SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday, 30 November 2014

ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവും-അറിയുവിന്‍ ഈ വിശ്വഗുരുക്കന്മാരെ..!


1) സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതുമൂലമുള്ള ദുരിതങ്ങളും കണ്ടു സ്വജീവിതം മുഴുവന്‍ ഇവയെ ഇല്ലാതെയാക്കുവാന്‍ വേണ്ടി നീക്കി വച്ചു.
2) മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് സമൂഹത്തെ പാടെ നശിപ്പിക്കുന്ന ചാതുര്‍വര്‍ണ്ണ്യ-ജാതി വ്യവസ്ഥകളെ അതി ശക്തമായി എതിര്‍ത്തു.
3) ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ആകാതെ മനുഷ്യന്‍ ആകുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ഉത്ബോധിപ്പിച്ചു.
4) അറിവും വിദ്യാഭ്യാസവും ഇല്ലാത്തവനെ ശൂദ്രന്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതിനും മാറ്റി നിര്‍ത്തുന്നതിനും പകരം അവര്‍ക്ക് അറിവും വിദ്യാഭ്യാസവും നല്‍കാന്‍ സ്വയം പ്രയത്നിച്ചു..
5) കാഷായവും രുദ്രാക്ഷവും ആണ് സന്യാസത്തിന്റെ അടയാളങ്ങള്‍ എന്നിങ്ങനെയുള്ള ധാരണകളോട് കൂടിയ പരമ്പരാഗത രീതികളെ പാടെ നിരാകരിച്ചു.
6) "അഹിംസാ പരമോ ധര്‍മ്മ:" അഹിംസയാണ് പരമമായ ധര്‍മ്മം എന്ന് അരുളി ചെയ്തു.
7) ശത്രു നിഗ്രഹത്തിനായി ആയുധം കയ്യില്‍ ഏന്തുന്ന പരമ്പരാഗത "അവതാര" ശൈലികളില്‍ നിന്നും വേറിട്ടു അഹിംസയിലൂടെ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു.
8) യുക്തിക്ക് നിരക്കാത്ത ഒന്നിനെയും, ആരെയും അന്ധമായി അനുകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും. ആത്യന്തികമായ ലക്‌ഷ്യമായ നിര്‍വ്വാണം അല്ലെങ്കില്‍ മോക്ഷപദത്തിലേക്ക് സ്വപ്രയത്നത്താല്‍ സഞ്ചരിക്കണം എന്നും അരുളി ചെയ്തു
9) ജ്യോതിഷം മുതലായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പാടെ അവഗണിച്ചു, അറിവിന്‌ പ്രാധാന്യം കല്‍പ്പിച്ചു.
10) പരമാത്മ തത്വം സ്വയം അന്വേഷിച്ചറിഞ്ഞു, അതിലേക്കുള്ള മാര്‍ഗ്ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും, അശരണരെ സേവിക്കുവാനും ജീവിതം കഴിച്ചു കൂട്ടി.
11) ആത്മസാക്ഷാത്കാരം നേടിയതിനു ശേഷവും ഏതെങ്കിലും ഗുഹയിലോ ആശ്രമത്തിലോ ജീവിതം കഴിച്ചു കൂട്ടാതെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ദുഖങ്ങളെ ദൂരീകരിക്കാന്‍ സ്വയം പ്രയത്നിച്ചു.
12) ആയുധവും അഹംകാരവുമല്ല ; അഹിംസയും അറിവുമാണ് വിജയത്തിലേക്കും മോക്ഷത്തിലെക്കും ഉള്ള മാര്‍ഗ്ഗം എന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ചു.
13) പ്രാണിഹിംസയും മാംസഭക്ഷണവും ഉപേക്ഷിക്കുവാന്‍ അരുളി ചെയ്തു
14) മദ്യം വിഷമാണ് എന്നും അത് ഉപയോഗിക്കരുത് എന്നും ഉപദേശിച്ചു.
15) ജന്തുബലി മുതലായ ഹീനമായ ആരാധനാ സമ്പ്രദായങ്ങളെ അതി ശക്തമായി വിമര്‍ശിച്ചു.
16) വാക്ശുദ്ധി, മന:ശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെ പഞ്ചശുദ്ധി ആചരിക്കുവാന്‍ ഉപദേശിച്ചു.
17) അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്നിങ്ങനെ പഞ്ചധര്‍മ്മം അനുഷ്ടിക്കുവാന്‍ ഉപദേശിച്ചു.
18) ധ്യാനവും മനനവും മോക്ഷത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗങ്ങള്‍ ആയി തിരഞ്ഞെടുക്കുകയും ഉപദേശിക്കുകയും ചെയ്തു.
<------------------------------------------------------------->
ഇവിടെ ഒരേ ഒരു വൈരുദ്ധ്യമായി തോന്നുക, ഗുരുദേവന്‍ പ്രതിഷ്ഠകള്‍ നടത്തി, ശ്രീബുദ്ധന്‍ വിഗ്രഹാരാധന വേണ്ടെന്നു പറഞ്ഞു എന്നതാണ്. പക്ഷെ...
"നാം പ്രതിഷ്ഠകള്‍ നടത്തിയത് കോഴിവെട്ട് മുതലായ ദുരാചാരങ്ങള്‍ പിന്തുടരുന്ന ജനങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ വേണ്ടിയാണ്" എന്ന് ഗുരുദേവന്‍ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, പാരമ്പര്യ ആചാരങ്ങള്‍ അനുസരിച്ച് ഗുരുദേവന്‍ പ്രതിഷ്ഠകള്‍ നടത്തുകയോ, പൂജാവിധികള്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല എന്നതും ഓര്‍ക്കണം. വിളക്കും കണ്ണാടിയും പ്രതിഷ്ടിച്ചത് പാലും നെയ്യും തേനും വിഗ്രഹത്തില്‍ ഒഴിച്ച് കളയുന്ന രീതിയിലുള്ള പൂജാവിധികള്‍ പിന്തുടരാതെ ഇരിക്കുവാന്‍ വേണ്ടിയുമാണ്.
കാരമുക്ക് ചിദംബരനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കാന്‍ കൊണ്ട് വന്ന വിഗ്രഹങ്ങളില്‍ കയറി നിന്ന് കൈകാലുകള്‍ കഴുകിയ ശേഷം ഗുരുദേവന്‍ പറഞ്ഞു; "കല്ലിന്റെ ആവശ്യം കഴിഞ്ഞു" എന്ന്. എന്നിട്ടാണ് അവിടെ ദീപം പ്രതിഷ്ടിച്ചത്. ഇതില്‍ നിന്നും മനസ്സിലാക്കാം ഗുരുദേവന്‍ വിഗ്രഹാരാധനയെ എങ്ങിനെ കണ്ടിരുന്നു എന്ന്.

Posted by : Sudheesh NamaShivaya on Facebook Group

ഗുരുദേവന്റെ ശിവനും ശിവപ്രതിഷ്ഠകളും..!


തനിക്ക് സ്വയം ചെയ്യുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സാധിച്ചു തരുവാന്‍ കഴിവുള്ള ഒരു ശക്തി, അല്ലെങ്കില്‍ ഈ കാണുന്ന പ്രപഞ്ചത്തിനു മുഴുവന്‍ സൃഷ്ടികര്‍ത്താവായ ഒരു ശക്തി ഉണ്ട് എന്ന തോന്നല്‍ ആണ് മനുഷ്യനില്‍ ദൈവം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം എന്ന് പറയാം. ഈ സങ്കല്പം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ എന്ന് ചോദിച്ചാല്‍ അല്ല, ആദിമ കാലം മുതല്‍ക്കേ അതായത് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഇങ്ങനെ ഒരു സങ്കല്പം മനുഷ്യനില്‍ ഉണ്ടായിരുന്നിരിക്കണം. എന്തുകൊണ്ട് മഴ പെയ്യുന്നു, കാറ്റടിക്കുന്നു, സൂര്യന്‍ ഉദിക്കുന്നു, അസ്തമിക്കുന്നു, രാത്രിയും പകലും ഉണ്ടാകുന്നു എന്നിങ്ങനെ അക്കാലത്ത് മനുഷ്യന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എല്ലാം തന്നെ മനുഷ്യന്‍ ഈശ്വരന്റെ ലീലകള്‍ ആയി കാണുവാന്‍ തുടങ്ങിയിരിക്കണം. അതിന്റെ ഫലമായി ഭൂമിയില്‍ വിവിധ പ്രദേശങ്ങളില്‍ ഉള്ള മനുഷ്യര്‍ അവരുടെ സംസ്കാരത്തിന് അനുസരിച്ച് ദൈവത്തിനു നിര്‍വ്വചനങ്ങള്‍ കൊടുത്തു, ചിലര്‍ രൂപം കൊടുത്തു. ഏതെല്ലാം ശക്തികള്‍ക്ക് മുന്നില്‍ മനുഷ്യന്‍ അശക്തനാണോ, ആ ശക്തികളെ അവന്‍ ദൈവത്തിന്റെ അടിമകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു, അങ്ങിനെ വരുമ്പോള്‍ ദൈവത്തെ ആരാധിക്കുന്ന അവനു ആ ശക്തികളെ ഭയക്കെണ്ടതില്ലല്ലോ.

രൂപവും വേഷഭൂഷാദികളും സങ്കല്പവും വച്ച് നോക്കിയാല്‍ ആദിമ കാലം മുതല്‍ക്കേ ഭാരതീയര്‍ ആരാധിച്ചു പോരുന്ന ഈശ്വര സങ്കല്പമാണ് ശിവന്‍ എന്ന് മനസ്സിലാക്കാം. മനുഷ്യന്‍ ഭയപ്പെട്ടിരുന്ന പുലിയെയും ആനയെയും വധിച്ച് അതിന്റെ തുകല്‍ വസ്ത്രമായി അണിയുന്നവനും, ഒരു നിമിഷം കൊണ്ട് അവനെ കൊന്നു കളയാന്‍ ശേഷിയുള്ള സര്‍പ്പത്തെ ഭയക്കാതെ കഴുത്തില്‍ അണിയുന്നവനും, അവനു അപ്രാപ്യമായ അമ്പിളി അമ്മാവനെ ശിരസ്സില്‍ ആഭരണമായി അണിയുന്നവനും ആരോഗ്യവും സൗന്ദര്യവും ഉള്ളവനുമായ ശിവന്‍ അങ്ങിനെ ആദിമ മനുഷ്യരുടെ ഈശ്വരന്‍ ആയിത്തീര്‍ന്നു. ഭാരതത്തില്‍ ബുദ്ധ, ജൈന, ബ്രാഹ്മണ-വൈദിക മതങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ്, ആദി കാലം മുതല്‍ക്കേ ശിവന്‍ എന്ന ഈശ്വര സങ്കല്പം ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. അതിനു തെളിവുകള്‍ നല്‍കുന്ന നിരവധി ശിലാലിഖിതങ്ങളും ശിലാചിത്രങ്ങളും ചരിത്ര ഗവേഷകര്‍ക്ക് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ വിദേശികളായ ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്പ് ദ്രാവിഡരുടെ പ്രധാന ആരാധനാമൂര്‍ത്തി ശിവന്‍ തന്നെയായിരുന്നു എന്ന് വ്യക്തമാണ്. ഇന്നും ദ്രാവിഡരുടെ ഇടയില്‍ ശിവനും ശക്തിക്കും ശിവപുത്രന്മാര്‍ക്കും ഉള്ള സ്വാധീനം ഇന്നും മറ്റു ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് ഇല്ല എന്നത് ശ്രദ്ധേയമാണ്, തമിഴ് നാട്ടിലും മറ്റും വൈഷ്ണവ സങ്കല്പങ്ങള്‍ പിന്തുടരുന്നത് കൂടുതലും ബ്രാഹ്മണ വിഭാഗങ്ങള്‍ ആണ് എന്നതാണ് സത്യം.

പ്രാദേശീയരായ ദ്രാവിഡരുടെ ഇടയില്‍ വളരെയേറെ സ്വാധീനം ഉണ്ടായിരുന്ന ശിവനെ ഒഴിവാക്കാന്‍ ഇവിടെ കുടിയേറിയ ആര്യന്മാര്‍ക്ക് കഴിഞ്ഞില്ല, ശിവനെ കൂടി ഉള്‍പ്പെടുത്തി അവര്‍ രചിച്ച കൃതികളില്‍ ചിലതിലെല്ലാം ശിവനെക്കാള്‍ വലിയ സ്ഥാനം വിഷ്ണുവിന് കല്‍പ്പിക്കുന്നത് കാണാം. ഒരുപക്ഷെ ആര്യന്മാരും ദ്രാവിഡരും തമ്മില്‍ ഉണ്ടായിരുന്ന മത്സരം മൂലം ആയിരുന്നിരിക്കണം ചില കൃതികളില്‍ ശിവന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റു ചിലതില്‍ വിഷ്ണുവിന് പ്രാധാന്യം നല്‍കുന്നത് കാണാം. വ്യാസന്‍ തന്നെ എഴുതി എന്ന് പറയപ്പെടുന്ന വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണുന്ന വൈരുദ്ധ്യങ്ങള്‍ സത്യത്തില്‍ വിരോധാഭാസമാണ് എന്ന് മാത്രമല്ല, അങ്ങിനെ വരുമ്പോള്‍ അത് എഴുതിയത് ഒരാള്‍ തന്നെയാണോ എന്ന സംശയവും ജനിപ്പിക്കുന്നു. ശിവനെ സ്വീകരിക്കാന്‍ ബ്രാഹ്മണര്‍ സ്വയം തയ്യാറായതാണോ, അതോ ആ സങ്കല്‍പ്പത്തിന് മുന്നില്‍ അവര്‍ പരാജയപ്പെട്ടതാണോ എന്നറിയില്ല, പതിയെ ശിവനും അവരുടെ കുത്തകയായി മാറി. ശിവന്‍ ബ്രാഹ്മണന്‍ ആണെന്നും ശിവനെ പ്രതിഷ്ടിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അധികാരം ഉള്ളൂ എന്നുമുള്ള വിശ്വാസങ്ങള്‍ അവര്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിച്ചു. പകരം മഹാദേവന്റെ ഭൂതഗണങ്ങളില്‍ പെടുന്ന ഗുളികന്‍ മാടന്‍ മുതലായ ദേവതകളെ മാത്രം ആരാധിക്കാന്‍ ഉള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കി. ബ്രാഹ്മണരുടെ ദേവതകളെ മറ്റുള്ളവര്‍ പൂജിച്ചാല്‍ ഈശ്വരകോപം ഉണ്ടാകുമെന്ന് രാജാക്കന്മാര്‍ പോലും ഭയന്നിരിക്കും. ഉദാഹരണമായി കാണിക്കുവാന്‍ രാമായണത്തില്‍ ശംഭുകന്റെ കഥയും ഉണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ, നമുക്ക് ഗുരുദേവന്റെ ശിവപ്രതിഷ്ഠകള്‍ എങ്ങിനെ ഉണ്ടായി എന്ന് പരിശോധിക്കാം.

മുകളില്‍ പറഞ്ഞ പ്രകാരം ആയിരക്കണക്കിന് വര്‍ഷങ്ങളോളം അവര്‍ണ്ണരെന്നു മുദ്രകുത്തി പിന്തള്ളപ്പെട്ട ജനവിഭാഗത്തെ ഒരൊറ്റ ദിവസം കൊണ്ട് പരമമായ അറിവിലേക്ക് നയിക്കുക എന്നത് ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല എന്ന് ഗുരുദേവന്‍ മനസ്സിലാക്കിയിരിക്കണം. അജ്ഞാനിയായ ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ മനസ്സിന് ധ്യാനിക്കുവാന്‍ ഒരു രൂപമോ ഈശ്വര സങ്കല്‍പ്പമോ എന്നും നല്ലത് തന്നെയാണ്, അതേ സമയം തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഇല്ലാതെ അതില്‍ തന്നെ ഊഞ്ഞാലാടി നില്‍ക്കുന്ന മനുഷ്യന്റെ ഗതി ചിന്തനീയവുമാണ്. സമൂഹത്തില്‍ ധാരാളം അന്ധവിശ്വാസങ്ങളും ബലി പോലെയുള്ള അനാചാരങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലത്താണ് ശ്രീനാരായണ ഗുരുദേവന്‍ അവതരിച്ചത്. അജ്ഞാനികള്‍ ആയ മനുഷ്യരെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നത് ഏറ്റവും വിഷമകരമായ കാര്യമാണ് എന്ന് മനസ്സിലാക്കിയ ഗുരുദേവന്‍ വിഗ്രഹ പ്രതിഷ്ഠയിലൂടെ സത്യത്തില്‍ അവരുടെ മാര്‍ഗ്ഗത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. ബലിയും കൊഴിവെട്ടും ആടുവെട്ടും ആയി നടന്നിരുന്ന വലിയൊരു സമൂഹത്തെ വളരെ വേഗത്തില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം അവരുടെ രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുക എന്നതായിരുന്നു. അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവപ്രതിഷ്ഠകള്‍ നടത്തി.

