Wednesday, 13 February 2013

കേരളം ഭ്രാന്താലയമോ, ബ്രാന്‍ഡാലയമോ, അതോ മറ്റു വല്ലതുമോ?



 വര്‍ഷങ്ങള്‍ക്കു മുന്‍്പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചു. അന്നത്തെ പല ഭ്രാന്തുകളും കേരളത്തില്‍ ഇന്നില്ല. പക്ഷേ പുതിയ പല ഭ്രാന്തുകളും പല രൂപത്തിലും ഭാവത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ചിലര്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നുണ്ട്. അത് കേട്ടിട്ടാണോ ചെകുത്താന്‍ ഇവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?
വിവേകാനന്ദന്‍ പറഞ്ഞ മതഭ്രാന്ത് ഇപ്പോള്‍ പുറമേ കാണാനില്ല. എന്നാല്‍ അകത്തോ? ഭ്രാന്തിനു വല്ല കുറവുമുണ്ടോ? പുതിയതായി തുടങ്ങിയ ഭ്രാന്തുകളുടെ പട്ടിക -മദ്യപാനം, സ്ത്രീപീഡനം ( ആറു മുതല്‍ അറുപതുവരെ), സ്ത്രീധനം, വിവാഹ ധൂര്‍ത്ത്, ഇംഗ്ലീഷ് മീഡിയം, സ്വര്‍ണ്ണം, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ , സര്‍വോപരി കൂടിയ ബ്രാന്‍്ഡുകള്‍ !! ഈ ഭ്രാന്തുകളും ബ്രാന്‍്ഡുകളും മലയാളികളെ എവിടെയെത്തിക്കുന്നു? ലോണ്‍, ബ്ലേഡ്, നോട്ടിരട്ടിപ്പ്, എറ്റിഎം കവര്‍ച്ച, ഭവനഭേദനം, സ്ത്രീകളുടെ മാല പറിക്കല്‍, പണം തിരിമറി ഇങ്ങനെ എളുപ്പത്ത്ില്‍ പണം കിട്ടാവുന്ന സര്‍വമാന തരികിട പരിപാടികളും മലയാളി നടപ്പിലാക്കുന്നു.
സര്‍ക്കാര്‍ വക ഉദാര പദ്ധതികള്‍ : പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക്  അലവന്‍സും\പ്രോത്സാഹന സമ്മാനവും സൗജന്യ നിയമോപദേശവും! കുടിച്ചു മരിക്കുന്നവരെ ദുരന്ത കെടുതികളില്‍ പെടുത്തി ഉടന്‍ സഹായം! കരള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്! ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യ ക്ഷമാ പഠനം! പീഡിപ്പിക്കപ്പെടുന്ന  സത്രീകള്‍ക്ക് നാനാതുറകളിലുള്ള വിദഗ്ധന്‍മാരുടെ സദാചാര ക്ലാസ്സുകള്‍ ! പീഡിപ്പിക്കുന്നവര്‍ക്ക് വെറും താക്കീത്!
സ്വര്‍ണ്ണത്തെിന്റെ  വില നിമിഷംപ്രതി മേലോട്ടു കുതിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയുന്നില്ല. പുതിയ ഷോറൂമുകള്‍ എല്ലാ നഗരങ്ങളിലും തുറക്കുന്നു. എല്ലാം 916. കേരളത്തിലൂടെ യാത്ര ചെയ്യുന്ന പല വിദേശികളും തെറ്റിദ്ധരിക്കാനിടയുണ്ട്, മലയാളികള്‍ സ്വര്‍ണ്ണമാണോ ഭക്ഷിക്കുന്നത്! ചെറുകിട നഗരങ്ങളില്‍പ്പോലും പത്തും പതിനഞ്ചും സ്വര്‍ണ്ണക്കടകള്‍ .
നഗരങ്ങളും ബസ്റ്റോപ്പുകളും തുണിക്കടകളുടെ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ \പലര്‍ക്കും സ്വന്തമായി ഫാക്ടറിയോ മില്ലോ ഇല്ലെങ്കിലും ആ പേരില്‍ അറിയപ്പെടുന്നു. ഷോപ്പിംഗിന് പുറപ്പെടും മുന്‍പ് ബ്രാന്‍ഡ് തീരുമാനിച്ചുറച്ച് കുടുംബത്തോടെ പോകുന്നു. സൗജന്യമായി കിട്ടുന്നതും സമ്മാനം കിട്ടുന്നതും ഇഷ്ട ബ്രാന്‍ഡല്ലെങ്കില്‍ ‘ ആര്‍ക്കു വേണം എന്നുള്ള ഭാവം’ . മക്കള്‍ പഠിക്കുന്നത് ഫൈവ് സ്റ്റാര്‍ സക്ൂളിലായിരിക്കണം, അമ്മയെ ചികില്‍സിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോസ്പ്പിറ്റലില്‍ ആയിരിക്കണം, ഭാര്യയുടെ ഉച്ച ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആയിരിക്കണം, അന്യനെ കുത്തിക്കവരാതെ എങ്ങനെ കഴിഞ്ഞുകൂടും!
ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്
എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് എഴുതിവച്ചത്. ഇത്\അരുവിപ്പുറത്തെക്കുറിച്ച്് എഴുതിയതല്ല. ഗുരുദേവന്റെ ലോക സങ്കല്പമാണത്. ലോകം മുഴുവന്‍ ഒരു മാതൃകാ സ്ഥാനമാകണം, അതിന് കേന്ദ്രമായി സോദരത്വം എന്ന വികാരം പ്രവര്‍ത്തിക്കണം എന്നാണ്് ഗുരുദേവന്‍ ആഗ്രഹിച്ചത്. നൂറുകണക്കിന് കൊല്ലങ്ങളായി ആ ഉപദേശം നാം ഓര്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഒരംശമെങ്കിലും നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? കേരളം ദൈവത്തിന്റെ സ്വന്തം നാടാകണമെങ്കില്‍ – ‘മനുഷ്യന്‍ നന്നാവണം, പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം’

0 comments:

Post a Comment