Saturday, 12 April 2014

ആൾദൈവം - സഹോദരൻ അയ്യപ്പൻ

മനുഷ്യമാനസം നിൽപ്പൂ, ലോകോത്തര മനോഹരം
അത്ഭുതങ്ങൾക്കത്ഭുതമായ്‌ അചിന്ത്യബഹുവൈഭവം.
നിമേഷസമയംകൊണ്ട്‌ ലോകങ്ങളളവേന്നിയേ
സൃഷ്ടിച്ചു കാത്തഴിക്കുന്നു നരചിത്തം മഹാ വിഭു.
അതിലെല്ലാമുദിക്കുന്നു ,അതിൽ നിൽക്കുന്നു സർവ്വവും
അതിൽ ലയിക്കുന്നഖിലവും ,അതുതന്നെയശേഷവും.
അതിനെക്കൊണ്ടതുതന്നെ അതിൽ വിശ്വം രചിച്ചിടും ,
അതിന്റെ കൽപനാശക്തിയറിവോർ ദൈവവിത്തുകൾ.
സർവനാഥമതെന്നാലും തന്നനാഥത പോക്കുവാൻ
അതാൾദൈവത്തെയുണ്ടാക്കി ആശ്വാസമതിനേകുവാൻ.
മനുഷ്യനിൽക്കവിഞ്ഞുള്ള മനുഷ്യൻ തന്നെയീശ്വരൻ
മനുഷ്യചിത്തം കൽപ്പിക്കിലല്ലാതാവുന്നതെങ്ങനെ?
മനുഷ്യൻ വളരുന്തോറും വളരുന്നിതു ദൈവവും
ദൈവത്തിൻ പരിണാമങ്ങൾ വിചാരിക്കിൽ രസാവഹം.
ആളുതോറും വീടുതോറും ജനദേശങ്ങൾ തോറുമേ
വെവ്വേറെയോരോ ദൈവത്തെ സൃഷ്ടിച്ചൂ നരമാനസം.
ആദ്യം ദൈവങ്ങൾ കോപിഷ്ഠർ നിർദ്ദയർ രൗദ്രരൂപികൾ
കോപിച്ചിടായ്ക തന്നെയെന്നീശ്വരന്റെയനുഗ്രഹം!
മനുഷ്യജന്തുരക്തങ്ങളേകിദ്ദൈവഗണങ്ങളെ
അതിന്നാ യ്‌ തർപ്പണം ചെയ്തു സ്വതർപ്പണപരൻ നരൻ .
കുടുംബസഹിതം വാനിൽ ചില ദൈവങ്ങൾ പാർത്തിത്‌
മലമേൽ ,കടലിൽ ,കാട്ടിൽ ദൈവങ്ങൾ വേറെ വേറെയായ്‌.
മദ്യമാംസങ്ങളടകളപ്പം പിഷ്ഠങ്ങളെന്നിവ കഴിച്ചൂ ,
പലനൃത്തങ്ങളാടീ ദൈവങ്ങൾ നിത്യവും.
സ്തുതിപ്രിയൻ നരൻ ,തന്റെ ദൈവത്തിൻ പ്രീതി നേടുവാൻ
സ്തോത്രമാലകളുണ്ടാക്കീ പലമാതിരിയങ്ങനെ.
നരൻ നന്നായ്‌ ;ക്രമത്താലേ നന്നായുടനെ ദൈവവും.
ജ്ഞാനകാരുണ്യാദിയാകും ഗുണം ദൈവങ്ങളാർന്നിത്‌.
എണ്ണം കുറഞ്ഞു ദൈവങ്ങൾക്കൊടുവിൽ ദൈവമേകനായ്‌
സർവ്വജ്ഞനായ്‌ ,സർവ്വഗനായ്‌ ,സർവ്വശക്തനുമായവൻ.
ഉയർന്നു ദൈവം ,മർത്ത്യത്വം വിട്ടുപോവതു കാൺകയാൽ
ഇറക്കി നരനായ്‌ വീണ്ടും ദൈവത്തെ ദൈവകാരകൻ.
ആവശ്യമുള്ള ഗ്രന്ഥങ്ങളെഴുതിച്ചിങ്ങു വാങ്ങിനാൻ
ദൈവത്തെക്കൊണ്ടഹോ! മർത്ത്യൻ ,മർത്ത്യന്റെ വിരുതത്ഭുതം!
കവി കൽപ്പിച്ചു ദൈവത്തെ ,ചിത്രിച്ചൂ ചിത്രകാരകൻ,
