഹ്യവ്യവസ്ഥിതി ഉണ്ടാക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. അതുകൊണ്ടാണ് അറിവിന് പ്രാമുഖ്യം നൽകിയതും. അറിവ് ലഭിച്ചാൽ അതിനൊപ്പം വിവേകം വരും. "ഒരു പതിനായിരമാദിതേയരൊന്നായി വരുവതുപോലെവരും വിവേകവൃത്തി" എന്നാണ് ഗുരു മൊഴിഞ്ഞത്.
വിവേകികൾമാനിക്കപ്പെടുന്നതും അവർ നയിക്കുന്നതുമായ സമൂഹത്തെ ബാഹ്യമായോ ആന്തരികമായോ ആർക്കും ആക്രമിച്ച് കീഴ്പ്പെടുത്താൻ സാധ്യമല്ല. അവർ നയിക്കുന്ന സമൂഹം സാമ്പത്തികമായും സാമുദായികമായും ഉണ്ടാകാവുന്ന അസമത്വങ്ങളിൽനിന്ന് സ്വതന്ത്രമായിരിക്കും. വിവേകികളായ ഭരണാധിപർ എല്ലാവർക്കും ആവശ്യത്തിനുള്ള പ്രകൃതിവിഭവങ്ങൾ തുല്യമായി പങ്കിട്ടു നൽകും. എന്നാൽ പണമുള്ളവൻ അധിപനായാൽ പണത്തിനും പണമുള്ളവർക്കും മാത്രമായിരിക്കും അവിടെ സ്ഥാനമുണ്ടാവുക. എന്തും പണംകൊടുത്ത് നേടാം എന്ന അഹന്ത സമൂഹത്തിന്റെ മുഖമുദ്രയുമാകും. 'നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം മാറ്റിക്കൊള്ളും' എന്ന ചൊല്ല് അവിടെയാണ് പ്രസക്തമാകുന്നത്.
എസ്.എൻ.ഡി.പിയോഗം തുടങ്ങിയപ്പോൾ അതിന്റെ നേതൃസ്ഥാനം കൊതിച്ച് സമുദായത്തിലെ സമ്പന്നരിൽ പലരും അടുത്തുകൂടിയിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ ദരിദ്രനും അറിവിലും സർഗശേഷിയിലും സമ്പന്നനുമായിരുന്ന മഹാകവി കുമാരനാശാനെയാണ് ഗുരുദേവൻ ആ ചുമതല എൽപ്പിച്ചത്. അതിൽ അസൂയപൂണ്ട ചിലർ ആ പ്രതിഭാശാലിയെ വേട്ടയാടിയിരുന്നെങ്കിലും ആശാൻ തന്റെ ദൗത്യം ഭംഗിയായി നിറവേറ്റുക തന്നെ ചെയ്തു.
ഗോത്രവിഭാഗങ്ങൾരാജാധികാരത്തിന് വഴിമാറിയ പുരാവൃത്തങ്ങളിൽ അറിവുള്ളവർ സമൂഹത്തിന്റെ ഉന്നതശീർഷത്തിൽ വിരാചിച്ച ചരിത്രമുണ്ട്. ആ സ്ഥാനം പിന്നീട് ബ്രാഹ്മണമേധാവികൾ കൈവശപ്പെടുത്തുകയും അറിവ് അവർക്കുമാത്രം അവകാശപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് ഈ രീതി ദുഷിച്ചു തുടങ്ങിയത്. ബ്രാഹ്മണൻ ജന്മംകൊടുക്കുന്ന പുത്രനെയും ബ്രാഹ്മണനായിക്കണ്ട് ബഹുമാനിക്കണം എന്നതായി വ്യവസ്ഥ. സ്വത്തുവകകൾ അവർക്ക് ദാനം ചെയ്യുകയാണ് എറ്റവും വലിയ പുണ്യം എന്നായിരുന്നു പ്രചാരണം. അങ്ങനെയാണ് പൊന്നും പണവും കാഴ്ചവച്ചാൽ ദൈവപ്രീതികിട്ടും എന്ന നിലയുണ്ടായത്. ബ്രാഹ്മണർക്ക് സമ്പത്ത് കുമിഞ്ഞതോടെ അവിടെയും അസ്വസ്ഥതകൾ ഉടലെടുത്തു. ജാതിക്കെതിരായ സമരങ്ങൾ ഉണ്ടായതിന്റെ ഒരു വശം ഈ സാമ്പത്തിക ദുഷ്‌പ്രഭുത്വത്തെ അവസാനിപ്പിക്കുക എന്നതായിരുന്നു. ഗുരുദേവൻ തുടങ്ങിവച്ച ജാതി വിരുദ്ധപ്രസ്ഥാനം പിന്നീട് കമ്മ്യൂണിസത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കിയത് അവർ സ്വകാര്യ ധനം കുമിയുന്നതിനെ എതിർത്തതുകൊണ്ടാണ്. എന്നാൽ പിന്നീടുവന്ന കാലത്ത് ആദർശത്തെ പണം വീണ്ടും തോല്പിച്ചു. ആദർശരാഷ്‌ട്രീയവും ഇന്ന് പണാധിപത്യത്തിന്റെ അടിമകളാണ്. വ്യക്തികൾ പണം ഉണ്ടാക്കുന്നതും സംഘടന അനാവശ്യമായി പണവും വസ്തുവകകളും ഉണ്ടാക്കുന്നതും സമൂഹത്തിൽ സൃഷ്ടിക്കുന്നത് അസമത്വം തന്നെയാണ്. വർത്തമാനകാല ആശ്രമങ്ങളുടെ ഗതി നോക്കുക. സമ്പത്താണ് എല്ലായിടത്തും പ്രശ്നക്കാരൻ. സംഘടനയ്ക്കും നേതാക്കൾക്കും അഹന്തവർദ്ധിപ്പിക്കുന്നത് അവിടെ ഒഴുകിയെത്തുന്ന സമ്പത്തുതന്നെയാണ്. അത് സർവനാശത്തിലേക്കായിരിക്കും വഴിതെളിക്കുക.
ആത്മീയആചാര്യന്മാർ ഉദയംചെയ്യുമ്പോൾ പൊന്നും പണവുമിട്ട് മൂടാനും അനുഗ്രഹം നേടിയെടുക്കാനും ആളുകൂടുക സ്വാഭാവികമാണ്. അവർ അതിൽ വീണുപോകുന്നതിലാണ് അസ്വഭാവികത. നിത്യചൈതന്യയതി പണ്ട് ബോംബയിൽ ഒരു സമ്പന്നന്റെ സത്ക്കാരത്തിൽനിന്ന് ഓടി രക്ഷപ്പെട്ടകഥ യതി ചരിതത്തിലുണ്ട്. ഗുരുദേവനും അങ്ങനെ നിന്ന നില്പ്പിൽ സ്വാധീനങ്ങളിൽപ്പെടാതെ മറയുന്ന പ്രകൃതമായിരുന്നു.
"നാരായണമൂർത്തേ..."എന്ന പ്രാർത്ഥനാഗീതം പാടി ഒരു കൂട്ടം ആളുകൾ തന്റെ ചിത്രംവച്ച് പൂജിക്കുന്ന സ്ഥലത്തേക്ക് ഒരിക്കൽ ഗുരു കടന്നുചെന്നു. അവർ ഒരുക്കിയിട്ട കസേരയിൽ നിർബന്ധപ്രകാരം ഇരുന്നു. പാദപൂജയ്ക്കായി ദ്രവ്യങ്ങളും എടുത്തുവന്നപ്പോൾ ആളെ കാണാനില്ല. അതായിരുന്നു ഗുരുദേവൻ. അങ്ങനെ ഇറങ്ങി മറയാൻ കഴിവുള്ള ബ്രഹ്മജ്ഞർ പിന്നെ അധികവും ഭൂമിയിലേക്ക് വന്നിട്ടില്ല എന്നതാണ് സത്യം.
0 comments:
Post a Comment