Saturday 3 October 2015

ഗുരുദേവനും മഹാത്മജിയുമായി നടത്തിയ സംഭാഷണം

വൈക്കം സത്യാഗ്രഹകാലത്ത് 1099 കുംഭം 29 ആം തീയതി വര്‍ക്കല ഗാന്ധി ആശ്രമത്തില്‍ വച്ചാണ് മഹാത്മജിയും ഗുരുദേവനുമായി ഈ സംഭാഷണം നടന്നത്.ഈ സംഭാഷണം തര്‍ജ്ജിമ ചെയ്തു കേള്‍പ്പിച്ചത് കോട്ടയം ജില്ലാ ജഡ്ജി ആയിരുന്ന ശ്രീ.എന്‍.കുമാരന്‍ ബി.എ.ബി.എല്‍ അവര്‍കള്‍ ആയിരുന്നു.
ഗാന്ധിജി : ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജികള്‍ക്ക് അറിവുണ്ടോ ?
ഗുരുദേവന്‍ : ഇല്ല
ഗാന്ധിജി : അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായങ്ങള്‍ ഒണ്ടോ ?
ഗുരുദേവന്‍ : ഇല്ല
ഗാന്ധിജി : ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ,വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ ?
ഗുരുദേവന്‍ : ഇല്ല.അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്.അതില്‍ മാറ്റങ്ങള്‍ വരുത്തണം എന്ന് അഭിപ്രായമില്ല.
ഗാന്ധിജി : അധ:കൃത വര്‍ഗ്ഗക്കാരുടെ അവഷതകളെ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ മറ്റു എന്തെല്ലാമാണ് വേണ്ടത് എന്നാണ് സ്വാമിജിയുടെ അഭിപ്രായം.
ഗുരുദേവന്‍ : അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന് പക്ഷമില്ല.നന്നാവാനുള്ള അവസരം മറ്റെല്ലാവരെയും പോലെ അവര്‍ക്കുമുണ്ടാവണം.
ഗാന്ധിജി :അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലന്നും അവകാശ സ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ് ?
ഗുരുദേവന്‍: ബലപ്രയോഗം നന്നാണെന്ന് തോന്നുന്നില്ല.
ഗാന്ധിജി : ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ ?
ഗുരുദേവന്‍ : രാജാക്കന്മാര്‍ക്കും മറ്റും അത് അത്യാവശ്യമാണ് എന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ട് എന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായീകരിക്കയില്ല.
ഗാന്ധിജി : മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണ്‌ സ്വാതന്ത്ര്യലബ്ധിക്ക് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജി അതിനെ അനുവദിക്കുന്നുണ്ടോ ?
ഗുരുദേവന്‍ : മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നാണ് എന്ന് പറയുന്നതില്‍ അവരെ കുറ്റം പറയുവാന്‍ ആകില്ല.
ഗാന്ധിജി : ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ ?
ഗുരുദേവന്‍: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ ?
ഗാന്ധിജി :അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ,ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്ന് തന്നെയാണോ സ്വാമിജിയുടെ അഭിപ്രായം ?
ഗുരുദേവന്‍ : ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ധാരാളം പര്യാപ്തം തന്നെ.ലൌകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ആഗ്രഹിക്കുന്നത്.
ഗാന്ധിജി :അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ ,അതിരിക്കട്ടെ ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യാമാണ് എന്ന് സ്വാമികള്‍ക്ക് അഭിപ്രായമുണ്ടോ ?
ഗുരുദേവന്‍ : ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.
ഗാന്ധിജി :ലൌകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്.അത് സഫലമാകാതെ വരുമോ ?
ഗുരുദേവന്‍ : അത് സഫലമാകാതെ വരില്ല.അതിലെ രൂ ഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കെണ്ടിവരും.
ഗാന്ധിജി :(ചിരിച്ചുകൊണ്ട്) എന്‍റെ ആയുഷ്കാലത്തില്‍ തന്നെ അത് സഫലമാകും എന്നാണ് എന്‍റെ വിശ്വാസം.അധ:കൃതവര്‍ഗ്ഗക്കാരില്‍ തന്നെ അയിത്താചാരം ഉണ്ടല്ലോ.സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ ?
ഗുരുദേവന്‍ : എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.പുലയക്കുട്ടികളും ശിവഗിരിയില്‍ മറ്റുള്ളവരോടൊപ്പം ഊണ് കഴിച്ചു താമസിച്ച് പഠിക്കുന്നുണ്ട്.ആരാധനകളിലും അവര്‍ സംബന്ധിക്കുന്നുണ്ട്.
ഗാന്ധിജി : വളരെ സന്തോഷം.

https://www.facebook.com/groups/jagatgurushreenarayangurudev/permalink/957903494276866

0 comments:

Post a Comment