Tuesday, 30 May 2017

സ്വാതന്ത്ര്യം തന്നെ അമൃതം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര

സ്വാതന്ത്ര്യത്തിന്മേല്‍ ഭരണകൂടങ്ങളുടെ അനാവശ്യമായ കടന്നു കൂടലുകള്‍ ഏറുമ്പോള്‍, മതവും ജാതിയും ദേശവും നോക്കി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍,
ഗുരു നിത്യ ചൈതന്യയതിയുടെ "സ്വാതന്ത്ര്യം തന്നെ അമൃതം" ഒരാവര്‍ത്തി എങ്കിലും വായിക്കുന്നത് നന്നാകും. സന്യാസി എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ആളാണന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഡ സ്വര്‍ഗത്തില്‍ തന്നെ ആയിരിക്കും.....വേഷം കേട്ടലിന്‍റെ വിശേഷമല്ല സന്യാസി........
........................................................
"” സ്വാതന്ത്ര്യം തന്നെ അമൃതം"
എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സ്നേഹം സ്നേഹം എന്ന് പറയുകയും, സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ,സ്നേഹമായിരിക്കുകയും ചെയ്യുന്ന ,മനുഷ്യജന്മങ്ങളില്‍ ആധുനിക കാലം നമുക്കു നല്കിയ, പ്രണയ വര്‍ണങ്ങളുടെ പൂന്തോട്ടമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.
“പ്രിയമപരന്‍റെയതെന്‍പ്രിയം ;
സ്വകീയപ്രിയമപരപ്രിയപ്രകാശമാകും നയം”
ജാതി മതം, മനുഷ്യന്‍ ദേശം തുടങ്ങിയ വിഭാഗികമായ ചിന്തകള്‍ക്കതീ തമായി നന്‍മയുടെ പ്രിയങ്ങളെ പ്രിയമാക്കി, പ്രകാശമാക്കിമാറ്റുന്ന നാരായണഗുരുവിന്‍റെ നയങ്ങളെ നിത്യവസന്തമാക്കി നൂറിലേറെ പുസ്തകങ്ങളിലൂടെ, നിത്യ നമുക്ക് നല്കിയിരിക്കുന്നു. അതില്‍ ഒന്നിലൂടെ നമുക്കല്പം നടക്കാം.
“ ഈ ലേഖകന്‍ തന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇരുപത്തിനാലു വര്‍ഷം സ്വരാജ്യമായി സ്നേഹിച്ചത് അഖണ്ഡഭാരതത്തെയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കാളും നീലഗിരിയേക്കാളും ഡല്‍ഹിയെക്കാളും എല്ലാം ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്നത് കറാച്ചിയേയും ലാഹോറിനെയും ആയിരുന്നു. അത്രയ്ക്ക് സ്നേഹം ഞാന്‍ ഡാക്കക്കും കൊടുക്കുന്നുണ്ട്. ....എന്‍റെ ദേശഭക്തി എവിടെ? ”
എന്താല്ലേ?
1947 ന് മുമ്പ് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ജനിച്ച എല്ലാമനുഷ്യരും ഒരു ദേശക്കാരായിരുന്നു. ദേശഭക്തിയും ഒന്നായിരുന്നു. മൂന്ന് കൊടിയുടെ കീഴില്‍ മൂന്ന് ഭരണാധികാരികള്‍ മൂന്നായി ഭരിക്കുന്നതുകൊണ്ടുമാത്രം ഇന്നലെ വരെയുള്ള ദേശഭക്തിയെ ചുരുക്കാന്‍ കഴിയുമോ?
അതിനാല്‍ നിത്യ ചോദിക്കുന്നു.
“അതുകൊണ്ട് ഈ ഭൂമണ്ഡലത്തെ ഒന്നായി ഒരു ദേശമായി കണ്ട് സ്നേഹിക്കുന്നതല്ലേ കുറേക്കൂടി സത്യസന്ധമായിരിക്കുന്നത്?''
ആകെ ലോകത്തെ ഒരു ദേശമായി കണക്കാക്കാനും എല്ലാചാരാചരങ്ങളിലേയ്ക്കും സ്നേഹത്തിന്‍റെ നീരൊഴുക്ക് നിര്‍മ്മിക്കുന്നതുമായ നയം തന്നെയാണ് സ്വകീയപ്രിയമപരപ്രിയമാക്കുന്ന പ്രകാശപൂര്‍ണ്ണമായ നയവും.
ഇങ്ങനെയുള്ള ഒരു നയം മാനവിക സംസ്കൃതിയ്ക്ക് കരുണീയമാണെന്ന തോന്നലെങ്കിലും ജനിക്കാന്‍ കഴിഞ്ഞാല്‍, നാം പ്രകൃതിയുടെ പൂന്തോട്ടത്തിലെ ശലഭങ്ങളായി പരിണമിക്കും.
