Wednesday, 13 February 2013

ഗുരുദേവന്‍ -ലോകഗുരു



അഖിലരും ആത്മസുഖത്തിനായ്‌
പ്രയത്നം
സകലവുമിങ്ങു സദാപി
ചെയ്‌തിടുന്നു
ജഗതിയിലിമ്മതമേകമെന്നു
ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത്‌ 'സുഖത്തെയാണ്‌.' പ്രഭാതം മുതല്‍ പ്രദോഷം വരെ നാം പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും സുഖത്തിനുവേണ്ടി. വൈദികമായും ലൗകികമായും നടത്തപ്പെടുന്ന എല്ലാ സഭകളുടേയും ഉദ്ദേശ്യവും ഇതുതന്നെ. ശാരീരികമായും മാനസികമായും ആത്മീയവുമായുള്ള സര്‍വ്വ ശ്രേയസ്സുകളും ഒരു സമൂഹത്തിന്‌ ലഭിക്കുന്നത്‌ മതനിഷ്‌ഠയിലൂടെയും സദാചാരത്തിലൂടെയും പരസ്‌പര സ്‌നേഹത്തിലൂടെയുമാണ്‌.
ശരീരത്തിന്റെ എല്ലാ അംഗങ്ങളുടേയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നതുപോലെയാണ്‌, സമൂഹത്തിലെ സര്‍വ്വജനങ്ങള്‍ക്കും ജാതിമത ഭേദെമന്യേയുളള പരസ്‌പര സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വിട്ടുവീഴ്‌ചയിലൂടെയും ലഭിക്കുന്നത്‌.
''പലമതസാരവുമേകമെന്ന്‌'' എന്നരുളി ചെയ്‌തുകൊണ്ട്‌, ജാതിയുടേയും മതത്തിന്റേയും പൊരുള്‍ ഗുരുദേവന്‍ കാണിച്ചുതന്നു. അത്‌ സ്‌നേഹമാണ്‌, സാഹോദര്യമാണ്‌, സമാധാനമാണ്‌, സന്തോഷമാണ്‌. ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ഈ ഉപദേശം, കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച്‌ എത്രയും അനുഗ്രഹപ്രദമായ ഒന്നാണ്‌. സാധാരണ ജനങ്ങള്‍ സുഖത്തിനുവേണ്ടി പകലന്തിയോളം പണിയെടുത്തു ജീവിക്കുന്നു.
കേവലം ഭൗതികമായ ജീവിതസുഖത്തെക്കുറിച്ച്‌ മാത്രമേ അവന്‍ ചിന്തിക്കുന്നുള്ളൂ. ഭൗതികജീവിതത്തിലൂടെ യഥാര്‍ത്ഥസുഖം തേടിയുളള മനുഷ്യന്റെ പ്രയാണത്തിന്‌ മനുഷ്യനോളംതന്നെ പഴക്കമുണ്ട്‌. എന്നാല്‍ സുഖപദം ഒരു കാനല്‍ജലംപോലെ പിന്നെയും പിന്നെയും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അദ്ധ്യാത്മജീവിതത്തിലൂടെ മാത്രമേ ആത്യന്തികമായ സുഖത്തിലേക്ക്‌ എത്തിച്ചേരുകയുളളൂവെന്ന്‌ നാരായണ ഗുരു, തന്റെ ദര്‍ശനത്തിലൂടെ ലോകത്തിന്‌ കാണിച്ചുതന്നു.
ആത്മീയതയില്‍ അടിയുറച്ചുനിന്നുകൊണ്ട്‌ ഭൗതികജീവിതം നയിക്കുവാന്‍ ഗുരു ലോകത്തിലുളള സര്‍വ്വജനങ്ങളോടുമായി പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന്‌ ആത്‌മോപദേശ ശതകത്തിന്റെ അഞ്ചാമത്തെ ശ്ലോകത്തിലൂടെ ഗുരു ചൂണ്ടിക്കാണിക്കുന്നു.
''ഉലകരുറങ്ങി ഉണര്‍ന്നു
ചിന്ത ചെയ്യും.
പലതുമിതൊക്കെയുമുറ്റു