ശിവനെ പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറഞ്ഞു വന്ന ബ്രാഹ്മണരോട് ഗുരുദേവന്‍ പറഞ്ഞത്, "നാം പ്രതിഷ്ടിച്ചത് നിങ്ങളുടെ ശിവനെ അല്ല, നമ്മുടെ ശിവനെ ആണെന്നാണ്‌". ഗുരുദേവന്റെ ഈ വാക്കുകളുടെ ആഴം അളക്കുവാന്‍ മാത്രം നാം ആരുമല്ല. പലര്‍ക്കും പല രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാം. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അനുസരിച്ച് വൈദികമതക്കാരായ പേര്‍ഷ്യക്കാരുടെ അധിനിവേശത്തിനു മുന്‍പ് തന്നെ ശിവന്‍ ആദിമ ദ്രാവിഡരുടെ കുലദൈവം ആയിരുന്നു എന്നതിനാല്‍ ആണ് ഗുരുദേവന്‍ ശിവനെ പ്രതിഷ്ടിച്ചത്. മാത്രമല്ല, പ്രപഞ്ച ബോധം അഥവാ Universal Consciousness എന്ന തത്വവുമായി ഏറ്റവും അധികം ലയിച്ചു നില്‍ക്കുന്ന ഒന്നാണ് ശിവതത്വം. ഇനി അത് എങ്ങിനെ ആണെന്ന് നോക്കാം

ശ്മശാന വാസിയാണ് ശിവന്‍. നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും എന്നത് ഒരു സത്യം തന്നെയാണ്. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നാം നമ്മുടെ സ്വത്വത്തില്‍ അതായത് ശിവനില്‍ അഥവാ പ്രപഞ്ചബോധത്തില്‍ എത്തിച്ചേരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. "തൃഗുണമയം തിരുനീറണിഞ്ഞൊരീശന്നകമലരിട്ടു വണങ്ങിയക്ഷമാറി സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സിലാണിടേണം" എന്ന് തുടങ്ങുന്ന ആത്മോപദേശ ശതകത്തിലെ വരികള്‍ ശ്രദ്ധിക്കുക. ജീവിച്ചിരിക്കെ തന്നെ ആ സ്വത്വത്തില്‍ അഥവാ പ്രപഞ്ചബോധമാകുന്ന ശിവനില്‍ എത്തിച്ചേരാന്‍ ആണ് ഗുരുദേവന്‍ നമ്മോടു ആ വരികളിലൂടെ ഉപദേശിക്കുന്നത്.

ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തെ ശിവന്‍ ധരിക്കുന്നു, അഥവാ ഇവ ശിവനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ശിവന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല തന്നെ. അപ്രകാരം പഞ്ചഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ അറിവ് അഥവാ ബോധം ധരിച്ചിരിക്കുന്നു. "നാം ശരീരമല്ല, അറിവാകുന്നു എന്ന ഗുരുദേവ വചനങ്ങള്‍ തന്നെ ഉദാഹരണം."

തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. വിശ്വ, തൈജസ പ്രാജ്ഞന്മാര്‍ ആകുന്ന മൂന്നു ജീവാവസ്ഥകള്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി അറിവിനെ, അഥവാ ബോധത്തെ ഏകാഗ്രമായി ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു, അഥവാ ഒന്നിച്ചു പ്രകടമാകുന്നു. ആ സമയം ബോധാമാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങിനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...! "പരഗതി അരുളീടുക നീ, പുരഹരാ ഭഗവാനിതാണ് കര്‍ത്തവ്യം" എന്ന ഗുരുദേവ വാണികള്‍ ഓര്‍മ്മ വരുന്നുണ്ടോ..?

ഇനി മുതല്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠ കാണുമ്പോള്‍ ഗുരുദേവന്‍ തൃക്കരങ്ങള്‍ കൊണ്ട് സ്പര്‍ശിച്ച കല്ല്‌ കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായതില്‍ നമുക്ക് സന്തോഷിക്കാം, പക്ഷെ ശിവന്‍ അവിടെയല്ല അഥവാ അവിടെ മാത്രമല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു വിലസുന്ന ബോധം അഥവാ അറിവ് തന്നെയാണ് ശിവന്‍. നമ്മുടെ ബുദ്ധിശക്തി തന്നെയാണ് ശക്തി. ആരുടെ ബോധത്തില്‍ ബുദ്ധി ലയിക്കുന്നുവോ അഥവാ ശിവനില്‍ ശക്തി ലയിക്കുന്നുവോ അവനില്‍ ജ്ഞാനം ജനിക്കുന്നു അതായത് മുരുകന്‍ (ജ്ഞാനപ്പഴം നീയേ മുരുകാ - ഗുരുദേവന്റെ സുബ്രഹ്മണ്യ കീര്‍ത്തനം വായിക്കുക). അങ്ങിനെ ജ്ഞാനികള്‍ ആയവര്‍ക്ക് മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായി തോന്നുന്ന പല വിചിത്രമായ സിദ്ധികളും ലഭിക്കുന്നു അഥവാ അവരില്‍ സിദ്ധി വിനായകന്‍ ജനിക്കുന്നു. ആ രൂപം തന്നെ അവിശ്വസനീയം, വിചിത്രം അതുപോലെ തന്നെ സിദ്ധികളും വിചിത്രമാണ് (വിനായകന്‍ - ഗുരുദേവന്‍ എഴുതിയ വിനായകാഷ്ടകം വായിക്കുക) ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തില്‍ തന്നെ ഉണ്ടായിടുള്ള അവിശ്വസനീയമായ സംഭവങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്ക് സിദ്ധി എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ശിവനെ ഒരു ഈശ്വരന്‍ എന്നതില്‍ ഉപരി തത്വത്തില്‍ അറിയണം എങ്കില്‍ ശ്രീനാരായണ ഗുരുദേവ കൃതികള്‍ തന്നെ വായിക്കണം...! അല്ലായെങ്കില്‍ ശിവനെ തേടി കൈലാസയാത്രകള്‍ നടത്താം, ശേഷം ശിവനെ അറിയാതെ മരിച്ച് മണ്ണടിയാം...!

ശിവന്‍ എന്നാല്‍ ആകാശത്തില്‍ ഇരിക്കുന്ന, പ്രാര്‍ത്ഥിച്ചാല്‍ അവാര്‍ഡ് തരുന്ന ഒരു ദൈവം അല്ലെന്നും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന പ്രപഞ്ച ബോധം ആണെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ ആണ് ഗുരുദേവന്റെ ശിവപ്രതിഷ്ഠ അതിന്റെ ഫലം കാണുന്നത്. ആ അറിവിലേക്ക് ഉയരുക എന്നതാണ് നമ്മെ നാമാക്കിയ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനായി നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

ഇപ്രകാരം ശിവനെ ബോധമായി കാണുന്ന ഒരാള്‍ക്ക് ശ്രീബുദ്ധന്‍ പറയുന്ന ഉപദേശങ്ങളിലും ഗുരുദേവന്റെ ഉപദേശങ്ങളിലും ഒരു മാറ്റവും ഒരുകാലത്തും കാണുവാന്‍ സാധ്യമല്ല. മാറ്റം കാണുന്നു എങ്കില്‍ അത് ആ മഹാഗുരുക്കന്മാരുടെ കുഴപ്പമല്ല, കാണുന്നവന്റെ കാഴ്ച്ചയുടെ കുഴപ്പമാണ്.

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!


സുധീഷ് നമ:ശ്ശിവായ
======================================================
JOIN ►►► www.facebook.com/groups/Guru.Buddhism ►►►


സന്ന്യാസം ത്യാഗം മാത്രമല്ല


(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌) )
<< അല്‌പാഹാരിയും വികാരങ്ങളെ അടക്കിയവനായും ജീവിക്കുന്നതു മാത്രമല്ല സന്ന്യാസം. കാരണം ഇത്രയും സാധിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്ന്യാസിയാകില്ല. മുമ്പ്‌ സൂചിപ്പിച്ചത്‌ സാമാന്യനിയമമാണ്‌. സന്ന്യാസം അതിലും ഉപരിയായ ഒന്നാകുന്നു......(കുണ്ഡികോപനിഷത്ത്‌ 4-5)
ഒരു സന്ന്യാസിയെപ്പറ്റിയുള്ള കഥ പറയട്ടേ... ഉത്തരപ്രദേശിലെ ശ്രീവല്ലഭ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള കഥയാണ്‌.
ഒരു ആചാര്യന്റെ പുരാണപ്രവചനങ്ങളിലും ധ്യാനത്തിലും പങ്കുകൊള്ളാന്‍ നാടിന്റെ നാനാ ഭാഗത്തിനുന്നും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. ഒരുദിവസം അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി ആചാര്യന്റെ അരികില്‍ കൊണ്ടുവന്നു. കുറ്റവാളിക്ക്‌ കടുത്ത ഷിക്ഷ നല്‍കണമെന്ന്‌ അവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ആചാര്യന്‍ ആ ആവശ്യം കാര്യമായി എടുത്തില്ല.
കുറേ ദിവസം കഴിഞ്ഞ്‌ വീണ്ടും ആ വിദ്യാര്‍ത്ഥിയെതന്നെ മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി. അയാളെ ശിക്ഷിച്ച്‌ ആശ്രമത്തില്‍നിന്ന്‌ പറഞ്ഞയക്കണമെന്ന്‌ ആവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. ആചാര്യന്‍ അതിനും മൗനംപാലപിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ അവര്‍ ആചാര്യസമക്ഷം വന്ന്‌ തങ്ങള്‍ എല്ലാവരും ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ച വിവരം അറിയിച്ചു.
ആചാര്യന്‍ എല്ലാവരേയും അടുത്തുവിളിച്ചു. എന്നിട്ട്‌ പറഞ്ഞു.. നിങ്ങള്‍ എല്ലാവരും സത്സ്വഭാവികളും വിവേകികളുമാണ്‌. ശരിയും തെറ്റും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ എവിടെയും പോയി ജീവിക്കാനും പഠിക്കാനും കഴിയും. പക്ഷേ ഇവന്‌ തെറ്റും ശരിയും തിരിച്ചറിയാനാവുന്നില്ല. ഞാനില്ലെങ്കില്‍ ഇവനെ ആരാണ്‌ പഠിപ്പിക്കുക.? നിങ്ങള്‍ എല്ലാവരും ഇവിടം വിട്ടാലും ഞാന്‍ ഇവിടെ കൈവിടില്ല.... ഇതുകേട്ട്‌ മോഷ്ടാവായ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പശ്ചാത്താപത്തോടെ ഇനി ഒരിക്കലും താന്‍ മോഷ്ടിക്കില്ലെന്ന്‌ ഏവരുടേയും മുന്നില്‍വച്ച്‌ തന്നെ ശപഥം ചെയ്‌തു.
സന്ന്യാസിയെ യഥാര്‍ത്ഥ സന്ന്യാസിയാക്കുന്നത്‌ ചില ത്യാഗങ്ങള്‍ മാത്രമല്ല. സഹജീവികളോടുള്ള കാരുണ്യംകൂടിയാണ്‌. ഒരാളെ ഗുരുവാക്കുന്നത്‌ അയാളുടെ ശാരീരിക ഗാംഭീര്യമോ, വസ്‌ത്രധാരണമോ, പണമോ, അത്ഭുത സിദ്ധികളോ ഒന്നുമല്ല. അയാളുടെ ജ്ഞാനവും മനോഗുണവും ജീവിത കര്‍മ്മങ്ങളുമാണ്‌. ഇക്കാര്യം സാധാരണക്കാരായ നമുക്കും ബാധകമല്ലേ.?
കടപ്പാട് : ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

ശബരിമലയിലില്ല, കീഴൂരിലുണ്ട് ജാതിയും അയിത്താചരണവും ശ്രീധരൻ പുതുക്കുന്ന്

Posted on: Monday, 24 November 2014

കാസർകോട് : ശബരിമലയിൽ ശ്രീധർമ്മശാസ്താവിന് ഭക്തരുടെ ജാതിയോ മതമോ ഒന്നും ബാധകമല്ല.എന്നാൽ,കാസർകോട് കീഴൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇപ്പോഴുമുണ്ട് ജാതിയും അയിത്താചരണവും!
അടിയിലൂണ് എന്ന ആചാരവുമായി ബന്ധപ്പെട്ടാണ് അയിത്താചരണം. സവർണർക്ക് ചുറ്റമ്പലത്തിന് അകത്ത് പ്രത്യേക ഊട്ടുപുരയിലാണ് സദ്യ. അടിയാളർക്ക് ചുറ്റമ്പലത്തിന് പുറത്ത് ഊണ്. കഴിക്കുന്നതിലുമുണ്ട് ഉച്ചനീചത്വം. സവർണർ കഴിച്ചുതുടങ്ങിയ ശേഷമേ അടിയാളർക്ക് വിളമ്പൂ.
കീഴൂർ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായാണ് അടിയിലൂണ്. കഴിഞ്ഞ വെള്ളിയാഴ്ച, വലിയപാട്ട് ഉത്സവത്തിന്റെ അവസാന നാളിൽ നടന്ന അടിയിലൂണിലും നടന്നു, രാജ്യത്തെ നിയമസംഹിതയെയും കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തെയും കൊഞ്ഞനം കുത്തുംവിധം അയിത്താചരണം.
സവർണരുടെ സദ്യയ്ക്ക് പപ്പടം സ്പെഷ്യലാണ്. താണജാതിക്കാർക്ക് കൂടി പപ്പടം വിളമ്പാത്തത് ഭാരിച്ച ചെലവ് വരുമെന്നതിനാലല്ല, വിഭവങ്ങൾ തുല്യമായാൽ ജാതിയുടെ കൊമ്പും തുമ്പികൈയും നഷ്ടമാകുമെന്ന ആശങ്ക മൂലമാണ്. സവർണരെയും അവർണരെയും തുല്യരായി കാണാൻ കഴിയില്ലെന്ന പിടിവാശിയിലാണ് ഭരണസമിതി.
ആരുടെയും സ്വകാര്യ സ്വത്തല്ല കീഴൂർ ധർമ്മശാസ്താക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ്. അയിത്താചരണത്തെക്കുറിച്ച് ചോദിച്ചാൽ എക്സിക്യൂട്ടീവ് ഓഫീസർ വാസുദേവൻ പറയുക, പണ്ടുകാലം മുതലുള്ള ചടങ്ങുകൾ അതേപടി നടത്തുന്നുവെന്നേയുള്ളൂ എന്നാണ്.
പണ്ട് കാലത്തെ ചടങ്ങുകളെന്ന് പറയുന്നതിൽ കഴമ്പൊന്നുമില്ല. പണ്ട് അവർണ വിഭാഗക്കാർക്ക് ജാതിഭേദമനുസരിച്ച് വ്യത്യസ്ത ഇടങ്ങളിലായിരുന്നു അടിയിലൂണ്. മാത്രമല്ല, സവർണരുടെ സദ്യ കഴിഞ്ഞശേഷമേ അവർണർക്ക് വിളമ്പുമായിരുന്നുള്ളൂ. അതിനൊക്കെ മാറ്റംവന്നു. വിവേചനം പൂർണമായി അവസാനിപ്പിക്കാൻ തയ്യാറാവുന്നില്ലെന്നേയുള്ളൂ.
ഉയർന്ന ജാതിക്കാരായ പാരമ്പര്യ ട്രസ്റ്റിമാർക്കാണ് ക്ഷേത്രത്തിന്റെ ഭരണനിർവഹണ ചുമതല. ഭരണസമിതിയിൽ പാരമ്പര്യ ട്രസ്റ്റിമാർ മാത്രം പോരെന്ന് നാലുവർഷം മുമ്പ് കോടതി വിധിച്ചിരുന്നു. കോടതിവിധി വകവയ്ക്കാതെയാണ് മലബാർ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ അയിത്താചരണം തുടരുന്നത്.

അരുവിപ്പുറം ശിവ പ്രതിഷ്ഠ - ആത്മ ബോധത്തിന്റെ പ്രതിഷ്ഠ :


ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത് ഈ ശിലാഖണ്ഡം ആയിരുന്നു. ശിവൻ ഒരു മൂർത്തി മാത്രമല്ല, ജീവനാണ് അഥവാ ഊർജ്ജമാണ്. വർണ്ണ വ്യവസ്ഥയിലൂടെ, ജാതി വ്യവസ്ഥയിലൂടെ നഷ്ടപ്പെട്ട ആ ആത്മബലത്തെയാണ് ഗുരു പ്രതിഷ്ഠിച്ചത്. കുദ്രോളിയിൽ ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു പറഞ്ഞത് "ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും" എന്നായിരുന്നു.
കടപ്പാട് : ഡോ. ഗീതാ സുരാജ് എഴുതിയ "ശ്രീ നാരായണ ഗുരു - അറിയേണ്ടതും അനുഷ്ടിക്കെണ്ടതും"

കേരള നവോദ്ധാനത്തിന്റെ പിതാവ് ആര് ?


