Saturday, 4 April 2015
ഗുരുദർശനം ആനയാണ്, നമ്മൾ അന്ധരും
വലിയ ചുണ്ടൻവള്ളങ്ങൾ മത്സരിക്കാനെത്തുന്ന പുന്നമടക്കായലിനു കുറുകേ ഒരു കൊച്ചുവള്ളത്തിലിരുന്നാണ് യാത്ര. ആകാശം മഴമേഘങ്ങൾ നിറഞ്ഞ് വിങ്ങിനില്ക്കുന്നു. വൻ ഹൗസ്ബോട്ടുകളുടെ ഓളങ്ങളിൽ വള്ളം ഉലയുന്നുണ്ട്.
"ഈ വഴിക്ക് പണ്ട് ഗുരുദേവൻ വന്നിരുന്നു. ഇതുപോലൊരു ചെറിയവള്ളത്തിൽ. ഇവിടം ജലോത്സവത്തിന് പറ്റിയ ഇടമാണെന്ന് അന്ന് സ്വാമി അരുൾചെയ്തതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.' നെഹ്രുട്രോഫി വാർഡിലെ എസ്.എൻ.ഡി.പിയോഗം ശാഖാപ്രസിഡന്റ് കാർത്തികേയൻ പറയുന്നു. ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെ ഓരോ കഥ കേൾക്കാം. എവിടെയും എല്ലാവർക്കും കാത്തുവയ്ക്കാൻ എന്തെങ്കിലും നല്കാതെ സ്വാമിതൃപ്പാദങ്ങൾ മടങ്ങുക പതിവില്ലായിരുന്നല്ലോ.
വാസ്തവത്തിൽ ഒരു പുരുഷായുസ് ഗുരുവിനെ അറിയാൻ നീക്കിവച്ചാൽ നമുക്ക് ലഭിക്കുന്നത് ഈ കൊച്ചുവള്ളത്തിന്റെ വിസ്തൃതിയിലുള്ള ജ്ഞാനമായിരിക്കും. അഗാധമായ ഈ ജലപ്പരപ്പും തലയ്ക്കുമുകളിലെ അനന്തമായ ആകാശവുംപോലെ ഗുരുസ്വരൂപം പിന്നെയും ആണ്ടു പരന്ന് കിടക്കും. ഹൗസ്ബോട്ടുകളുടെ ഓളങ്ങൾപോലെ പ്രതിസന്ധികളും സഹജവാസനകളും ജീവിതമാകുന്ന കൊച്ചുവള്ളത്തെ ഇതുപോലെ ഉലച്ചുകൊണ്ടിരിക്കും. മഹിമാവാർന്ന ഗുരുപദസ്മരണയുണ്ടെങ്കിൽ മാത്രമേ നമുക്ക് കരയേറാൻ സാധിക്കൂ. അല്ലെങ്കിൽ പിടിവിട്ട് ആഴക്കെട്ടിലേക്ക് പതിക്കും. പിന്നെ ഒരു ശിലാഖണ്ഡംതേടി ബ്രഹ്മസ്വരൂപൻ വരുന്നതുവരെ വെള്ളത്തിനടിയിൽ ചെളിയിൽപുതഞ്ഞ് കിടക്കേണ്ടിവരും,
ഏഴുദിവസത്തെ ഗുരുദേവ ദിവ്യപ്രബോധന യജ്ഞം നടക്കുകയായിരുന്നു കുട്ടനാട്ടിൽ. അതിന്റെ സമാപനദിവസം ഗുരുഭക്തരോട് സംവദിക്കാനാണ് ഈ യാത്ര.
പണ്ട്, 25 വർഷത്തെ പ്രവർത്തനംകൊണ്ട് വെറും 4200 അംഗങ്ങളുമായി ശുഷ്കിച്ചുനിന്ന എസ്.എൻ.ഡി.പി യോഗം അതിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തി നൽകുമാറാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യോഗത്തെ ശക്തിപ്പെടുത്താൻ ഗുരുദേവൻ തന്റെ പ്രിയശിഷ്യൻ ടി.കെ. മാധവനെ അയച്ചത് ഈ കുട്ടനാടിന്റെ മണ്ണിലേക്കായിരുന്നു. "ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. യോഗത്തിന് ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു' എന്നൊരു കുറിപ്പും തൃപ്പാദങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി ശിഷ്യന് നല്കി.
