Friday, 11 May 2018
ഗുരുവിന്റെ മതം
ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത് മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ?
മൂന്നു രീതിയിലും ഗുരുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്, ഇപ്പോഴും കൊണ്ടുപിടിച്ചു നടക്കുന്നുമുണ്ട്. ഇതിലേതാണ് ശരിയെന്നറിയാന്‍ ഗുരുവിന്റെ ജീവിതത്തിലേക്കു തിരിച്ചു നടക്കല്‍ മാത്രമാണ് ശരിയായ മാര്‍ഗം. സഹോദരന്‍ അയ്യപ്പനും ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തില്‍നിന്നു തന്നെ ആരംഭിക്കാം. ഡോ. പല്‍പു ബുദ്ധമതം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആ സംഭാഷണം.
സഹോദരന്‍: ഡോക്‌ടര്‍ മതം മാറണമെന്നു പറയുന്നല്ലോ?
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം അതല്ലേ? ക്രിസ്‌തുവിന്റെ ഉപദേശം അതല്ലേ? മുഹമ്മദ് നബിയുടെ ഉപദേശവും കൊള്ളാമല്ലോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. മതം എന്നാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന് ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്.
സഹദരന്‍: അവര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു? നമുക്ക് ശ്രീനാരായണമതം പോരേയെന്ന്?
ഗുരു: അതെന്തിന്? അവരവര്‍ക്ക് ഇപ്പോഴുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.
ഈ സംഭാഷണത്തോടെയാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉദ്‌ബോധനം പിറവിയെടുക്കുന്നത്. മതത്തിലല്ല മനുഷ്യനന്മയിലാണ് പ്രാധാന്യം എന്നതായിരുന്നു ഗുരുവിന്റെ അഭിപ്രായം. വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാകുമ്പോള്‍ മനുഷ്യന്‍ നല്ലവനാകും. അവന് മനുഷ്യരോട് മാത്രമല്ല, സകല ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടാകും. ഏതു മതത്തില്‍ വിശ്വസിച്ചാലും മതം അവിടെയൊരു വിലങ്ങുതടിയായി മാറില്ല. കാരണം നന്മയും സാഹോദര്യവും സ്‌നേഹവുമാണ് എല്ലാ മതങ്ങളുടേയും അടിസ്‌ഥാന തത്വം.
നിലവിലുള്ള മതങ്ങളില്‍നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുയര്‍ത്തി സ്വന്തം പേരിലൊരു മതം സ്‌ഥാപിക്കാന്‍ ഗുരു ആഗ്രഹിച്ചില്ല എന്നര്‍ത്ഥം. അതിനുള്ള ശ്രമം (ശ്രീനാരായണ മതം സ്‌ഥാപിക്കാനുള്ള ശ്രമം) കേള്‍വിയില്‍ത്തന്നെ ഗുരു തള്ളിക്കളയുന്നത് ശ്രദ്ധിക്കുക. നിലവിലുള്ള ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടായിരിക്കണമെന്നു പറയുന്ന ഗുരു ഏതു മതവും നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
അദൈ്വതാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായ ഭക്‌തനുമായി ഗുരു നടത്തിയ സംഭാഷണത്തിലെ പ്രസക്‌തഭാഗം ശ്രദ്ധിക്കുക:
മതം ഇഷ്‌ടംപോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍നിന്നു വിരോധം പറയുകയില്ല.
പിടികിട്ടിയോ, അര്‍ത്ഥം? മതം നിഷേധിക്കാനും മതം മാറാനുമുള്ള അവകാശം വ്യക്‌തിക്ക് നിയമപരമായി ലഭിക്കണമെന്ന്. ഇത്രയും ധീരമായി എത്രപേര്‍ മതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്?