ഭ്രാന്താലയം ആയിരുന്ന കേരളത്തെ അതില്‍ നിന്നും മോചിപിച്ചു തുടങ്ങിയത് ബ്രിടീഷുകാര്‍ തന്നെയായിരുന്നു . മുലക്കരം നിര്‍ത്തലാക്കിയ വിക്ടോറിയ രാജ്ഞി, അടിമത വ്യവസ്ഥിതി ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കേണല്‍ മണ്രോ , ഏകീകൃത ശിക്ഷാ നിയമം നടപ്പില്‍ വരുത്തിയ മെക്കാളെ സായിപ്പ് എന്നിവര്‍ ആധുനിക ഭാരതത്തിന്റെ ശില്‍പികള്‍ തന്നെ ആയിരുന്നു..
എന്നാല്‍, കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് നല്‍കുന്നതില്‍ എനിക്ക് അശേഷം യോചിപില്ല.. അവര്‍ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് അടക്കം ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ട് ഉണ്ട് എങ്കില്‍ തന്നെയും മത പരിവര്‍ത്തനം എന്ന ലക്‌ഷ്യം ആയിരുന്നു അതിന്റെ പിന്നില്‍ അല്ലാതെ വിശ്വ മനവീയതയില്‍ അധിഷ്ടിതം അല്ലായിരുന്നു .ഭാരതത്തെ ഒരു ക്രിസ്തുമത രാജ്യം ആക്കുക എന്ന ലക്‌ഷ്യം നേടുവാനുള്ള ഉപാധി ആയി അവര്‍ ഇവിടുത്തെ ചീഞ്ഞു നാറിയ ജാതി വ്യവസ്ഥയെ കണ്ടു. ഉച്ചനീച്ചത്വത്തില്‍ നിന്നുള്ള മോചനം എന്ന രീതിയില്‍ ക്രിസ്തു മത പ്രചരണം അവര്‍ നടത്തി.ചാവറയച്ചന്‍ ആയാലും, എവുപ്രാസ്യാമ്മ ആയാലും വ്യവസ്ഥാപിത ക്രിസ്തു മതത്തിനു ഉള്ളില്‍ നിന്ന് കൊണ്ടുതന്നെ ആയിരുന്നു പ്രവര്‍ത്തനം.
ഇവിടെ ആണ് ശ്രീനാരായണ ഗുരു എന്ത് കൊണ്ട് കേരള നവോദ്ധാനത്തിന്റെ പിതാവ് എന്ന സ്ഥാനത്തിനു അര്‍ഹന്‍ എന്ന് നാം മനസിലാക്കേണ്ടത്..
ബ്രിടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു.. കൂടാതെ അവര്‍ക്ക് ജീവഭയം ഇല്ലാതെ പ്രവര്‍ത്തിക്കുവാനും കഴിഞ്ഞിരുന്നു . വൈക്കം സത്യാഗ്രഹ സമയത്ത് നിരോധിക്കപെട്ട വഴിയിലൂടെ കോട്ടന്‍ സായിപ്പിനോപ്പം അദ്ധേഹത്തിന്റെ പി.എ. ആയ ഒരു ഈഴവനും കൂടി നടന്നു പോയി. ഒരു സവര്‍ണ്ണനും തടഞ്ഞില്ല . ഇതേ കുറിച്ച് ഒരുവന്‍ ഗുരുദേവനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു " കന്നിന്‍ തോല്‍ ചെരുപ്പിലായാലെ ക്ഷേത്രത്തില്‍ കയറുന്നതിനു തടസം ഉള്ളൂ ചെണ്ടയില്‍ ആയാല്‍ കുഴപ്പം ഇല്ലല്ലോ"
അക്കാലത്തെ സാമൂഹ്യ സ്ഥിതിയെ കുറിച്ച് അറിയാന്‍ ഇതില്‍പരം ഒരു ഉദാഹരണം ഇല്ല..
ഗുരുദേവന്റെയും, വൈകുണ്ട സ്വാമികളുടെയും , മഹാത്മാ അയ്യങ്കാളിയുടെയും ഒന്നും പാത പൂമൂടിയത് ആയിരുന്നില്ല മറിച്ചു കല്ലും മുള്ളും, വിഷസര്‍പ്പങ്ങളും നിറഞ്ഞതായിരുന്നു...വൈകുണ്ട സ്വാമി ക്രിസ്തു മതതോട് എതിര്‍പ്പ് ഉള്ള വ്യക്തി ആയിരുന്നു .. അയ്യങ്കാളിക്ക് ആകട്ടെ തന്റെ സമുദായത്തിന്റെ ഭൌതിക ദുര്‍ഗതി അകറ്റാന്‍ ജീവിതം മുഴുവന്‍ പ്രവര്‍ത്തിക്കേണ്ടി വന്നു ..
ക്രിസ്ത്യന്‍ മിഷിനറിമാര്‍ മതത്തില്‍ അധിഷ്ടിതമായി, മത പ്രചാരണത്തിന് ഉള്ള വേദിയായി സാമൂഹ്യ പ്രവര്‍ത്തനത്തെ കണ്ടപ്പോള്‍ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ വചനം സ്വാതന്ത്ര്യത്തിലേക്കുള്ള തുറന്ന വാതായനം ആയിരുന്നു . മുട്ടുവിന്‍ തുറക്കപെടും എന്നതിനേക്കാള്‍ അര്‍ത്ഥവത്താണ് മുട്ടേണ്ട കാര്യമില്ല വാതില്‍ തുറന്നു തന്നെ കിടക്കുകയാണ് എന്നുള്ളത് .
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതം ഉയര്‍ന്നതോ താനതോ അല്ലെന്നല്ല ഗുരു പറഞ്ഞത്. ജാതികൃതമായ വൈകൃതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയുള്ള മതം മാറ്റം ഒരു കളിലെ മന്ത് മറു കാലില്‍ ആക്കുന്നത് പോലെയുള്ള വികല്പം മാത്രം ആണെന്ന് ഗുരുദേവന് ഉറപ്പായിരുന്നു. മനുഷ്യനെ നന്നാക്കാന്‍ മതത്തിനു കഴിയും എങ്കില്‍ എല്ലാ മതത്തിനും അതിനു കഴിയും എന്ന് ഗുരുവിനു വ്യക്തമായിരുന്നു. നേരെ മറിച്ചു മനുഷ്യന്റെ മാനസിക ഉദ്ധാരണത്തിന് മതത്തിനു സംഭാവന്‍ ഒന്നും നല്‍കാന്‍ കഴിയില്ല എങ്കില്‍ ഒരു മതത്തിനും അതിനു കഴിയില്ല എന്നാ സത്യം ഗുരു മനസിലാക്കി ആണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറഞ്ഞത്.
ഗുരുദേവന്റെ മതം ഏതെങ്കിലും പ്രത്യേക മതം ആയിരുന്നില്ല. എല്ലാ മതങ്ങളുടെയും സാരസര്‍വസ്വം ആയിരുന്നു.ഗുരുദേവന്റെ ദൈവം അറിവ് ആയിരുന്നു . അറിവ് എന്നത് ഏകവും അഖണ്ടവും ആണ്.. സ്നേഹം , ജ്ഞാനം എന്നിവ കൊണ്ടാണ് ഗുരുദേവനില ജനങ്ങള്‍ ആകര്ഷിക്കപെട്ടത്‌. ഗുരുദേവന്റെ ഒരു മതം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മത സമന്വയം ആണ്.ഈശ്വരനിലേക്കുള്ള മാര്‍ഗം ആണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌.. ഓരോ മതങ്ങള്‍ക്കും വ്യത്യസ്ഥങ്ങളായ അനുഷ്ടാന രീതികളും,ചിന്താപദ്ധതികളും ഉണ്ട്.പക്ഷെ എല്ലാം എത്തി ചേരുന്നത് ഒരേ ലക്ഷ്യത്തില്‍ തന്നെ ആണ്. പലമാതസാരവുമേകം എന്ന ഗുരുദേവ വചനം ഈ ആശയം ആണ് നമുക്ക് നല്‍കുന്നത്.ആത്മാനുഭാവതിലൂടെയുള്ള ഈശ്വര ദര്‍ശനതിലെക്കാന് മതങ്ങള്‍ വഴിതെളിക്കുന്നത്.
ദൈവത്തിന്റെ ഏകാത്വതിലാണ് മതങ്ങളുടെ അസ്ഥിവാരം നില നില്‍ക്കുന്നത് ലാ ഇലാഹ ഇല്ലള്ളാ എന്നാ ഖുറാന്‍ വചനവും,സര്‍വം ഖ്വലിദം ബ്രഹ്മ എന്ന് ഉപനിഷത്തും, ഒരേ പിതാവിന്റെ മക്കള്‍ എന്ന് ബൈബിളും ഏക ദൈവ വിശ്വാസം ആണ് ഉയര്‍ത്തി കാണിക്കുന്നത്. എല്ലാം ഒരു പിതാവിന്റെ മക്കള്‍ എന്നത്തിലൂടെ സഹോദരന്മാര്‍ തമ്മിലുള്ള സമത്വവും, സ്നേഹവും ആണ് മനുഷ്യരില്‍ ഉണ്ടാകേണ്ടത് എന്ന് അര്‍ത്ഥമാക്കാം.
ജാതിയെ നിരസിച്ചതിലൂടെ മനുഷ്യ സമത്വത്തെയും,മത സമന്വയത്തിലൂടെ മനുഷ്യ സഹോദര്യത്തെയും ആണ് ഉയര്‍ത്തി കാട്ടുകയാണ് ഗുരു ചെയ്തത്.
കേവലം ബാഹ്യമായ സാമൂഹിക പ്രവര്‍ത്തനം മാത്രമാണ് നവോദ്ധാനത്തിന്റെ പിതാവ് എന്ന പദവിക്ക് അര്‍ഹത നല്‍കുകയെങ്കില്‍ ജീവിതം മുഴുവന്‍ പ്രതിസന്ധികല്‍ നേരിട്ട് ആദ്യത്തെ ശിവക്ഷേത്രം പണിത, അവര്‍ണ്ണ സ്ത്രീകളെ മാറിടങ്ങള്‍ മറപ്പിച്ചു തെരുവില്‍ നടത്തിയ, ഹോയ് ഹോയ് വിളിച്ച സവര്‍ണ്ണ മാടമ്പിയെ തൂക്കി കായലില്‍ എറിഞ്ഞ, സവര്‍ണ്ണ കലാരൂപം ആയ കഥകളിയെ അവര്‍ണ്ണനും അരങ്ങില്‍ അവതരിപിക്കാന്‍ അനുമതി നേടിയെടുത്ത , അവസാനം സവര്‍ണ്ണ ചതിയാല്‍ രക്ത സാക്ഷി ആകേണ്ടി വന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ ആണ് ചാവറയച്ചനേക്കാള്‍ നൂറു ശതമാനം അര്‍ഹന്‍...
എന്നാല്‍ നവോദ്ധാനം എന്നു പറയുമ്പോള്‍ അത് കേവലം ബാഹ്യം മാത്രമല്ല ആത്മീയവും , ഭൌതികവുമായ ഉയര്‍ച്ച ഉണ്ടാകണം എങ്കില് ആന്തരികമായ ഉണര്‍വ് കൂടി ഉണ്ടാകണം.. കേരളത്തില്‍ അതിനു കഴിഞ്ഞത് ശ്രീനാരായണ ഗുരുദേവന് മാത്രമാണ്.....
എസ്.എന്‍.ഡി.പി. എന്ന പ്രസ്ഥാനത്തില്‍ ആദ്യകാലത്ത് നായരും, ക്രിസ്ത്യാനിയും ഒക്കെ അംഗം ആയിരുന്നു. യോഗത്തില്‍ അംഗം ആയതു കൊണ്ട് മന്നത് പദ്മനാഭന്‍ ഈഴവന്‍ ആയില്ല .. ഗുരുദേവന്‍ ഈഴവ ജനതയുടെ നവോദ്ധാന നായകന്‍ എന്ന് പറയുന്ന കൂപ മണ്ടൂങ്ങളോട് എന്ത് പറയാനാണ്.. എന്നാല്‍ അവരെ പൂര്‍ണ്ണമായും തെറ്റ് പറയാനും കഴിയില്ല ഗുരുദേവ ദര്‍ശനതോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ കഴിയാത്ത വെള്ളപള്ളി നടേശനെ പോലുള്ള മദ്യ വ്യാപാരികള്‍ യോഗ നേതൃത്വത്തില്‍ എത്തിയത് യോഗത്തിന്റെ അപചയം തന്നെയാണ് . ആ അപചയം മുതലെടുത്ത്‌ ആണ് ഇന്ന് കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം മാറ്റി എടുക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നത്..

Sunday, 23 November 2014

മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!


മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, കുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ പോയി സങ്കടം ഉണര്‍ത്തിച്ചു. കുറച്ചു സമയം ധ്യാന നിമഗ്നനായി ഇരുന്ന ഗുരുദേവന്‍ അവിടെ വച്ച് ഈ സ്തോത്രം രചിച്ച് അവിടെ വന്നവരോട് അത് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. അവര്‍ ഈ സ്ത്രോത്രം ചൊല്ലി തീര്‍ന്നതിനു ശേഷമുണ്ടായ കനത്ത മഴയില്‍ നെയ്യാര്‍ കരകവിഞ്ഞ് ഒഴുകി...!
ദിവസവും അനേകം ശിശുക്കള്‍ പട്ടിണി കിടന്നു മരിക്കുന്ന ഈ ഭാരതത്തില്‍ മഴ പെയ്യിക്കുവാനായി കോടിക്കണക്കിനു രൂപ മുടക്കി യാഗവും യജ്ഞവും അന്ധവിശ്വാസങ്ങളും പരസ്യം ചെയ്ത് നടക്കുന്ന പുരോഹിത തൊഴിലാളി വര്‍ഗ്ഗം ഈ ശ്ലോകം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.
അര്‍ദ്ധനാരീശ്വര സ്തവം...!
---★----★----★----★----★---
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ-
മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ
ഗംഗാനദീധാമമേ! 1
നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ? 2
ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ-
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
ന്തയ്യോ കുഴപ്പത്തിലായ്
നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വരാ! 3
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ?
കൂറർദ്ധനാരീശ്വരാ! 4
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ
ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ? 5
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!
==================================================
ഗുരുദേവ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും
JOIN ►►► www.facebook.com/groups/Guru.Buddhism ►►►
==================================================

