ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് -
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ“പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.
0 comments:
Post a Comment