Sunday 3 February 2013

പാപം ചെയ്യുന്നത്‌ മനസ്സാണ്‌


കര്‍മ്മരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കര്‍മ്മേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട്‌ ഇന്ദ്രിയവിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത്‌ അയാളെ കപടനാട്യക്കാരന്‍ എന്നാണ്‌ വിളിക്കേണ്ടത്‌.....(ഭഗവത്‌ഗീത 3-6)

ഒരിക്കല്‍ ഗുരുവും ശിഷ്യനും കനത്ത മഴയെ വകവയ്‌ക്കാതെ ആശ്രമത്തിലേക്ക്‌ നടന്നു പോകുകയായിരുന്നു. വഴിമധ്യേ കരകവിഞ്ഞൊഴുകുന്ന ഒരു മഹാനദിയുണ്ട്‌. നദി കടക്കാന്‍ ശ്രമിക്കുമ്പോള്‍ സുന്ദരിയായ ഒരു യുവതി നീന്താന്‍ സാധിക്കാതെ കരയില്‍ ദുഃഖിതയായി നില്‍ക്കുന്നതു കണ്ടു. നദികടക്കാന്‍ സഹായിക്കാമോ എന്ന യുവതിയുടെ അപേക്ഷ ഗുരുവിന്‌ നിരസ്സിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം തന്റെ തോളില്‍ യുവതിയെ കയറ്റി നദിയുടെ അക്കരെ കടത്തിവിട്ടു. നദികടന്ന്‌ യുവതി യാത്രയായി. ഇതെല്ലാം കണ്ട ശിഷ്യന്‍ മനസ്സില്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. ` എന്നാലും ഗുരുചെയ്‌ത പ്രവൃത്ത്‌ അത്ര നന്നായില്ല. യവനിയമങ്ങള്‍ കര്‍ശനമായി പാലിക്കാതെ സന്ന്യാസിമാര്‍ യുവതിയെ ചുമലില്‍ കൊണ്ടോനടക്കുകയോ? കഷ്ടം..` ശിഷ്യന്‌ ഇക്കാര്യം ഗുരുവിനോട്‌ ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല. ` എന്തായാലും അങ്ങ്‌ ചെയ്‌ത പ്രവൃത്തി ഒട്ടും ഉചിതമായില്ല.` ഏതു പ്രവര്‍ത്തി ഗുരു ചോദിച്ചു. ` അല്ല. ആ പെണ്‍കുട്ടിയെ തോളിലേറ്റി നദി നീന്തിക്കടന്നത്‌ ഒട്ടും ശരിയായില്ല എന്ന്‌`. അപ്പോള്‍ ഗുരു പറഞ്ഞു..`നീ ഇപ്പോഴും ആ യുവതിയെ തോളിലേറ്റി നടക്കുന്നു. ഞാന്‍ അവളെ അക്കരെവച്ചുതന്നെ ഉപേക്ഷിച്ചു.`

ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്നതിലും വലിയ പാപമാണ്‌ അതിനെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ ഉണ്ടാക്കുന്നതും. മനസ്സ്‌ ദുഷിച്ചാല്‍ നമ്മുടെ കര്‍മ്മങ്ങളും ദുഷിക്കും.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment