Wednesday, 6 February 2013
ഗുരുദേവനും ദൈവസങ്കല്പവും
ദൈവങ്ങളുടെ ഗുണഗണങ്ങൾ സഹസ്രനാമങ്ങൾ പോലുള്ള വിശേഷണങ്ങളെക്കൊണ്ടുപോലും അവസാനിക്കുന്നില്ല എന്നതിനാൽ, ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ദൈവസങ്കല്പം’ എന്നാണ് പൊതുവെ പറഞ്ഞു വരാറുള്ളത്. അതേ സമയം ദേവതകളെക്കുറിച്ച് പറയുമ്പോൾ, ദേവതാസങ്കല്പം എന്ന് പറയേണ്ടി വരുന്നില്ല. ദേവതകളുടെ ഒരിക്കലും മാറ്റമില്ലാത്ത ഗുണങ്ങൾ എന്തൊക്കെയെന്ന് ഋഷിമാർ ദർശിച്ച് നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുണ്ട്. വേദങ്ങളിൽ 33 ദേവതകളെക്കുറിച്ച് പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിങ്ങനെയാണ്. ഈ വിശേഷഗുണഭാവങ്ങൾക്ക് പ്രപഞ്ചമുള്ളിടത്തോളം ഒരു മാറ്റവും വരുന്നില്ല. മാറ്റങ്ങളുണ്ടായാൽ ഇന്ന് നമുക്ക് അനുഭവപ്പെടുന്ന പ്രപഞ്ചവും ഇല്ല. എന്നാൽ, ദൈവസങ്കല്പങ്ങളും അവയുടെ വിശേഷണപര്യായങ്ങളും ഇനിയും ഉണ്ടാകാം.
ഗുരുദേവൻ നമുക്ക് കാണിച്ചു തന്നിട്ടുള്ള ദൈവത്തെ ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടും, വേദങ്ങളിലൂടെ ഋഷിമാർ നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുള്ള സത്യത്തെ നമ്മൾ ഉൾക്കൊള്ളാത്തതുകൊണ്ടുമാണ് ഗുരുദേവൻ ദൈവമാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നമുക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ പോകുന്നത്.
‘GOD‘ എന്ന പാശ്ചാത്യ സങ്കല്പം സമം ‘ദൈവം‘ എന്ന മനസ്സിലാക്കലിൽത്തന്നെ അപാകതയുണ്ട്. അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ; പാശ്ചാത്യരുടെ science, ഒറ്റവാക്കിൽ ശാസ്ത്രമെന്ന് തർജ്ജമ ചെയ്തിട്ട്, പക്ഷിശാസ്ത്രവും ഗൌളിശാസ്ത്രവും എന്തടിസ്ഥാനത്തിലാണ് ശാസ്ത്രമാകുന്നത് എന്ന് ചോദിയ്ക്കുന്നതു പോലെയാണ് ഇതും. ഇതിനുത്തരവാദികൾ science നെ പക്ഷിശാസ്ത്രത്തിന്റെ കാലിൽ കെട്ടിയിട്ടവർ തന്നെയാണ്. ഗുരുദേവൻ ദൈവമാണോ എന്നുള്ള ചോദ്യത്തിനെ ഈ ഉദാഹരണത്തിന്റെ അടിസ്ഥാനത്തിൽ വേണം നമ്മൾ വിശകലനം ചെയ്യേണ്ടത്.
