Saturday, 25 April 2015

ആത്മോപദേശ ശതകം (ശ്ലോകം - 1)

അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍ 
ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം

ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന, അഥവാ ആഗ്രഹിക്കുന്ന ഒരു വ്യക്തി പ്രധാനമായും അനുഷ്ടിക്കേണ്ട ഒരു സാധനയെ ആണ് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ ഈ ആദ്യ ശ്ലോകത്തില്‍ തന്നെ നമ്മോടു ഉപദേശിക്കുന്നത്.  ആത്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ട് പറയുന്നത് ബോധം (Consciousness) എന്നത് ഈ ശരീരത്തില്‍ മാത്രമുള്ള ഒന്നല്ല; മറിച്ച് എങ്ങും നിറഞ്ഞു വിലസുന്ന പ്രപഞ്ചബോധത്തില്‍ (Universal Consciousness) ആണ് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് എന്നാണ്. പക്ഷെ വാസനകളാല്‍ അനുഷ്ടിക്കപ്പെട്ട കര്‍മ്മങ്ങളുടെ ഫലമായി ഈ ശരീരത്തില്‍ ഒതുങ്ങിക്കൂടുവാന്‍ വിധിക്കപ്പെട്ട നമുക്ക്, ആ പ്രപഞ്ച ബോധത്തെ അറിയുവാനോ അറിഞ്ഞു അനുഭവിക്കുവാനോ കഴിയുന്നില്ല, മറിച്ച് ഈ കൊച്ചു ശരീരത്തിലെ ബുദ്ധിയും മനസ്സും ഉപയോഗിച്ച് നാം അതിനെ അറിയുവാനും പഠിക്കുവാനും ശ്രമിക്കുന്നു എന്നതിനാല്‍ പരാജയപ്പെടുകയും ചെയ്യുന്നു...!

അതിനാല്‍ എങ്ങിനെ വിജയം വരിക്കണം എന്നും, എങ്ങിനെ സാധന അനുഷ്ഠിക്കണം എന്നുമാണ് ഗുരുദേവന്‍ മുകളിലെ ശ്ലോകത്തില്‍ നമ്മോടു ആവശ്യപ്പെടുന്നത് ''കണ്ണുകളഞ്ചുമുള്ളടക്കി, തെരുതെരെ വീണു വണങ്ങിയോതിടേണം''. അഞ്ച് ഇന്ദ്രിയങ്ങളെയും ഉള്ളടക്കി; അതായത് ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം എന്നീ വിഷയങ്ങളില്‍ നിന്നും കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളെ അവയുടെ വാസനാ വിഷയങ്ങളില്‍ നിന്നും അകറ്റി, ഉള്ളില്‍ അടക്കി നിര്‍ത്തിയതിനു ശേഷം ആ സത്യത്തെ തിരയണം, അറിയണം, ചോദിക്കണം മനനം ചെയ്യണം എന്നാണ്. 

ഇതാണ് പ്രശ്നം. ഒരു നിമിഷം പോലും ഇന്ദ്രിയ നിഗ്രഹം സാധ്യമല്ലാത്ത ജീവിയായ മനുഷ്യന് ഇത് എങ്ങിനെ സാധ്യമാകും...? ഗുരുദേവാ  ഞങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതെ ആശിപ്പിക്കല്ലേ; ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണും എന്ന് വേണ്ട മനുഷ്യനെ വഴി തെറ്റിക്കാന്‍ വേണ്ട എല്ലാം മുന്നില്‍ വച്ച് തന്നിട്ട് ഞങ്ങളോട് ഇത് തന്നെ പറയണം...!

ഗുരു: നീ മുന്‍പ് ചെയ്തിട്ടുള്ള ഒരു കാര്യം ചെയ്യുവാന്‍ ഇപ്പോള്‍ എന്താ ഇത്ര പ്രയാസം..? ഞാന്‍ ഉപദേശിച്ച ഈ സാധന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ വളരെ ഭംഗിയായി അനുഷ്ടിച്ചിട്ടുള്ളതാണ്...! അന്ന് നിനക്ക് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നു. നിന്റെ കഴിഞ്ഞു പോയ ജന്മങ്ങളെ കുറിച്ചും, അതില്‍ നടന്ന ഓരോ സംഭവങ്ങളെ കുറിച്ചും നീ ഭംഗിയായി ഓര്‍ത്തിരുന്നു.

