Friday, 11 May 2018
ഗുരു വചനം “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയി രുന്ന കാലം. സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
വിദേശസംസ്‌കാരത്തിന്‍റെയും, സ്വസംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
[മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.]
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
[മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.]
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
[ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?]
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
[പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
[വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]
മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.
“ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന ”
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
“ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ”
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ് ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്....
മനുഷ്യനിലെ മനുഷ്യത്വത്തെ തൊട്ടുണര്‍ത്താനും അറിവാണു യഥാര്‍ഥ വെളിച്ചവും ശക്തിയുമെന്ന് അവനു പറഞ്ഞുകൊടുക്കാനും പ്രപഞ്ചം മുഴുവന്‍ തുടിച്ചുനില്‍ക്കുന്ന ഒരു ചൈതന്യത്തിന്‍റെ അവകാശിയും ഭാഗവുമാണ് താനെന്നു മനുഷ്യനെ ബോധ്യപ്പെടുത്താനുമാണ് ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ ജീവിതം മാറ്റിവച്ചത്.
0 comments:
Post a Comment