സ്വാമിയുടെ അനുഗ്രഹവാക്യവുംകൊണ്ട് കുട്ടനാട്ടിലെത്തിയ ടി.കെ. മാധവനെ മണ്ണിന്റെ മക്കൾ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. പുളിങ്കുന്ന് കുന്നുമ്മേൽ സന്മാർഗ പ്രകാശിനി സഭാംഗമായ സി.കെ. കുഞ്ഞുകൃഷ്ണൻ, കുറ്റിക്കാട്ട് ശങ്കരൻ ചാന്നാർ എന്നിവർ ഉത്സാഹത്തോടെ കൂടെനിന്നു. മൂന്നുതവണകൊണ്ട് അവർ നൽകിയ നൂറുരൂപയായിരുന്നു മാധവന്റെ മൂലധനം. കുട്ടനാടൻ ജനതയെ ജാതിതിരിച്ചുകാണാതെ അവരുടെ അവകാശപ്പോരാട്ടങ്ങളിലും പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആളും അർത്ഥവുമായി മാധവനും കൂട്ടരും നിലകൊണ്ടു. അവർക്കായി ഒരുമയുടെ കുടക്കീഴൊരുക്കിയത് ശ്രീനാരായണഗുരു എന്ന ദിവ്യനാമം മാത്രമായിരുന്നു. വെളിയനാട്, കാവാലം, ചാത്തംകരി, കുമരകം, ചങ്ങംകരി, തകഴി, കുന്നുമ്മ, കഞ്ഞിപ്പാടം, ചമ്പക്കുളം, പൊങ്ങ, പുളിങ്കുന്ന്, കുട്ടമംഗലം, പള്ളാത്തുരുത്ത് എന്നിവിടങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന് വേരോടി. മൂന്നുമാസക്കാലത്തെ പ്രവർത്തനംകൊണ്ട് 3100 അംഗങ്ങളാണ് ചേർന്നത്. ടി.കെയുടെ പ്രഭാഷണവും സത്യദേവന്റെ ഹരികഥയുമായിരുന്നു പ്രചാരണായുധങ്ങൾ. ഗുരു എന്ന സത്യസ്വരൂപത്തോട് നീതിപുലർത്തുന്ന സമീപനമായിരുന്നു അവരുടേത്. സാഹിത്യം, മതം, സമുദായ- രാഷ്ട്രീയ ചരിത്രം എന്നിവയെല്ലാം നല്ല അറിവുള്ളവരെ കൊണ്ടുവന്ന് കർഷകജനതയ്ക്ക് പകർന്നുകൊടുത്തു. സംഘവഴക്കുകളും കക്ഷിമത്സരങ്ങളും സിവിൽ- ക്രിമിനൽകേസുകളും രാജിയാക്കി. സംഘടനകൊണ്ട് എങ്ങനെ ശക്തരാകാം എന്ന് കേരളം കണ്ടത് കുട്ടനാട്ടിൽ ഗുരുശിഷ്യർ നടത്തിയ ഈ ജൈത്രയാത്രയിൽനിന്നായിരുന്നു.
വള്ളം യജ്ഞവേദിയിലേക്ക് അടുക്കാറായി. അവിടെ പ്രഭാഷണം നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ പാലത്തിന്റെ കൈവരിയിൽ ചാരി അക്കരെ പട്ടണത്തിന്റെ ആകാശച്ചെരുവിലേക്ക് നോക്കി നില്ക്കുകയാണ് ഒരുപറ്റം യുവാക്കൾ. ഹാളിനുള്ളിൽ കുറച്ച് അമ്മമാരും വൃദ്ധജനങ്ങളും മാത്രം.