കുദ്രോളിയിൽ നിന്ന് ഒരു മാനവീയ സന്ദേശം ഇ.വി.ശ്രീധരൻ

Posted on: Saturday, 22 November 2014

നല്ല ദൈവങ്ങളെല്ലാം ഉയർന്ന ജാതിക്കാർക്കും ചീത്ത ദൈവങ്ങളെല്ലാം താഴ്ന്ന ജാതിക്കാർക്കുമെന്ന അവസ്ഥയുണ്ടായിരുന്നു. ജാതിസമ്പ്രദായത്തെ ഓമനിച്ച ഹിന്ദുമതത്തിന്റെ അകത്തളങ്ങളിലാകെയും കേരളത്തിലൊരു കാലത്ത് ഈ ദുരവസ്ഥ മനുഷ്യരിലൊരു വിഭാഗത്തോട് മറ്റൊരു വിഭാഗം വച്ചു പുലർത്തിയ ഒരു കടുത്ത അനീതി തന്നെയായിരുന്നു. ജാതിയും മതങ്ങളും സൃഷ്ടിച്ച ഇരുട്ട്. ഈ ഇരുട്ടിൽ ദൈവങ്ങളെയും ഉൾപ്പെടുത്തിക്കളഞ്ഞു. ജാതിമതാന്ധതയുടെ ഇരുട്ടിൽ നിന്ന് ദൈവങ്ങളെ മോചിപ്പിച്ച് താഴ്ന്ന ജാതിക്കാരായ പതിത വർഗ്ഗത്തിന് നൽകിയ ദൈവികപ്പോരാളിയായിരുന്നു നാരായണഗുരു. അതുകൊണ്ടാണ് നാരായണഗുരു ഏറ്റെടുത്ത മാനവിക കർമ്മങ്ങളിലൊന്ന് ക്ഷേത്രപ്രതിഷ്ഠകൾ നടത്തലായി മാറിയത്. നാരായണഗുരു ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയത് മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാനും ദൈവത്തെ മനുഷ്യരിലേക്ക് നയിക്കാനുമായിരുന്നു. അസ്പൃശ്യരായ പാവങ്ങൾക്ക് നല്ല ദൈവങ്ങളില്ലാത്തതിന്റെ വേദനയാണ് നാരായണഗുരു നെഞ്ചിലേറ്റിയത്. ഈ വേദന മാറ്റാനുള്ള ചികിത്സയുടെ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ എൺപത് പ്രതിഷ്ഠകൾ നടത്തുകയുണ്ടായി. ഇവയിലൊന്നാണ് മംഗലാപുരത്തെ കുദ്രോളി ഗോകർണനാഥ ക്ഷേത്ര പ്രതിഷ്ഠ. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ കാലാന്തരത്തിൽ ശ്രീനാരായണീയർ ഗുരുദേവ ക്ഷേത്രങ്ങൾ എന്നു വിളിച്ചുപോന്നു. ഗുരുദേവ ക്ഷേത്രമായ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്രത്തിൽ പുതിയൊരു മനുഷ്യനിർമ്മിതി നടക്കുകയാണ്. ഗോകർണനാഥ ക്ഷേത്രത്തിൽ സ്ത്രീകൾ പൂജാരിണിമാരായി. ഗുരുവിന്റെ ദൈവകേന്ദ്ര മാനവികതയിൽ നിന്ന് പൂജാരിണി രൂപത്തിൽ ആദ്യം പൊട്ടിവിരിഞ്ഞത് രണ്ട് നക്ഷത്രങ്ങളായിരുന്നു. ലക്ഷ്മിശാന്തിയും ഇന്ദിരശാന്തിയും. ഇപ്പോൾ പട്ടികജാതിക്കാരും വിധവകളുമായ രണ്ട് നക്ഷത്രങ്ങൾകൂടി പൊട്ടി വിരിഞ്ഞു. ബൈബിളിൽ പല നക്ഷത്രങ്ങളും ദൈവാംശം കലർന്ന സ്ത്രീകളുടെ പ്രതീകങ്ങളാണ്. ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികളെ ബൈബിളിലെ ഇത്തരം ദിവ്യ നക്ഷത്രങ്ങളുടെ സ്വപ്ന തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാം. സ്ത്രീപുരുഷ സമത്വത്തിന് ലഭിച്ച ദൈവഗീതം പൊഴിക്കുന്ന നക്ഷത്രങ്ങളാണ് ഇൗ പൂജാരിണികൾ. സ്ത്രീകൾക്ക് ഗുരുദേവനിൽനിന്ന് നക്ഷത്ര പദവി ലഭിച്ചിരിക്കുന്നു. ഗുരുദേവന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികൾ ദൈവത്തിന്റെ പ്രഭയിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ ദേവസ്വംബോർഡിന്റെ വകയായ ക്ഷേത്രങ്ങളും പെടുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സ്ത്രീ നിന്ദ നടക്കുന്നത് സർക്കാരിന്റെ കൂടി നേതൃത്വത്തിലാണെന്ന കാര്യം നമ്മുടെ മനുഷ്യത്വത്തെ അലോസരപ്പെടുത്തുന്നതേയില്ല. മാറി മാറി വരുന്ന സർക്കാരുകൾക്കാവട്ടെ ദേവസ്വം ബോർഡിനെക്കാൾ വലുതല്ല നമ്മുടെ നാട്ടിലെ സ്ത്രീ സമൂഹം. ഹിന്ദുമതത്തിന്റെ മതപരിസരങ്ങളിൽ സ്ത്രീകൾ ഇന്നും രണ്ടാംകിട (സെക്കൻഡ് സെക്സ്) ജന്മത്തിന്റെ ഉടമകളാണ്. 'വീത വികാരയായ് വില്ക്കപ്പെടാൻ" പിറന്ന ഇന്ദുലേഖമാർ മാത്രമല്ല, ലൈംഗിക ദാഹത്തിന്റെ ഭ്രാന്തിൽ പറിച്ചു കീറപ്പെടാൻ ജനിച്ചുപോയ ഇരകൾ കൂടിയാണ്. ഇങ്ങനെയൊക്കെയുള്ള സ്ത്രീ സമുദായത്തിലെ പാപികളായിട്ടാണ് വിധവകൾ കരുതപ്പെടുന്നത്. മറ്റൊരു മതത്തിലും സ്ത്രീകൾക്ക് ഇങ്ങനെയൊരവഗണനയില്ല. ഭർത്താവ് മരിച്ചാൽ അയാളുടെ ചിതയിൽ ചാടി മരിച്ച് സതിയായിത്തീരണമായിരുന്നു ഒരുകാലത്തെ ഹിന്ദുസ്ത്രീക്ക്. ചിതയിൽ ചാടി മരിച്ച് പരലോകത്തേക്ക് ഭർത്താവിനെ പിന്തുടരണമായിരുന്നു. അതൊക്കെ അവസാനിച്ചിട്ടും വിധവകൾ പാപികളായിത്തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ ഏറ്റവും ദുരിതവും അവഗണനയുമനുഭവിക്കുന്ന ഭ്രഷ്ട സമൂഹമാണ് വിധവകൾ. വിധവകളെ ദുശ്ശകനങ്ങളായി കരുതുന്ന അനാചാരത്തിന്റെ ഇന്ത്യയിലെ വിളനിലങ്ങളിലൊന്നാണ് കർണാടക ദേശം. എല്ലാവിധത്തിലും കീഴാള മനുഷ്യരുടെ നിലവിളി അത്യുച്ചത്തിൽ ഉയർന്ന ഒരു നാട്. അവിടെ നിന്ന് പ്രതീക്ഷയുടെ പ്രകാശം പരന്നൊഴുകാൻ തുടങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദീപാവലി നാളിൽ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്ര മുറ്റത്ത് ആയിരക്കണക്കിന് വിധവകൾചേർന്ന് ദേവിയുടെ രഥം പതിനായിരക്കണക്കിന് സ്ത്രീകളുടെ മുമ്പിൽ വലിച്ചെഴുന്നള്ളിച്ചു. വിധവകൾ രഥം വലിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുന്നതു കാണാൻ ഒരു നാടുണർന്നു വന്നു. ആ രഥത്തിലേക്ക് പൂജാരിണിമാരും കയറി. ദൈവം മാനവീയ നിറങ്ങളിൽ ചിരിക്കുകയായിരുന്നു. അങ്ങനെ കുദ്രോളിയിലെ ഗോകർണനാഥനു മുന്നിൽ ഒരു വിപ്ളവം പൂർത്തിയായിരിക്കുന്നു. ദൈവവും സ്ത്രീകളും പങ്കെടുത്ത വിപ്ളവം. ഈ വിപ്ളവത്തിന്റെ തത്വശാസ്ത്രം മാനുഷരെല്ലാരുമൊരുപോലെ എന്ന നാരായണ ഗുരുവിന്റെ സ്വപ്നങ്ങളാണ്.
കുദ്രോളിയിലെ ഗോകർണനാഥനു ചുറ്റും വിധവകൾ വലിച്ചുകൊണ്ടുപോയ ദേവിയുടെ തേര് കേരള മാനവീയതയ്ക്കു മുന്നിൽ സ്ത്രീകളെ ദൈവത്തിൽ നിന്നകറ്റരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് കൈകൂപ്പി നില്ക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും ദൈവത്തിനു മുന്നിൽ സമന്മാരാണെന്ന പ്രാർത്ഥനയാണ് കേരള മാനവീയത ഇനിയെങ്കിലും അതിന്റെ ആത്മമുദ്രയാക്കേണ്ടത്. ഇൗ ആത്മ മുദ്രയെ മുൻനിറുത്തിക്കൊണ്ട് കേരള മാനവീയത ക്ഷേത്ര സങ്കല്പങ്ങളോടാവശ്യപ്പെടണം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുവാദം നൽകേണമേയെന്ന്. ശബരിമലയിൽ സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടിയാണ് ഇനി കേരള മാനവീയത ആശിക്കേണ്ടതും പൊരുതേണ്ടതും.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് സ്ത്രീകളുടെ ശബരിമല പ്രവേശനം? സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നത് വിലക്കിയതിനു കാരണമായ സാഹചര്യങ്ങളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. കാടും മൃഗങ്ങളും തണുപ്പുമൊക്കെയായിരുന്നല്ലോ തടസ്സ കാരണങ്ങൾ.
ആശിച്ചുകൂടേ കേരള മാനവീയതയ്ക്ക് എല്ലാ മതക്കാർക്കും ശബരിമലയടക്കമുള്ള എല്ലാ ഹിന്ദുദേവാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകണമെന്ന്.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് ശബരിമലയടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾ കൂടി പൂജാരിണികളാകണമെന്ന്.
സ്വാമി അയ്യപ്പൻ മലയാളിയുടെ സ്വന്തം ദൈവമാണ്. കേരളത്തിൽ ജനിച്ച ദൈവമാണ്. ഈ ദൈവത്തിൽ കേരളത്തിലെ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. പിന്നെന്തുകൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിച്ചുകൂടാ? സ്വാമി അയ്യപ്പന്റെ ദർശനവും അനുഗ്രഹവും തങ്ങൾക്കെന്നപോലെ തങ്ങളുടെ സഹോദരിമാർക്കും ഭാര്യമാർക്കും പെൺമക്കൾക്കും ലഭ്യമാക്കാൻ നമ്മുടെ നാട്ടിലെ ആണുങ്ങളെന്താണ് മുന്നിട്ടിറങ്ങാത്തത്? ഋതുമതിയായതുമുതൽ ആർത്തവം നിലയ്ക്കുന്നതുവരെയുള്ള സ്ത്രീയെ അശുദ്ധയായി കരുതുന്ന യാഥാസ്തിതികയുടെ അന്ധവിശ്വാസം ആരാണിവിടെ മുറുകെ പിടിക്കുന്നത്. ഈ അന്ധവിശ്വാസം സ്ത്രീ സത്യത്തെ നിഷേധിക്കലാണ്.
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ക്രൂരതയിൽ കിളിർത്ത പലതരം അന്ധവിശ്വാസങ്ങളാണ്. ഇത്തരം അന്ധവിശ്വാസങ്ങളെക്കുറിച്ച് ഹിന്ദു സമൂഹത്തിലെ ആചാര്യന്മാരും സാമൂഹ്യ നായകന്മാരും സ്ത്രീകളുടെ സംഘടനകളും ചർച്ച ചെയ്ത് തീരുമാനമെടുക്കണം. കാരണം ശബരിമലയിൽ എന്നല്ല, ഏത് ദേവാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് പ്രാകൃതമാണ്.

http://news.keralakaumudi.com/news.php?nid=7a44c587dc71c1615fdd42d59c30609c#.VHAk6Yq2oqs.facebook

Wednesday, 12 November 2014

ദൈവ വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും ~ ശ്രീ നാരായണഗുരു


ഒരിക്കൽ ഗുരുദേവൻ മദ്രാസിൽ ആയിരുന്നപ്പോൾ മൂലയിൽ കൃഷ്ണന്റെ അതിഥിയായി താമസിച്ചിരുന്നു. ഒരുദിവസം വെളുപ്പിന് മൂന്നു മണിക്ക് ശിഷ്യനായ ഗുരുപ്രസാദുമായി വീട്ടിൽ നിന്നും ഇറങ്ങി കടൽത്തീരത്തു കൂടി നടന്നു രാവിലെ എട്ടു മണിക്ക് മൈലാവൂർ ക്ഷേത്രത്തിൽ എത്തി .

ആ സ്ഥലത്ത് സ്വാമിയും ശിഷ്യനും അപരിചിതരായിരുന്നു. ഒന്ന് ക്ഷീണം മാറ്റാൻ വേണ്ടി സർക്കിൾ ഇൻസ്പെക്ടർ P .T . കണ്ണന്റെ വീട്ടിലേക്കു പോകുന്നതിനു വേണ്ടി ഗുരുവുമായി ആലോചിച്ചു . ഉടൻ ഗുരു പറഞ്ഞു ദൈവ വിശ്വാസം ഉണ്ടങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും.

അൽപ സമയം കഴിഞ്ഞപ്പോൾ ഒരു മുതലിയാർ സ്ത്രീ കുറച്ചു പഴവും പാലുമായി വന്നിട്ട് ഗുരുവിനു സമർപ്പിച്ചു. എന്നിട്ട് അവർ പറഞ്ഞു ഞാൻ ഇന്നലെ രാത്രി ഒരു സന്യാസിയെ സ്വപ്നം കണ്ടു. ആ സന്യാസി മൈലാപ്പൂർ ക്ഷേത്രത്തിൽ കാണും എന്നും ആരോ പറഞ്ഞതുപോലെയും തോന്നി.

അവരെ കണ്ട മാത്രയിൽ ഗുരു അവരുടെ വയറു വേദനയെക്കുറിച്ചു തിരക്കി. അവര്‍ക്ക് അതിശയം തോന്നി. തന്റെ വയറു വേദനയെക്കുറിച്ച് ഒരു സന്ന്യാസിയോടും ഇതുവരെ പറയുകയോ , സന്യാസിയെ താൻ കാണുകയോ ചെയ്തിട്ടില്ല. അവർ വളരെ വർഷങ്ങളായി അനുഭവിക്കുന്നതായിരുന്നു ഈ വയറുവേദന . ഗുരു അവരെ അനുഗ്രഹിച്ചിട്ട് പറഞ്ഞു ഇനി ഈ വയറുവേദന ഉണ്ടാകില്ല., അതിനുശേഷം അവർക്കു വയറുവേദന അനുഭവപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു.

Source : http://shreenarayanaguru.blogspot.in/2014/07/blog-post_29.html

''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' - ശ്രീ നാരായണഗുരുദേവൻ


ഒരിക്കൽ ശ്രീ നാരായണഗുരുദേവൻ മധുരയിൽ കുന്നിക്കുടി മഠത്തിനു സമീപം ഒരു ചെറു വനത്തിൽ വിശ്രമിച്ചിരുന്നു .

അവിടെ മഴ കിട്ടാതെ ജനങ്ങൾ കഷ്ടപെടുന്നതായി അവിടെയുള്ള ഒരു കൂട്ടം സന്യാസിമാർ ഗുരുദേവനെ അറിയിച്ചു .

തൃപാദങ്ങൾ ഇരുന്ന കാട്ടിൽ പിള്ളയാരുടെ ഒരു വിഗ്രഹം ഉണ്ടായിരുന്നു .


''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' എന്ന് ഗുരുദേവൻ കല്പ്പിച്ചു.

.അപ്രകാരം പിള്ളയാർക്ക് തേങ്ങ അടിച്ചു .കുറച്ചു സമയം കഴിഞ്ഞപ്പോൾ വമ്പിച്ച തോതിൽ മഴയുണ്ടായി.ജനങ്ങളുടെ കഷ്ടപാടുകൾക്കു നിവൃത്തി കിട്ടി .

പെട്ടന്നുണ്ടായ ആ വലിയ മഴ ഗുരുദേവന്റെ ശക്തി വിശേഷണത്താൽ ഉണ്ടായതാണെന്ന് ജനങ്ങൾ ധരിക്കതിരിക്കാനാണ് മഴ കിട്ടാൻ പിള്ളയാർക്ക് തേങ്ങ ഉടക്കണമെന്നു ഗുരുദേവൻ കല്പ്പിച്ചത് .

പിള്ളയാർപെട്ടി എന്ന സ്ഥലമാണ്‌ ഇത് .ഇവിടെ ഒരു ആശ്രമം ഉണ്ട് .

'' ശ്രീ നാരായണ ആശ്രമം '' എന്നാണ് മഠത്തിന്റെ പേര് .

ഇവിടെ പല രോഗങ്ങള്ക്കും മരുന്നുണ്ട് .പ്രധാനമായും വാത രോഗം, വാതരോഗവുമായി വരുന്നവര്ക്ക് 14 ദിവസത്തെ ചികിത്സ കഴിയുമ്പോൾ രോഗം മാറിയാണ് അവിടെ നിന്ന് പോകുന്നത് .

ഇപ്പോഴത്തെ മഠതിപതി DR .ഗോവിന്ദനന്ദ ആണ്. അവിടെ ഗുരുദേവന്റെ അപൂർവ്വം ഫോട്ടോയുണ്ടായിരുന്നു .

ആ ആശ്രമം പഴയതുപോലെ തന്നെ നിലനിര്ത്തിയിരിക്കുന്നു എട്ടുകെട്ടാണ്.അവിടെ കുറെ അപൂർവ്വം ഫോട്ടോ കാണാനിടയായി ഒരു ഫോട്ടോയിൽ നല്ല പ്രായമുള്ള ഒരാളെ കാണാനിടയായി ചോദിച്ചപ്പോൾ ഏകദേശം 300 വര്ഷത്തോളം ജീവിച്ചിരുന്ന ഒരു വൈദ്യൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് .

ഇവിടുത്തെ അഡ്രസ്‌ -
ശ്രീ നാരായണ ആശ്രമം, പിള്ളയാർപെട്ടി, ശിവഗംഗ DIST, തമിഴ്നാട്‌ .630207.

Source : http://shreenarayanaguru.blogspot.in/2014/07/blog-post_19.html

അക്ഷരം കുറിക്കല്‍:- ഗുരു മുനി നാരായണപ്രസാദ്



എല്ലാ വര്‍ഷവും വിജയദശമി ദിവസം നമ്മുടെ കുഞ്ഞുങ്ങളെക്കൊണ്ട് നമ്മള്‍ അക്ഷരം കുറിപ്പിക്കുന്നു. ഔപചാരികമായ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടിയാണിത്.ഭാഷയിലെ അക്ഷരമാലയുമായി പരിചയപ്പെടാന്‍ തുടങ്ങുന്ന ചടങ്ങാണത്. ഇങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസം എവിടെ ചെന്നവസാനിക്കും? ലോകദൃഷ്ട്യാ നോക്കിയാല്‍ അതിനു അവസാനമില്ല. എന്നാല്‍ അധ്യാത്മ ദൃഷ്ട്യാ ഈ വിദ്യാഭ്യാസം ചെന്നവസാനിക്കേണ്ടത് അക്ഷരമായ (ക്ഷരമല്ലാത്ത നാശരഹിതമായ) ഏക സത്യത്തെ അറിഞ്ഞു, അതുമായുള്ള ഏകാത്മകത സാക്ഷാത്കരിക്കുന്നിടത്താണ്. അങ്ങനെ നോക്കിയാല്‍ അക്ഷരത്തില്‍ തുടങ്ങി അക്ഷരത്തില്‍ അവസാനിക്കേണ്ടതാണ് വിദ്യാഭ്യാസം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ അധ്യാത്മമായ പരിസമാപ്തിയെ സംബന്ധിച്ച് ഇന്ന് മിക്കവരും അജ്ഞരാണ്. പണ്ടാകട്ടെ ഈ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയതാണ് ഭാരതത്തിന്റെ പരമ്പരാഗതമായി നിലനിന്ന വിദ്യാഭ്യാസം. അത് സാര്‍വത്രികമല്ലായിരുന്നു എന്ന് മാത്രം. പാശ്ചാത്യ സംസ്കാരം ഭാരതത്തിലേക്ക് ഇരച്ചു കയറുകയും, ലോകപരിജ്ഞാനവും തൊഴിലും നേടുക മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും വന്നപ്പോഴാണ് കാഴ്ചപ്പാടില്‍ ഈ വ്യത്യാസമുണ്ടായത്. വിദ്യാഭ്യാസം സാര്‍വത്രികമായിരിക്കുമ്പോഴും, തൊഴില്‍ നേടുക ഒരാവശ്യമായിരിക്കുമ്പോഴും, അതിനു ആധ്യാത്മികവും അക്ഷരസത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായ ഒരു മാനം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുകയില്ലേ? അപ്പോഴല്ലേ മനുഷ്യന് ജീവിതസൌകര്യങ്ങളോടോപ്പം സ്വസ്ഥതയും ഉറപ്പാകുന്നത്?

അക്ഷരം കുറിക്കുന്ന ചടങ്ങ് പരമ്പരാഗതമായ രീതിയില്‍ തുടങ്ങുന്നത് ഈ മന്ത്രോചാരണത്തോടു കൂടിയാണ്

"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ"

ഈ മന്ത്രം വിദ്യാരംഭത്തിനു വിധേയമായിത്തീരുന്ന കുഞ്ഞു ചൊല്ലുന്ന തരത്തിലുള്ളതാണ്. അതിന്റെ അര്‍ഥം ഇങ്ങനെ : 'അല്ലയോ സരസ്വതീ ദേവീ, നിനക്ക് നമസ്കാരം,നീ വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. ആഗ്രഹിക്കുന്ന ഏതു രൂപവും കൈക്കൊള്ളുന്നവളാണ്. ഞാന്‍ ഇതാ വിദ്യാരംഭം നടത്തുന്നു. എനിക്ക് എല്ലായിപ്പോഴും സിദ്ധി ലഭിക്കുമാറാകട്ടെ !