ദൈവദശകത്തിലെ “ദൈവമേ കാത്തുകൊൾകങ്ങ്” എന്ന ആദ്യവരിയിലാണ് ഗുരുദേവൻ നമുക്കുവേണ്ടി ദൈവത്തിനെ വിളിക്കുന്നത്. സാധാരണക്കാർക്ക് ‘ദൈവമേ’ എന്ന വിളിയിൽ തങ്ങളുടെ ഒരു വിഷമസന്ധിയിൽ ഒരാശ്വാസം ലഭിക്കുമ്പോൾ നിരുപാധികമായി നന്ദി പറയുന്ന ഒരു ഭാഗ്യമൂർത്തി മാത്രമാണ് ‘ദൈവം’ . പക്ഷെ ഗുരുദേവൻ നമുക്ക് കാണിച്ചു തരുന്ന ദൈവത്തെ അവിടെ പരിമിതപ്പെടുത്താൻ കഴിയില്ല. ദൈവം എന്ന വാക്ക് ‘ദിവ്’ എന്ന ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ‘ദിവ്’ എന്നാൽ പ്രകാശം, വെളിച്ചം എന്നൊക്കെയാണ് അർത്ഥം. സൂര്യചന്ദ്രന്മാരുടെ വെളിച്ചമില്ലെങ്കിൽ നമുക്ക് ഒന്നും ദർശിക്കാൻ കഴിയില്ല. അതുകൊണ്ട് ദർശനീയമായ പ്രതിഭാസങ്ങളെ ദൈവീമയമെന്നു പറയാം. പ്രകാശമയമായ ദൈവം ആകാശത്തിൽ സർവ്വത്ര നിറഞ്ഞ് ആകാശത്തെയും കവിഞ്ഞ് നിൽക്കുന്നു. അങ്ങിനെയെങ്കിൽ ആകാശത്തെയും നിറഞ്ഞു കവിയുന്ന ദൈവമെന്ന ഈ അത്ഭുതവസ്തുവിന്റെ സ്വരൂപമെന്താണ്? അചഞ്ചലവും ഘനീഭൂതവും ശുദ്ധവുമായ അഖണ്ഡബോധമാണ് ദൈവത്തിന്റെ സ്വരൂപമെന്ന് ഗുരുദേവൻ വിശദമാക്കുന്നു.
ആത്മോപദേശശതകത്തിൽ ‘അറിവ്’ എന്ന പദമുപയോഗിച്ചാണ് ഈ ദൈവത്തെ വിവരിക്കുന്നത്. വേറൊന്നിൽ നിന്നും ജനിക്കാത്ത, മറ്റൊന്നിലും ലയിക്കാത്ത ‘അറിവ്’ എന്ന അഖണ്ഡശുദ്ധബോധത്തിൽ നിന്നുമാണ് പരമാണു മുതൽ ആകാശം വരെയുള്ള എല്ലാ പ്രപഞ്ചദൃശ്യങ്ങളും പൊന്തിവരുന്നത്. ഈ സമ്പൂർണ്ണമായ അറിവിൽ ഉണ്ടായും മറഞ്ഞും കാണപ്പെടുന്ന കൊച്ചറിവുകളാണ് പ്രപഞ്ചഘടകങ്ങൾ. നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ് ‘ദൈവം’. കാണപ്പെടുന്ന പ്രപഞ്ച വസ്തുക്കളെല്ലാം, ഏതിൽ നിന്നും പൊന്തിവന്നുവോ ഏതിൽ നിലനിൽക്കുന്നുവോ ഏതിൽ തിരിച്ചു മറയുന്നുവോ അതാണ് ദൈവം. സൃഷ്ടിസ്ഥിതിസംഹാര ഗുണങ്ങൾ എല്ലാം പരമകാരണമായ ഒരേഒരു വസ്തുവിൽ തന്നെ കുടികൊള്ളുന്നു.
ആ ദൈവത്തിന്റെ പ്രവൃത്തി എങ്ങിനെ എന്ന് ഗുരുദേവൻ വീണ്ടും വെളിപ്പെടുത്തുന്നുണ്ട്. “നീയല്ലോ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും” എന്നു പറയുമ്പോൾ ഈ അഖണ്ഡസത്യബോധം തന്നെയാണ് പ്രപഞ്ചത്തിൽ നാമരൂപങ്ങളായി പ്രകടമാകുന്നത് എന്നുള്ള സത്യം ഗുരുദേവൻ നമുക്ക് വ്യക്തമാക്കിത്തരുന്നു. സൃഷ്ടി എന്ന കർമ്മവും, കർമ്മം ചെയ്യുന്ന സ്രഷ്ടാവും, സൃഷ്ടിക്കപ്പെട്ടു കാണുന്ന പ്രപഞ്ചവസ്തുക്കളും, സൃഷ്ടിക്കാനുപയോഗിക്കുന്ന വസ്തുക്കളും എല്ലാം നീ തന്നെയാണ്. മനുഷ്യനാണ് ഒരു സൃഷ്ടി നടത്തുന്നതെങ്കിൽ നമുക്ക് സൃഷ്ടിക്കാനുള്ള സാമഗ്രി വേറെ വേണം. അതിൽ നിന്നും ഉണ്ടാകുന്ന വസ്തു (സൃഷ്ടിജാലം) അവനിൽ നിന്നും വേറിട്ടു നിൽക്കുന്നതുമായിരിക്കും.