മൈക്കിനുമുന്നിൽ നില്ക്കുമ്പോൾ, `എന്തു പറയാനാണ് വന്നിരിക്കുന്നത് ' എന്ന ചോദ്യഭാവമാണ് സദസ്യരുടെ മുഖത്തു കണ്ടത്. `നന്ദി പറയാൻ വന്നതാണ്' എന്ന് മറുപടി. `എന്തിന്' എന്നായി അവർ. `ഒരു പിടിച്ചോറിന്' എന്നുത്തരം. `കേരളത്തിന്റെ മണ്ണിൽ ജനിച്ചവരാരും നിങ്ങൾ നല്കിയ ഒരു പിടി ചോറുണ്ണാതെ മരിച്ചിട്ടുണ്ടാവില്ലല്ലോ കുട്ടനാട്ടുകാരേ' എന്ന് അല്പം വിശദമാക്കി. പുറംലോകത്തിന്റെ ആഡംബരജീവിതത്തോട് കിടപിടിക്കാനാവാതെ ഇന്നും ചെളിയും വെള്ളവും കൈത്തോടും കൊതുമ്പുവള്ളവുമൊക്കെയായി കഴിയുന്നതിന്റെ നിരാശകളിൽനിന്ന് അവർ ഉണരുന്നത് കണ്ടു. ഈ വിസ്തൃതമായ ഭൂലോകത്ത് തന്റെ കാല്പാദം താങ്ങുന്ന മണ്ണിന് അതിന്റേതായ പവിത്രതയും സമ്പന്നതയും ഉണ്ടെന്ന ബോധമാണ് ഓരോവ്യക്തിയിലും അഭിമാനബോധം ഉണർത്തുന്നത്. അത് തൊട്ടുണർത്തിയപ്പോൾ പാലത്തിന്റെ കൈവരികളിൽ ചെറിയ അനക്കം തട്ടിത്തുടങ്ങി. കുറച്ചു യുവാക്കൾ ഹാളിനുള്ളിൽ വന്ന് ഗുരുവിനെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടു തുടങ്ങി. ഗുരുവിനെ അറിയുന്നതുകൊണ്ടും ചരിത്രകഥകൾ കേൾക്കുന്നതുകൊണ്ടും എന്ത് പ്രയോജനം എന്ന ചിന്തയാണ് പുത്തൻതലമുറയെ ഇത്തരം യജ്ഞവേദികളിൽനിന്ന് അകറ്റുന്നത്. സ്വന്തം ജീവിതത്തെ ഇത്തരം അറിവുകൾ എങ്ങനെ പരിപോഷിപ്പിക്കും എന്നവർക്ക് അറിയില്ല. ഗുരുദർശനത്തെ ജീവിതപരിസരവുമായി ബന്ധിപ്പിച്ച് പറഞ്ഞുകൊടുക്കാൻ നമ്മൾ തയ്യാറാകുന്നുമില്ല. ഇന്ന് സ്വീകരണങ്ങളും പ്രതിഷേധങ്ങളും മാത്രമായി സംഘടനാപ്രവർത്തനം ചുരുങ്ങിപ്പോകുകയാണ്. ഗുരുവിനെ അറിയുന്നത് അവനവനെ അറിയാൻ വേണ്ടിയാണെന്നതാണ് ഒന്നാം പാഠം. സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ ഒരു പ്രതിസന്ധിക്കും തളർത്താനാവില്ല. ജാതി, മതം, ദേശം എന്നീ വികാരങ്ങൾകൊണ്ട് കുറച്ചുപേരെ ഒന്നിപ്പിക്കാം. അതേസമയം അവർ മറ്റുള്ളവരിൽനിന്ന് അകലുന്നു എന്നോർക്കണം. ഗുരു എന്നനാമം ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാൻ കരുത്തുള്ളതാണ്. അത് തിരിച്ചറിയാതെ ഗുരുവിനെ അറിയുന്നു എന്ന് നടിക്കുകയാണ്, ആനയെ കണ്ട അന്ധരെപ്പോലെ നമ്മൾ.
ഒരിക്കൽ ഗുരുവും ശിഷ്യരും രമണമഹർഷിയെ ദർശിക്കാനെത്തിയ സന്ദർഭമാണ് ഓർമ്മവരുന്നത്. ഗുരു രമണമഹർഷിയുടെ ശിഷ്യരോടു ചോദിച്ചു, "നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ?'
"അറിയാം.'
സ്വന്തം ശിഷ്യരോടു ചോദിച്ചു. അവരും പറഞ്ഞു "അറിയാം.' ഗുരു അതുകേട്ട് മൗനമായിരുന്നു. കുറച്ചുകഴിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: "അപ്പോൾ നമുക്ക് മാത്രമാണല്ലേ അറിയാത്തത്...'
By: Sajeev Krishnan
http://gurudharma.blogspot.ae/2015/03/blog-post_11.html
0 comments:
Post a Comment