മതത്തിന്റെ പേരില്‍ ജനങ്ങള്‍ വിറളിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മള്‍ ചിന്തിക്കേണ്ടത് ഗുരുവചനങ്ങള്‍ തന്നെയാണ്. മതംമാറ്റലിന്റെ പേരില്‍, മതം മാറലിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് എത്രയെത്ര പേര്‍ കുരുതികൊടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ നെടുകെ പിളര്‍ക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇന്ത്യ സ്വതന്ത്രയായത് രണ്ടായി വിഭജിക്കപ്പെടാതെയായിരുന്നെങ്കില്‍, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത പരസ്‌പരം കൊന്നുവീഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യമായി ഇന്ത്യ മാറുമായിരുന്നു എന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
മതപ്പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ നീണ്ടു. രാജ്യം നെടുകെ വിഭജിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മനസുകള്‍ അതിലേറെ വിഭജിക്കപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ പരസ്‌പരം വെട്ടിയും കുത്തിയും മരിച്ചു. പലായനം എത്രയോ ലക്ഷങ്ങളെ അനാഥരും അഗതികളുമാക്കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്ത്യയും പാകിസ്‌താനും എന്തു നേടി? ഇപ്പോഴും പരസ്‌പരം ശത്രുതയില്‍ കഴിയുന്നു. ഇതിനു പുറമെ ഇരുരാജ്യങ്ങള്‍ക്കുമകത്ത് മതവൈരം കത്തിയാളുന്നു. ബാബറി മസ്‌ജിദ് മുതല്‍ മാറാട് വരെയുള്ള മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ഭാണ്ഡം പേറി തളര്‍ന്നു നില്‍ക്കുകയാണ് നമ്മുടെ നാട്. ഇവിടെയാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉപദേശത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും ബോദ്ധ്യപ്പെടേണ്ടത്.
ജാതിയും മതവും കൊടികുത്തിവാണ നാട്ടില്‍ അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്‌തനായി ആര്‍ക്കും ജനിച്ചുവളരാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഗുരു ജനിച്ചത് കേരളത്തില്‍ അന്നു തികച്ചും അവര്‍ണമെന്നു കല്‍പ്പിക്കപ്പെട്ട ഈഴവ സമുദായത്തിലായിരുന്നു. താന്‍ ഈഴവനാണെന്നും ഈഴവര്‍ മുതല്‍ താഴേക്കിടയിലുള്ള അധഃസ്‌ഥിതര്‍ നേരിടുന്ന അപമാനത്തിനും അവഗണനക്കുമെതിരേ പ്രതികരിക്കണമെന്നുമുള്ള ബോധത്തോടുകൂടിതന്നെയാണ് ഗുരു തന്റെ കര്‍മ്മകാണ്ഡം തുടങ്ങിയത്. അക്കാരണംകൊണ്ടുതന്നെയാണ് ഗുരു ഈഴവരെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങിയതും ഈഴവര്‍ക്കുവേണ്ടി പ്രതിഷ്‌ഠ നടത്തിയതും.
നാം പ്രതിഷ്‌ഠിച്ചത് ഈഴവ ശിവനെയാണല്ലോ എന്ന മറുപടിയില്‍പ്പോലും മനസിന്റെ അടിത്തട്ടിലെ ജാതിബോധം കാണാം. അതേപോലെ, താന്‍ ഉള്‍പ്പെട്ട ഹിന്ദു മതത്തിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു തന്നെയാണ് ഗുരു ആദ്യഘട്ടത്തില്‍ തപസു ചെയ്യുകയും സന്യാസിയായി മാറുകയും ഹൈന്ദവ ദേവതമാരെ പ്രതിഷ്‌ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്.
എന്നാല്‍, അതു വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. കാലക്രമത്തില്‍ ഗുരു ജാതിമത ചിന്തകള്‍ക്കതീതമായ മേഖലയിലേക്ക് ഉയര്‍ന്നു. ആദ്യം ജാതിനിഷേധം. അപ്പോഴും മതത്തെ നിഷേധിച്ചില്ല. മതദ്വേഷമുണ്ടാകരുതെന്നേ പറഞ്ഞുള്ളു. പിന്നീട് ഒരു മതമെന്നും ഏക മതമെന്നുമുള്ള നിലപാടിലേക്ക്. ഒടുവില്‍ സംഘടിത മതനിഷേധത്തിന്റെ ഉജ്വലമായ അവസ്‌ഥയിലെത്തി. എല്ലാവര്‍ക്കും സംഘടിതമതത്തെ നിഷേധിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന തത്വം ഉപദേശിച്ചത്.
