Thursday 22 October 2015

ഗുരുവിനെ അറിയുന്ന ഗുരുമന്ദിരങ്ങള് വേണം

വിഗ്രഹത്തോടും പ്രതിമയോടും നമുക്കെന്നും വല്ലാത്ത അഭിനിവേശമാണ്. ആരാധിക്കുന്നയാളെ നേരില്ക്കാണുന്നതിനേക്കാള് വിശ്വാസവും ഭക്തിയും പ്രതിമയോ വിഗ്രഹമോ കണ്ടാല് ഉണ്ടാകും എന്നതും നമ്മുടെ വിശ്വാസപ്രമാണങ്ങളുടെ പ്രത്യേകതയാണ്.
നമ്മുടെ നാട്ടുകാര്ക്ക് വിഗ്രഹസ്നേഹം അല്പംകൂടുതലാണെന്ന് ഗുരുദേവനറിയാമായിരുന്നു. ഒരു ഘട്ടത്തില് തൃപ്പാദങ്ങള് മൊഴിഞ്ഞു: "നമുക്ക് ഇനി വേണ്ടത് വിഗ്രഹങ്ങളല്ല, ആദര്ശങ്ങളെ പൂജിക്കണം." കാരമുക്കില് ദീപ പ്രതിഷ്ഠയും മുരുക്കുംപുഴയില് 'സത്യം, ധര്മ്മം, ദയ, ശാന്തി' എന്നെഴുതിയ ഫലകവും പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഇങ്ങനെ മൊഴിഞ്ഞത്. അതിനുശേഷവും വിഗ്രഹപ്രതിഷ്ഠനടത്താന് ഗുരുദേവനുമേല് ഭക്തര് സമ്മര്ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. നിര്ബന്ധം സഹിക്കവയ്യാതായപ്പോള് പ്രതിഷ്ഠാനിയോഗം ശിഷ്യന് ബോധാനന്ദസ്വാമിക്കു നല്കി. അക്കാലത്ത് ബര്മ്മയില് (ഇപ്പോഴത്തെ മ്യാന്മര്) സഞ്ചാരം കഴിഞ്ഞുവന്ന ഒരു ശിഷ്യനോട് ഗുരു ആകാംക്ഷാപൂര്വം ചോദിച്ചു: അവിടെ ബുദ്ധക്ഷേത്രങ്ങളില് വിഗ്രഹമുണ്ടോ?
ശിഷ്യന്: ഹിന്ദുക്ഷേത്രങ്ങളില് ഉള്ളതില് അധികമുണ്ട്. ഗുരുദേവന്: അത് മുടിവെട്ടും പോലെയാണ്. വെട്ടുംതോറും അധികവും വേഗവും ഉണ്ടാവാന് തുടങ്ങും. വിഗ്രഹം പാടില്ലെന്ന് നിര്ബന്ധിച്ചതുകൊണ്ടായിരിക്കും ഇത്രവര്ദ്ധിച്ചത്.
ഗുരുദേവന് ശരീരത്തോടെ ഇരിക്കുമ്പോഴാണ് ആദ്യത്തെ ഗുരുദേവപ്രതിമ സ്ഥാപിക്കപ്പെട്ടത്. അത് തലശ്ശേരി ജഗന്നാഥക്ഷേത്രമുറ്റത്തായിരുന്നു. അതിന് മുന്കൈയെടുത്തത് ഗൃഹസ്ഥശിഷ്യനായ മൂര്ക്കോത്തു കുമാരനായിരുന്നു. സ്വാമി ഗുരുപ്രസാദ് അടക്കം പ്രമുഖരായ മറ്റ് ശിഷ്യന്മാര് വേറെയും. മൂര്ക്കോത്തുകുമാരന് കൊളംബോയില് വച്ച് പരിചയപ്പെട്ട ഇറ്റലിക്കാരനായ ശില്പി പ്രൊഫ. തവര്ലിയാണ് നീണ്ട പതിന്നാലുമാസത്തെ ശ്രമങ്ങള്ക്കൊടുവില് ലക്ഷണമൊത്ത ഒരു വെങ്കലപ്രതിമ ഉണ്ടാക്കിയത്. തൃപ്പാദങ്ങളുടെ ശരീരപ്രകൃതിയോട് നീതിപുലര്ത്തുന്നതായിരുന്നു സായ്പിന്റെ നിര്മ്മാണവൈഭവം. 1927 മാര്ച്ച് 13 ഞായറാഴ്ച ബോധാനന്ദസ്വാമിയാണ് പ്രതിഷ്ഠാകര്മ്മം നിര്വഹിച്ചത്. അന്ന് മൂര്ക്കോത്തു കുമാരന് വന്ജനാവലിയെ സാക്ഷിയാക്കി ഒരു ആമുഖപ്രസംഗം നടത്തി:
"അന്യര്ക്ക് ഗുണം ചെയ്വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മ തപസ്സും ബലിചെയ്ത ഒരു മഹാത്മാവിനോട് കൃതജ്ഞത കാണിപ്പാന് വേണ്ടിയും അവിടുത്തെ പാവനമായ ആദര്ശങ്ങള് മേലില് അനുസരിക്കുന്ന ഇനിയത്തെ തലമുറകള്ക്ക് അവിടുത്തെ ശരിയായ രൂപംകണ്ടു ബഹുമാനിക്കാന് സഹായകമായിത്തീരേണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയും അവിടുത്തെ ഭക്തിബഹുമാനങ്ങളുള്ള അനേകം ആളുകള് യഥാശക്തി സംഭാവന ചെയ്തുസാധിച്ചതാണ് ഈ പ്രതിമ. ഇതിനായി ബ്രാഹ്മണരും തന്നിരിക്കുന്നു പണം, പുലയരും തന്നിരിക്കുന്നു, മുസ്ളിങ്ങളും തന്നിരിക്കുന്നു, ക്രിസ്ത്യാനികളും തന്നിരിക്കുന്നു..."