ശ്രുതികളും ഉപനിഷത്തുക്കളും ഈ സത്യത്തെ പല പല ഉദാഹരണസഹിതം വ്യാഖ്യാനിച്ചു തരുന്നുണ്ട്. ഐതരേയോപനിഷത്ത് പറയുന്നത് ‘ആത്മാവ്’ ഒന്നുമാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ ആത്മാവിന്റെ സങ്കല്പത്തിൽ തന്നെത്തന്നെ പലതാക്കി കാണിച്ച് ലോകങ്ങളെ സൃഷ്ടിച്ചു. ഛാന്ദോഗ്യോപനിഷത്തിൽ ‘ഏകമമേവാദ്വിതീയം’ – രണ്ടില്ലാത്ത ഒന്നുമാത്രമായ സത്തേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. ഈ സത്യം അത്യന്തം സൂക്ഷ്മമാണ്, അതാത്മാവാണ്, ശ്വേതകേതോ! അതു നീ തന്നെയാണ് എന്നു പറഞ്ഞ് ‘തത്ത്വമസി‘ എന്ന മഹാവാക്യം സമർത്ഥിക്കുന്നു. ഋഗ്വേദം (8.7.17.7) പറയുന്നത് ഇങ്ങനെ : ഏതൊരു പരമേശ്വരനാലാണോ ഈ സൃഷ്ടിയെല്ലാം പ്രകടമായത്, അവൻ ഈ സൃഷ്ടിയെ എല്ലാം ധാരണം ചെയ്യുകയും സംഹരിക്കുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം അദ്ധ്യക്ഷനായ അഥവാ യജമാനനും നിയന്താവുമായ അവന്റെ പരമാകാശസ്വരൂപത്തിൽ, വ്യോമം പോലെ വ്യാപിച്ചിരിക്കുന്നവനായ പരമേശ്വരനിൽ ഈ സൃഷ്ടി വർത്തിച്ചു വിരാജിക്കുന്നു. ഋഗ്വേദത്തിലെ ‘പുരുഷസൂക്തവും‘ ‘നാസദീയവും‘ സൃഷ്ടിയെയും വിസൃഷ്ടിയെയും വ്യക്തമാക്കുന്നതുപോലെ ആധുനികശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളത് അതിശയോക്തിയല്ല.
ഗുരുദേവന്റെ ഗദ്യപ്രാർത്ഥനയിൽ ഇങ്ങനെ പറയുന്നു : “അല്ലയോ ദൈവമേ! കണ്ണുകൊണ്ട് കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയാനില്ല“. പരമാത്മാവിൽ നിന്നും പ്രകടമാകുന്ന പ്രപഞ്ചവസ്തുക്കളൊന്നും നിത്യമല്ല. നമ്മൾ കാണുന്ന അനിത്യമായ മായാപ്രപഞ്ചം നിത്യമായ വസ്തുവിനെ നമ്മിൽ നിന്നും മറയ്ക്കുന്ന മായയാണ്. ഈ മായയെ നീക്കി സായൂജ്യമടയുകയാണ് ഓരോ ജീവാത്മാക്കളുടെയും ആദ്യന്തിക ലക്ഷ്യം. ഭഗവദ്‌ഗീത ഈ വിഷയത്തെ എങ്ങിനെ കാണുന്നു എന്നു നോക്കാം. "ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ"
[ഗുണപ്രധാനമായ ദൈവീ പ്രകൃതിയായിരിക്കുന്ന എന്റെ ഈ മായ അതിക്രമിക്കാന്‍ പ്രയാസം തന്നെ.]
