Sunday 20 April 2014

ആത്മസുഖത്തിന്റെ ദര്‍ശനം

ചരിത്രസ്രഷ്ടാവായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനവും സഞ്ചാരമാര്‍ഗങ്ങളും സമൂഹത്തില്‍ സംഭവിച്ച നവീകരണവും ഭാവിസാധ്യതകളും ജിജ്ഞാസുവായ ഒരു ഭക്തന്റെ കാഴ്ചപ്പാടില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ സദ്ഫലമാണ് കാവിയാട്ടു മാധവന്‍കുട്ടിയുടെ ‘ആത്മസുഖത്തിന്റെ ദര്‍ശനം’ എന്ന ഗ്രന്ഥം. മൂന്നു ഭാഗങ്ങളിലായി മുപ്പതിലേറെ ലേഖനങ്ങളാണ് ‘ആത്മസുഖത്തിന്റെ ദര്‍ശനത്തിലെ ഉള്ളടക്കം. ദാര്‍ശനികവും ധൈഷണികവുമായ മാനങ്ങളുള്ള ഇരുപത്തഞ്ചു ലേഖനങ്ങള്‍ ഒന്നാം ഭാഗം ഉള്‍ക്കൊള്ളുന്നു. ഗ്രന്ഥത്തിലെ കനപ്പെട്ട ഭാഗവും അതുതന്നെ. ഓരോ ലേഖനവും ഒരേ സമയം സ്വതന്ത്രവും മൊത്തം ലേഖനങ്ങള്‍ അടങ്ങുന്ന ജൈവസ്വരൂപത്തിന്റെ ഘടകങ്ങളുമാണ്. ആചാര്യസ്വഭാവമുള്ള ഒരു വ്യാഖ്യാതാവിന്റെ വിശദീകരണവ്യഗ്രത രചനകളില്‍ കടന്നു വരുന്നില്ല. ഗുരുദേവചരിതവുമായും ഗുരുദേവകൃതികളുമായും സാമാന്യപരിചയമുള്ളവര്‍ക്ക് എഴുത്തില്‍ അടിമുടി പുലര്‍ത്തിക്കാണുന്ന വാഗ്മിത വായനയെ ഹൃദ്യമായ അനുഭവമാക്കിത്തീര്‍ക്കുന്നു.

ഗുരുദേവന്റെ പേരില്‍ വിശ്വസിച്ചും പ്രചരിച്ചും പോരുന്ന ചില അപക്വധാരണകള്‍ പരിശോധിക്കുവാനും തിരുത്തുവാനും ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള ശ്രമം ശ്രദ്ധേയമാകുന്നു. മതവും ആത്മീയതയും അഭിന്നമാണെന്നുള്ള ധാരണ ഗുരുദേവന്റെ സംഭാവനയല്ല, ഗുരുവിനെ അറിയാത്തവരുടെ തെറ്റിദ്ധാരണയാണ്. ആ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരില്‍ ഗുരുദേവഭക്തന്മാരും വിരളമല്ല. ‘ഏകനായ ഈശ്വരനിലേക്ക് എങ്ങനെ ഇത്രയും വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ നിലവില്‍ വന്നു? അതിന്റെ യുക്തി എന്താണ്? ‘ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുള്ള ശ്രമം ആദ്ധ്യാത്മികാനുഭൂതി മതഭേദങ്ങള്‍ക്കുമപ്പുറമാണെന്നുള്ള നിഗമനത്തില്‍ ഗ്രന്ഥകാരനെ എത്തിക്കുന്നു. ഗുരുവിന്റെ വഴി അറിഞ്ഞു പിന്തുടരുന്നതിന്റെ ഫലമാണത്. പലമതസാരവുമേകമെന്നും എല്ലാ മതങ്ങളുടെയും പരമലക്ഷ്യം ഒന്നാണെന്നും ഉള്ള ഗുരുവിന്റെ ഉദ്‌ബോധങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ഇന്നു ലഭിക്കുന്നില്ല. മതങ്ങളെ സ്ഥാപനവല്‍ക്കരിക്കുവാനും തങ്ങള്‍ നിലകൊള്ളുന്ന മതം മാത്രമാണ് ശരി എന്നു ശഠിക്കുവാനും മതാതീത ആത്മീയത ഉപദേശിക്കുന്നില്ല. മതപരിവര്‍ത്തനത്തിനു മിക്കപ്പോഴും പ്രലോഭനമാവുന്നത് ആത്മീയമായ ഉല്‍ക്കര്‍ഷമല്ല ഭൗതികമായ താല്‍പര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ശരിക്കുമുള്ള ദിശാബോധം നല്‍കിയ നാരായണഗുരുവിനെ അനുയാത്രചെയ്യുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനം അടിസ്ഥാനപരമായി അദൈ്വതദര്‍ശനം തന്നെ. ചില കാര്യങ്ങളില്‍ അത് ശങ്കരാചാര്യരോട് വിയോജിക്കുന്നു. ശങ്കരാചാര്യരുടെ അദൈ്വതചിന്ത ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നു. ഗുരുശിഷ്യന്മാരുടെ പാരസ്പര്യത്തിനുള്ള കേന്ദ്രങ്ങളായി മഠങ്ങളും ഗുരുകുലങ്ങളും സങ്കല്‍പിക്കപ്പെട്ടിരുന്നു. ശങ്കരാചാര്യരുടെ കാലമാവുമ്പോള്‍ അവ ജാതിക്കോട്ടകളായി മാറുകയായിരുന്നു. ശങ്കരാചാര്യര്‍ സ്ഥാപിച്ച പുരി, ദ്വാരക, ശൃംഗേരി, ബദരി എന്നീ നാലു മഠങ്ങളിലും ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കു മാത്രമേ സന്ന്യാസം നല്‍കിയിരുന്നുള്ളൂ. സന്ന്യാസത്തിനോ ആത്മീയോല്‍ക്കര്‍ഷത്തിനോ ജാതി പ്രതിബന്ധമല്ലെന്നു ഗുരു സമൂഹത്തെ പഠിപ്പിച്ചു. മനുഷ്യസമത്വത്തിന്റെ സംസ്ഥാപനത്തിന് ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ഉച്ചാടനം അനിവാര്യമാണെന്ന ഗുരുവിന്റെ ഉദ്‌ബോധനത്തെ പിന്തുടരുന്ന ഗ്രന്ഥകാരന്‍ നൂറ്റാണ്ടുകളില്‍ വേരോടിയ ചരിത്രയാഥാര്‍ഥ്യങ്ങളെ തുറന്നു കാണുന്നു.

