Saturday 4 April 2015

മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം




വൈദികമഠത്തിന്റെ മുറ്റത്ത് മഞ്ഞവെയിൽ ചാഞ്ഞുവീഴുന്നതു നോക്കിയിരിക്കെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ഗുരുസ്വാമി ശിഷ്യനോട് ചോദിച്ചു.

'ടാഗോറിന്റെ വിശ്വഭാരതിയെക്കുറിച്ച് കേട്ടുവോ?'

'ഉവ്വ്... പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിദ്യാലയമാണത്. അതിന് ധനസമ്പാദനത്തിനായി ഇന്ത്യമുഴുവൻ മഹാകവി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.'

പിറ്റേന്ന് രാവിലെ സ്വാമി വീണ്ടും ശിഷ്യനെ വിളിച്ചു: 'വിശ്വഭാരതിയെക്കുറിച്ച് ഒരു കുറിപ്പ് സംഘടിപ്പിക്കണം.'

ശിഷ്യൻ ടാഗോർ നടത്തിയ പ്രഭാഷണത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു. തന്റെ മഹാവിദ്യാലയത്തെക്കുറിച്ച് കവിയുടെതന്നെ വാക്യങ്ങൾ വായിച്ചുകേട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ മുഖം സൂര്യപ്രഭയേറ്റ താമരദളംപോലെ തിളങ്ങി.

'നമ്മുടെ മനസിലുള്ള അതേ ആശയം തന്നെ.'

അല്പനേരം കഴിഞ്ഞ് മഹാകവി കുമാരനാശാനും സംഘവും ശിവഗിരിയിലെത്തി. കുമാരനാശാൻ തൃപ്പാദസമക്ഷം വിഷയം അവതരിപ്പിച്ചു:

'മഹാകവി ടാഗോർ കൊളംബ് സന്ദർശനംകഴിഞ്ഞ്കവടിയാർ കൊട്ടാരത്തിൽ തിരുമനസിന്റെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. സ്വാമി തൃപ്പാദങ്ങളെക്കാണാൻ അദ്ദേഹം വളരെമുമ്പേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതൊരു അസുലഭ അവസരമായി തോന്നുന്നു. അദ്ദേഹത്തെ ഇങ്ങോട്ടു ക്ഷണിക്കണമെന്നാണ് അടിയങ്ങളുടെ അഭിപ്രായം. സ്വാമി അനുവദിക്കുമെങ്കിൽ...' ഇത് മുൻകൂട്ടി അറിഞ്ഞായിരുന്നുവോ സ്വാമി വിശ്വഭാരതിയെക്കുറിച്ച് കുറിപ്പ് അന്വേഷിച്ചു വരുത്തിച്ചതെന്നാലോചിച്ച് അടുത്തുനിന്ന ശിഷ്യൻ അമ്പരന്നു.

'പണം വേണം. ഉണ്ടോ?' സ്വാമി ചോദിച്ചു.

'സ്വാമി തൃപ്പാദങ്ങൾ ഒപ്പമുണ്ടെങ്കിൽ...'

ഗുരു ഒന്നും മിണ്ടിയില്ല.മൗനം സമ്മതമെന്നു കരുതി അവർ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

കൊടിതോരണങ്ങളാൽ ശിവഗിരിയും പരിസരവും അലങ്കരിക്കപ്പെട്ടു. കുന്നിന്റെ താഴ്വരയിൽനിന്ന് വൈദികമഠത്തിലേക്കുള്ള വഴിയിൽ വിലകൂടിയ പരവതാനി വാങ്ങി വിരിച്ചു. മുത്തുക്കുടകളും ഗജവീരന്മാരും ആലവട്ടവും വർണാഭമായ ജാഥയും അണിനിരന്നു. അറിഞ്ഞും പറഞ്ഞും ജനാവലി അങ്ങോട്ടൊഴുകിക്കൊണ്ടിരുന്നു. ആനപ്പുറത്ത് ബുദ്ധന്റെ ചിത്രമാണ് എഴുന്നള്ളിച്ചത്. ഒരുക്കങ്ങൾ കാണാൻ ഗുരുസ്വാമി തൃപ്പാദങ്ങൾ വൈദികമഠം വിട്ടിറങ്ങിവരാത്തതിൽ ശിഷ്യർക്ക് നിരാശതോന്നി. അന്നേദിവസം രാവിലെ മുതൽ മഠത്തിന്റെ വാതിൽ തുറന്നിട്ടേയില്ല. സ്വാമിതൃപ്പാദങ്ങളുടെ ധ്യാനം മുറിഞ്ഞിട്ടുമില്ല.

