മനുഷ്യരെല്ലാം ഒന്നായിക്കഴിയുന്ന ഒരു ലോകമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വപ്നം. ആ ഒന്നാകലിന് തടസ്സമായി ഭവിക്കുന്നത് എന്തെല്ലാമോ അവയെയെല്ലാം സമൂഹത്തില്‍നിന്നും മനുഷ്യമനസ്സുകളില്‍നിന്നും ഉന്മൂലനംചെയ്യാനാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. ആ പരിശ്രമത്തിന്റെ ആദ്യത്തെ ശംഖനാദം മുഴക്കിയത് 1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ കേവലമൊരു ക്ഷേത്രപ്രതിഷ്ഠയായിമാത്രം കാണുന്നവര്‍ക്ക് ആ കര്‍മത്തിനുപിന്നിലുള്ള ദാര്‍ശനികതലം കണ്ടെത്താനാവുകയില്ല. മനുഷ്യനെ ആന്തരികമായും ബാഹ്യമായും പരിവര്‍ത്തനപ്പെടുത്താനുള്ള ദാര്‍ശനികോര്‍ജം നിറച്ചുവെയ്ക്കപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പ്രതിഷ്ഠ. ഇതറിയാതെ സാമൂഹികനവോത്ഥാനത്തിന്റെ പ്രതിഷ്ഠയാണതെന്നുമാത്രം വിലയിരുത്തിയാല്‍ 'തിരയാണ് സമുദ്രം' എന്നു പറയുന്നതുപോലെയാകുമത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന എല്ലാവര്‍ക്കുമറിയുന്ന ഗുരുസന്ദേശത്തെപ്പറ്റിമാത്രം ഈ സന്ദര്‍ഭത്തില്‍ അല്പമൊന്നു ചിന്തിച്ചുനോക്കാം.
ഗുരുവിന്റെ 'ഒരു ജാതി'
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ മഹാസന്ദേശമാണ് സമൂഹത്തില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളത്. സാധാരണക്കാര്‍മുതല്‍ വിദ്വാന്മാര്‍വരെ ഈ സന്ദേശത്തെ വ്യാഖ്യാനിക്കുന്നതു കേള്‍ക്കാന്‍കഴിഞ്ഞിട്ടുണ്ടെനിക്ക്. ഗണിതശാസ്ത്രത്തിലെ വളരെ ലളിതമായൊരു സമവാക്യത്തെ നിര്‍വചിക്കുന്നതുപോലെയാണ് പലരും ഈ മഹാവാക്യത്തെ നിര്‍വചിക്കാറുള്ളത്. ചിലര്‍ക്കെല്ലാം ഈ സന്ദേശം ഒരു മുദ്രാവാക്യംപോലെയാണ്. മഹാവാക്യവും മുദ്രാവാക്യവും ഒരുപക്ഷേ അവര്‍ക്ക് സമവാക്യംപോലെയാവാം.
ഗുരുദേവന്‍ പറഞ്ഞ ഈ മഹാസന്ദേശത്തിലെ 'ഒരു ജാതി' എന്നത് നമ്മള്‍ സാധാരണഗതിയില്‍ വ്യവഹരിച്ചുവരുന്ന ഏതെങ്കിലുമൊരു ജാതിയല്ല. അത് എന്തെന്നറിയണമെങ്കില്‍ ഗുരുവിന്റെ ജാതിമീമാംസ എന്നു വിലയിരുത്തപ്പെടുന്ന ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികള്‍ വെളിവാക്കുന്ന ആശയപ്രപഞ്ചമെന്തെന്നറിയണം. ഒന്നിന്റെ ജാതി ഏതെന്നത് അതിന്റെ സ്വരൂപലക്ഷണങ്ങള്‍കൊണ്ടാണു നിര്‍ണയിക്കപ്പെടുന്നത്. ആ ലക്ഷണങ്ങള്‍ തത്ത്വചിന്തയ്ക്കും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതായിരിക്കുകയും വേണം. അവ്യാപ്തി, അതിവ്യാപ്തി, അസംഭവം എന്നീ ത്രിദോഷങ്ങള്‍ ബാധിക്കാത്ത യഥാര്‍ഥ ലക്ഷണങ്ങളാണ് ഏതൊരു ജീവിയുടെയും ജാതിയേതെന്നു വെളിപ്പെടുത്തുന്നത്. ഇതൊന്നുമറിയാതെ എങ്ങനെയാണ് ഗുരുവിന്റെ 'ഒരുജാതി'യെ മനസ്സിലാക്കാനും അതേപ്പറ്റി പ്രസംഗിക്കാനുമാവുക?