ഗുരു അപ്പോഴേക്കും ജാതിമതഭേദങ്ങള്‍ക്ക് അതീതനായിക്കഴിഞ്ഞിരുന്നു. തന്നെ ചിലര്‍ ജാതിമതങ്ങളുടെ ചില്ലുകൂട്ടില്‍ അടയ്‌ക്കുന്നതില്‍ അസംതൃപ്‌തനുമായിരുന്നു. 1091 മിഥുനമാസത്തില്‍ പ്രസിദ്ധീകരിച്ച, ശ്രീരാമകൃഷ്‌ണ മിഷന്‍ കേരള ശാഖയുടെ മുഖപത്രമായ പ്രബുദ്ധകേരളത്തില്‍ ഗുരു ഇങ്ങനെയൊരു വിളംബരം നടത്തി:
നാം ജാതിമത ഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്‌തവത്തിനു വിരുദ്ധമായ ധാരണ ഇടവന്നിട്ടുണ്ട് എന്നും നാം അറിയുന്നു.
1916-ല്‍ ഗുരു നടത്തിയ ഒരു പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങളിതാ: മതം മനസിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസിന്റെ ശരിക്കും വളര്‍ച്ചയ്‌ക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാകാന്‍ പ്രയാസമാണ്. എന്റെ മതം സത്യം മറ്റുള്ളവരുടേതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്‌ഥാപിച്ചിട്ടുള്ളത് സദുദ്ദേശ്യത്തോടെയാണ്.
ഗുരു ഇവിടെ മതങ്ങളുടെ അന്തഃസത്ത നിഷേധിക്കുന്നില്ല. മതങ്ങള്‍ മനുഷ്യനന്മയ്‌ക്കാണ്. എന്നാല്‍, സ്വന്തം മതം മാത്രമേ ശരിയായിട്ടുള്ളു എന്ന സംഘടിത മതതാല്‌പര്യത്തെ നിഷേധിക്കുന്നു. അങ്ങനെയുള്ള സംഘടിത മതത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതി. എന്നു ഗുരു അര്‍ഥശങ്കയ്‌ക്കിടയില്ലാതെ പറയുന്നു.
ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതിയെന്നത് ഗുരു വാക്കില്‍ ഒതുക്കിയില്ല. പ്രവൃത്തിയില്‍ തെളിയിച്ചു. അദൈ്വതാശ്രമത്തിലെ സംസ്‌കൃത പാഠശാലയില്‍ ടി.സി. ചാക്കോ എന്ന ഒരു ക്രിസ്‌തീയ വിദ്യാര്‍ഥിയും മുഹമ്മദ് എന്ന മുസ്ലീം വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും ഗുരുവിനോട് ഏറെ ഭക്‌തിയുള്ളവരായിരുന്നു. ഗുരുഭക്‌തി മൂലം ചാക്കോ സ്വന്തം പേരു മാറ്റി. ശ്രീനാരായണദാസ് എന്ന പേരു സ്വീകരിച്ചു. ഗുരുവിന്റെ ഫോട്ടോ വച്ച് ആരാധിക്കാന്‍ തുടങ്ങി. ഗുരു മാത്രമായി ചാക്കോയുടെ ദൈവം.
ചാക്കോയില്‍ വന്ന ഈ മനഃപരിവര്‍ത്തനം ഗുരു അറിയാനിടയായി. അദ്ദേഹം ചാക്കോയെയും മുഹമ്മദിനെയും അരികില്‍ വിളിച്ചുവരുത്തി. ചാക്കോയോട് സ്‌നേഹത്തോടെ പറഞ്ഞു:
പേരു മാറേണ്ട. മതവും മാറേണ്ട. യേശുദേവന്റെ ഉപദേശം ഉള്‍ക്കൊണ്ടും ബൈബിളില്‍ പറയുന്ന
തത്വങ്ങള്‍ക്കനുസരിച്ചും ജീവിച്ചാല്‍ മതി.
തുടര്‍ന്ന് മുഹമ്മദിനോടിങ്ങനെ പറഞ്ഞു:
നബിയുടെ വാക്കുകള്‍ക്കും ഖുര്‍ആനിലെ തത്വങ്ങള്‍ക്കും അനുസരിച്ചു ജീവിക്കുക. അതുവഴി നല്ല മനുഷ്യനാകാന്‍ കഴിയും.