സരസ്വതി അറിവിന്‍റെ ദേവതയാണന്നു ഏവര്‍ക്കും അറിയാം. ആ ദേവതയെ നമസ്കരിച്ചു കൊണ്ടാണ് അറിവിന്റെ ലോകത്തിലേക്ക് ആദ്യത്തെ ചുവടു വെക്കുന്നത്. സരസ്വതി വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. അതായത്, അറിവാണ് ജീവിതത്തില്‍ എന്തെല്ലാം വരികത്തക്കതായുണ്ടോ അതെല്ലാം ലഭ്യമാക്കിത്തീര്‍ക്കുകയും, ഒഴിവാക്കേണ്ടത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അറിവ് സ്വന്തം ഇച്ഛ പ്രകാരം ഭാവം പകര്‍ന്നതാണ് സകലതും എന്ന് അക്ഷരമായ സത്യം കണ്ടെത്തിയവര്‍ക്കറിയാം. സകല ശാസ്ത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നതും അറിവാണ്. അറിവിന്‍റെ ശക്തി അനന്തമാണ്‌. അതായത് ആഗ്രഹിക്കുന്ന ഏതു രൂപം കൈക്കൊള്ളാനും അറിവിന്‌ സാധിക്കും. അങ്ങനെ സരസ്വതീ കാമരൂപിണിയാണ്.

ജീവിതത്തില്‍ വേണ്ട എല്ലാം സിദ്ധിക്കേണ്ടത് അറിവിന്‍റെ ബലം കൊണ്ടു വേണം. ഈ സിദ്ധികള്‍ ലോകസാധാരണമായ സുഖസൌകര്യങ്ങളും സമ്പത്തും മുതല്‍ അക്ഷരമായ സത്യം കണ്ടെത്തുന്നതുവരെ വ്യാപിച്ചു കിടക്കുന്നതാണ്. ഉപനിഷത്തുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, പ്രേയസ്സ് മുതല്‍ ശ്രേയസ്സ് വരെയുള്ളതെല്ലാം അതില്‍ പെടും. ഈ സിദ്ധികളെല്ലാം അറിവിന്‍റെ ബലത്തില്‍ ജീവതത്തില്‍ കൈവരുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ മന്ത്രത്തില്‍ ഉള്ളത്.

അക്ഷരം കുറിക്കുമ്പോള്‍ അക്ഷരലോകത്ത് കുഞ്ഞു കൈവരിക്കാവുന്ന സിദ്ധികളെ സംബന്ധിച്ച് ഒട്ടേറെ പ്രതീക്ഷകളാണ് രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടായിരിക്കുക. അവരുടെ സാമ്പത്തികശേഷി അനുസരിച്ച് ഈ പ്രതീക്ഷകള്‍ അതിമോഹങ്ങളായി മാറാറുണ്ട്, ഈ കുഞ്ഞ് നല്ല അറിവുള്ള നല്ല മനുഷ്യനായിത്തീരണമെന്നു മിക്കവരും ആഗ്രഹിക്കാറില്ല. ധാരാളം ധനംസമ്പാദിക്കുന്നവനായി തീരണമെന്നാണ് ആ അതിമോഹം. ഈ അതിമോഹം കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെയും, അവരില്‍ രൂഢമായിത്തീരേണ്ട മാനുഷിക മൂല്യങ്ങളെയും സാരമായി ബാധിക്കാറുണ്ട്. മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്ന്കൊണ്ട് സമൃദ്ധിയും സ്വസ്ഥതയും ജീവിതത്തില്‍ കൈവരുത്തുക എന്നതിനെ വിഗണിച്ചിട്ടു, സമ്പത്സമൃദ്ധിക്ക് വേണ്ടി മാനുഷികമൂല്യങ്ങളെ തീരെ വിഗണിക്കുകയോ അവയെ ബലികൊടുക്കുകയോ ചെയ്യുന്ന തരത്തില്‍ മനുഷ്യന്‍റെ ജീവിത വീക്ഷണം മാറി വരാന്‍ രക്ഷാകര്‍ത്താക്കാളുടെ ഈ അതിമോഹം ഇടവവരുത്താറുണ്ട്. ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല,ലോകത്തിന്‍റെ ഭാവി പോലും, മനുഷ്യന്‍ നേടുന്ന വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ബോധം ഓരോ രക്ഷാകര്‍ത്താവിനും വേണം.

മകനോ മകളോ ഇന്നാരായിത്തീരണം എന്ന അതിമോഹം ഉപേക്ഷിച്ചിട്ട്,ഈ കുട്ടി പ്രകൃതി സഹജമായി ഏതു വ്യക്തിത്വത്തോടുകൂടിയവാനാണോ, അതിന്റെ പൂര്‍ണ്ണത കൈവരിച്ചു ആകെ ജീവിതത്തിന്റെ ഭാഗമായിരിക്കാനും, സ്വജീവിതം ധന്യമാക്കിക്കൊണ്ടു ലോകകല്യാണം ഉറപ്പു വരുത്താനും ഇടയാകട്ടെ എന്നായിരിക്കണം കുഞ്ഞിനോടും മനുഷ്യരാശിയോടും ഉത്തരവാദിത്ത്വമുള്ള ഓരോ രക്ഷിതാവും പ്രാര്‍ത്ഥിക്കേണ്ടത്.













Source : http://shreenarayanaguru.blogspot.in/2014/11/blog-post_5.html

വലിയൊരഹന്ത - ഗുരു മുനി നാരായണ പ്രസാദ്


നാരായണഗുരു കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചു.

മനുഷ്യാ, നീയാണ് നിന്റെ ദൈവം എന്നാണല്ലോ അത് നൽകുന്ന സന്ദേശം. തനിക്കപ്പുറം ഒരു ദൈവമില്ല എന്നാണ് ഒരാൾ അതിന് അർത്ഥം കണ്ടതെങ്കിലോ?

പണ്ട് ഉപനിഷത്തിലെ ഋഷിയും ഇതുതന്നെയല്ലേ ഉപദേശിച്ചത്. ''തത്ത്വമസി"" എന്ന്? എന്താണതിനർത്ഥം? നീ അന്വേഷിക്കുന്ന സത്യം നീ തന്നെയാണ് എന്ന്. ആരാണ് ആ ''നീ"" അഥവാ ചോദിക്കുന്ന ആളിലെ ''ഞാൻ""‌? ശശിയോ മോഹനനോ മറ്റോ ആണോ? അല്ല. അതൊക്കെ അയാൾക്ക് ആരോ കൊടുത്ത പേരാണ്. ആ പേരിന്റെ ഉടമയാണ് ആ ''നീ"" അഥവാ ''ഞാൻ"". കണ്ണാടിയിൽ പ്രതിഫലിപ്പിക്കാവുന്ന ശരീരമാണോ? അതുമല്ല. അത് അയാളുടേതാണ്. നീയല്ല, ഇങ്ങനെ ''എന്റേത്"" എന്നു പറയാവുന്ന സകലതിന്റെയും ഉടമയാണ് അയാളിലെ ''ഞാൻ"", ആ ''ഞാൻ"" ആരാണ്? അവസാനം കണ്ടെത്തുന്നത് അത് കേവലം ബോധമാണ്. അഥവാ അറിവാണ് എന്നാണ്. അതുകൊണ്ടല്ലേ പച്ചമലയാളത്തിൽ നാരായണഗുരു പറഞ്ഞത്, ''അറിവെന്നത് നീ"" എന്ന്?

അപ്പോൾ ''ഞാൻ"" അറിവാണ്. ''എന്നിലെ""സത്യം അറിവാണ് എന്നർത്ഥം. എന്നിലെ സത്യം അറിവാണെങ്കിൽ നിന്നിലെ സത്യവും അറിവായിരിക്കണ്ടേ? മറ്റുള്ള സകലരിലേയും സത്യം അറിവായിരിക്കെണ്ടേ. സകലതിലും ഉള്ള സത്യം അറിവായിരിക്കെണ്ടേ? സകലതിലും ഉള്ള, സകലതും ആയിത്തീർന്നിരിക്കുന്ന, ആ ഏകസത്യത്തെയല്ലേ ദൈവമെന്നും ആത്മാവെന്നും ബ്രഹ്മമെന്നും ഒക്കെ വിളിക്കുന്നത്? ആ അറിവാകുന്ന സത്യമല്ലേ നീയായിരിക്കുന്നതും? അതുകൊണ്ടല്ലേ നാരായണഗുരു ''അറിവെന്നത് നീ"" എന്ന് പറഞ്ഞത്?

''മനുഷ്യാ, നീയാണ് നിന്റെ ദൈവം"" എന്ന ഉപദേശം കേട്ടവൻ ''ഞാനാണ് എന്റെ ദൈവം"" എന്ന് അറിയണം. അറിവാകുന്ന സത്യമാണ് എന്റെ രൂപത്തിലിരിക്കുന്നത് എന്നറിയണം. അതിമ്പകരം ''എനിക്കപ്പുറം മറ്റൊരു ദൈവമില്ല എന്ന് അർത്ഥമാക്കിയാലോ? അതിനെ വലിയൊരഹന്ത എന്നാണ് ഗുരു വിളിക്കുന്നത്. ''വലിയൊരഹന്ത വരാവരം തരേണം"" എന്ന് ഗുരു പ്രാർത്ഥിക്കുക പോലും ചെയ്തിരിക്കുന്നു.

കണ്ണാടിപ്രതിഷ്ഠ മാത്രമല്ല ഗുരു ചെയ്തത്. മറ്റനേകം ദേവതാപ്രതിഷ്ഠകളും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം എങ്ങനെ മനസിലാക്കണമെന്ന് ഗുരു വ്യക്തമായി എഴുതിവച്ചിട്ടുമുണ്ട്. ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായി ഗുരു കല്പിച്ചത് ഈശ്വരവിശ്വാസമാണ് താനും


Source : http://shreenarayanaguru.blogspot.in/2014/11/blog-post_11.html

Saturday, 1 November 2014

ഗുരുവിന്റേത് സമത്വദര്‍ശനം


ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.

എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.

ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.

1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.

3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.

6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

7. അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം;

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.

ഈ ഏഴു മഹദ്വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നുകാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം.

ജാതിയെ അദ്ദേഹം തീര്‍ത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. അതായത്, സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നര്‍ഥം. അതിനാല്‍ ജാതിവിരുദ്ധത ശ്രീനാരായണദര്‍ശനത്തിന്റെ അകക്കാതലാകുന്നു. ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തില്‍, ബുദ്ധമതത്തില്‍, ജൈനമതത്തില്‍, ചാര്‍വാക(ലോകായത)ദര്‍ശനത്തില്‍, സൂഫിദര്‍ശനത്തില്‍, ക്രൈസ്തവദര്‍ശനത്തില്‍, രാജാറാം മോഹന്‍ റോയിയുടെയും വിവേകാനന്ദന്റെയും മറ്റും നവോത്ഥാനദര്‍ശനത്തില്‍, തൊഴിലാളിവര്‍ഗദര്‍ശനത്തില്‍ - അങ്ങനെ ഭാരതീയദര്‍ശനങ്ങളില്‍ മിക്കതിലുമുള്ള ജാതിവിരോധഘടകത്തെ ഗുരുദര്‍ശനത്തിന്റെ മുഖ്യസ്ഥാനത്തുതന്നെ നമുക്കു കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക.

എന്നാല്‍ മതത്തെ അദ്ദേഹം നിഷേധിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നായതുകൊണ്ട് ഒരു മതമേ ഉള്ളൂ, അഥവാ ഒരു മതമേ വേണ്ടൂ, എന്നാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്. ഈ അര്‍ഥത്തില്‍, പ്രത്യേകം പ്രത്യേകം മതങ്ങള്‍ വേണ്ട എന്ന അര്‍ഥത്തില്‍, സഹോദരന്‍ അയ്യപ്പന്റെ ‘മതം വേണ്ട’ എന്ന അഭിപ്രായം ഗുരുവിന് അഭിമതമായിരിക്കും; ‘വേണം ധര്‍മം’ എന്ന് സഹോദരന്‍ തുടര്‍ന്നുപറയുന്നതുകൊണ്ട് വിശേഷിച്ചും. ബാഹ്യവും ആഭ്യന്തരവുമായ മതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബാഹ്യാംശങ്ങളില്‍ വിഭിന്നങ്ങളാവാമെങ്കിലും ആഭ്യന്തരാംശത്തില്‍ ഏകമതമേയുള്ളൂ എന്നു ശ്രീനാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവാക്യത്തിന് ‘ഒരു മതം’ എന്ന വാക്യവുമായി വൈരുധ്യമില്ലാത്തത്. താന്‍ ശ്രീശങ്കരന്റെ അദ്വൈതമതക്കാരനാണെന്നും ബുദ്ധമതക്കാരനാണെന്നും ക്രിസ്‌തുമതക്കാരനാണെന്നും ഇസ്ളാംമതക്കാരനാണെന്നുമൊക്കെ പലപ്പോഴായി ഗുരു പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അപ്പോഴേ വ്യക്തമാവുകയുള്ളൂ.

ഈ ഏകമതസിദ്ധാന്തം മതപരമായ വിഭാഗീയതകൊണ്ട് കുപ്രസിദ്ധമായ മതദര്‍ശനങ്ങളിലൊന്നും കാണാത്തതാണ്. ഉപനിഷത്തുകളിലെ ബ്രഹ്മദര്‍ശനത്തില്‍ ഈ പേരില്ലെങ്കിലും ഈ ആശയമുണ്ട്. പിന്നീട് സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതതുല്യതാവാദം ഇതുതന്നെയാണ്. ഇന്ത്യയില്‍ അശോകന്റെ കാലംതൊട്ടേ സാമാന്യമായി നിലനിന്നിരുന്നതും ദേശീയസ്വാതന്ത്ര്യ സമരകാലത്ത് കുറേക്കൂടി വ്യക്തമായ രൂപം കൈക്കൊണ്ടതും നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതുമായ മതനിരപേക്ഷത, വാസ്‌തവത്തില്‍, ഗുരുവിന്റെ ഈ ഏകമതസിദ്ധാന്തമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ, ‘മതവിരോധത്തിന്റെ മതമാണ് ഗുരുദര്‍ശനം’, ‘ആദര്‍ശഹിന്ദുസന്ന്യാസിയാണ് ഗുരു, ഹിന്ദുത്വാഭിമാനിയാണ് ഗുരു’ എന്നും മറ്റുമുള്ള അതിരുകവിഞ്ഞ അവകാശവാദങ്ങള്‍ വസ്‌തുതയ്‌ക്കു നിരക്കുന്നതല്ല.

ഒരു ദൈവം’ എന്നരുളിയ ഗുരു ഉപനിഷത്തുകളില്‍ ആവിഷ്‌കൃതമായ സര്‍വസമത്വദര്‍ശനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍തന്നെ. സകലചരാചരങ്ങളുടെയും സൃഷ്‌ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരേയൊരു ദൈവത്തിലുള്ള വിശ്വാസം ആ ദര്‍ശനത്തില്‍ പ്രകടമാണ്. ദൈവദശകം എന്ന വിശിഷ്‌ടകൃതിയില്‍ ഏതു കുട്ടിക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ ഏകദൈവാശയം വിവരിച്ചിട്ടുണ്ട്. അങ്ങേയറ്റം ആധ്യാത്മികമായ ഈ ഏകദൈവവിശ്വാസം എത്രയേറെ സമത്വബോധപ്രബോധകമാണെന്നു വെളിപ്പെടുത്തുന്നതാണ് 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍' എന്നുതുടങ്ങുന്ന മേലുദ്ധരിച്ച ആത്മോപദേശശതകപദ്യം. അനുകമ്പാദശകം വായിക്കുന്ന ആര്‍ക്കാണ് ഗുരുവിന്റെ വിശ്വപ്രേമതത്വവും പരമകാരുണികത്വവും അനുഭവവേദ്യമാവാതിരിക്കുക!

ഈ ആദര്‍ശങ്ങള്‍ പ്രായോഗികമാവണമെങ്കില്‍ ബഹുജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതിന് അവര്‍ക്ക് ശക്തിയുണ്ടാവണം. അതിനു സംഘടന കൂടാതെ പറ്റില്ല. അങ്ങനെ സംഘടിച്ചു ശക്തരായാല്‍ അവര്‍ക്ക് വിദ്യ കൈവരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സുഗമവും സുലഭവുമാവും. ക്ഷേത്രങ്ങള്‍പോലും നാരായണഗുരുവിന് വിദ്യാവിതരണത്തിനുള്ള ഉപാധികളാണ്. ദേവാലയങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളാണെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായല്ലോ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സ്വതന്ത്രരാവുകയുമൊക്കെ ചെയ്യേണ്ടവര്‍, പരമ്പരാഗതമായ തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് മദ്യത്തിന്റെ അടിമകളാവരുത്. അത് അവരെ ബോധഹീനരാക്കും; അസ്വതന്ത്രരാക്കും.