ജാതിയെ ലംഘിക്കാനോ നിഷേധിക്കാനോ ഗുരുദേവന്‍ പറഞ്ഞില്ല. മറിച്ച് ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്നും ജാതിയുണ്ടെന്ന വിചാരം പോകണം എന്നും ഉപദേശിച്ചു. അതിനായി ഉറച്ച തത്ത്വാവബോധത്തിന്റെ വെളിച്ചത്തില്‍ ജാതിയെന്നാല്‍ എന്തെന്നറിയിക്കുന്ന കൃതികളും രചിച്ചുനല്‍കി. കയറില്‍ കാണുന്ന പാമ്പിനെ അടിച്ചുകൊല്ലാനോ എറി2 ഞ്ഞോടിക്കാനോ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ല. കാരണം, പാമ്പെന്നു തോന്നിയത് വാസ്തവത്തില്‍ ഇല്ലാത്തതായ ഒന്നാണ്. പാമ്പിനെ ഉള്ളതാക്കി തോന്നിച്ചതിനു കാരണമായത് ഒരു കഷ്ണം കയറാണെന്നു ബോധ്യപ്പെട്ടാല്‍പ്പിന്നെ പാമ്പ് എന്ന തോന്നല്‍ താനേ ഇല്ലാതാകുമല്ലോ. അതുപോലെ 'മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ' ഈ ലോകത്തുള്ള മുഴുവന്‍ ഗോക്കളുടെയും ഉത്പത്തിയും പിറവിയും ലക്ഷണവും ഒരുപോലെയാകയാല്‍ ഗോവിന്റെ ജാതിയെന്നത് ഗോത്വം ആയിരിക്കുന്നു എന്നതുപോലെ മനുഷ്യന്റെ ജാതിയെന്നത് മനുഷ്യത്വമാകുന്നുവെന്ന് ഗുരു വെളിപ്പെടുത്തുന്നു.
'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരുയോനിയൊരാകാരമൊരു ഭേദവുമില്ലതില്‍'
ലോകത്തുള്ള സമസ്തമനുഷ്യരുടെയും ഉത്പത്തിയും പിറവിയും രൂപഭാവാദികളും ഭേദമില്ലാത്തതാകയാല്‍ മനുഷ്യന്‍ ഒരു ജാതിയാണ്. അങ്ങനെയുള്ള മനുഷ്യന് മതവും ഒന്നേയുള്ളൂ. ദൈവവും ഒന്നേയുള്ളൂ. സന്തത്യുത്പാദനത്തിനായി ഏതൊരു ജീവിയും ഇണചേരുന്നത് അതേയിനത്തില്‍പ്പെട്ട ജീവിയുമായിട്ടാണ്. ഇങ്ങനെ പുണര്‍ന്ന് ഇണചേര്‍ന്ന് വംശോത്പാദനം നടത്തുന്ന ഓരോ ഇനത്തിന്റെയും ഉടലിന്റെ ആകൃതിയും ഭാവവും ശബ്ദവും മണവും നോട്ടവും ഭക്ഷണരീതിയും ഊഷ്മാവും വെവ്വേറെയായിരിക്കുമെന്നതിനാല്‍ അവയെല്ലാം ഓരോ ജാതിയാണ്. ഇതാണ് ജാതിയെന്നതിന്റെ ജീവശാസ്ത്രപരവും തത്ത്വശാസ്ത്രപരവും സര്‍വസമ്മതവുമായിട്ടുള്ള ഗുരുവിന്റെ വെളിപ്പെടുത്തല്‍.
ഇന്ന് സമൂഹത്തില്‍ വ്യവഹരിക്കപ്പെടുന്ന മുനഷ്യരുടെ ജാതിപ്പേരുകള്‍ക്ക് ഗുരുവിന്റെ ജാതിമീമാംസയില്‍ എവിടെയാണിടമെന്ന് ആലോചിച്ചുനോക്കുക. ഈ ആലോചന ഏതെങ്കിലുമൊരു വിഭാഗത്തിനുമാത്രമായി സംവരണംചെയ്യപ്പെട്ടിട്ടുള്ളതല്ല.
ഗുരുവിന്റെ 'ഒരു മതം'
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിലെ 'ഒരു മത'മെന്നത് ഇന്ന് ലോകത്ത് നിലകൊള്ളുന്ന ഏതെങ്കിലുമൊരു മതത്തെ പ്രതിനിധാനംചെയ്യുന്ന ഒന്നല്ലെന്നുള്ള അറിവാണ് ആദ്യമുണ്ടാകേണ്ടത്. പക്ഷേ, ഓരോരുത്തരും അവരവരുടെ ചിന്തയിലും വ്യവഹാരത്തിലും വിശ്വാസത്തിലുമുള്ള മതത്തിന്റെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ടാണ് ഗുരുവിന്റെ 'ഒരു മത'ത്തെ നോക്കിക്കാണുന്നതും അറിയുന്നതും. ഇത് വെള്ളത്തില്‍ പ്രതിഫലിച്ചുനില്‍ക്കുന്ന സൂര്യബിംബത്തെ കണ്ടിട്ട് സൂര്യന്‍ ജലത്തിലാണിരിക്കുന്നതെന്നറിയുന്നതുപോലെയാണ്. ഈ അറിവിന് സൂര്യനെപ്പറ്റിയുള്ള യഥാര്‍ഥ അറിവില്‍ എത്രയിടമുണ്ടോ അത്രയും ഇടമേ ഗുരുവിന്റെ ഒരു മതത്തെക്കുറിച്ചും അവര്‍ക്കുള്ളൂ എന്നതാണ് വാസ്തവം. ഇതു മനസ്സിലാക്കിയിട്ടാണ് സി.വി. കുഞ്ഞിരാമന്‍ ഒരിക്കല്‍ ഗുരുവിന്റെ 'ഒരു മതം' എന്നതിനെപ്പറ്റിയാണ് എല്ലാവര്‍ക്കും സംശയം എന്ന് ഗുരുവിനോടുതന്നെ ചോദിച്ചത്. ഈ സംശയത്തിന്റെ നിവാരണത്തിനായി ഗുരു പറഞ്ഞത് ലോകത്തുള്ള ഏതൊരു മതാനുയായിയും അറിഞ്ഞിരിക്കേണ്ടതായ വലിയൊരു സത്യമാണ്.