രൂപം കൊത്തീ ശിൽപ്പകാരൻ ,എമ്പ്രാൻ ചോറീട്ടുമായിത്‌;
തത്വചിന്തകനെത്തീട്ട്‌ ദൈവക്കവിതത്തന്നിലെ
തത്വസാരം പ്രപഞ്ചിച്ചു കുഴപ്പത്തിൻ കുഴപ്പമായ്‌!
കവികൾ ,ചിത്രകാരന്മാർ ,ശിൽപ്പികൾ ,തത്വശാസ്ത്രികൾ
ശാന്തിക്കാരിവർ ചേർന്നിട്ട്‌ കുഴക്കുന്നൂ ജഗത്തിനെ!
അജ്ഞേയത്തെയറിഞ്ഞിടാൻ ,അമേയത്തെയളക്കുവാൻ
അചിന്ത്യത്തെച്ചിന്ത ചെയ്‌വാൻ ,അപ്രാപ്യത്തിങ്കലെത്തുവാൻ
തുനിയും സാഹസത്തിന്നീക്കുഴപ്പമനിവാര്യമാം,
മനോവ്യാമോഹനംമാത്രമതിന്റെ ഫലമോർക്കുകിൽ.
മനുഷ്യ ,നിന്റെ ചിത്തത്തിന്റെ വൈഭവങ്ങളിതൊക്കെയും
അതിനെ നീ നേരെയാക്കിൽ ക്ഷേമം തരുമതെപ്പൊഴും.
സ്ഥിതികൾ ചിത്തജന്യങ്ങൾ ,ചിത്തനീതങ്ങളാണവ
ചിത്തമാത്രങ്ങളുമവ ചിത്തശുദ്ധി സുഖാവഹം.
സ്ഥിതികൾ ചിത്തജന്യങ്ങൾ, ചിത്തനീതങ്ങളാണവ
ചിത്തമാത്രങ്ങളുമവ ചിത്താശുദ്ധിയരിഷ്ടദം.
ചിത്തക്കറകളെനീക്കി ചിത്തം വിമലമാക്കുക,
ശുദ്ധപ്രശാന്ത ചിത്തത്തിന്‍ വിശുദ്ധിയളവറ്റതാം !
സത്യവും ധർമ്മവും തന്നെ ദൈവം ,ശാസ്ത്രാർത്ഥസമ്മതം
അതിന്നു രൂപം നൽകായ്ക അതരൂപമദൃശ്യമാം.
ആളാക്കിവെച്ചു പൂജിക്കാന്നുള്ളോന്നല്ലതൊരിക്കലും
അതിന്റെ നിയമങ്ങൾക്കുചേർന്നുജീവിപ്പതേ മുറ.
ദൈവമെന്നറിയുന്നാളിന്നില്ലെങ്കിലുമിരിക്കിലും
ധർമ്മത്തിൻനിയമങ്ങൾക്കുനീക്കുപോക്കില്ലൊരിക്കലും.
നന്മ ,നന്മ ഫലിക്കുന്നൂ തിന്മ ,തന്മയുമങ്ങനെ
ഇക്കർമ്മനിയമത്തിന്നൊരാൾദൈവാപേക്ഷയില്ലതാൻ.
കാഞ്ഞിരക്കുരുകൈയ്ച്ചീടും ,പഞ്ചാര മധുരിച്ചിടും
ധർമ്മമാണവ രണ്ടിന്നും ദൈവമെന്തിന്നതൊക്കുവാൻ?
ദൈവമുണ്ടെന്നുമില്ലെന്നും വാദിച്ചീടുന്നു ബാലകർ
അബാലർ വാദമില്ലാതെ ജീവിക്കും ധർമ്മ്യജീവിതം.
ഹിംസചെയ്യില്ല കക്കില്ല ,കാമത്താൽ തെറ്റുകില്ലവർ
കള്ളം ചൊല്ലില്ല ,മദ്യങ്ങൾ കഴിച്ചീടില്ല ധാർമ്മികർ/
ശീലിച്ചു ശുദ്ധിയിവ്വണ്ണം ജ്ഞാനകാരുണ്യപൂർണ്ണരായ്‌
സദ്ധാർമ്മികർ സ്വതേ ചേരും സത്യധർമ്മപദം ധ്രുവം.

Courtesy :  http://gangapunarjani.blogspot.in/2010/05/blog-post_18.html

0 comments:

Post a Comment