ആധുനികഭാരതീയനവോത്ഥാനദര്‍ശനങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന ആശയങ്ങളാണിവ. ആധുനികഭാരതീയനവോത്ഥാനത്തിന്റെ സന്തതിയും കേരളീയനവോത്ഥാനത്തിന്റെ പിതാവുമായ ശ്രീനാരായണഗുരു ഈ ആശയങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചത് സ്വാഭാവികംമാത്രം. ഗുരുവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ജാതിമതസമുദായസംഘടനകളുടെ രൂപത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം ഇവിടെ ആവിര്‍ഭവിച്ചത്. ആവിര്‍ഭാവകാലങ്ങളില്‍ അവ ഓരോ ജാതിമതസമുദായത്തെയും ആകാവുന്നത്ര നവീകരിക്കുകയും അങ്ങനെ കേരളീയസമൂഹത്തിന്റെയാകെ നവീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ നവീകരണത്തിന് വമ്പിച്ച സംഭാവനകള്‍ ചെയ്ത വര്‍ഗബഹുജനസംഘടനകള്‍ക്ക്, അവയ്‌ക്ക് നേതൃത്വം നല്‍കിയ പുരോഗമനരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്, വളരാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഈ നവോത്ഥാനപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് അതിനെല്ലാം തുടക്കമിട്ട ശ്രീനാരായണഗുരു, ആണെന്ന് പ്രത്യേകം അനുസ്‌മരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.' (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, സഞ്ചിക 9, 2000, പേജ് 289)

അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.

*****

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക
http://workersforum.blogspot.com/2008/10/blog-post_23.html

ശ്രീബുദ്ധനും നാരായണഗുരുവും


സാമാന്യജനങ്ങളുടെ ലോകമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം. വാദരതനല്ലായ്‌കയാല്‍, ആളുകളെ ആധ്യാത്മികാദികാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സൌമ്യസുന്ദരമായി പ്രേരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി. അവര്‍ക്ക് എളുപ്പം മനസ്സിലാകത്തക്കവിധം ലളിതമായി, അധികവും മലയാളത്തില്‍, പദ്യത്തിലും ഗദ്യത്തിലും കൃതികള്‍ രചിക്കുക - അതാണദ്ദേഹം ചെയ്തത്. അങ്ങനെ പിറന്നവയാണ് ഗുരുവിന്റെ സ്‌തോത്രങ്ങളും ദാര്‍ശനികകൃതികളും മറ്റും. അതേസമയം, പണ്ഡിതമണ്ഡലത്തിന് ആലോചനാമൃതമായ ആശയങ്ങള്‍ അവയിലെങ്ങും അനുഭവവേദ്യവുമാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം മുതലായ ആധുനികാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഗുരുവിന്റെ കര്‍മരംഗം. മധ്യകാലഘട്ടത്തില്‍ ജീവിച്ച ശ്രീശങ്കരന് ഇവയൊന്നും കാണാന്‍ കഴിയാത്തതില്‍ അസാധാരണമായൊന്നുമില്ല. എന്നാല്‍, കറേക്കൂടി പിറകോട്ടുപോകുമ്പോള്‍, ശ്രീബുദ്ധനില്‍ ഈ പ്രവണതകളൊക്കെ സാരാംശത്തില്‍ കാണാന്‍ കഴിയുകയും ചെയ്യും. അതേ, ശ്രീനാരായണന് ശ്രീബുദ്ധനോടാണ്, ശ്രീശങ്കരനോടല്ല, സാമ്യങ്ങളേറെയുള്ളത് - സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും.

എന്നുവെച്ച് ബൌദ്ധദര്‍ശനമാണ് ഗുരുദര്‍ശനമെന്നു പറഞ്ഞുകൂട. കുമാരനാശാന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയപോലെ, ഏകജാതിദര്‍ശനത്തില്‍ ഗുരു ബുദ്ധനോടൊപ്പമാണെങ്കിലും നിരീശ്വരമായ ബൌദ്ധദര്‍ശനത്തോട് അക്കാര്യത്തില്‍ യോജിച്ചുപോകാന്‍ ഗുരുവിന്റെ ഏകദൈവദര്‍ശനത്തിനാവില്ല. മതപരമായി വിഭാഗീയത പുലര്‍ത്തുന്ന ബൌദ്ധമുള്‍പ്പെടെയുള്ള ഒരു മതദര്‍ശനത്തോടും ഏകമതദര്‍ശനമുയര്‍ത്തിപ്പിടിക്കുന്ന ഗുരുവിന് യോജിക്കാന്‍ പറ്റില്ല. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ച ഗുരുവിന് എല്ലാ മതങ്ങളെയും വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവുമെങ്കിലും, സൈദ്ധാന്തികമായും പ്രായോഗികമായും വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടു നിലകൊള്ളുന്ന ഒരു മതത്തിനും ഗുരുദര്‍ശനത്തെ പൂര്‍ണമായി സ്വാംശീകരിക്കാനാവില്ല. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്നതാണ് സനാതനധര്‍മം എന്നു നാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി പറഞ്ഞുവരുന്ന 'സനാതനധര്‍മത്തിന്, വര്‍ണാശ്രമധര്‍മത്തിന്, ഇതുമായി ഒരു ബന്ധവുമില്ല. എന്നല്ല, തീര്‍ത്താല്‍ തീരാത്ത വൈരുധ്യം ആ രണ്ടു സനാതനധര്‍മങ്ങള്‍ തമ്മിലുണ്ടുതാനും.

ഈ വിചിന്തനത്തില്‍നിന്ന് ഗുരുദര്‍ശനം ശ്രീശങ്കരദര്‍ശനത്തില്‍നിന്നു വ്യതിരിക്തമാണെന്നു വ്യക്തമാകുമല്ലോ.


ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക
http://workersforum.blogspot.com/2008/10/blog-post_23.html


ശ്രീശങ്കരനും ശ്രീനാരായണഗുരുവും - ഡോ. എന്‍ വി പി ഉണിത്തിരി


ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.

ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.

ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.

പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.

ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.

ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)

‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)

ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.

വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.

ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.

പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.


ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക
http://workersforum.blogspot.com/2008/10/blog-post_23.html

മന്ത്രവാദം രോഗ ചികിത്സയോ?

 
Posted on: Sunday, 26 October 2014 
http://news.keralakaumudi.com/news.php?nid=c7454a45863854ded1ef9b729dc3e094#.VEyVo-9EYVA.facebook
അപസ്മാരരോഗം ബാധിച്ച ഒരു പെൺകുട്ടിയെ രോഗവിമുക്തിക്കുവേണ്ടി മന്ത്രവാദത്തിന് വിധേയയാക്കിയതും അതിന്റെ ഭാഗമായി നടന്ന പ്രഹരമേറ്റോ മറ്റോ കുട്ടി മരിക്കാനിടയായതും പത്രത്തിൽ വായിക്കുകയുണ്ടായി. അപസ്മാരരോഗം തലച്ചോറിനെ ബാധിക്കുന്ന ഒരു വൈകല്യം മൂലമുണ്ടാകുന്നതാണെന്ന് ഇന്ന് ഏവർക്കും അറിയാം. അതിന് ആധുനിക വൈദ്യശാസ്ത്രത്തിലും മറ്റ് സമ്പ്രദായങ്ങളിലും വേണ്ട ചികിത്സയുണ്ട്. അതിന് വിധേയയാക്കാതെ, കുട്ടിയെ മന്ത്രവാദത്തിന് വിധേയയാക്കിയതിന്റെ പിന്നിലുള്ള പ്രേരണാശക്തിയെന്താണ്?
ഏതോ പിശാച് കുട്ടിയെ ബാധിച്ചിരിക്കുന്നു എന്നും അതിനെ അടിച്ചു പുറത്താക്കണമെന്നും ഉള്ള വിശ്വാസമാണ് ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരം ദുഷ്ടദേവതകളും ശിഷ്ടദേവതകളും  ഉണ്ടെന്നുള്ളത് പ്രത്യേക കാരണമൊന്നും കൂടാതെ മനുഷ്യമനസിൽ കടന്നു കൂടിയിട്ടുള്ള വിശ്വാസമാണ്. പണ്ടുമുതലേ ഇത് നിലനിൽക്കുന്നുമുണ്ട്. അലൗകികമായ ഇത്തരം ശക്തികളെപ്പറ്റിയുള്ള വിശ്വാസം മതത്തോടും ആദ്ധ്യാത്മികതയോടും ബന്ധപ്പെട്ടതുമാണ്. ദുഷ്ടദേവതകളുടെ ഉപദ്രവം ഒഴിവാക്കാനും ശിഷ്ടദേവതകളുടെ  പ്രസാദം നേടാനുമുള്ള പ്രാർത്ഥനകളും കർമ്മങ്ങളും പണ്ടുമുതലേ നിലനിൽക്കുന്നുമുണ്ട്. ഇത്തരം ദേവതകളെല്ലാം അജ്ഞേയമായ പ്രപഞ്ചത്തിലെ അജ്ഞാതമായ ശക്തികളാണല്ലോ. ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിനും ഓരോ ദേവതയേയും സങ്കൽപ്പിച്ചിട്ടുണ്ട്. ഈ പ്രതിഭാസങ്ങളുടെ ഉറവിടം ആർക്കും അറിയില്ല. അവയെ മനുഷ്യന് സ്വന്തം ഇച്ഛയ്ക്കൊത്തു മാറ്റി മറിക്കാനുമാവില്ല. ആകെക്കൂടി മനുഷ്യന് സാധിക്കുന്നത് അവയ്ക്ക് വിധേയമായി ജീവിക്കുകയാണ്. അവയെ സ്വന്തം ഇച്ഛയ്ക്ക് വിധേയമാക്കാനുള്ള ശ്രമം വൃഥാവിലാണ്.

അതിനാൽ അങ്ങനെയുള്ള അപ്രമേയമായ പ്രപഞ്ചത്തിന്റെ ഭാഗമായി, അതിന് വിധേയമായി, ജീവിക്കാനുള്ള ഉൾവെളിവുണ്ടായി ജീവിതത്തിൽ സമാധാനം കണ്ടെത്താൻ വേണ്ടിയുള്ള പ്രാർത്ഥനകളാണ് വേദസൂക്തങ്ങളിൽ കാണുന്നത്. സ്വന്തം താത്പര്യസംരക്ഷണമാണ് അർത്ഥിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. എന്നാൽ ആഴത്തിലുള്ള അതിന്റെ അർത്ഥം വേറെയാണ്. ഉദാഹരണത്തിന് ശത്രുക്കളെയെല്ലാം സംഹരിച്ചുതരണേ എന്ന പ്രാർത്ഥനയിലുള്ളത് ആരും ശത്രുക്കളല്ല എന്ന് തോന്നാനുള്ള ഉൾവെളിവുണ്ടായി, അതുവഴി ശത്രുക്കൾ ഇല്ലാതാകണമേ എന്നാണ്. എന്നാൽ ശത്രുക്കളായിട്ടുള്ളവരെയെല്ലാം നശിപ്പിച്ചു തരണേയെന്നാണ് ഇതിന്റെ അർത്ഥമെന്നും അത് സാധിക്കുന്നതിന് ഇന്നയിന്ന കർമ്മങ്ങൾ ഈ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ചെയ്താൽ മതിയെന്നും പാവപ്പെട്ടവരെ ധനമോഹികളായ പുരോഹിതന്മാർ പറഞ്ഞു വിശ്വസിപ്പിക്കുകയും അത്തരം കർമ്മങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം മതത്തിന്റെ ഭാഗമായി പണ്ടേ തുടങ്ങിയതാണ്.


 ഇതിൽ നിന്നൊക്കെയുള്ള അന്തിമമായ മോചനം ലഭിക്കുന്നത് ഇത്തരം ദേവസങ്കല്പങ്ങളുടെയെല്ലാം അർത്ഥം വേണ്ടതരത്തിൽ ഗ്രഹിക്കുന്ന ശുദ്ധമായ ആദ്ധ്യാത്മിക സംസ്കാരം ഉണ്ടാകുമ്പോൾ മാത്രമാണ്. വേദം എന്ന വാക്കിന്റെ അർത്ഥം പോലും അറിവ് എന്നാണ്. എല്ലാ വേദസൂക്തങ്ങളും ശുദ്ധമായ അറിവിലേക്ക് നയിക്കുന്നതാണ്. ഈ അറിവിന്റെ പരമകാഷ്ഠയാണ് ബ്രഹ്മവിദ്യ. ബ്രഹ്മവിദ്യയെ ആശ്രയിക്കുന്നവരിൽ മന്ത്രതന്ത്രാദികളൊന്നും വിലപ്പോവുകയില്ല എന്നത് താന്ത്രികന്മാർ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. അതായത് ജനങ്ങളുടെ അജ്ഞതയെയാണ് അവരൊക്കെ മുതലെടുക്കുന്നത്.

അറിവിന്റെ ഔന്നത്യത്തിലേക്ക് ഇത്തരത്തിൽ ഉയരാൻ എല്ലാവർക്കും സാധിക്കാറില്ല. സാധാരണക്കാർക്ക് ദേവതകളിൽ വിശ്വസിക്കുന്നതും അവയെ ആരാധിക്കുന്നതും ഒരാവശ്യമാണെന്ന് തോന്നാറുണ്ട്. ഈ ആവശ്യകതയെ നാരായണഗുരു തന്റെ ദൈവ ചിന്തനത്തിൽ അംഗീകരിക്കുന്നുമുണ്ട്. ദുഷ്ടദേവതകളുടെ ഉപദ്രവം ഒഴിവാക്കുന്നതിനുപോലും ജന്തുബലിയും ഹിംസയും ആഭിചാരകർമ്മങ്ങളും കൊണ്ട് അവയെ പൂജിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ശിഷ്ടദേവതകളെ സാത്വികമായ ആചാരങ്ങൾ കൊണ്ട് പൂജിക്കുന്നത് എന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. കാരണം, ദുഷ്ടദേവതകളെക്കാൾ ശക്തിയുള്ളതാണ് ശിഷ്ടദേവതകൾ. അതുകൊണ്ട് ശിഷ്ടദേവതകളുടെ പ്രസാദമുണ്ടായാൽ ദുഷ്ടദേവതകളുടെ ഉപദ്രവം സ്വയം ഒഴിഞ്ഞുകൊള്ളും. മാത്രമല്ല, ശിഷ്ടദേവതകളെ ആരാധിക്കുന്നത് ബ്രഹ്മജ്ഞാനിയാകാനുള്ള വഴി തെളിച്ചുതന്നു എന്നും വരാം.

ദുർബലമനസുള്ള ചിലർ പ്രതികൂലസാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാകാതെ സമനില തെറ്റിയ മനസുള്ളവരായി തീരാറുണ്ട്. അങ്ങനെയുള്ളവർക്ക് ശുദ്ധവും പ്രസാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുന്നതും മനസിന് പ്രത്യാശ ഉണ്ടാക്കിക്കൊടുക്കുന്നതും രോഗവിമുക്തികരമായിത്തീരാറുണ്ട്. നല്ലവരുമായുള്ള സംസർഗം ഭജനമിരിപ്പ് തുടങ്ങിയവ ഇത്തരത്തിലാണ് രോഗവിമുക്തിക്ക് സഹായിക്കുന്നത്. മനസും ശരീരവും രണ്ട് സത്യങ്ങളല്ല എന്നുള്ളതുകൊണ്ട്, പുതിയതായി ലഭിക്കുന്ന മാനസികാന്തരീക്ഷം തലച്ചോറിലെ തകരാറ് തുടങ്ങിയ ശാരീരികവൈകല്യങ്ങളെപ്പോലും മാറ്റിയെന്നുവരാം. ശുദ്ധമായ ദേവതാഭജനം മനഃപ്രസാദവും മനഃശുദ്ധിയും മനുഷ്യന് കൈവരുത്തുമെന്നിരിക്കേ, അതിനെ കേവലം അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാനും ആവില്ല. ഒരു മരുന്ന് ശരീരത്തിൽ പ്രവർത്തിച്ച് രോഗം മാറ്റുന്നത് എങ്ങനെയാണെന്ന് വൈദ്യശാസ്ത്രത്തിനുപോലും വ്യക്തമാക്കാൻ സാധിക്കാതിരിക്കെ, ഇത്തരം സാദ്ധ്യതകളെ തീരെ തള്ളിക്കളയേണ്ടതുമില്ല. എന്നാൽ ഇത്തരം അജ്ഞേയപ്രതിഭാസങ്ങൾ ധനമോഹികളായ പുരോഹിതന്മാർ കച്ചവടച്ചരക്കാക്കുകയും അത് സാധാരണ ജനങ്ങളുടെ അത്യാർത്തിയെ വളർത്താനിടയാക്കുകയും ചെയ്യുന്നിടത്താണ് ആപത്ത് കുടികൊള്ളുന്നത്. അജ്ഞേയതയെ അജ്ഞേയമായി അംഗീകരിക്കുകയും അതിനെ കച്ചവടചരക്കാക്കാൻ മതങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.

ദൈവദശകത്തിലെ ദൈവം :എം.കെ.ഹരികുമാർ


(യോഗനാദത്തിന്റെ പത്രാധിപരായ ശ്രീ വിജയറാം സർ ആണ് എന്നോട് രണ്ടു
മാസം മുൻപ്  ‘ദൈവദശക’ത്തെപ്പറ്റി ഒരു ലേഖനം എഴുതി തരണമെന്ന് ആവശ്യപ്പെട്ടത്.വീടു മാറുന്ന തിരക്കിലായതിനാൽ ഞാൻ ക്ളേശിച്ചു.അദ്ദേഹം വീണ്ടും വിളിച്ചു സമയപരിധി നിശ്ചയിച്ചു. അങ്ങനെ എഴുതിയതാണ് ഈ ലേഖനം . ഇത് യോഗനാദത്തിൽ ജൂലായിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.)

ദൈവമേ! കാത്തുകൊള്‍കങ്ങു

കൈവിടാതിങ്ങു ഞങ്ങളേ;

നാവികന്‍ നീ ഭവാബ്ധിക്കോ‌-

രാവിവന്‍തോണി നിന്‍പദം.

