Saturday, 12 April 2014

ഭാര്യാധര്‍മ്മം (തിരുക്കുറള്‍ പരിഭാഷ) - ശ്രീ നാരായണഗുരു

വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം
വ്യയവും ചെയ്കില്‍ തന്റെ വാഴ്ചയ്ക്കു തുണയാമവള്‍
ഗുണം കുടുംബിനിയ്ക്കില്ലാതാകി,ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും
ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ടങ്ങൊന്നുമില്ലാതെയായിടും
ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നീടില്‍
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍?
ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേല്‍പ്പവള്‍ പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും
തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം
അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം
നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം
പേരു രക്ഷിക്കുന്ന നല്ലനാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ
നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്
സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം
[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

0 comments:

Post a Comment