സ്നേഹത്തെ ക്രയവിക്രയങ്ങളില്‍ നിന്നും മാറ്റിനിറുത്തി ഹൃദയത്തെ ശുദ്ധീകരിക്കുവാന്‍ ഈ നയം നമ്മെ പ്രാപ്തരാക്കും.
നമ്മുടെ രാജ്യത്ത് നടമാടുന്ന ഒരുപാടേറെ അപ്രിയങ്ങളിലൂടെ നടന്നുനീങ്ങി, സ്വാതന്ത്ര്യമെന്നാല്‍ എന്തെന്ന് നമ്മുടെ ബോധമണ്ഡലങ്ങളിലേയ്ക്ക് ഉണര്‍വ്വിന്‍റെ ജീവന്‍ പകര്‍ന്നുനല്‍ക്കുന്ന പ്രണയരഹസ്യങ്ങളുടെ മനോഹരമായ വരമൊഴിയാണ്
“സ്വാതന്ത്ര്യം തന്നെ അമൃതം'' എന്ന ഈ ലേഖന പരമ്പര.
ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മനുഷ്യാവസ്ഥയുടെ വരുംവരായ്മകളെ കവടിനിരത്തി കണ്ടുപിടിക്കുമെന്നും, അതു പണം കൊടുത്തു വാങ്ങാന്‍ കഴിയുമെന്നു കരുതുന്നതും ദൈവനിഷേധമാണെന്ന് ദൈവ വിശ്വാസിക്കെങ്കിലും തോന്നേണ്ടുന്ന ഒന്നല്ലേ? ഇത്തരം കപടതകളിലേയ്ക്കല്ല വഴിനടക്കേണ്ടതെന്ന് നിത്യ അടിവരയിട്ട് പറയുന്നു.
“മകള്‍ക്ക് ഒരു വരനെ കിട്ടാനില്ലാതെ വ്യസനിച്ചു നടക്കുന്ന അച്ഛനമ്മമാര്‍ സൗകര്യത്തിന് വന്ന ഒരാള്‍ക്ക് മകളെ കൊടുത്തു സ്ത്രീധനവും കൊടുത്ത് വിടുന്നു. അവന് സിഫിലിസ് ഉണ്ടോന്ന് നോക്കിയോ,
അവളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന് സന്താനോത്പദന ശേഷിയുണ്ടോയെന്ന് നോക്കിയോ ഇതെല്ലാം പരിശോധി ച്ച് നോക്കിയതിന് ശേഷമേ വിവാഹം നടത്താവൂ എന്നനിയമംകര്‍ശനമാക്കേണ്ടിയിരിക്കുന്നു.”
സ്വതന്ത്ര ഇന്ത്യയുടെ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നോക്കികാണുന്ന ഒരു സമീക്ഷയുണ്ട് ഈ പുസ്തത്തില്‍.
ഓരോ വായനകരന്‍റെയും അഹംബോധത്തെ, ആധുനിക ചരിത്രത്തിന്‍റെ നല്ല പാഠങ്ങളിലേയ്ക്ക് ഈ സമീക്ഷ നമ്മെ കുട്ടികൊണ്ട് പോകും.
1936 മുതല്‍ 96 വരെയുള്ള ഭാരത ചരിത്രത്തിന്‍റെ സമ്പൂര്‍ണ്ണമായ വീക്ഷണം. ഈ സമീക്ഷ ഓരോ ചരിത്ര വിദ്യാര്‍ത്ഥിക്കും വാക്കുകള്‍ക്കതീതമായ വര്‍ത്തമാന കാലത്തിന്‍റെ വ്യകരണമാകുമെന്ന് തീര്‍ച്ച.
ചരിത്രം പഠിക്കാത്തവന്‍ വിദ്യര്‍ത്ഥിയല്ലന്നും ,വിദ്യര്‍ത്ഥിയല്ലാത്തവന്‍ മനുഷ്യനല്ലന്നും ഉള്ള താത്വിക ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ട് നിങ്ങള്‍ ഓരോരുത്തരെയും ഈ തീര്‍ഥയാത്രയിലേയ്ക്ക് എത്തിച്ചേരണമെന്നു പ്രതീക്ഷിക്കട്ടെ?
ദശാവതാര കഥകളില്‍ മൂന്നാമത്തെ അവതാരമാണല്ലോ വരാഹം. വെള്ളത്തിനടിയില്‍ ആണ്ടുപോയ ഭൂമിയെ മഹാവിഷ്ണു വരാഹമായി അവതരിച്ച് കൊമ്പുകളില്‍ കോര്‍ത്ത്‌ ഉയര്‍ത്തി എടുത്ത കഥ ഏവര്‍ക്കും അറിവുള്ളതാണല്ലോ.
പക്ഷേ , ഞാനിനി പറയാന്‍ പോകുന്ന കഥ ചരിത്രത്തിന്‍റെ ഭാഗമാണ്.
