പള്ളുരുത്തി: മദ്യത്തിനും ജാതിക്കുമെതിരായ ഗുരുദേവ സന്ദേശങ്ങൾ തള്ളിക്കളയുന്നത് കേരളീയ സമൂഹത്തിന് വലിയ ആപത്ത് വരുത്തിവയ്‌ക്കുമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. പള്ളുരുത്തിയിൽ പി. ഗംഗാധരൻ സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുഗതകുമാരി. ഗുരുദേവന്റെ ദർശനങ്ങളിൽ സൗകര്യപ്പെട്ടവ മാത്രം എടുത്ത് ഉപയോഗിക്കുകയാണ് മലയാളികൾ.
ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. പക്ഷേ, ജാതി മാത്രമേ നമുക്ക് ചോദിക്കാനുള്ളൂ. സമൂഹത്തെ തട്ടുകളിലാക്കുന്ന അതിശക്തമായ മതിൽക്കെട്ടുകൾ ഉയർന്നു വരികയാണ്. ഗുരുദേവനോട് നാം നന്ദികേട് കാട്ടുകയാണെന്നും സുഗതകുമാരി പറഞ്ഞു. ഭൂമിയെ സംരക്ഷിക്കാൻ, പച്ചപ്പ് സംരക്ഷിക്കാൻ പശ്ചിമഘട്ടം സംരക്ഷിക്കുവാൻ, ഭാഷയെ സംരക്ഷിക്കുവാനൊക്കെ ഒരുമിച്ചു നിൽക്കാൻ നമുക്ക് കഴിയണമെന്നും സുഗതകുമാരി പറഞ്ഞു. ചടങ്ങിൽ പ്രൊഫ. എം.കെ. സാനു പുരസ്‌കാരം സമ്മാനിച്ചു. ഒരു സ്വപ്‌നത്തിനു വേണ്ടി ജീവിതം ഹോമിച്ച പി. ഗംഗാധരന്റെ പേരിലുള്ള പുരസ്‌കാരം മറ്റൊരു സ്വപ്‌നത്തിനു വേണ്ടി ജീവിക്കുന്ന സുഗതകുമാരിക്ക് നൽകുന്നത് എന്തുകൊണ്ടും അർത്ഥ പൂർണമാണെന്ന് എം.കെ. സാനു പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.വി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഡോ. സി.കെ. രാമചന്ദ്രൻ, കവയിത്രി വിജയലക്‌ഷമി, കെ.വി. സഞ്ജീവ്, ടി.വി. സാജൻ എന്നിവർ പ്രസംഗിച്ചു.
Label : http://news.keralakaumudi.com
0 comments:
Post a Comment