Saturday, 3 October 2015

ഗുരുവിനെ അറിയാന്‍

ശ്രീനാരായണ ഗുരുവിന്റെ അമൂല്യങ്ങളായ കൃതികള്‍ക്ക്‌ സരളമായ ഒരു വ്യാഖ്യാനം കൂടി. അശോകകുമാര്‍ എസ്‌. അന്‍പൊലിയാണ്‌ വ്യാഖ്യാനം ചെയ്‌തിരിക്കുന്നത്‌. ഗുരുവിന്റെ അറുപത്തിനാലോളം കൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ പലതുണ്ട്‌. അവയൊക്കെ അമൂല്യവും ഗഹനവും തന്നെ. ഗുരു ആരാണെന്ന സത്യം ആ ജീവിതം കൊണ്ടു നമ്മള്‍ കണ്ടറിഞ്ഞു. ആഴമേറിയ ഗുരുവിന്റെ കൃതികള്‍ മഹത്തുക്കള്‍ മനസിലേറ്റി. ഒരാള്‍ തന്റെ പ്രവര്‍ത്തികൊണ്ട്‌ അനുഭവിക്കുന്ന ആത്മസുഖം മറ്റുള്ളവര്‍ക്ക്‌ സുഖം നല്‍കുന്നതായിരിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ ആ വികാരത്തില്‍ അടങ്ങിയിരിക്കുന്ന സഹജീവി സ്‌നേഹം വിശ്വത്തോളം വളര്‍ന്ന ഒരു ധീഷണുടെ ഉടമയില്‍ നിന്നേ വരികയുള്ളൂ എന്നു നാം അറിയണം. ഇവിടെ ശ്രീനാരായണ ഗുരു എന്ന ആ മഹാത്മാവ്‌ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്‌ പ്രവാചകന്‍മാര്‍ക്ക്‌ ഒരു മഹാപ്രവാചകനും ദാര്‍ശനികന്‍മാര്‍ക്ക്‌ മഹാദാര്‍ശികനും സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക്‌ മഹാസാമൂഹ്യ കപരിഷ്‌കര്‍ത്താവായിട്ടുമായിരുന്നു. അദ്ദേഹം കവികള്‍ക്ക്‌ മഹാ കവിയും യുക്‌തി ചിന്തകര്‍ക്ക്‌ വലിയ യുക്‌തിചിന്തകനുമായിരുന്നു. അറിയുംതോറും ആ ഗുരുത്വത്തിന്റെ ആകര്‍ഷണ വലയത്തില്‍ ലോക ജനത എത്തികൊണ്ടിരിക്കുന്നു.

അദൈ്വത ദര്‍ശനവും അഹിംസയും സാഹോദര്യവും യോഗാസിദ്ധിയും ദാര്‍ശനികതയും ഗുരു എന്ന വൃക്‌തിത്വത്തില്‍ സമഞ്‌ജസമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണു ശ്രീനാരായണ ഗുരുവിന്റെ ഓരോ കൃതികളിലൂടേയും നാമറിയുന്നത്‌. ആ കവിതകളുടെ അകക്കാമ്പു ചികഞ്ഞെടുത്ത്‌ ഭക്‌തിചോരാതെ ഇവിടെ അശോകകുമാര്‍ എസ്‌. അന്‍പൊലി 727 പേജുകളിലായി ഒരു പുസ്‌തകമായി രൂപപ്പെടുത്തി വായനക്കാരുടെ കൈയിലെത്തിച്ചിരിക്കുന്നു. സാധാരണക്കാരനു ഗുരുവിന്റെ കൃതികള്‍ പ്രാപ്‌തമാകണമെന്ന്‌ ചിന്ത ഇവിടെ ഗ്രന്ഥകാരനുണ്ടായിട്ടുണ്ട്‌. മുമ്പുണ്ടായിരുന്ന വ്യാഖ്യാനങ്ങള്‍ ഗഹനമായിരുന്നു. അതാണു സാധാരണക്കാരെ ഗുരുകൃതികളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌. എന്നാല്‍, തെളിമയുള്ള ലളിതഭാഷയാണ്‌ ദേവാമൃതം അശോകകുമാര്‍ ഉപയോഗിക്കുന്നത്‌. അമൂല്യവും അതിഗഹനവും അതിലളിതവുമായിട്ടുള്ള 64 ഓളം കൃതികള്‍ ആണ്‌ ഗുരു ലോകത്തിന്‌ നല്‍കിയത്‌.
ഗുരു നിത്യചൈതന്യയതിയുടെയും മറ്റ്‌ പണ്‌ഠിതരുടെയും കൃതികളുമായി പരിചയപ്പെടുന്നതിനും അതിലൂടെ വേദങ്ങളും ഉപനിഷത്തുകളും വായിക്കാനുംപഠിക്കാനും കഴിഞ്ഞതെന്ന്‌ അശോകകുമാറിന്റെ ഈ ഉദ്യമത്തിനു പ്രേരണ. അന്‍പൊലി ഫൗണ്ടേഷനാണു പ്രസാധകര്‍. ശ്രീനാരയണ ഗുരുവിന്റെ കൃതികള്‍ പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഗ്രന്ഥം ഏറെ സഹായകരമാണ്‌. ഏതൊരുമലയാളികളുടേയും കൈവശം സൂക്ഷിക്കേണ്ടതും വായിക്കേണ്ടതുമായ ഒരു ഗ്രന്ഥമാണ്‌ വാക്കുകളുടെനേരര്‍ത്ഥം കുറിച്ചിട്ടുള്ള ദേവാമൃതം. ഗ്രന്ഥകാരന്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും കേരളമൊട്ടാകെ ആത്മീയ പ്രഭാഷണം നടത്തുകയു ചെയ്യുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണറാണ്‌ 
അശോക്‌ കുമാര്‍.

നൂറനാട്‌ മധു
- See more at: http://www.mangalam.com/books/359552#sthash.mwPtlbFc.9O9jahyd.dpuf

0 comments:

Post a Comment