Monday 7 May 2018

ശ്രീനാരായണഗുരുവിന്റെ പ്രസംഗം-Sree Narayana GURU Speech

ശ്രീനാരായണഗുരുവിന്റെ പ്രസംഗം

(കൊല്ലം ടൌണില്‍ പട്ടത്താനത്ത് ശ്രീ.അച്യുതന്‍ മേസ്ത്രിയുടെ പുതുതായിനിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ഗുരുദേവന്‍
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാധവന്‍ ഉള്‍പ്പെടെ പലരും അപ്പോള്‍
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്‍പ്രസിദ്ധപ്പെടുത്തി.)

"ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന്
യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരമാണ്. ജാതി അത് നശിക്കുകതന്നെ
വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വിചാരം തന്നെ
ഇല്ലാത്തതാണ്. ഈ വിചാരം നമ്മില്‍നിന്നും പോയിട്ട് വളരെക്കാലമായി.
സമുദായസംഗതികള്‍ മതത്തിനോ മതം സമുദായസംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായസംഗതികള്‍ക്കും മതത്തിനും തമ്മില്‍
ബന്ധമൊന്നും പാടില്ല. മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായമനുഷ്യരുണ്ടല്ലോ; അവരില്‍
ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കും അനുസരിച്ച്
ഭിന്നമതങ്ങള്‍ കൂടിയേ തീരു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരൊറ്റ മതം
ഉണ്ടാവാന്‍ പ്രയാസമാണ്. എന്‍റെ മതം സത്യം മറ്റുള്ളവതെല്ലാം അസത്യം എന്ന്
ആരും പറയരുത്. സകലമതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും
സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്
യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്‌.
ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില
ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍,മുഹമ്മദീയര്‍ മുതലായ മറ്റു
മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക്
എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു
പറഞ്ഞതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന്
മാത്രമേ അര്‍ത്ഥമുള്ളൂ."
ശ്രീനാരായണ ഗുരു

Source: http://chullikattil.blogspot.com/

0 comments:

Post a Comment