പാര്‍ത്തു നില്‍ക്കും
വിലമതിയാത വിളക്കുതിക്കയും പിന്‍-
പൊലികയുമില്ലിതു
കണ്ടുപോയിടേണം.''
ജാഗ്രത്തിലും സ്വപ്‌നത്തിലും സുഷുപ്‌തിയിലും എല്ലാം അറിഞ്ഞുകൊണ്ട്‌ സര്‍വ്വസാക്ഷിയായി പ്രകാശിക്കുന്ന വിലമതിയാത്ത വിളക്കിനെ- ചൈതന്യത്തെ- ആത്മാവിനെ- ഈശ്വരനെ അറിയുക എന്നതാണ്‌ മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ ഗുരു ഉപദേശിക്കുന്നു.
''ആത്മാവിനെ അറിയുക'' എന്നതാണ്‌ പരമപ്രധാനം. ഈ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഏകമാണെന്നുകൂടി ഗുരു വെളിപ്പെടുത്തുന്നു.
''അഹമഹമെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും
അകലുമഹന്തയനേകമാകയാലീ-
തുകയിലഹം പൊരുളും തുടര്‍ന്നിടുന്നു.''
എല്ലാ മനുഷ്യരും അവരവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ - എന്നാണ്‌ പറയാറുള്ളത്‌. എല്ലാവരിലും ഇരിക്കുന്ന ഞാന്‍ എന്ന ആത്മസത്യം ഒന്നാണെന്ന്‌ ശ്രവണം, മനനം, നിദിധ്യാസനത്തിലൂടെ ഗുരു നമുക്കു വെളിപ്പെടുത്തിത്തന്നു. അനുഭവസ്‌ഥനായ ഒരു ഗുരുവില്‍ നിന്നു കേള്‍ക്കുന്നതു ശ്രവണം. കേട്ടതൊക്കെ ആഴത്തില്‍ പരിചിന്തനം ചെയ്യുന്നത്‌ മനനം, മനനം ആത്മസ്‌ഥിതമാകുമ്പോള്‍ അതു നിദിധ്യാസനം. അകലും അഹന്തയെന്ന്‌ പറയുന്നത്‌ വേറേ, വേറേ എന്നു തോന്നിപ്പിക്കുന്ന അഹംബോധത്തെയാണ്‌. അജ്‌ഞാനം കൊണ്ടാണ്‌ അങ്ങനെയൊരു തോന്നല്‍ നമുക്കുണ്ടാകുന്നത്‌. അറിവില്ലാത്തവന്‍ ഞാന്‍ എന്നു പറയുന്നതിലൂടെ ശരീരത്തോടുള്ള താദാത്മ്യത്തെ ഊട്ടി ഉറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ അജ്‌ഞാനത്തെ നീക്കം ചെയ്യുമ്പോള്‍ എല്ലാ 'ഞാനു'കളിലും കുടികൊള്ളുന്ന ആത്മചൈതന്യം മാത്രമേ സത്യമായിട്ടുള്ളൂവെന്ന്‌ ഏവര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയും.
ഗുരുവിന്റെ മഹത്തായ സന്ദേശത്തിലൂടെ സര്‍വ്വലോകത്തുമുള്ള സര്‍വ്വരും ജാതിമത ചിന്താഗതികളായ ഭേദചിന്തകള്‍ക്കതീതമായി സഹോദരന്മാരായി സുഖസമൃദ്ധിയില്‍ സമത്വാധിഷ്‌ഠിതമായി ജീവിക്കുന്ന ഒരു മാതൃകാസ്‌ഥാനമുണ്ടാവണം. അതിനുവേണ്ടി ആയുസ്സും വപുസ്സും ആത്മ തപസ്സും ബലിയര്‍പ്പിച്ച ലോകഗുരുവിന്റെ ദര്‍ശനം നമുക്കു വെളിച്ചം പകരട്ടെ.
വൈക്കം മുരളി (പ്രഭാഷകന്‍ )
വിഷ്‌ണുഭവന്‍ തലയാഴം പി.ഒ.,
വൈക്കം, കോട്ടയം
പിന്‍ : 686607
http://www.mangalam.com/astrology/others/14518
mangalam malayalam online newspaper

0 comments:

Post a Comment