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

ആഴിയും തിരയും കാറ്റും-

ആഴവും പോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെനീക്കി -

സ്സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

അകവും പുറവും തിങ്ങും

മഹിമാവാര്‍ന്ന നിന്‍ പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

ഭഗവാനേ, ജയിയ്ക്കുക.

ജയിയ്ക്കുക മഹാദേവ,

ദീനവന പരായണാ,

ജയിയ്ക്കുക ചിദാനന്ദ,

ദയാസിന്ധോ ജയിയ്ക്കുക.

ആഴമേറും നിന്‍ മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം


ബുദ്ധമതത്തിൽ ഒരു ദൈവവുമില്ല; അതിൽ ആത്മാവുമില്ല. അതായത്‌, ദൈവമില്ലാതെയും മതത്തിനു നിൽക്കാം. എന്നാൽ അപാരമായ, വിസ്മയകരമായ ഒരു ജൈവാവസ്ഥയും അസ്തിത്വത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള സൂക്ഷ്മബോധവും നീതിയെക്കുറിച്ചുള്ള തീവ്രമായ വിചാരവും ബുദ്ധമതത്തിലുണ്ട്. മതത്തിന്‌ സദാചാരമോ ധാർമ്മികതയോ വേണമെന്നില്ല. റോമൻ, ഗ്രീക്ക്‌ മതാനുയായികൾ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ മനുഷ്യബലി നടത്തിയിരുന്നു. നമ്മുടെ നാട്ടിൽ തന്നെ ഇപ്പോഴും, ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കോഴികളെയും മറ്റും ബലി കൊടുക്കുന്നു. ദൈവങ്ങളെ നമ്മൾ സൃഷ്ടിച്ചാൽ, നമുക്ക്‌ തന്നെ അതിനാവശ്യമായ നീതിസാരവും ഉണ്ടാക്കേണ്ടി വരും. പലമതങ്ങളിലും ദൈവങ്ങളെ സ്വാർത്ഥലാഭത്തോടെ കണ്ടുപിടിച്ചിട്ടുണ്ട്‌. ദൈവങ്ങളുടെ പ്രീതിയും അപ്രീതിയും സമൂഹത്തിലെ അധികാരഘടനയുമായി ചേർന്നു നിൽക്കുന്നതാണ്. അധഃസ്ഥിതനായ ഒരുവന്റെ ജീവിതത്തെ നിർണയിക്കുന്നതിനു, ദൈവത്തിന്റെ തന്നെ ഉദ്ധരണികൾ കൂട്ടിനുണ്ടെങ്കിലോ? ഏത്‌ അസുരനാണെങ്കിലും അവന്‌ നന്മ ചെയ്യാൻ അവകാശമുണ്ടായിരിക്കണം. അവൻ അംഗീകരിക്കപ്പെടണം. അവനെ സ്നേഹിക്കാനുള്ള ഒരു മനസ്സ്‌ ഈ പ്രപഞ്ചത്തിലെവിടെയോ ഉണ്ട്. വർഗരഹിതമായ ഒരു കാഴ്ചയുടെ അർത്ഥത്തിലേക്കാണ്‌ ദൈവചിന്ത നമ്മെ കൊണ്ടുപോകേണ്ടത്‌.
ദൈവത്തിനു മതമില്ല, എന്നാൽ മനുഷ്യനു മതമുണ്ട്‌. ദൈവത്തിനു മുകളിൽ നിന്ന്‌ മാത്രമല്ല, നമ്മളിലൂടെയും നോക്കാൻ കഴിയുന്നു. നമ്മളായിട്ട്‌ ദൈവം അഭിനയിക്കുന്നു. നമ്മൾ എത്ര വൈവിധ്യമുള്ളവരാണ്‌! നമ്മളിൽ എത്രയോ മുഖങ്ങളും ജീവിതങ്ങളുമുണ്ട്‌. അതെല്ലാം ദൈവവും ജീവിക്കുന്നു. തീർച്ചയായും നമ്മെ കൊണ്ടുനടക്കുന്നതിനായി, നമ്മുടെ എല്ലാ നടപ്പുകളും ദൈവത്തിനും ഏറ്റെടുക്കേണ്ടി വരുന്നു. ദൈവികമായ ഏകീഭാവത്തിലെത്തുന്നതിനു പകരം, നമ്മൾ നാനാവിധമായ വഴികളിലൂടെ അനേകം ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ട്‌ പിറവിയിൽ നിന്ന്‌ അകന്നുപോകുകയാണ്‌ ചെയ്യുന്നത്‌.

ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥ
മാനവരാശിയുടെ ചരിത്രത്തിൽ, മിക്കപ്പോഴും ദൈവത്തിന്റെ പേരിൽ വർഗ്ഗത്തെ സൃഷ്ടിച്ചിരുന്നു. അതെല്ലാം മനുഷ്യന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ദൈവനിർമ്മാണത്തിൽ മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും അവരുടേതായ പങ്കുണ്ട്‌. സമ്പന്നതകൊണ്ട്‌ പ്രീതിപ്പെടുന്ന ദൈവം, പണമുള്ളവൻ കൈനീട്ടിപ്പിടിക്കുന്ന ദൈവം മുതലാളിത്തത്തിനു ആവശ്യമാണ്‌. എന്നാൽ കമ്മ്യൂണിസ്റ്റുകാരന്റെ ദൈവം യുക്തിവാദിയാണ്‌. ആ ദൈവം അധ്വാനിക്കുന്നവനെയാണ്‌ കാണുന്നത്‌. അധ്വാനിക്കാത്തവനെ ശിക്ഷിക്കുന്നു.
ഇവിടെയാണ്‌ ശ്രീനാരായണഗുരുവിന്റെ ദൈവദശകം പരിശോധിക്കപ്പെടേണ്ടത്‌. ഗുരു എപ്പോഴും അനുകമ്പയാണ്‌ തന്റെ ജാതിയായി സ്വീകരിച്ചിട്ടുള്ളത്‌. അനുകമ്പയില്ലാത്തവർ മനുഷ്യത്വമില്ലാത്തവരാണ്‌. ഗുരുവിന്റെ മനുഷ്യത്വം സമ്പൂർണ്ണമാകുന്നത്‌ അനുകമ്പയിലാണ്‌. ഗുരുവിന്റെ മുന്നിൽ മനുഷ്യജാതികളോ വർഗ്ഗങ്ങളോ ഇല്ല; ചരിത്രത്തിലെ ഏറ്റവും അസാധാരണവും വിശുദ്ധവുമായ ഏകീകരണമാണ്‌ ഗുരു നിർവഹിക്കുന്നത്‌. മനുഷ്യനെ ഇത്ര കാരുണ്യത്തോടെ സ്നേഹത്തോടെ എങ്ങനെ കാണാനാകുന്നു എന്ന്‌ ചിന്തിക്കേണ്ടതാണ്‌. എല്ലാത്തരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും അപ്പുറത്തുള്ള ഒരു മനുഷ്യസ്ഥലം ഗുരു കണ്ടുപിടിക്കുകയാണ്‌. ഭഗവത്ഗീതയെപ്പറ്റിയൊക്കെ പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്‌. അത്‌ മനസ്സിൽ അക്രമവാസനയുണ്ടാക്കുന്നു എന്ന്‌ ഒരാൾ ഈയിടെ എഴുതിക്കണ്ടു. ഒരു പ്രത്യേക വർഗ്ഗത്തിന്റെ നിലനിൽപിനു വേണ്ടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ദൈവശാസ്ത്രമാണതെന്ന്‌ ആ ലേഖകൻ അഭിപ്രായപ്പെടുന്നു.
ഗുരു ഈ വിപരീത ധ്രുവങ്ങളിൽ നിന്നെല്ലാം മനുഷ്യരാശിയെ മോചിപ്പിക്കുന്നു. ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥയുടെ മഹനീയത വീണ്ടെടുക്കുന്നു. ഒരു വലിയ ജനതയ്ക്ക്‌ ദൈവശാസ്ത്രത്തിൽ പ്രവേശനം നൽകണമെങ്കിൽ ദൈവദശകം പോലെ ഉദ്ഗ്രഥനാത്മകവും നിഷ്കളങ്കവും ത്യാഗനിർഭരവും വിനയാന്വിതവുമായ പ്രാർത്ഥനയാണ്‌ വേണ്ടത്‌. പുറമേ ഇത്‌ പ്രാർത്ഥനയായി നിൽക്കുമ്പോഴും, ഇത്‌ മതിലുകളില്ലാത്ത മനുഷ്യാവസ്ഥയുടെ വിസ്തൃതമായ കാലത്തെ അനുഭവിപ്പിക്കുകയാണ്‌. ദൈവദശകം ഒരു മതത്തിന്റെയും പ്രത്യേകമായ പ്രാർത്ഥനയല്ല;, എല്ലാ സംഘടിത മതങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന പ്രാർത്ഥനയാണ്‌. ഗുരു മിക്കപ്പോഴും ഉപയോഗിക്കുന്ന പദമാണ്‌ മനുഷ്യൻ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം ‘മനുഷ്യന്‌’- ഈ മനുഷ്യനെ ഗുരു കണ്ടുപിടിക്കുകയായിരുന്നു. അതുവരെ ഈ മനുഷ്യൻ പ്രാർത്ഥനകളിലോ മതങ്ങളിലോ ഇല്ലായിരുന്നു. മതങ്ങൾക്ക്‌ അവരുടെ അനുയായികളെയാണ്‌ വേണ്ടത്‌. മതനിയമങ്ങൾക്കകത്ത്‌ വിശ്വാസപൂർവം നങ്കൂരമിടുന്നവരാണ്‌ അഭിസംബോധന ചെയ്യപ്പെടാറുള്ളത്‌. മനുഷ്യൻ എന്ന പേരിന്‌, അതുവരെയില്ലാതിരുന്ന ഒരു നവപ്രതീതി ഇവിടെ കൈവരുകയാണ്.

ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം
ദൈവദശകത്തിൽ, ഒരു ചെറിയ സസ്യത്തെപ്പോലെ നിഷ്കളങ്കമായി ദൈവശാസ്ത്രം വികസിപ്പിക്കുന്നു. മനുഷ്യൻ ദൈവത്തിന്റെ മറ്റെല്ലാ സൃഷ്ടികളും പോലെയാണ്‌. ദൈവം സ്രഷ്ടാവാണ്‌; എന്നാൽ സൃഷ്ടിയുമാണ്‌. സൃഷ്ടിയിൽ നിന്ന്‌ , സ്രഷ്ടാവിൽ നിന്ന്‌ വേർപെടുത്താൻ കഴിയാതെ വരുന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. ഈ അദ്വൈതത്തിന്‌ മതത്തിന്റെയോ ജാതിയുടെയോ കളങ്കമില്ല. അത്‌ എല്ലാത്തിലും നിറഞ്ഞു തുളുമ്പി പരന്നൊഴുകുന്നു. അത്‌ ഉള്ളടക്കവും രൂപവുമാണ്‌. പൂവ്‌ ഒരു സൃഷ്ടിയാണെങ്കിൽ, അതിന്റെ സ്രഷ്ടാവായ സസ്യവും അതുതന്നെയാണ്‌, പൂവും ചെടിയും ഒന്നാണ്‌. ആ ചെടിയുടെ സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും ഒന്നാണ്‌. ആ ചെടിയെയും ജനിപ്പിച്ചത് അതു തന്നെയാണ്. ആ ചെടി, അതിന്റെ പൂവ്‌ എല്ലാം ഒന്നു തന്നെയാണ്‌. സൃഷ്ടി നടത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ദൈവമാണെന്ന്‌ അറിയണം. ഇത്‌ പരമമായ അറിവും വിനയവുമാണ്‌. എല്ലാറ്റിനെയും നാം വണങ്ങണം. കാരണം എല്ലാറ്റിലും ഏതൊന്നിന്റെയോ സൃഷ്ടിയുണ്ട്‌. എല്ലാം അതാതിന്റെ സാമഗ്രിയാണ്‌. എല്ലാ അസംസ്കൃത വസ്തുക്കളും ദൈവികകണങ്ങളാൽ നിറഞ്ഞിരിക്കയാണ്‌. അപ്പോൾ, ആ ദൈവം ഒരു വ്യക്തിയല്ല; ഒരു പ്രപഞ്ച ഊർജ്ജമോ, വ്യവസ്ഥയോ കണമോ ആണ്‌. ഒരു പക്ഷേ ‘അത്‌ ചിത്‌ എന്ന വസ്തുവാകാം’ നമ്മളിലും അതുണ്ട്‌. നാം തന്നെ നമ്മുടെ സ്രഷ്ടാവാണ്‌. നമ്മുടെ സൃഷ്ടിയുടെ സാമഗ്രിയും നാം തന്നെ. നാം നമ്മെത്തന്നെ നിർമ്മിക്കുന്നു; എങ്ങനെ? ജീവിതത്തിലെ ഓരോ തീരുമാനവും ഓരോ നിർമ്മാണ പ്രക്രിയയാണ്‌. അതിലെ കരുവും നിർമ്മാതാവും നാം തന്നെ. നമുക്ക്‌ ഒരു ജീവിതത്തിൽ അനേകം അവസരങ്ങളിലൂടെ നമ്മെത്തന്നെ വിഭാഗീയമായ രീതിയിൽ തിരഞ്ഞെടുക്കാം. നീണ്ടുപോകുന്ന ആ വ്യവഹാരത്തിലെവിടെയും ദൈവം നിറഞ്ഞു നിൽക്കുകയാണ്‌. ഏതാണ്‌ തിരഞ്ഞെടുക്കുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ നമ്മുടെ ജീവിതം മാറി മറിയുന്നു. അതായത്‌, നമ്മുടെ തിരഞ്ഞെടുപ്പിൽ സാർവത്രികമായ ദൈവികതയുണ്ട്‌. എന്നാൽ അത്‌ നമുക്ക്‌ അനുകൂലമാകുന്നതിൽ നാം എന്ന സൃഷ്ടാവിന്റെ കൈ പ്രധാനമാണ്‌. മനസ്സിന്റെ ജീവിതം അവന്റെ ശുദ്ധീകരണത്തിലൂടെ ഉണ്ടായിത്തീരേണ്ടതാണ്‌. സൃഷ്ടി കർത്താവെന്ന നിലയിൽ നമുക്ക്‌ ഉത്തരവാദിത്തം നിറവേറ്റാനുള്ളത്‌ നമ്മോടു തന്നെയാണ്‌. കാരണം നാം ഒരു ശിൽപനിർമ്മാണത്തിലാണ്‌. ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം .ആ ശിൽപത്തിനു എന്ത്‌ രൂപം വേണമെന്ന്‌ നിശ്ചയിക്കാനുള്ള അവസരം നമുക്ക്‌ വന്നുചേർന്നിരിക്കുകയാണ്‌. ഇതിന്റെയർത്ഥം, ജീവിതത്തിൽ നാം ചെയ്യുന്ന നന്മയുടെയും തിന്മയുടെയും അനുഭവഫലങ്ങളുടെ ഉത്തരവാദിത്തം നാം തന്നെ ഏറ്റെടുക്കണമെന്നാണ്‌. കാരണം നാം എന്ന സൃഷ്ടിയും നാം എന്ന സ്രഷ്ടാവും ഒന്നുതന്നെയാണ്‌. നമ്മുടെ അനുഭവങ്ങളാകുന്ന സാമഗ്രികൾക്ക്‌ മറ്റെന്താണ്‌ ഏറ്റെടുക്കാനുള്ളത്‌? അതുകൊണ്ട്‌ വിവേകിയായ ഒരു മനുഷ്യൻ, തന്റെ കർമ്മങ്ങളുടെ അർത്ഥവും അതിന്റെ പരിണാമവും അന്വേഷിക്കേണ്ടതാണ്‌. പ്രാപഞ്ചികമായ ആയിത്തീരലുകളുടെ ഉണ്മയെ പ്രാപിക്കുന്നതിനായി,  യുക്തിയും മനനവും ആവശ്യമായിവരുന്നു.എന്തുകൊണ്ടാണ് ഒരേ സാഹചര്യങ്ങളിൽ നാം വ്യത്യസ്തമായി പെരുമാറുന്നത്?എന്തുകൊണ്ട് നാം നമ്മെ സ്നേഹിക്കുന്നവരെ വെറുക്കുന്നു? വെറുപ്പിൽ നിന്ന് നമുക്ക് മോചനമില്ലേ? നാം നമ്മുടെ തന്നെ രഹസ്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. നമ്മുടെ വിവേകമില്ലാത്ത പെരുമാറ്റങ്ങൾഎവിടെ നിന്നു വരുന്നു?
ഏറ്റവും സൂക്ഷ്മമായ അപഗ്രഥനവും നിർമ്മാണകലയുമാണ്‌ നമ്മെ പരസ്പരപൊരുത്തത്തോടെ നിലനിർത്തുന്നതെന്ന്‌ ഗുരു ഉദ്ബോധിപ്പിക്കുന്നു.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.