ഞാന്‍: ഗുരുദേവന്‍ എന്താണീ പറയുന്നത്...? സാധനയോ..? അതും ഞാനോ..? എന്ന്...? എപ്പോള്‍...? എവിടെ വച്ച്...? എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ മിക്കവാറും എനിക്ക് ഓര്‍മ്മയുണ്ടല്ലോ. പക്ഷെ ഈ പറയുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  പണ്ട് ചെറുപ്പത്തില്‍ പുരാണങ്ങള്‍ ഒക്കെ വായിച്ച് കുറച്ചു നേരം കണ്ണടച്ച് "നമശിവായ" ജപിച്ച് ഇരുന്നിട്ടുണ്ട് "വല്‍സാ കണ്ണ് തുറക്കൂ" എന്നും പറഞ്ഞു ഭഗവാന്‍ ഇപ്പോള്‍ വരും എന്നും കരുതി....! ഭഗവാന്‍ എവിടെ വരുന്നു...? ഇരുന്നു ചന്തി കഴയ്ക്കുന്നത് മിച്ചം :) 

ഗുരു: ഇതാണല്ലോ എല്ലാവരുടെയും പ്രശ്നം. അകത്തുള്ളതിനെ ആദ്യം തിരയൂ എന്നിട്ട് പോരെ പുറത്തുള്ള ഭഗവാനെ തിരയുന്നത്...? ഞാന്‍ പറയുന്ന ഈ സാധന നീയടക്കമുള്ള ഈ ലോകത്തിലെ എല്ലാ ജീവികളും അനുഷ്ടിച്ചിട്ടുണ്ട്, അതും ഈ ജന്മത്തില്‍ തന്നെ.  ജനിക്കുന്നതിനു മുന്‍പുള്ള ഏതാനും മാസങ്ങള്‍ മാതാവിന്റെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് നീ എന്നല്ല സകല മനുഷ്യരും, ജീവികളും സ്വയം അറിയാതെ ഈ സാധന അനുഷ്ഠിക്കുന്നു.  ആ സമയത്ത് കഴിഞ്ഞുപോയ ജന്മങ്ങളെ കുറിച്ചും അതില്‍ ചെയ്ത കര്‍മ്മങ്ങളെ കുറിച്ചും നീ ഓര്‍ത്തിരുന്നു...!

ഞാന്‍: വെറുതെ എന്നെ വട്ടു പിടിപ്പിക്കല്ലേ ഗുരോ...! പുനര്‍ജ്ജന്മം എന്ന ഒന്നുണ്ടോ...? ഉണ്ടെങ്കില്‍ എന്തുകൊണ്ട് എനിക്കിപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്ല...? ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ..?

ഗുരു: നീ ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും കോടാനു കോടി വര്‍ഷങ്ങള്‍ ആയി ഈ പ്രപഞ്ചത്തില്‍ ഉള്ളവ തന്നെയല്ലേ...? പക്ഷെ ഇന്ന് നീ കാണുന്ന ആകൃതിയിലും പേരുകളിലും ആയിരുന്നില്ല എന്ന് മാത്രം. മണ്ണില്‍ നിന്നും ഇരുമ്പും സിമന്റും ഇഷ്ടികയും ഉണ്ടാക്കി അതുപയോഗിച്ച് ഉണ്ടാക്കുന്ന രൂപത്തെ നാം കെട്ടിടം എന്ന് വിളിക്കുന്നു. സത്യത്തില്‍ മണ്ണില്‍ നിന്നും അന്യമാണോ കെട്ടിടം..? അത് തകര്‍ത്തു പൊടിച്ചാല്‍ വീണ്ടും മണ്ണായി മാറുന്നില്ലേ...? ഇങ്ങനെ ഇന്ന് നീ കാണുന്ന എല്ലാം മറ്റൊരു രൂപത്തിലും നാമത്തിലും കോടാനു കോടി വര്‍ഷങ്ങളായി ഇവിടെ ഉള്ളത് തന്നെയാണ്. അങ്ങിനെയെങ്കില്‍ ഈ ജഡവസ്തുക്കളെ എല്ലാം അറിയുന്ന ചൈതന്യമായ നീ ഇപ്പോള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കുന്നത് അല്ലേ ഏറ്റവും വലിയ അന്ധവിശ്വാസവും യുക്തിഹീനതയും...? നീ ജനിച്ച ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ...? മുട്ടുകുത്തി ഇഴഞ്ഞതും നടക്കാന്‍ പഠിച്ചതും ഓര്‍മ്മയുണ്ടോ..? ഓര്‍മ്മയില്ല എന്ന് കരുതി അന്ന് നീ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ...? നിന്റെ ശരീരത്തില്‍ ഇന്നുള്ള മൂലകങ്ങള്‍ ഇന്നലെ മറ്റൊരു ജീവിയുടെ ശരീരത്തില്‍ സ്ഥിതി ചെയ്തവ ആയിരിക്കില്ലേ...? ഇനി നാം മരിച്ച് പോയാല്‍ നമ്മുടെ ശരീരത്തിലെ ഈ മൂലകങ്ങള്‍ മറ്റൊരു ജീവിയുടെ ശരീരത്തില്‍ എത്തുകയില്ലാ എന്നുണ്ടോ...? അങ്ങിനെയെങ്കില്‍ കഴിഞ്ഞുപോയ കോടാനു കോടി വര്‍ഷങ്ങളില്‍ ഈ ശരീരത്തിന്റെ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു...?

ഞാന്‍: അത് ശരിയാണല്ലോ...! ഗുരുദേവന്‍ പറയുന്നത് എനിക്ക് കുറേശ്ശെയായി മനസ്സിലാവുന്നുണ്ട്, എവിടെയോ ഒരു ചെറിയ മിന്നല്‍ പോലെ...! പക്ഷെ അനുഭവിക്കാതെ ഞാന്‍ എങ്ങിനെ ഇതിനെ സ്വീകരിക്കും..?

