Monday, 7 May 2018

ശിവഗിരിയിലെ ആത്മീയ ജ്യോതിസ്‌


1892ല്‍ സ്വാമി വിവേകാനന്ദന്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ അദ്ദേഹം കയറിയ റിക്ഷ വലിക്കാന്‍ ഒരവസരം കിട്ടുന്നതിനുവേണ്ടി ഡോ.പല്‍പ്പു വളരെ പരിശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. വിവേകാനന്ദസ്വാമികളോട്‌ ഡോക്ടര്‍ തിരുവിതാംകൂറിലെ ജാതിപരമായ അനീതികളെക്കുറിച്ച്‌ ധാര്‍മികരോഷത്തോടെ സംസാരിച്ചു. അപ്പോഴാണ്‌ സ്വാമിജി മര്‍മസ്പര്‍ശിയായ ഒരുപദേശം ഡോ.പല്‍പ്പുവിന്‌ നല്‍കിയത്‌. ‘ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചാല്‍ അതൊരു മഹാപ്രസ്ഥാനമാകും. ആ പ്രസ്ഥാനത്തിന്‌ അനീതികളെ നീക്കം ചെയ്യാനും കഴിയും.’ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഡോ.പല്‍പ്പുവിന്റെ ആത്മവീര്യമുണര്‍ത്തി. അദ്ദേഹം ഒട്ടും വൈകാതെ അരുവിപ്പുറത്ത്‌ ചെന്ന്‌ ശ്രീനാരായണ ഗുരുദേവനെ കണ്ടു. അങ്ങനെ അദ്ദേഹത്തിന്റെ സമ്മതത്തോടെ അരുവിപ്പുറത്തുണ്ടായിരുന്ന ഭക്തജന കൂട്ടായ്മ-ക്ഷേത്രയോഗം (വാവൂട്ട്‌ യോഗം) എസ്‌എന്‍ഡിപി യോഗം എന്ന പേര്‌ സ്വീകരിച്ചു. 1903 ല്‍ ഒരു ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ശ്രീനാരായണ ഗുരുദേവന്‍ ആദ്യത്തെ പ്രസിഡന്റായി. യോഗത്തിന്റെ കാര്യദര്‍ശിയായി നാമനിര്‍ദ്ദേശം ചെയ്തത്‌ മഹാകവി കുമാരനാശാനെ ആയിരുന്നു. 1919 വരെ അദ്ദേഹം തല്‍സംബന്ധമായ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു.

1928 ല്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്‌ സന്ന്യാസിമാരുടെ കൂട്ടായ്മയായ ‘ശ്രീ നാരായണ ധര്‍മസംഘം’ രജിസ്റ്റര്‍ ചെയ്തത്‌. ത്യാഗികളായ ഋഷിവര്യന്മാരുടെ സംഘടനയ്ക്ക്‌ ഒരു പ്രത്യേക വ്യക്തിത്വം വേണമെന്ന്‌ ഗുരുദേവന്‍ ആഗ്രഹിച്ചിരുന്നു.

ശ്രീനാരായണ ധര്‍മപരിപാലനയോഗം ശരിക്കും ജനകീയ സ്വഭാവത്തോടെ കരുത്താര്‍ജ്ജിച്ചത്‌ ടി.കെ.മാധവന്‍ സംഘടനാ സെക്രട്ടറി ആയതിനുശേഷമാണ്‌.

ധര്‍മപ്രചാരണം നടത്തുമ്പോള്‍ മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ വിഷയങ്ങളില്‍ എസ്‌എന്‍ഡിപി യോഗം അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ശ്രീനാരായണ ഗുരുദേവന്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു.

അക്കാലത്ത്‌ പള്ളാത്തുരുത്തിയില്‍ വച്ചു കൂടിയ എസ്‌എന്‍ഡിപി യോഗത്തിന്റെ സമ്മേളനത്തില്‍ ഗുരുദേവന്‍ നല്‍കിയ സന്ദേശം ഇതായിരുന്നു….”നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരേയും ഒന്നിച്ചു ചേര്‍ക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്ക്‌ നയിക്കുന്നതുമായിരിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌’ എന്നുള്ള സനാതനധര്‍മം (ഹൈന്ദവ ധര്‍മം) അങ്ങനെയുള്ള ഒരു മതമാകുന്നു..”

മനോഹരമായ പുഷ്പങ്ങളിലും പൂമ്പാറ്റകളിലും ആലിലും മാവിലും കാട്ടുപൊയ്കയിലും പാറയിലും പശുവിലും പുല്‍ക്കൊടിത്തുമ്പിലും പൂച്ചയിലും പക്ഷികളിലും നാഗങ്ങളിലും ഉറുമ്പിലുമൊക്കെത്തന്നെ സച്ചിദാനന്ദ സ്വരൂപനായ, നിരാകാരനായ സര്‍വേശ്വര സാന്നിദ്ധ്യമുണ്ടെന്നാണ്‌ പരിശുദ്ധമായ വൈദിക ധര്‍മം (ഹൈന്ദവ ധര്‍മം) വെളിപ്പെടുത്തുന്നത്‌. സര്‍വമംഗളകാരിയാണത്‌.

ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും പരിപാവനമായ ആ സത്യത്തെ സാക്ഷാത്കരിക്കലായിരുന്നു. പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആയിരുന്ന ഹൈന്ദവജനതയിലെ ബഹുഭൂരിപക്ഷത്തെ കൈപിടിച്ചുയര്‍ത്താന്‍, ആത്മാഭിമാനം നല്‍കാന്‍ അവര്‍ക്കറിയാവുന്ന ലളിതമായ ശൈലിയില്‍ ശ്രീനാരായണ ഭഗവാന്‍ പരിശ്രമിച്ചു. സായിപ്പന്മാരുടെ മുമ്പില്‍ തൊട്ടും തിരുമ്മിയും നില്‍ക്കുന്ന, സ്വമതത്തില്‍പ്പെട്ട പറയനെയും പുലയനെയും ഈഴവനെയും തീയനെയും വിശ്വകര്‍മജനെയും ഗിരിജനങ്ങളെയും പടിക്കു പുറത്തുനിര്‍ത്തുന്ന ഗോമാംസം ഭക്ഷിക്കുന്ന ബ്രാഹ്മണരും ക്ഷത്രിയരുമായി അധഃപതിച്ച മുന്നോക്ക ഹിന്ദു സമുദായത്തിലെ ഒരു വിഭാഗം ‘ആഢ്യന്മാരെന്ന്‌’ അവകാശപ്പെടുന്നവരുണ്ടാക്കിയ ദുരാചാരങ്ങള്‍ അന്ന്‌ ഹിന്ദുമതത്തെ ദുഷിപ്പിച്ചിരുന്നു.

ബ്രിട്ടീഷ്‌ മേലാളന്മാരുടെ പൂര്‍ണ പിന്തുണയും ഇതിനവര്‍ക്കുണ്ടായിരുന്നു. വിദേശത്തുനിന്നും മതപരിവര്‍ത്തനത്തിനായി വന്ന ക്രിസ്ത്യന്‍ മിഷണറിമാരെയും സ്വാര്‍ത്ഥ ലാഭത്തിനായി മതം മാറി ‘നസ്രാണി’യായവരെയും തങ്ങളുടെ നാലുകെട്ടിന്റെ അകത്തളത്തിലിരുത്തി അവര്‍ സല്‍ക്കരിച്ചു.

ഇത്തരം ജാതിക്കോമരങ്ങളെക്കൊണ്ട്‌ സഹികെട്ടാണ്‌ ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരിയില്‍ സ്വന്തമായി പ്രതിഷ്ഠ നിര്‍വഹിച്ചത്‌. ഹിന്ദുമതത്തിലെ നിന്ദിതര്‍ക്കും പീഡിതര്‍ക്കുമായി പാര്‍വതീഹൃദയനായകനായ പരമശിവനെയാണ്‌ അദ്ദേഹം പ്രതിഷ്ഠിച്ചത്‌. ‘ശാരദാദേവി പ്രതിഷ്ഠയും അദ്ദേഹം തന്നെ നിര്‍വഹിച്ചു. താമരപ്പൂവിലിരിക്കുന്ന സരസ്വതീ ദേവിയാണ്‌ ശാരദാ ദേവി.

അമ്പത്തൊന്നെഴുത്താകും ഗൃഹത്തിങ്ക-

ലിമ്പമോടെ വസിക്കും മഹേശ്വരീ,

തുമ്പമെല്ലാമകറ്റിത്തരുന്നൊരെന്‍

തമ്പുരാട്ടീ! സരസ്വതീ! പാഹിമാം


ശാരദാ പ്രതിഷ്ഠാ വേളയില്‍ ശ്രീനാരായണ ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അന്ന്‌ അവിടെച്ചൊല്ലിയ ‘ശാരദാസ്തവ’ത്തിലെ വരികളാണിത്‌.

സനാതനമായ ഹൈന്ദവധര്‍മ തത്വങ്ങളില്‍ മായം ചേര്‍ത്ത്‌ ദുഷിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്‌ നല്‍കിയതിനുശേഷം പ്രതിഷ്ഠാനന്തരം ശ്രീനാരായണ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു.

‘ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെപണം ചെലവു ചെയ്തുണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിന്‌ കരിമരുന്നിനും മറ്റും വളരെപണം ചെലവഴിക്കരുത്‌. അവിടെ ജനങ്ങള്‍ക്ക്‌ സുഖത്തോടെ വന്നിരിക്കാനും മറ്റും സൗകര്യമുള്ള വിശാലമായ മുറികളാണ്‌ വേണ്ടത്‌.

“എല്ലാ ക്ഷേത്രങ്ങളോടും ചേര്‍ന്ന്‌ ‘വിദ്യാശാല’കളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും അവയോട്‌ ചേര്‍ന്നുണ്ടായിരിക്കണം. വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന ധനം സാധുക്കളായ ഭക്തജനങ്ങള്‍ക്കു തന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ്‌ വേണ്ടത്‌.