മതാതീത ആത്മീയത അടുത്ത കാലത്ത് ഉയര്‍ന്നു കേട്ട ചര്‍ച്ചാവിഷയമാണെങ്കിലും പുതിയ ഒന്നല്ലെന്നു കാവിയാട്ടു മാധവന്‍കുട്ടി എടുത്തു പറയുന്നു. ഗുരുദേവന്റെ ആത്മീയദര്‍ശനം തന്നെ അതിന്റെ കാതല്‍. ആ ദര്‍ശനം വ്യക്തമായറിയുന്ന ഒരാള്‍ക്ക് മതേതരത്വത്തെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കും. എല്ലാ മതങ്ങളോടുമുള്ള സമഭാവനയാണത്. ഒരു മതത്തിന് പ്രത്യേക പരിഗണന നല്‍കുകയോ മറ്റൊരു മതത്തെ അവഗണിക്കുകയോ ചെയ്യാന്‍ അവസരം നല്‍കാത്ത മതപരമായ നിഷ്പക്ഷതയാണ് അതെന്നു ഗ്രന്ഥകാരന്‍ നിര്‍വചിക്കുന്നു.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പഠനവിധേയമാക്കുന്ന കാവിയാട്ടു മാധവന്‍കുട്ടി മറ്റു ചരിത്രനായകന്മാരുമായിട്ടുള്ള സന്തുലനത്തിന് ഔചിത്യപൂര്‍വം ശ്രമിച്ചിട്ടുണ്ട്. താരതമ്യത്തില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. ശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ബുദ്ധദേവന്‍, കാറല്‍മാര്‍ക്‌സ്, ഡോ. അംബേദ്കര്‍ തുടങ്ങിയ ചരിത്രനായകന്മാരാണ് ഇവിടെ കടന്നുവരുന്നത്. മുന്‍വിധികള്‍ സമീപനത്തെ അന്ധമാക്കിത്തീര്‍ക്കുന്നില്ല. ആത്മീയതയേയും ഭൗതികതയേയും സമന്വയിക്കുന്ന പ്രയോഗികസമീപനമായിരുന്നു ഗുരുവിന്റേത്. ഭൗതികസംവിധാനത്തില്‍ സോഷ്യലിസത്തിന്റെ സമത്വദര്‍ശനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ശാസ്ത്രീയസോഷ്യലിസത്തിന്റെ ദര്‍ശനമരുളിയ കാറല്‍മാര്‍ക്‌സിന്റെ സാന്നിധ്യം ഗുരുദേവന്‍ വിഭാവനം ചെയ്യുന്ന മാതൃകാസ്ഥാനത്തിന് അന്യമല്ല. ഗുരുദേവനെ അറിയാത്ത ഒരു സമുഹത്തിന് പഴയ ഭ്രാന്താലയത്തിലേക്കു മടങ്ങിപ്പോകുവാന്‍ അധികസമയം വേണ്ട. വര്‍ത്തമാനകാലം നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. അതിനെ നേരിടുവാന്‍ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമനജനാധിപത്യരാഷ്ട്രീയപ്രസ്ഥാനങ്ങളും അതതിന്റെ വഴികളില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. ആ വഴികളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ വിതറിത്തരികയാണ് ‘ആത്മസുഖത്തിന്റെ ദര്‍ശന’ത്തില്‍ കാവിയാട്ടു മാധവന്‍കുട്ടി ചെയ്യുന്നത്.

By: വിശ്വമംഗലം സുന്ദരേശന്‍
Source : http://janayugomonline.com

0 comments:

Post a Comment