ഉച്ചകഴിഞ്ഞതോടെ പെരുമഴയായി. സകലവിധ അലങ്കാരങ്ങളും ആനയും ആളും നനയുകയാണ്. വഴികൾ വെള്ളക്കെട്ടിലായി. ടാഗോർ വരാൻ വൈകുമെന്ന് സി. എഫ്. ആൻഡ്രൂസിന്റെ കമ്പി വന്നു. അത് തൃപ്പാദങ്ങളെ അറിയിക്കണമെന്നുണ്ട്. പക്ഷേ, ധ്യാനം മുറിക്കുന്നതെങ്ങനെ? 'സ്വാമി എല്ലാം അറിയുന്നുണ്ട്' എന്നു പറഞ്ഞ് ആശാൻ ശിഷ്യരെ സമാധാനിപ്പിച്ചു. ആറ്റിങ്ങലിൽ ടാഗോർ എത്തിയതറിഞ്ഞ് സംഘാടകരിൽ ഒരാൾ കാറുമായി അങ്ങോട്ടു പാഞ്ഞു. വഴിക്ക് ടാഗോറിനെയും സംഘത്തെയും കണ്ടു. മഴപെയ്ത് വഴികൾ നാശമായതിനാൽ ശിവഗിരി സന്ദർശനം വേണ്ടെന്നുവച്ച് കൊല്ലത്തേക്ക് പോവുകയാണെന്ന് ആൻഡ്രൂസ് പറഞ്ഞു. സംഘാടകൻ വ്യസനപ്പെട്ടു: 'വലിയ ഒരു ജനാവലിയും ഞങ്ങളുടെ കൺകണ്ട ദൈവവും അവിടെകാത്തിരിക്കുമ്പോൾ നിങ്ങൾക്ക് മടങ്ങാനാവുമോ?' അങ്ങനെ അവർ വർക്കലയിലേക്ക് വാഹനം തിരിച്ചു. അല്പം മുമ്പുവരെ റോഡിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് എവിടെ?

മഴതോർന്ന്പ്രഭവിടർന്ന അന്തരീക്ഷത്തിൽ കുളിച്ചൊരുങ്ങിയ ശിവഗിരിക്കുന്ന് കണ്ട് വിശ്വമഹാകവി ആശ്ചര്യചകിതനായി. ഡോ. പല്പു നൽകിയ ഹാരവും ഏറ്റുവാങ്ങി അദ്ദേഹം ബംഗ്ലാവിൽ വിശ്രമിച്ചു. ആഢംബരങ്ങൾക്ക് വലിയ പണം ചെലവായതിനാൽ വിശ്വഭാരതിക്കുവേണ്ടി കൊടുക്കാൻ സംഭാവനയൊന്നും സംഘാടകർ കരുതിയിരുന്നില്ല. കേരളത്തിന്റെ ഗുരുദേവനും ബംഗാളിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം സ്വർഗീയമാക്കുക എന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.

അപ്പോൾ അപ്രതീക്ഷിതമായി സദസിലേക്ക് ശുഭ്രവസ്ത്രധാരി കടന്നുവന്നു. എവിടെയോ കണ്ടുമറന്ന മുഖം? അദ്ദേഹം എല്ലാവരെയും നോക്കി പുഞ്ചിരിച്ചിട്ട് വിശ്വമഹാകവിക്ക് വന്ദനം പറഞ്ഞു. കാൽലക്ഷത്തോളം രൂപ ടാഗോറിന്റെ പാദസമക്ഷം വച്ചു. 'എല്ലാം എന്റെ ഗുരുവിന്റെ ഇച്ഛപ്രകാരം' എന്നുപറഞ്ഞ് തൊഴുതു മടങ്ങി. ടാഗോറിനാവട്ടെ വർണാഭമായ വരവേല്പിനെക്കാൾ തന്റെ വിശ്വഭാരതിക്ക് കിട്ടിയ ആ സഹായധനമാണ് ഏറെ സംതൃപ്തി നൽകിയത്.

വൈദികമഠം തുറന്നു. ബാലാർക്കനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ ഉദിച്ചുനിന്നു. ഇരുകൈകളും നീട്ടി അന്നാദ്യമായി സ്വാമി ഒരു അതിഥിയെ വരവേറ്റു. ഹർഷ പുളകിതനായി ടാഗോർ ആ ദിവ്യസ്പർശം ഏറ്റുവാങ്ങി. അവർ തമ്മിലുള്ള സംഭാഷണത്തിന് ദ്വിഭാഷിയാകാൻ ചുമതലപ്പെടുത്തിയിരുന്നത് ഗുരുസ്വാമി തമ്പിയെന്നു വിളിച്ചിരുന്ന പി. നടരാജനെ (നടരാജഗുരു) ആയിരുന്നു. ആ സമയം പെട്ടെന്ന് മറ്റൊരാൾ (കുമാരനാശാന്‍) വന്ന് ദൗത്യം കവർന്നെടുത്തു. അതുകണ്ട് നടരാജൻ പിൻവലിഞ്ഞു. തമ്പിയുടെ ഹൃദയം മുറിയുന്നതറിഞ്ഞ് ഗുരു നിർന്നിമേഷനായി.

