Tuesday, 30 May 2017

യതിചരിതം' ഗുരു നിത്യ ചൈതന്യ യതി


നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ......
യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന. പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന് അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ......
ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു.യൗവനത്തില്‍ വീട് വിട്ട് തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളേജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. 'ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി. ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു. അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്? ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ? ഒരുക്കം ഇനിയും ഇനിയും പൂര്‍ത്തിയായില്ലേ?'.
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി. ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു.'എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെ വ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു 'എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു.' ഗുരു എന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൗപചാരികമായ രീതിയിലാണ് സംഭവിച്ചത് . അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി. നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല. കോപവും താപവും സ്‌നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.'ഗുരുതരമായ രോഗത്തിനു ഗൗരവമായ ചികിത്സ ആവശ്യമാണ് ' എന്ന് ഗുരു പറയുമായിരുന്നു. ഒരു ദിവസം ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു:' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്?.
ഗുരു പറഞ്ഞു 'വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്​പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക.'ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു. യൂണിവാഴ്‌സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്‌സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു. സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു. ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി, യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്‌കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു. ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു 'ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല.' ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു :നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്.' ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല. ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു. അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു:'നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍.' ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു:'ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ.'
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയും ധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല. മൗനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൗനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്‌കരിക്കാന്‍ ആഗ്രഹം തോന്നി. 'ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്ത് കഞ്ഞി കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു. ആ പാദങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : 'ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു ഒരു മൈക്കലാഞ്ചലോയും ഇല്ലേ?'ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു.... നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .......

കടപ്പാട് :ശ്രീ സേതുമാധവൻ മച്ചാട്


0 comments:

Post a Comment