“ക്ഷേത്രങ്ങള്‍ ആവശ്യമാണ്‌. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണമെന്ന്‌ മാത്രം. അവ വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവര്‍ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുമ്പോള്‍ നല്ല വിചാരമുണ്ടാവും. നല്ല കാര്യങ്ങള്‍ സംസാരിക്കും. ഈശ്വര സ്മരണയുണ്ടാവും. ചിലര്‍ ക്ഷേത്രങ്ങളില്‍ ചെന്ന്‌ നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചിലര്‍ക്ക്‌ വിശ്വാസം മൂലം രോഗം മാറുന്നു. ചിലര്‍ക്ക്‌ ആഗ്രഹസിദ്ധിയുണ്ടാവുന്നു. അതെല്ലാം വിശ്വാസം പോലിരിക്കും.”

ശ്രീനാരായണ ഗുരുദേവന്റെ ഈ അരുളപ്പാട്‌ കേട്ട്‌ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു; ‘ബിംബരാധനയെയാണ്‌ ജനങ്ങള്‍ ആക്ഷേപിക്കുന്നത്‌. അത്‌ അന്ധവിശ്വാസം വളര്‍ത്തുന്നു.’

ഇതിന്‌ സത്ഗുരു ഭഗവാന്‍ ശ്രീനാരായണന്റെ മറുപടി ഇതായിരുന്നു: ‘ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ബിംബത്തെപ്പറ്റി സ്മരണയേയില്ല. ഈശ്വരനെപ്പറ്റിയേ വിചാരിക്കുന്നുള്ളൂ. നിങ്ങളെപ്പോലുള്ളവര്‍ പറഞ്ഞു കൊടുത്താലേ അവര്‍ ബിംബത്തെ ഓര്‍ക്കുന്നുളളൂ. പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ മാത്രം. എല്ലാവരും ഈശ്വരനെയാണാരാധിക്കുന്നത്‌. ബിംബത്തെയല്ല.’

കേരളത്തിന്റെ പല ഭാഗങ്ങളിലായി അറുപതിലധികം ആരാധനാകേന്ദ്രങ്ങള്‍ ഗുരുദേവന്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഏറെയും ശിവക്ഷേത്രങ്ങളും സുബ്രഹ്മണ്യ ക്ഷേത്രങ്ങളുമാണ്‌. ദേവീക്ഷേത്രങ്ങളുമുണ്ട്‌. 14 ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്‌ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്‌.

1920 തൃശ്ശൂരിനടുത്തുള്ള കാരമുക്ക്‌ ക്ഷേത്രത്തില്‍ അദ്ദേഹം ദീപമാണ്‌ പ്രതിഷ്ഠിച്ചത്‌. ‘വെളിച്ചം പരക്കട്ടെ’ എന്ന ആശംസയോടുകൂടി അത്‌ പ്രതിഷ്ഠിച്ചതിനുശേഷം ഗുരുദേവന്‍ പറഞ്ഞു: “ഇരുട്ടാണ്‌ ജീവിതത്തെ അലട്ടുന്നത്‌. വെളിച്ചം വരുമ്പോള്‍ ഇരുട്ട്‌ പൊയ്ക്കൊള്ളും. അപ്പോള്‍ ജീവിതം തെളിയുകയും ചെയ്യും. ജീവിതത്തില്‍ വെളിച്ചം പരത്തുകയാണ്‌ ക്ഷേത്രങ്ങളുടെ ലക്ഷ്യം.”


ആഴമേറും നിന്‍മഹസ്സാം

ആഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം……

(ദൈവദശകം)

ദൈവം ജീവിതത്തിന്റെ ആഴമാകുന്നു. അതറിയുന്നവര്‍ക്ക്‌ മോഹത്തില്‍നിന്നും ഭയത്തില്‍നിന്നും മോചനം ലഭിക്കുന്നു…..

1104 കന്നി 5-ാ‍ം തീയതി (1928 സപ്തംബര്‍ 20) ശ്രീനാരായണ ഗുരുദേവന്‍ തന്റെ സമാധിയ്ക്കുമുമ്പ്‌ ചൊല്ലാന്‍ തന്റെ ശിഷ്യന്മാരോട്‌ നിര്‍ദ്ദേശിച്ച ‘ദൈവദശക’ത്തിലെ വരികളാണിവ.

ഭഗവാന്‍ ശ്രീനാരായണ ഗുരുവിന്റെ പാദകമലങ്ങള്‍ക്ക്‌ അകമ്പടി സേവിച്ചവര്‍, ആ വാക്കുകള്‍ക്കായി കാതോര്‍ത്തവര്‍…. അവരെത്ര ഭാഗ്യശാലികളാണ്‌. ഹന്ത, ഭാഗ്യം ജനാനാം!


അരുണ്‍കുമാര്‍ കെ.എസ്‌.

0 comments:

Post a Comment