ഗുരുസ്വാമി ചെയ്യുന്ന നല്ലകാര്യങ്ങളെ ടാഗോർ പ്രകീർത്തിച്ചു.

'നാം ഒന്നും ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും ചെയ്യാനാവുമെന്നും തോന്നുന്നില്ല' എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. അപരന് അവകാശപ്പെട്ട മുതലും സ്ഥാനവും ആഗ്രഹിക്കുകയോ കവർന്നെടുക്കുകയോ ചെയ്യരുതെന്ന ഗുരുപാഠം മറന്ന ദ്വിഭാഷിക്ക് അതിന്റെ ശരിയായ അർത്ഥം വിശദമാക്കാൻ കഴിഞ്ഞില്ല.

അതറിഞ്ഞിട്ടെന്നപോലെ ടാഗോർ പറഞ്ഞു: 'സ്വാമി ജനങ്ങളുടെ കണ്ണ് തെളിച്ചുകൊടുക്കണം'

ഗുരു: 'അവരുടെ കണ്ണു തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവർക്ക് കാണാൻ കഴിയുന്നില്ല.'

ആ ഗുരുമൊഴിയുടെ അർത്ഥതലം മനസിലാക്കാൻ ടാഗോറിന് ദ്വിഭാഷിയുടെ ആവശ്യം വേണ്ടിവന്നില്ല. മടങ്ങുമ്പോൾ ടാഗോർ ഡോ. പല്പുവിനോടുചോദിച്ചു:

'ബംഗാളിൽ കൊണ്ടുവരാമോ ഗുരുസ്വാമിയെ ?'

ഒരു വലിയലക്ഷ്യത്തിന്റെ സാഫല്യത്തിനായി സഹായംതേടിയാണ് ടാഗോർ വരുന്നതെന്ന് ഗുരുവിന് അറിയാമായിരുന്നു. അതിന് പണംകൊടുത്തു സഹായിക്കണം. കഴിവുണ്ടോ? എന്നായിരുന്നു ഗുരു ആശാനോടു ചോദിച്ചത്. വരവേല്പിന്റെ ആർഭാടങ്ങൾക്കായി ചെലവിട്ട പണം ആ മഹത്തായ ലക്ഷ്യത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ഗുരു ആഗ്രഹിച്ചു. സദസിന് അപരിചിതനായ ഒരാൾവന്ന് ടാഗോറിന് പാദകാണിക്കവച്ചതിന്റെ അടുത്ത നിമിഷമാണ് വൈദികമഠം തുറക്കപ്പെട്ടതെന്ന കാര്യം ഏവർക്കും അത്ഭുതകരമായി. അതിഥിയുടെ ആവശ്യമറിഞ്ഞ സത്കാരമാണ് ശരിയായ അതിഥി യജ്ഞം എന്ന് പ്രവൃത്തിയാൽ ബോദ്ധ്യപ്പെടുത്തുകയായിരുന്നു വിശ്വമഹാഗുരു!

വിശ്വഭാരതിയിലൂടെ ബംഗാൾ കണ്ണുതുറന്നു. അതിനാൽ അവർക്കിന്നും ഒരു ഗുരുദേവനേ ഉള്ളൂ; അത് ടാഗോറാണ്. ഗുരു മൊഴിഞ്ഞതുപോലെ, നാം അവരേക്കാൾ മുമ്പേ കണ്ണുതുറന്നു. പക്ഷേ, കാണേണ്ടത് കണ്ടില്ല. അതിനാൽ നമുക്കിന്ന് ഒരുപാട് 'നക്ഷത്രഗുരുക്കന്മാർ' "ദേവന്മാര്‍". കെട്ടിപ്പിടിക്കുന്നു.. ശിവലിംഗം വായീന്ന് ശര്ടിക്കുന്നു.. ഭസ്മമെടുക്കുന്നു...മോതിരമെടുക്കുന്നു.. മാലയെടുക്കുന്നു... തുളുന്നു ചാടുന്ന...പലരും 24 മണിക്കൂറും പല്ലും വെളിയില്‍ കാണിച്ചിരിക്കുന്നു. മന്ദസ്മിതം തൂകുകയാണെന്നു ഭക്തര്‍ (?)...

എന്താണ് ശ്രീനാരായണ ഗുരു ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രവും ഇല്ലാത്തത് ??? ചിന്തിക്കുക....

കണ്ണിൽക്കാണുന്നതും കൈയിൽകിട്ടുന്നതുമെല്ലാം വാരിവലിച്ചെടുത്തിട്ട് മനസിനും ദേഹത്തിനും അജീർണ്ണം മാത്രം മിച്ചം...

ഈ അരുമയാം മഹാഗുരുവിനെ ആരറിയുന്നഹോ വിചിത്രം....

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍
http://gurudharma.blogspot.in/2015/03/blog-post_8.html

0 comments:

Post a Comment