''രാജ്യങ്ങള്‍തമ്മിലും സമുദായങ്ങള്‍തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാമതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കുതമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'' ഇതാണ് ഗുരുവിന്റെ 'ഒരു മതം'. ഇതിന്റെ ദാര്‍ശനികതലം ആത്മോപദേശ ശതകത്തിലെ 44 മുതല്‍ 49 വരെയുള്ള ആറു പദ്യങ്ങളിലായിട്ടാണു പ്രകാശിതമായിരിക്കുന്നത്.
എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ്. ഈ സത്യമറിയാതെ, അന്ധന്മാര്‍ ആനയെ തൊട്ടിട്ട് ഓരോ വിധത്തില്‍ വര്‍ണിക്കുന്നതുപോലെ പലവിധ വാദങ്ങള്‍ നിരത്തി ഉഴലുന്ന പാമരന്മാരെപ്പോലെ അലയാതെ സത്യം തിരിച്ചറിയണം. എന്റെ മതമാണ് പൂര്‍ണസത്യമെന്നു വിശ്വസിച്ചിരിക്കുന്ന ഒരുവന് അന്യമതത്തിലെ സത്യം അപൂര്‍ണമായിത്തോന്നും. എല്ലാ മതങ്ങളും വെളിവാക്കുന്ന സത്യം ഏകമാണെന്നറിയുന്നതുവരെ അവന്റെ ഭ്രമം അവസാനിക്കുകയില്ല. ഒരു മതത്തിനും മറ്റൊരു മതത്തോട് യുദ്ധംചെയ്ത് ജയിക്കാനാവില്ല. ഈ മതപ്പോരിന് അവസാനവുമില്ല.
ഗുരുവിന്റെ 'ഒരു ദൈവം'
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുസന്ദേശത്തിലെ 'ഒരു ദൈവം' എന്നതിനെ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പുരാണത്തിന്റെയോ ദൈവസങ്കല്പങ്ങളുമായി ഒരുവിധത്തിലും ബന്ധപ്പെടുത്താനാവാത്തതാണ്. നമുക്കു പരിചിതമായ ദൈവസങ്കല്പത്തില്‍ നിന്നുകൊണ്ടു നോക്കിയാല്‍ ഗുരുവിന്റെ ദൈവസ്വരൂപത്തെ അത്രവേഗം കണ്ടെത്താനാവുകയില്ല. സച്ചി ദാനന്ദസ്വരൂപമാണ് (സത്+ചിത്+ആനന്ദം) ഗുരുവിന്റെ ദൈവം. ദൈവദശകത്തില്‍ 'നീ സത്യം ജ്ഞാനം ആനന്ദം' എന്നാണ് ദൈവത്തെ നിര്‍വചിച്ചിരിക്കുന്നത്. ഇതിനപ്പുറം ദൈവത്തിനൊരു ഭാഷ്യം ഇനി കണ്ടെത്താനാവില്ല.
'നിന്നില്‍ നില്‍ക്കുന്ന പുരുഷാകൃതിയേതാണതാണു ഞാന്‍' എന്ന് ഈശാവാസ്യോപനിഷത്ത് ഭാഷയില്‍ ഗുരുദേവന്‍ വെളിവാക്കുന്ന സത്യദര്‍ശനത്തിലേക്ക് മനുഷ്യസഞ്ചയത്തെയൊന്നാകെ നയിക്കുന്നതാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന അമരസന്ദേശമെന്ന് സൂക്ഷ്മവിചിന്തനം നടത്തുന്നവര്‍ക്ക് ബോധ്യപ്പെടും. ഇത് കേവലമൊരു മുദ്രാവാക്യമല്ല. ഇതൊരു ദര്‍ശനമാണ്; വിശ്വമാനവികതയുടെ മഹാദര്‍ശനം. ഗുരുദേവന്റെ 88ാമത് മഹാസമാധിദിനം ഈയൊരു തിരിച്ചറിവിലേക്ക് കണ്ണുതുറക്കാന്‍ പ്രേരിപ്പി ക്കുന്നതാകട്ടെ.
# മങ്ങാട് ബാലചന്ദ്രന്‍ - (ശിവഗിരിമഠം മുഖപത്രമായ ശിവഗിരിമാസികയുടെ എഡിറ്ററാണ് ലേഖകന്‍)
http://www.mathrubhumi.com/features/social-issues/sree-narayana-guru-malayalam-news-1.544473
0 comments:
Post a Comment