Monday, 7 May 2018
ശ്രീ നാരായണ ഗുരു നമ്മോട് ആവശ്യപ്പെടുന്നത് മതനിരപേക്ഷതക്കായുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍
രാജ്യത്തിന്റെ മതനിരപേക്ഷതക്കും ബഹുസ്വരതക്കുമെതിരെ ഭീഷണിയുയര്‍ന്നിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം.ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വവാദവും കോര്‍പറേറ്റ് മൂലധനവും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
ന്യൂനപക്ഷങ്ങളെയെന്നപോലെ രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങളെയും ഹിന്ദുത്വവാദികള്‍ വേട്ടയാടുന്നു. ഗുജറാത്തില്‍ ഉന സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികളുടെ പശുരാഷ്ട്രീയം സംഘപരിവാറിനെ തിരിച്ചുകുത്തിത്തുടങ്ങിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി തങ്ങള്‍ അനുഭവിക്കുന്ന ജാതിമര്‍ദനത്തിനെതിരെ രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങളുടെ പ്രതിഷേധം അലയടിച്ചുയരുകയും ചെയ്യുന്നു.
കൊളോണിയല്‍ പണ്ഡിത കേന്ദ്രങ്ങള്‍ ദൃഢീകരിച്ചെടുത്ത ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയാണ് ഹിന്ദുത്വവാദികളുടെ പ്രത്യയശാസ്ത്രം തന്നെ. ബ്രാഹ്മണാധിപത്യവും സഹസ്രാബ്ദങ്ങളിലൂടെ അതിവിടെ ഊട്ടിവളര്‍ത്തിയ ജാതി ഉച്ചനീചത്വങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാതെ അധഃസ്ഥിത ജനസമൂഹങ്ങള്‍ക്ക് സ്വതന്ത്ര പൗരന്മാരായി ജിവിക്കാനാകില്ല. ഈ തിരിച്ചറിവാണ് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളെയാകെ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളിലേക്ക് എത്തിച്ചത്. ജാതിമത ഭേദങ്ങളില്ലാത്ത ഒരു സംസ്‌കാരത്തെയാണ് ശ്രീനാരായണഗുരു ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.
1897ലാണ് സ്വാമി വിവേകാനന്ദന്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നുവെന്ന് നിരീക്ഷിച്ചത്. ബ്രാഹ്മണാധിപത്യത്തിന്റെ അടിത്തറയെ പിടിച്ചുകുലുക്കിയ സ്വാമിവിവേകാനന്ദന്റെ പ്രസംഗവും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഡോ.പല്‍പ്പു മുന്‍കൈയെടുത്ത് രൂപവത്കരിച്ച എസ് എന്‍ ഡി പി യോഗവും കേരള നവോത്ഥാനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
1916 ജൂണ്‍ മാസത്തിലാണ് നാരായണഗുരു ആലുവ അദൈ്വതാശ്രമത്തില്‍ നിന്ന് ‘നമുക്ക് ജാതിയില്ല’ എന്ന വിളംബരം പ്രഖ്യാപിച്ചത്. ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിജന്മിത്വ വ്യവസ്ഥ സൃഷ്ടിച്ച മനുഷ്യത്വരഹിതമായ സാമൂഹിക ബന്ധങ്ങള്‍ക്കെതിരായ പരിവര്‍ത്തനോന്മുഖ നീതിബോധമാണ് എസ് എന്‍ ഡി പി യോഗം മുന്നോട്ടുവെച്ചത്. അയ്യാവൈകുണ്ഠന്റെ സമതാസമാജവും ശ്രീനാരായണഗുരുവിന്റെ എസ് എന്‍ ഡി പിയും അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും സവര്‍ണാധികാരം സൃഷ്ടിച്ച ജാതി ഉച്ചനീചത്വങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
ജാതി രാക്ഷസന്റെ ക്രൂര താണ്ഡവങ്ങളില്‍ സാമൂഹിക ജീവിതമാകെ ദുരന്തപൂരിതമായിത്തീര്‍ന്ന ഒരു ചരിത്ര സന്ധിയിലാണ് ഈ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം ഉയര്‍ന്നുവന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ മുന്നണിയിലേക്ക് ചേക്കേറിയിരിക്കുന്ന സവിശേഷമായ കേരളീയ സാഹചര്യം ജാതിയില്ലാ വിളംബര സന്ദേശത്തിന്റെ പ്രസക്തി സമകാലീനവും വര്‍ധിതവുമാക്കിയ ഒരു സാഹചര്യത്തിലാണ് ഈ ശ്രീയെ നാരായണ ജയന്തി കടന്നു വന്നത് എന്നതും ശ്രദ്ധേയമാണ്.
തൊഴിലുകളുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങളെയാണ് വൈദിക മേധാവികള്‍ ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയായി രൂപാന്തരപ്പെടുത്തിയത്. സംഘകൃതികളിലൊന്നും ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. സംഘകാല കൃതിയായ പുറനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന പാണനും പറയനുമെല്ലാം ഉയര്‍ന്ന സാമൂഹികസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരാണ്. സംഘകാലത്തിനു ശേഷമാണല്ലോ പരദേശ ബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറ്റമാരംഭിച്ചതും സാമൂഹിക ജീവിതത്തില്‍ അധീശത്വമുറപ്പിച്ചതും.
ബ്രാഹ്മണ മേധാവിത്വത്തിന്റെ ഹിംസാത്മകതക്കെതിരെ കലാപമുയര്‍ത്തിയ ബുദ്ധ, ജൈന മതങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ബ്രാഹ്മണ മേധാവിത്വം ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിച്ചെടുത്തത്. എണ്ണമറ്റ ജാതികളും ഉപജാതികളുമായി അത് പിന്നീട് വികസിക്കുകയും ചെയ്തു.വൈദികസമൂഹത്തിലെ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ തുടങ്ങി ചതുര്‍വിധവ്യവസ്ഥയിലെ ത്രൈവര്‍ണികര്‍ ഒഴികെ ശൂദ്രരും പഞ്ചമരും ഇഹത്തിലും പരത്തിലും ഗതികിട്ടാത്ത, യാതൊരുവിധ മാനുഷിക പരിഗണനകള്‍ക്കും അര്‍ഹതയില്ലാത്തവരായിട്ടാണ് കണക്കാക്കി പോന്നത്. ബ്രാഹ്മണാധിപത്യം അടിമകളാക്കിയ അധസ്ഥിത സമൂഹങ്ങള്‍ തങ്ങളുടേതായ ദൈവങ്ങളെ സൃഷ്ടിച്ച് കള്ളും കോഴിച്ചോരയും നിവേദിച്ചും നികൃഷ്ടമായ അയിത്തവും ദുരാചാരങ്ങളും ഏറ്റുവാങ്ങിയും ജീവിച്ചുപോന്നു.
ബ്രാഹ്മണരില്‍ നിന്ന് അകലം പാലിക്കേണ്ട നായന്മാരില്‍ നിന്ന് ഈഴവര്‍ 64 അടി അകലെ നില്‍ക്കണമായിരുന്നു. ഈഴവരില്‍ നിന്നും പുലയര്‍ 100 അടി അകലെ നില്‍ക്കണം. ജാതികള്‍ക്കിടയില്‍ പോലും അസ്പൃശ്യതയും പരസ്പരം സമ്പര്‍ക്കം അനുവദിക്കാത്ത അയിത്താചാരങ്ങളുമായിരുന്നു.
ഹിന്ദുമതത്തിലെ വൃത്തികെട്ട ഈ ജാതിവ്യവസ്ഥയുടെ ഉന്മൂലനം തന്നെയായിരുന്നു ശ്രീനാരായണന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ള നവോത്ഥാന-ദേശീയ നേതാക്കള്‍ ലക്ഷ്യംവെച്ചത്. നാരായണഗുരു ജാതിരഹിത സമൂഹം ലക്ഷ്യംവെച്ചാണ് ചാതുര്‍വര്‍ണ്യം സൃഷ്ടിച്ച അയിത്തത്തിനും ജാതി ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയതെന്ന് സൂചിപ്പിച്ചല്ലോ. എന്നാല്‍ പില്‍ക്കാലത്ത് എസ് എന്‍ ഡി പി യോഗം, നേതൃത്വത്തില്‍ പിടിമുറുക്കിയ സമ്പന്ന വിഭാഗങ്ങളില്‍ ജാത്യാഭിമാനം കുത്തിവെച്ചു. ഗുരുവിനെ ഒരു പ്രതേ്യക ജാതിയുടെ പ്രതിനിധാനമായി അവതരിപ്പിക്കാനുള്ള ചിലരുടെ താത്പര്യം പ്രകടമായതോടെയാണ് ചരിത്രപ്രസിദ്ധമായ ‘ജാതിയില്ലാ വിളംബരം’ ഗുരു പുറപ്പെടുവിക്കുന്നത്.
വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിലും പ്രതേ്യകിച്ച് കേരളീയ സാഹചര്യത്തിലും ജാതിയില്ലാ വിളംബര സന്ദേശം വളരെ പ്രസക്തമായിരിക്കുന്ന സന്ദര്‍ഭമാണിത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന ഗുരുവിന്റെ പ്രഖ്യാപനം ആധുനിക കേരള നിര്‍മിതിക്ക് സഹായിച്ച മഹാ സന്ദേശമാണ്.
രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ഒരു രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയിലെ ബഹുമത വിശ്വാസികളായ ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് മനുവാദികൾ ആരംഭിച്ചിരിക്കുന്നത്.
മനുവാദികൾ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ജനങ്ങളുടെ സമാധാനപരവും സൗഹൃദപൂര്‍ണവുമായ ജീവിതത്തിനും നേരെ നിരന്തരമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പശുഹത്യയുടെ പേരില്‍ മനുഷ്യരെ തുടര്‍ച്ചയായി കൊലചെയ്യുന്ന മനുവാദികൾ ന്യൂനപക്ഷങ്ങളെയെന്നപോലെ ദളിത് സമൂഹങ്ങളെയും വേട്ടയാടുകയാണ്. ഗുജറാത്തിലെ ഉന സംഭവം രാജ്യവ്യാപകമായ ദളിത് മുന്നേറ്റങ്ങള്‍ക്ക്, സവര്‍ണജാതി വ്യവസ്ഥക്കെതിരായ അധഃസ്ഥിത പോരാട്ടങ്ങള്‍ക്ക് തീകൊളുത്തിയിരിക്കുകയാണല്ലോ?
ദളിതരെയും സ്ത്രീകളെയും നീച ജന്മങ്ങളായും ഇഹത്തിലും പരത്തിലും രക്ഷയില്ലാത്തവരായും ചിത്രീകരിച്ച് സഹസ്രാബ്ദങ്ങളായി അധഃസ്ഥിത സമൂഹങ്ങളെ വേട്ടയാടുന്ന ചാതുര്‍വര്‍ണ്യ മൂല്യങ്ങളെ കുഴിച്ചുമൂടാനുള്ള ആഹ്വാനമാണ് ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെസന്ദേശമെന്ന്അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നടക്കുന്ന അദ്ദേഹത്തിൻറെ ജന്മദിനാഘോഷ വേളയിലെങ്കിലും നാം തിരിച്ചറിയണം.
സംസ്‌കൃത പാരമ്പര്യത്തെയും വരേണ്യമൂല്യങ്ങളെയും വെല്ലുവിളിച്ചവരാണ് കേരളത്തെ ജനാധിപത്യവത്കരണത്തിന്റെ വഴികളിലേക്ക് നയിച്ചത്.
സംസ്‌കൃത യാഗവിധിപ്രകാരമുള്ള വിഗ്രഹപ്രതിഷ്ഠയെ നിരാകരിച്ച ശ്രീനാരായണന്റെ ഇടപെടലുകൾ ബ്രാഹ്മണരുടെ ജ്ഞാനാധികാരത്തെയും അതിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെയും ചോദ്യം ചെയ്ത ഉജ്ജ്വലമായ നവോത്ഥാന യത്‌നങ്ങളായിരുന്നു. ജാതിവത്കരണത്തിനും വര്‍ഗീയവത്കരണത്തിനുമെതിരായ ബൃഹത്തായൊരു ബഹുജനപ്രതിരോധം തന്നെ അനിവാര്യമായിരിക്കുകയാണ്. മതനിരപേക്ഷതക്കും ജാതിരഹിത സമൂഹത്തിനും വേണ്ടിയുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍ സുഭദ്രമായ നാളേക്ക് വേണ്ടിയുള്ള ജാഗ്രത്തായ ഇടപെടലാണ്.അതാണ് ശ്രീ നാരായണ ഗുരു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.
0 comments:
Post a Comment