മദ്ധ്യകാലത്ത് വിസ്മൃതിയിലേയ്ക്ക് ആണ്ടുപോയ ഭാരതീയ ഉപനിഷത്തുകളെ ലോകസമക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ട് അവതാര പുരുഷന്മാര്‍ ഉണ്ട്. അതില്‍ ഒരാള്‍ മുസല്‍മാനും മറ്റൊരാള്‍ ക്രിസ്ത്യാനിയും ആയിരുന്നു എന്നത് ചരിത്രത്തിന്‍റെ നിയോഗം ആയിരിക്കാം. ഇത് മതചിന്തകളില്‍ മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
ഈ ചരിത്രത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഗുരു നിത്യയുടെ വാക്കുകളിലേയ്ക്ക് നമുക്ക് കടന്നുചെല്ലാം
“ഇന്ത്യയില്‍ 1008 ഉപനിഷത്തുകള്‍ ഉണ്ടെന്ന് പറഞ്ഞുപോരുന്നുണ്ടെങ്കിലും മദ്ധ്യകാലത്ത് ഭാരതീയര്‍ക്ക് തീരെ നഷ്ട്ടപ്പെട്ടുപോയ ഈ ഉപനിഷത്തുകളില്‍ 60 ഉപനിഷത്തുകള്‍ ഇപ്പോള്‍ തിരികെ കിട്ടിയത് ജര്‍മ്മനിയില്‍ നിന്നുമാണ്....
ഔറംഗസീബിന്‍റെ (മുഗള്‍ സാമ്രാജ്യംത്തിന്‍റെ അവസാനചക്രവര്‍ത്തി) സഹോദരന്‍ ദാറാ ,ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്കു തര്‍ജ്ജമ ചെയ്തു. അതില്‍ കുപിതനായ ഔറംഗസീബ്‌ പട്ടാളത്തെ കാശ്മീരില്‍ അയച്ച് തന്‍റെ സഹോദരനെ വധിക്കുകയാണ് ചെയ്തത്.
എന്നാലും ദശോപനിഷത്തുക്കള്‍ ഉള്‍പ്പെടെയുള്ള 60 ഉപനിഷത്തുകള്‍ സ്ലേഗല്‍ എന്ന ജര്‍മ്മന്‍ സാഹസികന്‍ കണ്ടെത്തി അവ ജര്‍മ്മനിക്ക് കൊണ്ടുപോയി. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിരുന്ന ഈ ഉപനിഷത്തുകള്‍ അയാള്‍ക്ക് പ്രയോനപ്പെട്ടില്ലങ്കിലും ആ ഭാഷ പഠിച്ച് ജര്‍മ്മന്‍ ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്യാന്‍ സ്ലേഗല്‍ കരുതിയിരുന്നു.
സ്ലേഗല്‍ ജര്‍മ്മനിയില്‍ എത്തിയപ്പോള്‍ അയാളുടെ കുറ്റകരമായ ചില സാഹസികതകള്‍ കാരണം ജര്‍മ്മന്‍ സര്‍ക്കാര്‍ അയാളെ തടങ്കലില്‍ വെച്ചു. അന്ന് തടങ്കലില്‍ സ്ലീയര്‍ മാര്‍ക്കകര്‍ എന്ന താവുകാരന്‍ ഉണ്ടായിരുന്നു......
സ്ലീയര്‍ മാര്‍ക്കകര്‍ എന്ന ജര്‍മ്മന്‍കാരന്‍ പേര്‍ഷ്യന്‍ ഭാഷ പഠിക്കുകയും തനിക്കു കിട്ടിയ ദാറയുടെ ഉപനിഷത്ത് വിവര്‍ത്തനങ്ങള്‍ ഷോപ്പന്‍ ഹോവറിനു കൊടുക്കുകയും ചെയ്തു.
പിന്നീട് പോള്‍ ഡോയ്സന്‍ ഇംഗ്ലിഷില്‍ പരിഭാഷപെടുത്തി......”
ഓരോ വായനയും അവസാനിക്കുമ്പോള്‍ ,ഏകമായിരിക്കുന്ന ലോകത്തെ ഏകമാണെന്ന് കരുതുവാന്‍ കഴിയുന്ന ശക്തിയുണ്ടാകണം. സ്വാതന്ത്ര്യമെന്നത് ശാരീരികമായ ഒന്നുമാത്രമല്ല. മാനസികമായ അടിമത്വത്തിന്‍റെ ക്രൂരമായ വിത്തുകളെ മുളപ്പിക്കുവാനുള്ള ഫലഭൂയിഷ്ഠമായ നിരത്താകരുത് നമ്മുടെ ഹൃത്ത്.
15 അദ്ധ്യായങ്ങളും 149 പേജും മാത്രമുള്ള ഈ പുസ്തകം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അറിവുകളെ തൊട്ടുണര്‍ത്തുമെന്നത് സംശയാതീതമയ ഉണര്‍വ്വുതന്നെയാണ്...
രഘു കെ വണ്ടൂര്‍

0 comments:

Post a Comment