എന്റെ അഭിപ്രായത്തില്‍ ഈ വാചകത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടുന്നത് ''നന്നായാല്‍ മതി'' എന്ന വാക്യമാണ്. എങ്ങിനെയാണ് ഒരു മനുഷ്യന്‍ നന്നാകുന്നത് ? ഈശ്വര വിശ്വാസമോ ഭക്തിയോ ഉണ്ടായാല്‍ ഒരാള്‍ നന്നാകുമോ ? ഒരിക്കലുമില്ല. കാരണം അങ്ങിനെയെങ്കില്‍ രാവണനും, ഹിരണ്യകശിപുവും, താരകാസുരനും , ത്രിപുരാസുരന്മാരും മറ്റും എത്രയോ നല്ലവര്‍ ആവുമായിരുന്നു..? അവര്‍ എല്ലാം തികഞ്ഞ ഈശ്വരഭക്തരും ആരാധകരും ആയിരുന്നല്ലോ...! ഹൈന്ദവ പുരാണങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അറിയാന്‍ കഴിയുന്നത് ഈശ്വരനെ പൂജിക്കുന്നതും സേവിക്കുന്നതും ഏറ്റവും കൂടുതല്‍ അസുരന്മാര്‍ ആണ് എന്നാണു. സ്വന്തം ആഗ്രഹ സാഫല്യത്തിന് വേണ്ടി; ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ വേണ്ടി; എല്ലാം സ്വന്തമാക്കാന്‍ വേണ്ടി അവര്‍ നിരന്തരം ഈശ്വരനെ വിളിച്ചുകൊണ്ടേ ഇരിക്കുന്നു. ഗുരുവായൂരും ശബരിമലയിലും തിരുപ്പതിയിലും പഴനിയിലും പള്ളികളിലും മസ്ജിദുകളിലും മറ്റും ഇപ്പോള്‍ ഈ അസുരന്മാരെ തട്ടി നടക്കാന്‍ സ്ഥലം പോലും ഇല്ല എന്നതല്ലേ വാസ്തവം ?
പറഞ്ഞു വന്നത്; ഈശ്വര വിശ്വാസം ഉണ്ടായത് കൊണ്ട് മാത്രം ആരും നന്നാകണം എന്നില്ല. ഒരാള്‍ക്ക് നന്നാവാന്‍ ഈശ്വര വിശ്വാസം ഉണ്ടാകണം എന്നുമില്ല. അങ്ങിനെയെങ്കില്‍ എങ്ങിനെയാണ് നന്നാവുക ? ആരാണ് നല്ലവന്‍ ? അക്കാര്യം ഗുരുദേവന്റെ ദാര്‍ശനിക കൃതിയായ ആത്മോപദേശ ശതകത്തിലെ ''അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം''. എന്ന ശ്ലോകം അറിയുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും എന്ന് തോന്നുന്നു. നാം നമ്മുടെ സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ ദ്രോഹിച്ച് കൊണ്ടോ വേദനിപ്പിച്ച് കൊണ്ടോ ആകരുത്. മറിച്ച് അത് മറ്റുള്ളവര്‍ക്കും കൂടി സുഖത്തിനു കാരണമായി ഭവിക്കണം. ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എന്ത് നന്നാവാന്‍ ?
സത്യത്തില്‍ ഇത് തന്നെയാണ് യഥാര്‍ത്ഥ സനാതന ധര്‍മ്മം. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക ; ഒരു പ്രാണിയെപ്പോലും അകാരണമായി ദ്രോഹിക്കാതെ ഇരിക്കുക ; കഴിവതും മറ്റുള്ളവരെ സഹായിക്കുക. ഈ ധര്‍മ്മം അനുഷ്ടിക്കാന്‍ ഒരാള്‍ ഈശ്വരനില്‍ വിശ്വസിക്കണം എന്നില്ല. ഈശ്വരനില്‍ വിശ്വസിക്കുന്ന ഒരുവന്‍ ഇങ്ങനെ ധര്‍മ്മം അനുഷ്ടിക്കണം എന്നുമില്ല. പക്ഷെ ധര്‍മ്മം അനുഷ്ടിക്കാത്തവന്‍ എത്ര വലിയ ഭക്തന്‍ ആയിരുന്നാലും എന്ത് പ്രയോജനം ? അന്യരെ ദ്രോഹിച്ച് കൊണ്ട് ഈശ്വരനെ ഭജിക്കുന്നവനെ ഏതു ഈശ്വരന്‍ സംരക്ഷിക്കും ? അങ്ങിനെ ഒരു വഴിപാടിന് വേണ്ടി ദുഷ്ടനായ ഭക്തനെ സംരക്ഷിക്കുന്ന ഈശ്വരനും ഒരു വാടക ഗുണ്ടയും തമ്മില്‍ എന്താണ് വ്യത്യാസം..?
മതം നന്നായാല്‍ മനുഷ്യന്‍ നന്നാവുമോ ? ഒരിക്കലുമില്ല. ഇനി മനുഷ്യന് നന്നാവാന്‍ മതം വേണം എന്നുണ്ടോ ? അങ്ങിനെയും ഇല്ല. ഈശ്വര വിശ്വാസം ഉണ്ടായി എന്ന് കരുതി ഒരാള്‍ നന്നാവണം എന്നില്ല. ഒരാള്‍ക്ക് നന്നാവാന്‍ അവന്‍ ഈശ്വര വിശ്വാസി ആകണം എന്നും ഇല്ല.
അവിടെയാണ് ഈ വാക്യത്തിന്റെ പ്രസക്തി. വിശ്വാസിയോ അവിശ്വാസിയോ ഭക്തനോ യുക്തിവാദിയോ ആരുമായിക്കൊള്ളട്ടെ. സ്വന്തം കര്‍മ്മം കൊണ്ട് അവന്‍ ആരെയും വേദനിപ്പിക്കുന്നില്ല എങ്കില്‍ അവന്‍ ഉള്ളിടം എല്ലാം സ്വര്‍ഗ്ഗം. അവന്‍ പോകുന്നിടം എല്ലാം സ്വര്‍ഗ്ഗം. കാരണം സ്വര്‍ഗ്ഗം അവനില്‍ വസിക്കുന്നു.
ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞ് ആദ്യം നമുക്ക് ഗുരുദേവന്‍ പറഞ്ഞത് പോലെ ''നന്നാവാന്‍'' ശ്രമിക്കാം. അപ്പോള്‍ നാം അനുഭവിച്ചറിയും യഥാര്‍ത്ഥ ഈശ്വരനെ...! ഒരു പ്രാണായാമവും യോഗാസനവും ധ്യാനവും വേദ പഠനവും മറ്റും കൂടാതെ തന്നെ...!
Courtesy : സുധീഷ് നമ:ശ്ശിവായ www.facebook.com/
0 comments:
Post a Comment