Friday 26 May 2017

നാരായണഗുരുകുലം

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു.

(1) വിവാഹം തടയരുത്.

(2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം.

(3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം.

ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍ ആഗ്രഹിക്കുന്നവരോട് അവിവാഹിതരായി കഴിയാനോ, വിവാഹിതരാണെങ്കില്‍ വിവാഹബന്ധം ഉപേക്ഷിക്കുവാനോ ആരും നിര്‍ബന്ധിക്കാറില്ല. ന്യൂജര്‍സി, ബല്‍ജിയം എന്നീ ഗുരുകുലങ്ങളിലെ അധിപന്മാര്‍ വിവാഹിതരാണ്. എന്നിരുന്നാലും നാരായണഗുരുകുലം ഹിന്ദു മതത്തിലെ മഠം, ആശ്രമം എന്നെല്ലാം പറഞ്ഞുപോരുന്നതിനോട് സമമായിരിക്കുകയാല്‍ ഗുരുകുലത്തിന്റെ ഭരണപരമായ ആവശ്യത്തിനും, അദ്ധ്യാത്മജ്ഞാനത്തിന്റെ അനുസ്യൂതമായ നിലനില്പിനും സഹായകമായിരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ പരമ്പരയെ തെരെഞ്ഞെടുക്കുന്നത് എപ്പോഴും ലൗകികബന്ധം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചിട്ടുള്ള ത്യാഗികളില്‍ നിന്നായിരിക്കും. ഇതു നാരായണഗുരു രചിച്ച ആശ്രമം എന്ന കൃതിയില്‍ ഗുരുതന്നെ എടുത്തു പറഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ശ്രീ. ജോണ്‍സ്‌പീയേഴ്‌സ്, സ്വാമി മംഗലാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരെ നടരാജഗുരു അനുക്രമം തന്റെ ശിഷ്യപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു ഗുരുകുലത്തിന്റെ ഭാവി ഭരണത്തിന് അധികാരവും അവകാശവുമുള്ളവരാക്കിത്തീര്‍ത്തത്.

1923-ല്‍ എല്ലാ കുടുംബബന്ധങ്ങളും ഉപേക്ഷിച്ചു ത്യാഗിയായി വന്നു നീലഗിരിയില്‍ ഗുരുകുലം സ്ഥാപിച്ചു നടത്തിപ്പോന്ന നടരാജ ഗുരുവിന്റെ ത്യാഗത്തെ അംഗീകരിച്ചുകൊണ്ട് 1926-ല്‍ നാരായണഗുരു അദ്ദേഹത്തിനു പീതാംബരം നല്കുകയുണ്ടായി. ഗുരുകുലത്തിന്റെ സ്ഥാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞു തൃശ്ശൂരില്‍വച്ച് രജിസ്റ്റര്‍ ചെയ്ത സന്ന്യാസി സംഘമായ ശ്രീനാരായണ ധര്‍മ്മ സംഘമുണ്ടാക്കിയപ്പോള്‍ നടരാജഗുരുവിനെ ടി സംഘത്തിന്റെ ഉപദേഷ്ടാവായിക്കൂടി നാരായണഗുരു ഉദ്ദേശിച്ചിരുന്നു. നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏകലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികമായ ശാസ്ത്രവിജ്ഞാനം നേടുവാനും, അദ്ധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. നടരാജഗുരു പാരീസില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1928 സെപ്റ്റംബര്‍ മാസത്തില്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. അതിനുശേഷം സൊര്‍ ബോണില്‍ നിന്നും 'ഡിലിറ്റ്' ബിരുദം നേടി ഇന്‍ഡ്യയില്‍ മടങ്ങി വന്ന നടരാജഗുരു ഇന്‍ഡ്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്ത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗുരുനാരായണ ദാര്‍ശനിക സാഹിത്യം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.

നാരായണഗുരുകുലത്തിന്റെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്തു സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ ഫേണ്‍ഹില്‍, ബൊളാരെ (ബാംഗ്ലൂര്‍) ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഈറോഡ്, എരിമയൂര്‍, ആലത്തൂര്‍, വൈത്തിരി, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പാലക്കാഴി (മണ്ണാര്‍കാട്) കൊട്ടേക്കാട് (പാലക്കാട്) എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള പ്രധാന ഗുരുകുലങ്ങള്‍ അമേരിക്കയിലെ പോര്‍ട്ട്‌ലണ്ട്, വാഷിങ്ങ്ടണ്‍ ഫിജി എന്നിവിടങ്ങളിലാണ്.

ഗുരുധർമ്മ പ്രചരണാർത്ഥം
ശിവഗിരി സേവാസമിതി

0 comments:

Post a Comment