ഗുരു: ഞാന്‍ പറഞ്ഞത് നീ വിശ്വസിക്കണം എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ലല്ലോ, എല്ലാം സ്വയം അനുഭവിച്ച് അറിയാന്‍ ഉള്ളതല്ലേ...? ശാന്തമായ ഒരിടത്ത് സ്വസ്ഥനായി ഇരിക്കൂ, ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന ഒരു കുഞ്ഞാണ് നീയെന്നു സ്വയം സങ്കല്‍പ്പിക്കൂ. ആ സമയത്ത് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും എന്ത് പ്രയോജനം ? കാരണം നാം മനുഷ്യന്‍ ആണോ, മറ്റ് ഏതെങ്കിലും ജീവിയാണോ..? നാം ഇപ്പോള്‍ എവിടെയാണ് മുതലായ ലൌകികമായ ഒന്നും തന്നെ അപ്പോള്‍ നിന്ന ബാധിക്കുന്നതല്ല. കേവലം ഞാന്‍ എന്ന ബോധം മാത്രം പ്രകാശിക്കും. ലൌകിക വിഷയങ്ങള്‍ പൊന്തി വരുന്നുവെങ്കില്‍ അതിനെ സാവധാനം പ്രയത്നം കൂടാതെ തന്നെ അകറ്റി നിര്‍ത്തൂ, പണ്ട് ബോധിവൃക്ഷത്തിനു ചുവട്ടിലിരുന്നു ശ്രീബുദ്ധനും മരുത്വാമാലയില്‍ ഇരുന്നുകൊണ്ട് ഞാനും അനുഷ്ടിച്ചത് ഈ സാധന തന്നെയാണ്...! എന്റെ അനുഭവമാണ് ഞാന്‍ ഈ ശ്ലോകത്തില്‍ നിങ്ങളോട് പറഞ്ഞത്...!

ഞാന്‍: പക്ഷെ ഗുരോ, ശ്രീബുദ്ധനും അങ്ങും സ്വന്ത ബന്ധങ്ങള്‍ ഇട്ടെറിഞ്ഞു പോയത് മൂലം മാത്രമല്ലേ ഇതിനൊക്കെ സാധിച്ചത്...? ഞങ്ങള്‍ സാധാരണക്കാര്‍ വീടും കുടുംബവും ആയി കഷ്ടപ്പെടുന്നവര്‍ ഈ സാധനയോക്കെ എങ്ങിനെ അനുഷ്ഠിക്കും...?

ഗുരു: ഞങ്ങള്‍ ആരെ ഇട്ടെറിഞ്ഞു പോയി...? ഞങ്ങള്‍ ജീവിച്ചത് പോലും നിങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ...? സമൂഹത്തില്‍ നില നിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി നിങ്ങളെയെല്ലാം ഈ ചോദ്യം ചോദിക്കുന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയല്ലേ ഞങ്ങള്‍ ജീവിച്ചത്...? ഒരു ചെറിയ കുടുംബത്തിനു പകരം ഈ ലോകത്തെ മുഴുവന്‍ കുടുംബമായി സ്വീകരിക്കുകയല്ലേ ഞങ്ങള്‍ ചെയ്തത്..?  ഞങ്ങള്‍ ചുമന്ന സമൂഹ ജീവിതഭാരത്തിന്റെ ഒരു അംശം വരുമോ, നിങ്ങളുടെ കുടുംബ ജീവിതഭാരം...?

ഞാന്‍: എന്റെ അറിവില്ലായ്മയെല്ലാം ക്ഷമിച്ച് മാപ്പ് നല്‍കിയാലും ഗുരുദേവാ. ആദ്യ ശ്ലോകത്തില്‍ പറയുന്ന സാധനാ മാര്‍ഗ്ഗം ഉപദേശിച്ച് തന്ന അങ്ങേയ്ക്ക് എന്റെ കോടി പ്രണാമം. ബാക്കി 99 ശ്ലോകങ്ങള്‍ എവറസ്റ്റ് കൊടുമുടി പോലെ ഇപ്പോഴും മുന്നില്‍ കിടക്കുന്നു, ഓരോന്നും സംശയമന്യേ മനസ്സിലാകുവാന്‍ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം..!

ഗുരു: ഈ ഗ്രന്ഥം എഴുതിയത് പോലും അറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണല്ലോ; അപ്പോള്‍ പ്രത്യേകിച്ചൊരു അനുഗ്രഹം ആവശ്യമുണ്ടോ...? അത് എപ്പോഴും ഉള്ളതാണ്...!
-----------------------------------------------------------------
കരുണാ വാരിധിയായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ എന്റെ സാഷ്ടാംഗ പ്രണാമം....!
(It's just an imaginary conversation between me and Guru, so pardon me if I am wrong anywhere)
=================================
An Article by: Sudheesh NamaShivaya
=================================
http://gurudharma.blogspot.in/2015/04/1.html?spref=fb

0 comments:

Post a Comment