ഗുരൂപദേശമനുസരിച്ച് ചാക്കോ വീണ്ടും ചാക്കോ എന്ന പേരു സ്വീകരിച്ചു. ഗുരൂപദേശമനുസരിച്ച് ജീവിക്കുകയും ചെയ്‌തു.
സ്വന്തം മതത്തിലേക്കും താല്‌പര്യങ്ങളിലേക്കും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കാത്ത ആത്മീവാദികളും മതനേതാക്കളുമുള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു മാതൃക വേറെ കണ്ടെത്താനാകുമോ? മതപരിവര്‍ത്തന കോലാഹലങ്ങളില്‍ രസിച്ചു നില്‍ക്കുന്നവര്‍ക്കു ചിന്തിക്കാനാകുമോ ഇത്തരമൊരു ഗുരുവിനെപ്പറ്റി?
ജാതിയും മതവും എന്നതുകൊണ്ട് താന്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഗുരു ഒരിക്കല്‍ വ്യക്‌തമാക്കിയിട്ടുണ്ട്. നാം ജാതിമത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറഞ്ഞതിന് നിലവിലിരിക്കുന്ന യാതൊരു ജാതിയോടും മതത്തോടും നമുക്കു യാതൊരു പ്രത്യേക മമത ഇല്ലെന്നു മാത്രമേ അര്‍ഥമുള്ളൂ.താന്‍ പ്രോത്സാഹിപ്പിക്കുന്ന മതപരിവര്‍ത്തനം സംഘടിത മതങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനമേയല്ലെന്നും ഗുരു വ്യക്‌തമാക്കിയിട്ടുണ്ട്:
ബാഹ്യമായ മാറ്റത്തിനാണ് ഉത്സാഹമെങ്കില്‍ അത് മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്. ആദ്യത്തെ മതത്തില്‍ നിന്നുള്ള പരിവര്‍ത്തനം ചിന്താശീലയുള്ള ഓരോ വ്യക്‌തിയിലും ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദുമതം, ക്രിസ്‌തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക് ആ മതത്തില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുകതന്നെയാണു വേണ്ടത്.
പിറന്നുപോയ മതം ഉപേക്ഷിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു വിധിക്കുന്ന ലോകത്താണ് വ്യക്‌തിയുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച മഹാഗുരു ജീവിച്ചിരുന്നതെന്നോര്‍ക്കണം. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ തമസ്‌കരിച്ച്, അദ്ദേഹത്തെ ഹിന്ദുസന്യാസിയാക്കിയവരുടെ ലക്ഷ്യവും ഇതില്‍ നിന്നു വ്യക്‌തമാകും. ഗുരു നിര്‍ദേശിച്ചപോലെ ഓരോ വ്യക്‌തിയും തന്റെ വിവേകശക്‌തിയനുസരിച്ച് മതം തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ മതത്തിന്റെ പേരില്‍ വേഷം കെട്ടി, മതത്തിന്റെ വരുമാനത്തിന് ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗം പട്ടിണിയിലായിപ്പോകുമായിരുന്നു. അതിനവര്‍ സമ്മതിക്കില്ലല്ലോ.
ഒരു മതത്തിനും തനതായ അസ്‌തിത്വവും വ്യക്‌തിത്വവുമില്ല എന്നതാണു സത്യം. ഓരോ മതവും തൊട്ടു മുമ്പുണ്ടായ മതത്തില്‍ നിന്നോ മതങ്ങളില്‍ നിന്നോ പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ഹിന്ദുമതമെന്ന പേരില്‍ അറിയപ്പെടുന്ന ഹൈന്ദവധര്‍മം കാലാകാലങ്ങളില്‍ പരിണാമം പ്രാപിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഹിന്ദു മതത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ജൈനമതവും ബുദ്ധമതവുമെല്ലാം പിറവിയെടുത്തത്. സെമിറ്റിക് മതങ്ങളുടെ ഉല്‌പത്തിയിലും വളര്‍ച്ചയിലുമുള്ള കൊള്ളക്കൊടുക്കലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. മോസസ് മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്കും ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം മുതല്‍ ഖുര്‍ആന്‍ വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കുമെല്ലാം ഒരു നൈരന്തര്യമുണ്ട്. ക്രിസ്‌തുവോ നബിയോ പൂര്‍വകാല മതതത്വങ്ങളെ തള്ളിപ്പറയുന്നില്ല. അവയില്‍ പറ്റിക്കൂടിയ അഴുക്കുകളെ ചൂണ്ടിക്കാണിക്കുകയും പുതുവഴി നിര്‍ദേശിക്കുകയുമാണു ചെയ്‌തത്. അപ്പോള്‍ മതങ്ങള്‍ തമ്മില്‍ എന്തിനാണു ശത്രുത?