ഇവിടെ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ് പറയുന്നത്. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ് 'മായ'. പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അതില്ലെന്ന് പറയാനും കഴിയില്ല. നീല നിറമുള്ള ആകാശവിതാനം തലയ്ക്കു മുകളിൽ കാണാം. വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്. സത്യത്തിൽ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത് നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഈ ജഗദ്വിലാസം പ്രാതിഭാസികമായിട്ടുള്ളതാണെന്നു (യഥാര്‍ത്ഥമല്ലാത്തത് ) പറയാം. പ്രതിഭാസത്തിനുള്ള ഹേതുവിനെയാണ് ഇവിടെ പ്രകൃതിയെന്നു വിശേഷിപ്പിക്കുന്നത്.
പാശ്ചാത്യരുടെ GOD പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ജീവജാലങ്ങളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന, മരണാനന്തരം അതുവരെ ചെയ്തിട്ടുള്ള പുണ്യപാപങ്ങൾക്കനുസരിച്ച് സ്വർഗ്ഗത്തിലേയ്ക്കോ, നരകത്തിലേയ്ക്കോ പറഞ്ഞയക്കുകയും ചെയ്യുന്ന പരമാധികാരിയായ സർവ്വശക്തനായ ഒരാളായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്.
പക്ഷെ ദൈവസങ്കല്പത്തെക്കുറിച്ചുള്ള ഒരു പാശ്ചാത്യന്റെ നിർവ്വചനങ്ങളിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത് Bertrand Russell ന്റെ "God is a personification of impersonal fact" എന്ന വാചകമാണ്. പക്ഷെ അത് ഭഗവദ് ഗീതയിലെ ഒരു ശ്ലോകമായിരുന്നെന്ന് മനസ്സിലാക്കാനുള്ള ആദ്ധ്യാത്മിക പരിചയം അന്നുണ്ടായിരുന്നില്ല. ആ ശ്ലോകം താഴെ കൊടുക്കുന്നു.
അവ്യക്തം വ്യക്തിപാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമനാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനർ ഇന്ദ്രിയങ്ങൾക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]
സർവാന്തര്യാമിയും സർവവ്യാപിയും (അകായം) ശരീരമില്ലാത്തതും (അസ്നാവിരം) നാഡീഞരമ്പുകൾ ഇല്ലാത്തതുമായ ഈശ്വരൻ അവതരിക്കുമെന്നത് ഒരു സൈദ്ധാന്തിക സമസ്യയാണ്. സർവവ്യാപി എല്ലായിടത്തും നിറഞ്ഞിരിക്കുന്നതിനാൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ‘അവതരിക്കുക’ സാധ്യമല്ല. ശ്രുതികൾ ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞിട്ടും, നമ്മൾ ദശാവതാരങ്ങൾ അടക്കമുള്ള അവതാര കഥകളിലെ ബന്ധനങ്ങളിൽ നിന്നും മോചനമില്ലാത്ത അവസ്ഥയിലാണ്.
എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കുന്ന ഒരു യോഗിക്ക് ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ സമാധിയിൽ എത്തിയ ഒരു മനുഷ്യനെ ശാസ്ത്രീയമായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും?
ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ യോഗേശ്വരനെക്കുറിച്ച് (യുഗപുരുഷൻ) തന്നെയായിരിക്കുമോ? എങ്കിലും, എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാം എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം എന്നു തോന്നുന്നു.