ആ വിശ്വാസക്കൂട്ടായ്മയുടെ പ്രതീകമായി തലശ്ശേരിക്ഷേത്രമുറ്റത്ത് ഇന്നും ആ പ്രതിമ തിളങ്ങുന്നു. അക്കാലത്തും പല ഭക്തരും ഗുരുവിന്റെ ചിത്രം വച്ച് പൂജിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല് കോലത്തുകര ക്ഷേത്രത്തില് ഭക്തരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഗുരു. ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിച്ച ഭജനമഠത്തില് അപ്പോള് ഉച്ചപ്പൂജയ്ക്ക് മണിമുഴങ്ങി. സശരീരനായി ഇരിക്കുന്ന ഗുരുവിനെ ഉപേക്ഷിച്ച് ജനക്കൂട്ടം ഭജനമഠത്തിലെ ഗുരുചിത്രത്തില് ആരതി ഉഴിയുന്നത് കണ്ടുതൊഴാന് ഓടി. ഗുരുദേവന് അതുകണ്ട് വയറൊട്ടുംവണ്ണം പൊട്ടിച്ചിരിച്ചു എന്നാണ് സാക്ഷിമൊഴി.
ഗുരുവിന്റെ സമാധിക്കുശേഷം നാടാകെ ഗുരുമന്ദിരങ്ങളും പ്രതിമകളും ഇടംപിടിച്ചു. അവയ്ക്കെല്ലാം ഗുരുവിന്റെ യഥാര്ത്ഥ ആകൃതിയാണോ എന്ന് ചോദിച്ചാല് ഉത്തരമില്ല. "പാദുകം നാമാകാമെങ്കില് വേല് നാമായിക്കൂടേ" എന്ന് ഗുരുദേവന് ചോദിച്ചിട്ടുണ്ട്. അതിനാല് പ്രതിമയുടെ ആകൃതിയെച്ചൊല്ലി തത്കാലം തര്ക്കിക്കുന്നില്ല. എന്നാല് വഴിയാത്രക്കാര് കാര്ക്കിച്ച് തുപ്പുന്ന മുക്കിലും മൂലയിലും അതിര്ത്തിതര്ക്കമുള്ള ഭൂമിയില് കേസില് നിന്ന് രക്ഷപ്പെടാനും റോഡിന് സ്ഥലമേറ്റെടുക്കുമെന്ന് ഭയന്ന് അതില്നിന്നൊഴിവാകാനും ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്നത് ശരിയാണോ എന്ന് അത് ചെയ്യുന്നവര്ക്ക് വീണ്ടുവിചാരം വേണം. ക്ഷേത്രസങ്കല്പത്തെക്കുറിച്ച് സംശയവുമായെത്തിയ ഒരു പത്രാധിപര്ക്ക് ഗുരുദേവന് നല്കിയ മറുപടി ഗുരുമന്ദിരങ്ങളെ നിര്വചിക്കാന് കാലോചിതമായി മാറ്റംവരുത്തി ഒന്നു പറഞ്ഞുനോക്കാം:
"ഗുരുമന്ദിരത്തിന്റെ നാലുപുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള് വച്ചുപിടിപ്പിച്ച് അതിന് ചുറ്റിനും തറ കെട്ടണം. സമീപത്തായി വിശാലമായ ഒരു വായനശാല ഉണ്ടാകണം. എല്ലാമതങ്ങളെയും അടുത്തറിയാന് സഹായിക്കുന്ന ഗ്രന്ഥങ്ങളും ഗുരുസന്ദേശങ്ങളും ദര്ശനവും പഠിപ്പിക്കുന്ന പുസ്തകങ്ങളും ശേഖരിച്ചുവയ്ക്കണം. പരിസരം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും കുളിച്ചുവൃത്തിയായി വന്ന് ഗുരുപ്രതിമയ്ക്കുമുന്നില് വിളക്കുവച്ച് കൃതികള് പാരായണം ചെയ്തും പ്രാര്ത്ഥിച്ചും മനസ്സ് ശുദ്ധവും ഭക്തിനിര്ഭരവും ആക്കണം. മരച്ചുവട്ടില് നല്ല വായുശ്വസിച്ചും വായനശാലയില് ഇരുന്ന് നല്ല ഗ്രന്ഥങ്ങള് വായിച്ചും നല്ലചിന്തകള് പങ്കുവച്ചും വിശ്രമസമയം ചെലവിടാം." ഇങ്ങനെയാണ് ഗുരുമന്ദിരമെങ്കില് അതിനുനേര്ക്ക് ഒരു മതഭ്രാന്തനോ താന്തോന്നിയോ ഇരുട്ടിന്റെ മറവില്പ്പോലും കല്ലെറിയുമോ..?
https://www.facebook.com/photo.php?fbid=862670280520049&set=a.134721779981573.25452.100003312558810&type=3&theater

0 comments:

Post a Comment