ഗുരു ഈ ആശയം ലളിതമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്: ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്നു പേരു വിളിക്കാമെങ്കില്‍ പല പല ആചാര്യന്മാരാല്‍ സ്‌ഥാപിതമായ എല്ലാ മതങ്ങളും ചേര്‍ത്ത് അതിനെ ഒരു മതമെന്നോ ഏക മതമെന്നോ എന്തുകൊണ്ടു പറഞ്ഞുകൂടാ. മതത്തിന്റെ പേരില്‍ ഭ്രാന്ത് മൂത്ത് ആയുധമെടുത്ത് പോരാടുന്നവര്‍ക്കു നേരെ ഗുരു ഒരിക്കല്‍ ഉന്നയിച്ച ഈ ചോദ്യം ആയിരം വട്ടം ആവര്‍ത്തിച്ചുന്നയിക്കേണ്ട കാലം അതിക്രമിച്ചില്ലേ?
മതപരിവര്‍ത്തനം തടയാന്‍, മതപരിവര്‍ത്തനത്തിനിറങ്ങിയവരെ ചുട്ടുകൊല്ലുകയോ മതംമാറിയവരെ ആക്രമിക്കുകയോ ആണല്ലോ ഇപ്പോഴത്തെ പരിഹാരമാര്‍ഗം. എന്നാല്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ വളരെ ലളിതമായ മാര്‍ഗം ഗുരു ഉപദേശിക്കുന്നുണ്ട്.
സമബുദ്ധിയോടും സമഭക്‌തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്‌പര സ്‌നേഹപൂര്‍വം വിനിമയം ചെയ്യുന്നതിനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന് അപ്പോള്‍ മനസിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്‌തമിക്കും.
ഗുരു പറഞ്ഞ വാക്യം ആവര്‍ത്തിക്കട്ടെ. മത്സരം മതം നിമിത്തമല്ല. മദം നിമിത്തമാണ്. നമ്മള്‍ എപ്പോഴാണ് ഈ യാഥാര്‍ഥ്യം തിരിച്ചറിയുക? തിരിച്ചറിയുമ്പോള്‍ മാത്രമേ വാദിക്കാനും ജയിക്കാനുമുള്ള മത്സരത്തില്‍ നിന്നും അറിയാനും അറിയിക്കാനുമുള്ള യാഥാര്‍ഥ്യത്തിലേക്കു പ്രവേശിക്കാന്‍ നമ്മള്‍ക്കു കഴിയൂ. ഗുരു അതു തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ സര്‍വമത സമ്മേളന വേദിയുടെ പ്രവേശന കവാടത്തില്‍ ആ പ്രഖ്യാപനം എഴുതിവച്ചത്: വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്.
അതുകൊണ്ടു തന്നെയാണല്ലോ ശ്രീലങ്കയില്‍ വച്ചു തന്നെ വന്നുകണ്ട് മതം മാറാന്‍ തയാറായ മുസ്ലീമായ ഭക്‌തനോട് മുസ്ലീമായി ജീവിക്കാന്‍ ഗുരു ഉപദേശിച്ചത്. മതമല്ല, മതത്തിന്റെ പേരിലുള്ള മദം തന്നെയാണ് പ്രശ്‌നം, ഗുരുവിന്റെ കാലത്തേക്കാള്‍ ഇക്കാലത്ത്. മദവൈരം കൊടുമ്പിരികൊള്ളുമ്പോള്‍ ഗുരു പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാതിരിക്കാനാവില്ല, നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം
ശ്രീ നാരായണ ഗുരു
0 comments:
Post a Comment