(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)
[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരതമ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]
യൂങിനും ദശലക്ഷവർഷങ്ങൾ വരെ മാത്രമെ ചിന്തിക്കാനാവുന്നുള്ളൂ. നമ്മുടെ ഋഷിമാർ നമുക്ക് അതിലും കൂടുതൽ കാലങ്ങൾ - മന്വന്തരം, കല്പം, ബ്രഹ്മവർഷം, ബ്രഹ്മായുസ്സ്, മഹാകല്പങ്ങൾ - ദർശിച്ച് വിശദമാക്കി തന്നിട്ടുണ്ട്. സെമിറ്റിക് മതക്കാർ ദൈവത്തിനെ ആരും സൃഷ്ടിച്ചിട്ടില്ല എന്നു പറയുന്നതുപോലെ, ബ്രഹ്മാണ്ഡവും ആരും സൃഷ്ടിക്കുന്നില്ല എന്നു പറയാം. ബ്രഹ്മത്തിന്റെ ചാക്രികമായ പരിണാമം മാത്രമാണ് നടക്കുന്നത്. കല്പാന്തങ്ങളെയും മഹാകല്പങ്ങളെയും മറികടന്ന് പ്രപഞ്ചത്തിന്റെ ഊനമില്ലാത്ത അറിവിനെ ഉള്ളിലാക്കാൻ കഴിഞ്ഞിട്ടുള്ള ഋഷീശ്വരന്മാരെ എങ്ങനെ നമസ്കരിക്കാതിരിക്കും. പ്രപഞ്ചത്തിന്റെ പ്രഭവപ്രലയങ്ങൾ നമ്മൾ കണക്കാക്കുന്നത് ബ്രഹ്മാവിന്റെ ജനനമരണങ്ങളുടെ കാലഗണനാപ്രകാരമാണ്. ഇതുവരെക്കും 79 ബ്രഹ്മാവിന്റെ പ്രഭവപ്രലയങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുള്ളത് എൺപതാമത്തെ ബ്രഹ്മാവാണ്. പ്രപഞ്ചത്തിന്റെ കാലഗണനയിലെ ഓരോ ‘മഹാകല്പവും‘ ആവർത്തനം മാത്രമാണ്.
സൃഷ്ടി ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
“സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവം കല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”.
[സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.]
ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.
ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു പറയുമ്പോൾ ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന് ശ്രുതികൾ പറയുന്നത്.
വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും പഠിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു. എന്നിട്ടും വേദാന്തതത്വങ്ങൾ വിശദീകരിക്കുന്നതിൽ രമണമഹർഷിക്കുണ്ടായിരുന്ന പാടവം വിവരണാധീതമാണ്. ഗുരുദേവന് ഉണ്ടായിരുന്ന സർവ്വ ജീവജാലങ്ങളുടെയും മനസ്സ് അറിയാനുള്ള കഴിവിനെക്കുറിച്ചും, ആളുകളുടെ ആഗമനോദ്ദേശവും, വിദൂരങ്ങളിലിരുന്ന് ഗുരുദേവനെ മനസ്സിൽ സ്മരിക്കുന്നതുപോലും ഗുരുദേവൻ മനസ്സിലാക്കിയിരുന്നതും വെറും കെട്ടുകഥകളല്ല.
എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നതും ഇതേ അർത്ഥത്തിലാണ്.
“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”
ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.
സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും.
സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്. പ്രപഞ്ചത്തിനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ്, പ്രപഞ്ചം മനസ്സിലാണ് ഇരിക്കുന്നതെന്ന് ഗുരുദേവൻ നിസ്സംശയം പറഞ്ഞത്.
ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.
“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ”.
“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ”.
"ദൈവം’ എന്ന വാക്കിന്റെ വിശദീകരണം മുമ്പ് എഴുതിയതിനാൽ,
ഇനി “ഭഗവാന്‍“ എന്നാൽ എന്താണെന്ന് നോക്കാം.
“ഐശ്വര്യസ്യ സമഗ്രസ്യ, ധർമ്മസ്യ യശസഃ ശ്രിയഃ,
വൈരാഗ്യസ്യാഥ മോക്ഷസ്യ, ഷണ്ണാം ഭഗ ഇതീംഗനാ”
[സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച് ചേര്‍ന്നതാണ് ഭഗം. അതുകൊണ്ട് ഇത്രയുമുള്ളയാളാണ് 'ഭഗവാന്‍'. ഈ സമ്പൂര്‍ണ്ണതകളെല്ലാം തികഞ്ഞ് കാണപ്പെടുന്ന വസ്തുവാണ് 'ഭഗവാന്‍'.]
അപ്പോൾ, ഭഗവാൻ ആരാണെന്ന് മനസ്സിലാക്കാൻ ഒരു നിര്‍വ്വചനം കൂടി ...
“ഉത്പത്തിം പ്രളയം ചൈവ
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാമവിദ്യാം ച
സവാച്യോ ഭഗ വാനിതി”.
[പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിര്‍ഭാവം, തിരോഭാവം, വിദ്യ, അവിദ്യ ഇവ വ്യക്തമായി അറിയുന്ന ആളാണ് 'ഭഗവാന്‍'.]
((ഗാനൻ)) : https://www.facebook.com/ganan.uppungal
0 comments:
Post a Comment