Saturday 19 July 2014

ലളിത വ്യാഖ്യാനം - "പ്രാർഥന"

"പ്രാർഥന"

പ്രാർഥന മനസ്സിന്റെ വിനയപ്പെടലിനുള്ള മാർഗ്ഗമാണ്. മനസ്സ് വിനീതമാകുംബോഴാണ് വിവേകത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ പ്രാർഥനാപരമായ ഒരു രചനയാണ് ഗുരുസ്തവം. ഇവിടെ ദൈവസ്വരൂപമായിരിക്കുന്നത് ശ്രീ നാരായണ ഗുരു ദേവാനാണ് .
നമുക്ക് വിനയപ്പെട്ട മനസ്സുമായി ഗുരുസ്ഥവത്തിലേക്ക് ഒരു വിശുദ്ധ യാത്രയാവാം
പക്ഷികൾക്ക് പറന്നുയരുവാൻ രണ്ടു ചിറകുകൾ ഉള്ളതുപോലെ മനുഷ്യരുടെ ഉൽക്കർഷത്തിനും ഉന്നമനത്തിനുമുതകുന്ന രണ്ടു ചിറകുകളാണ് പ്രാർഥനയും പ്രവർത്തനവും.
പ്രാർഥനയുടെ ശക്തിയും ഫലവും പ്രതിഭലിക്കുന്നതു പ്രവൃത്തിയിലാണ്. പ്രവർത്തിക്ക് പ്രചോദനവും ഊർജ്ജവും പ്രദാനം ചെയ്യുന്നത് പ്രാർഥനയാണ്. പ്രാർഥനയില്ലാത്ത പ്രവർത്തനം നിഷ്ഭലമാണ്. ഗുരുദേവന്റെ സ്വരൂപമഹത്വം സ്തുതിക്കപ്പെടുന്നത് എന്ന അർഥത്തിലാണ് ഇതിനെ ' ഗുരുസ്തവം ' എന്നു വിളിക്കുന്നത്‌
അർഥവും ആശയവും മനസ്സിലാക്കി ഇത് ആലപിക്കുന്നവരിൽ അവർണ്ണനീയാമായ ആത്മീയാനുഭവം നിറയും.

സ്വാമി അവ്യയാനന്ദ

" ഗുരുസ്തവം "

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം: ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ! സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ 'യോഗം' എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

" നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! "

സാരം : അല്ലയോ നാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ നിറവേ, പരമാചാര്യ സ്വരൂപമേ അവിടുത്തെക്കായിക്കൊണ്ട് നമസ്കാരം.
നാരായണമൂർത്തി
ഗുരുവിനെ സാക്ഷാൽ നാരായണ മൂർത്തിയായി കണ്ട് നമസ്കരിക്കുന്നു.
നാരം = അറിവ്
അയനം = ഇരിപ്പിടം
നാരായണനെന്നാൽ അറിവിന്റെ ഇരിപ്പിടതിലുള്ളവൻ
നാരായണ മൂർത്തി അറിവിന്നുടയവനാണ്. അത് ഈ പ്രപഞ്ചരാശിയുടെ പ്രകാശമാണ്. ഗുരു എന്ന പദത്തിനർത്ഥം തന്നെ പ്രകാശമെന്നാണല്ലോ. ഗുരു ഇരുളിനെ ഈർന്നെടുക്കുന്ന ആദിസൂര്യനാണ് . അതുകൊണ്ട് ഗുരു നാരായണ മൂർത്തിയാണ്.

ലളിത വ്യാഖ്യാനം
സ്വാമി അവ്യയാനന്ദ

0 comments:

Post a Comment