എങ്ങനെയാണ്‌ സത്യവും ജ്ഞാനവും വാക്കും പ്രവൃത്തിയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒരാളായിരിക്കുന്നത്‌? അങ്ങനെ ഭേദമില്ലാത്ത ഒരു ലോകത്ത്‌ നാമെങ്ങനെ വേർപെട്ടു ജീവിക്കുന്നു? അവിടെയാണ്‌ ദൈവികതയുടെ ഡൈനാമിസം പ്രവർത്തിക്കുന്നത്‌. ജ്ഞാനവും വാക്കും അവിടുന്നാണ്‌. അവിടുന്ന്‌ സൃഷ്ടിയുമാണ്‌. വാക്ക്‌ നിർമ്മിക്കുന്ന നാമോരോരുത്തരും, പരമമായ അറിവാണ്‌. എങ്കിൽ ആ വാക്കിന്റെ അർത്ഥം എത്രമാത്രം പവിത്രമായിരിക്കണം. നമ്മുടെ ജ്ഞാനത്തെ ഏറ്റവും ഉയർന്ന വിതാനത്തിൽ എത്തിക്കുന്നതിനാവശ്യമായ വാക്കാണ്‌ ചേരുന്നത്‌. അപ്പോഴാണ്‌ ജ്ഞാനം എന്ന നിലയിലും സത്യം  എന്ന നിലയിലും നാം മനസ്സിലാക്കുന്നതെല്ലാം ഒന്നായിത്തീരുന്നത് . നമുക്കെല്ലാം ജീവിതത്തിലെ കാര്യങ്ങളറിയാം. ശരിയേത്‌ തെറ്റേത്‌ എന്നറിയാം. മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിൽ, കാര്യഗൗരവം വളരെ കൂടുതലാണ്‌. തെറ്റുകളെക്കുറിച്ചുള്ള അവബോധം, അന്യരുടെ ജീവിതത്തിലാണെങ്കിൽ ഇരട്ടിക്കും. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സംഗതിയാണെങ്കിൽ , നന്മയുടെ ചിന്ത വരുക അപൂർവമായിരിക്കും. എല്ലാ അറിവുകളുമുള്ള നാം വലിയ വഞ്ചകരും നന്ദിയില്ലാത്തവനുമായി മാറുന്നത് ദുരൂഹമായ സാഹചര്യത്തിലാണ്. നൊടിനേരം കൊണ്ട് അഹങ്കാരം തിളച്ചു പൊന്തി നമ്മെ അന്ധകാരത്തിലേക്ക് വലിച്ചെറിയുന്നു. ഗുരു പറയുന്നത്‌,  അറിവുണ്ടെങ്കിൽ  അത്‌ ജ്ഞാനമായി പ്രായോഗികതലത്തിലെത്തണമെന്നാണ്‌. നമുക്ക്‌ അറിവുണ്ടായിരിക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ജ്ഞാനമാകുമോ?ബോധ്യത്തിനൊപ്പം പ്രായോഗികമായി എത്താനുള്ള ഇച്ഛാാശക്തിയാണ് വേണ്ടത്.

വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌
ഭൂതവും ഭാവിയും സ്രഷ്ടാവിന്റെ കൈയ്യിലാണുള്ളത്‌. എന്നാൽ നിർമ്മാണത്തിൽ കാലം ഒരു ഉപാധിയാണ്‌. കാലത്തിനൊപ്പമാണ്‌ നിർമ്മാണം നടക്കുന്നത്‌. നിർമ്മിച്ചതോടെ ഒരു കാലം കഴിയുന്നു. പിന്നീട്‌ ആ കാലത്തിലേക്ക്‌ പോകാനാവില്ല. കാരണം അത്‌ ഭൂതകാലമാണ്‌. നഷ്ടപ്പെട്ട ഭൂതകാലത്തെയും ആർജ്ജിക്കാത്ത ഭാവിയെയും വർത്തമാനത്തിൽ സമന്വയിപ്പിക്കുന്നത്‌ ഈശ്വരനാണ്‌. ഈശ്വരന്‌ ഏത്‌ കാലവും തന്റെ ഉടലിൽ സൂക്ഷിക്കാനാവും. എന്നാൽ ഈശ്വരനിൽ നിന്ന്‌ വേർപെടാത്ത മനുഷ്യനും തന്റെ ത്രികാലങ്ങളെ ഉടലിൽ കൊണ്ടുനടക്കാൻ കഴിയണമെങ്കിൽ, അവൻ പ്രജ്ഞകൊണ്ട്‌ സന്തുലിതാവസ്ഥ നേടണം. ഭൂതകാലത്തിന്റെയും ഭാവിയുടെയും അർത്ഥം വർത്തമാനത്തിന്റെ പ്രജ്ഞയിലുണ്ടെന്ന്‌ തിരിച്ചറിയണം. ഒരു വിത്തിൽ വൃക്ഷമുണ്ട്‌. വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌. ഇന്നലെകളുടെ അർത്ഥവും നാളെകളുടെ വരവും ഒന്നു തന്നെയാണ്‌ പറയുന്നത്‌. അമേരിക്കൻ ചിന്തകൻ തോറോ പറഞ്ഞത്‌, ഒരു ബസ്സപകടമോ, ദുരന്തമോ ഉണ്ടായാൽ പിന്നീട്‌ അതുപോലുള്ള ഒരു വാർത്തയും കേൾക്കേണ്ടതില്ലെന്നാണ്‌. കാരണം കൂടുതലായി ഒന്നും തന്നെ അറിയാനില്ലത്രേ! ഇത്‌ ഒരു തരത്തിലുള്ള ജ്ഞാനമാണ്‌. ഒന്നിൽ നിന്ന്‌ സകലഭാവിയുടെയും ബലാബലം ഉൾക്കൊള്ളുക. അതിനപ്പുറമൊന്നുമില്ലെന്ന്‌ കണ്ടെത്തുകയാണ്.
എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നാണെന്ന്‌ അറിയണമെങ്കിൽ ഈ ത്രികാലജ്ഞാനം അനിവാര്യമാണ്‌. എല്ലാവർക്കും ആ അർത്ഥസമന്വയത്തിലെത്താൻ കഴിയില്ല. ചിലപ്പോൾ, വീണുകിട്ടുന്ന ചില സാഹചര്യങ്ങളിലൂടെ നമുക്ക്‌ വിലപ്പെട്ട അറിവു ലഭിക്കും. ഒരു രോഗിയായാൽ മതി,അതുവരെ ഇല്ലാതിരുന്ന അറിവുണ്ടാകും. നമുക്ക്‌ ചുറ്റിനും അതുവരെ ഒരു ആത്മീയ ഭൂപ്രദേശം ഉയർന്നുവരുന്നതു കാണാം.  നമുക്ക്‌ ചുറ്റിനും അതുവരെ തിമിർത്ത്‌ പെയ്ത സന്തോഷത്തിന്റെ പൊള്ളത്തരം വെളിവാകും. നമ്മെ കാണുമ്പോൾ സന്തോഷിച്ചവരുടേതൊന്നും സന്തോഷമായിരുന്നില്ലത്രേ! ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കഥയിലെ പ്രധാന കഥാപാത്രമായ ഇല്ലിച്ച്‌ ഒരു പൊങ്ങച്ചക്കാരനായിരുന്നു. നല്ലപോലെ നടിച്ച്‌, പ്രകടിപ്പിച്ച്‌ ജീവിച്ചവൻ .എന്നാൽ അയാൾ അസുഖം വന്ന്‌ കിടപ്പിലായതോടെ, അതുവരെ കണ്ടിരുന്ന ലോകം വ്യാജമായിരുന്നെന്ന്‌ ബോധ്യമാവുന്നു. ഇത്‌ ത്രികാലജ്ഞാനത്തിന്റെയും അനുഭവപ്പൊരുളിന്റെയും കൂടിച്ചേരലിന്റെയും നിമിഷമാണ്‌. എത്രയൊക്കെ പാണ്ഡിത്യം നേടിയാലും നമുക്ക്‌ അനുഭവങ്ങളുടെ അർത്ഥം വേർതിരിഞ്ഞു കിട്ടുകയില്ല. എത്ര കൊണ്ടാലും വർത്തമാനത്തിലെ സംഭവങ്ങൾ എന്താണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പിടികിട്ടുകയില്ല. അന്ധമായ പലായനത്തിനൊടുവിൽ ഉള്ളു ശൂന്യമായി വീഴുന്നതുവരെ ഒന്നും വ്യവച്ഛേദിച്ചു അറിയാൻ സാധിക്കാതെയും വരും.
അതുകൊണ്ട്‌ ഗുരുവിന്റെ ഭൂത-വർത്തമാന-ഭാവി സമന്വയം മനുഷ്യന്റെ അന്തിമമായ, ഉദാത്തമായ ജ്ഞാനത്തിന്റെ നിമിഷമാണ്‌.

ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
എല്ലായ്പ്പോഴും കാരുണ്യവും ദീനതയകറ്റുന്നതിനുള്ള മനസ്സും വിജയിക്കട്ടെയെന്ന്‌ ഗുരു പ്രാർത്ഥിക്കുന്നു. എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ ലോകം എത്ര മനോഹരമാകും! എത്ര വികസിക്കും. നാമൊക്കെ സ്വന്തം വികസനത്തിൽ മാത്രമാണല്ലോ ശ്രദ്ധിക്കുന്നത്‌. ശ്രീബുദ്ധനാകട്ടെ, തനിക്കുവേണ്ടിയല്ല ഭിക്ഷയെടുത്തത്‌, മറ്റുള്ളവർക്ക്‌ വേണ്ടിയാണ്‌. ഇന്ത്യൻ സന്യാസത്തിന്റെ ഉൽകൃഷ്ടമായ ഭാവമാണിത്‌. കുമാരനാശാന്റെ കൃതികളിലെല്ലാം തനിക്കു വേണ്ടിയല്ലാതെ ഭിക്ഷയെടുക്കുന്നവരുടെ സംസ്കാരം കലർന്നൊഴുകുന്നു. മറ്റുള്ളവരോടുള്ള സീമയറ്റ ബന്ധമാണ്‌ ഒരുവനെ ഈ നിലയിലെത്തിക്കുന്നത്‌. അതിനിടയിൽ അവനവനോടുള്ള താത്പര്യമൊക്കെ മാഞ്ഞുപോകുകയാണ്‌. ലോകം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നവർ, മറ്റുള്ളവരുടെ ക്ഷേമത്തിനായി യത്നിക്കുമ്പോൾ അതിനു വലിയ അടിത്തറ ലഭിക്കുന്നു. ഗുരു മഹാദേവനെ മുൻനിറുത്തി പ്രാർത്ഥിക്കുന്നത്‌ കാരുണ്യമുണ്ടാകണമെന്നാണ്‌. ദുഃഖിപ്പിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ കഴിയണം. അതിനു കഴിയുന്നില്ലെങ്കിൽ നമുക്ക്‌ മനുഷ്യനായിരിക്കാൻ പ്രയാസമായിരിക്കും.

ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു.
ദൈവത്തെ അപ്രാപ്യമായവർക്ക്‌ ഗുരു അത്‌ വിശദീകരിച്ചുകൊടുക്കുന്നു. അതുകൊണ്ടാണ്‌ ദൈവദശകത്തിന്റെ ഭാഷ ഹൃദ്യവും ലളിതവുമായത്‌. എന്നാൽ ആശയങ്ങൾ അനന്തമായി നീങ്ങുകയാണ്‌. ദൈവത്തെയാണ്‌ ഗുരു മുമ്പിൽ നിറുത്തിയിരിക്കുന്നത്‌. മതങ്ങളുടെ ദൈവത്തെയല്ല. ഒരു കമ്മ്യൂണിസ്റ്റ്പച്ചയ്ക്ക്‌ പോലും ദൈവമുണ്ട്‌. അതിനു പ്രാർത്ഥനയുണ്ടെങ്കിൽ അത്‌ ഇതുപോലെ കളങ്കമില്ലാത്ത ഋജുരേഖയിൽ തന്നെയായിരിക്കും. ചിന്തിച്ചുതുടങ്ങിയാൽ ദൈവശാസ്ത്രം വല്ലാതെ കുഴപ്പിക്കും. ദൈവത്തിന്റെ അസ്തിത്വം സാധാരണയുക്തിയെ പലപ്പോഴും നിരാകരിക്കുന്നതാണ്‌. പ്രകൃതിയെ നാം എപ്പോഴും ആരാധിക്കുന്നു. അതേസമയം അതിന്റെ പൊരുൾ യുക്തിക്ക്‌ വഴങ്ങില്ല. ഏറ്റവും സുന്ദരമെന്ന്‌ വിളിക്കാവുന്ന ഒരു താഴ്‌വരയിൽ പോയാൽ, അവിടെ മതിമറന്നു നിൽക്കാൻ തോന്നും. നല്ല പച്ചപ്പും തണുപ്പുമുള്ള സ്ഥലമാണെങ്കിൽ പ്രത്യേകിച്ചും. പൂക്കൾ നമ്മെ പ്രചോദിപ്പിക്കും. ജനിച്ചതിൽ നാം അഭിമാനിക്കും. എന്നാൽ അവിടെ നിൽക്കുമ്പോൾ ഉരുൾപൊട്ടലോ ഇടിവെട്ടോ സംഭവിക്കുകയില്ലെന്ന്‌ ഉറപ്പൊന്നുമില്ല. സൗന്ദര്യവും മൃത്യുവും തമ്മിൽ ഏതോ ബന്ധം സ്ഥാപിച്ചിരിക്കുകയാണോ? പ്രകൃതിയിലെ സൗന്ദര്യം ഒരു ചതിയാണെന്ന്‌ പറയേണ്ടിവരുമോ? അതിൽ ഭ്രമിക്കാൻ ഒന്നുംതന്നെയില്ലെന്നാണ്‌ അനുഭവപാഠം. ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളെ നേർപ്പിച്ചെടുത്ത്‌ ഒരു ജീവന്റെ നിലനിൽപിനായി വ്യാഖ്യാനിക്കുകയാണ്‌ .
ഉത്തരങ്ങൾ നഷ്ടപ്പെടുന്നവർ എങ്ങനെ പ്രാർത്ഥിക്കണം?
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻമഹിമയും
നീയുമെന്നുള്ളിലാകണം

എല്ലാ മായയും രഹസ്യാത്മകമാണ്‌. എന്നാൽ ആ രഹസ്യാത്മകതയെ ഭേദിക്കാൻ അതിന്റെ പൊരുളിൽ അലിയുകയാണ്‌ വേണ്ടത്‌. ബന്ധങ്ങൾ, കാഴ്ചകൾ, എല്ലാം ഇല്ലാതാകും. ഓരോരുത്തർ ഒറ്റക്ക്‌ വഴിപിരിഞ്ഞുപോകുകയാണ്‌. ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു. നമ്മെ അതിൽ നിന്ന്‌ വേർപെടുത്താനാകില്ല. എന്നാൽ ആ മായയുടെ സൃഷ്ടിയിൽ നമുക്കും പങ്കുണ്ട്‌.നമുക്കും അതിന്റെ നിർമ്മാണത്തിൽ ഒരു പങ്കുണ്ട്. അതു നാം തന്നെയുമാണ്‌. പിന്നെ എന്തിനു വിഷാദിക്കണം?
ഗുരു ഒരു വസ്തുതയ്ക്ക്‌ ഊന്നൽ നൽകുന്നുണ്ട്‌. ദുരിതങ്ങളെ അകറ്റുന്നതിനുള്ള ഉൾപ്രേരണ പ്രധാനമാണ്‌. ദൈവത്തിനുള്ള സിദ്ധി അതാണ്‌. ദൈവത്തിനു പ്രസാദം വേണം. അത്‌ അവിഭാജ്യമായ ജീവന്റെ സമർപ്പണമാണ്‌. ദൈവത്തെ നേരിൽ കണ്ട്‌ സമർപ്പിക്കാനോക്കുകയില്ല. നമ്മുടെയുള്ളിൽ തന്നെ ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. ദുർഗുണങ്ങളിൽ നിന്ന്‌ അകന്നുനിന്നുകൊണ്ടാണ്‌ ആ ദൈവത്തെ തേടേണ്ടത്‌. എങ്കിലേ ഗുരുവിന്റെ സാക്ഷാത്കാരത്തിലുള്ള ദൈവത്തെ ലഭിക്കൂ. നമ്മുടെ ദൈവം ഏതെങ്കിലും തരത്തിൽ തരംതാഴാൻ പാടില്ല. നമ്മുടെ മഹത്വത്തിലൂടെയാണ്‌ ആ ദൈവത്തിന്റെ പൊരുൾ വികസിക്കുന്നത്.മനുഷ്യൻ അധഃപതിക്കുമ്പോൾ, അവൻ കണ്ടെത്തുന്ന ദൈവവും പരാധീനതയിലാണ്‌. ഗുരുവാകട്ടെ മനസ്സിനെ അവന്റെ ദീനതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ദൈവത്തെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആ ദൈവമേ, മായയെ നീക്കി സായൂജ്യം നൽകുകയുള്ളൂ. അന്യരെ ദ്രോഹിക്കുകയും കള്ളങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നവർ, അവരുടെ ‘അകവുംപുറവും തിങ്ങും ദൈവത്തെ’ പുറത്തെടുക്കേണ്ടതാണ്‌.
പ്രാർത്ഥനയിൽ അവനവനെക്കൂടി ഉൾപ്പെടുത്താമെന്ന് ദൈവദശകം അറിവു നൽകുന്നു. അവനവന്റെ ആവലാതികൾ ദൈവത്തോട്  പറയരുതെന്ന് പറയുന്നവരുണ്ട്.എന്തിനാണ് ഭക്തനും ദൈവത്തിനുമിടയിൽ ഒരു മറ?. ഭക്തൻ സ്വന്ത ചിന്തയെ ശുദ്ധീകരിക്കുകയാണെങ്കിൽ അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിക്കണമെന്ന് പറയാവുന്നതാണ്.

ദൈവദശകത്തിൽ പ്രാർത്ഥനയുടെ മനസ്സാണുള്ളതെങ്കിൽ അതിൽ മനുഷ്യന്റെ ഉയർച്ചയുടെ സഞ്ചാരവും കാണാം.നമ്മോടൊപ്പം ദൈവത്തെ എങ്ങനെ വിശുദ്ധമായി നിലനിർത്തമെന്ന് ഈ ഗീതം ചിന്തിക്കുന്നു.

http://mkharikumar.com