Saturday 5 July 2014

ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം !

മഹാകാവ്യം എഴുതാതെ തന്നെ കവിതാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എത്രയോ മഹാരഥന്മാര്‍ ലോകത്തുണ്ട്. അതവര്‍ കൈകാര്യം ചെയ്ത വിഷയങ്ങളും ശൈലിയും കവിത്വവും ഒക്കെ അനുസരിച്ചായിരിക്കും അംഗീകാരം ലഭിച്ചിട്ടുള്ളത്. നമ്മുടെ കവിത്രയങ്ങളില്‍ തന്നെ ഉള്ളൂരും വള്ളത്തോളും മഹാകാവ്യം എഴുതി മഹാകവിപ്പട്ടം അണിഞ്ഞപ്പോള്‍ ആശാന്‍ മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായത് ഏവര്‍ക്കും അറിവുള്ളതാണല്ലോ? പിന്നീട് വന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയും മറ്റൊരു ഉദാഹരണമായി നില നില്‍ക്കുന്നു. 
വളരെ പ്രഗല്ഭമായി കവിതാസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഗുരുദേവനെ ഈയടുത്ത കാലം വരെയും ആത്മീയഗുരു, സാമൂഹ്യപരിഷ്ക്കര്‍ത്താവ്, മാമൂലുകളെ വെല്ലുവിളിച്ച വിപ്ലവകാരി എന്നിങ്ങനെ പലതും ആയിക്കാണാനാണ് നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നത്. ഗുരുദേവകൃതികള്‍ ഹൃദിസ്ഥമായി ചൊല്ലുന്നവര്‍ പോലും ഭക്തിക്കപ്പുറം ഒരു മാനം അതിനു കൊടുത്തിരുന്നോ എന്നു സംശയമാണ്. ഇത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ മറ്റു വിവേചങ്ങള്‍ കൊണ്ടോ നമ്മുടെ പണ്ഡിതവര്യന്മാര്‍ കൊടുത്തിരുന്ന പരിഗണനയും. വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ പോലും ഗുരുദേവദര്‍ശനത്തിനു അംഗീകാരം നല്‍കി സംസാരിച്ചപ്പോഴും എഴുതിയപ്പോഴും ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം ചൂണ്ടിക്കാണിക്കാന്‍ തുനിഞ്ഞില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആദ്യമായി ആ മൌനം വെടിഞ്ഞതു ഡോ.അയ്യപ്പപണിക്കര്‍ ആണ് എന്നാണു എന്‍റെ ഓര്‍മ്മ.
പത്രക്കാരോട് സംസാരിക്കുന്നതില്‍ എന്നും വിമുഖത കാണിച്ചിരുന്ന അയ്യപ്പപണിക്കര്‍ സാര്‍ ഗുരുവിലെ കവിയെക്കുറിച്ച് വാചാലനായത് ഇങ്ങിനെയാണ്: "കുമാരനാശാന്‍. അതാണ്‌ യഥാര്‍ത്ഥ മഹാകവി. വീണപൂവ്‌ ഒരിക്കലും വീഴാത്ത പൂവാണ്. ദുരവസ്ഥ ഇന്ത്യയുടെ എന്നത്തെയും അവസ്ഥ. ചിന്താവിഷ്ടയായ സീത പോലൊരു കാവ്യം എവിടെയുണ്ട്? ആശാനെക്കാള്‍, മറ്റാരെയുംകാള്‍ വലിയ കവിയുണ്ട്, അതാണ്‌ നാരായണഗുരു. 'അറിവ്' എന്നൊരു കവിതയുണ്ട്, ഗുരുവിന്‍റെ കവിതയല്ല അത്, മന്ത്രമാണ്. ആ ഒരൊറ്റക്കവിതകൊണ്ട് നാരായണഗുരു വ്യാസന്‍റെയും വാല്മീകിയുടെയും നിരയിലെത്തി എന്നു ഞാന്‍ എവിടെയും പറയും". (extracted from a dialogue with Mr NRS Babu of Kerala Kaumudi, 2006). അതിനുശേഷം പല കോണുകളില്‍ നിന്നും ഗുരുദേവനിലെ കവിയെ പഠിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.
ഗുരുവിലെ കവിയെ പ്രചരിപ്പിച്ചാല്‍ ഗുരുവിലൂടെ നേടാനാവുന്ന ആത്മീയതയില്‍ അധിഷ്ടിതരായ അനുയായികള്‍ കുറഞ്ഞുപോകുമോ എന്നു പ്രമുഖഗുരുദേവപ്രചാരകരും സംഘാടകരും ഭയപ്പെടുന്നുവോ എന്നും സംശയിക്കേണ്ടതുണ്ട്. മറ്റൊരു കൂട്ടര്‍ക്ക്, ഇത്തരത്തില്‍ ഗുരുവിനു ഒരു മഹത്വം നല്‍കിയാല്‍ ഗുരുവിനു അവര്‍ കല്‍പ്പിച്ചു നല്‍കിയിട്ടുള്ള “ഈഴവദൈവ”മെന്ന സ്ഥാനത്തിന്‍റെ വില കുറഞ്ഞു വെറും ഒരു കവിയായിപ്പോകുമോ എന്ന ഭയവും ഉണ്ടാകാം.
ഗുരുദേവശിഷ്യപരമ്പരയുടെ ആസ്ഥാനമായ ശിവഗിരി ധര്‍മ്മസംഘത്തിന്‍റെ സെക്രട്ടറി സ്വാമി ഋതംബരാനന്ദയുടെ, ഈ വിഷയത്തില്‍ നമ്മുടെ സാഹിത്യനായകന്മാര്‍ ചിന്തിക്കണം, എന്ന ഈയടുത്ത കാലത്തുണ്ടായ പ്രസ്താവന സ്വാഗതാര്‍ഹാമായി തോന്നുന്നു

Posted on Facebook Group by : Mr. Mohana Kumar Padmanabhan

0 comments:

Post a Comment