Saturday 4 April 2015

ശ്രീനാരായണ സന്ദേശവാഹക സംഘത്തിന് മാർപ്പാപ്പയുടെ ആശീർവാദം


വത്തിക്കാൻസിറ്റി - ശിവഗിരിയിൽ നിന്നുള്ള ശ്രീനാരായണ സന്ദേശവാഹക സംഘത്തിന് ലോക കത്തോലിക്കാസഭയുടെ വിശുദ്ധ പിതാവായ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മാർപ്പാപ്പ പ്രത്യേകം അനുമോദിച്ചു. മാർപ്പാപ്പയെ സ്വാമി ഗുരുപ്രസാദ് തങ്കവർണ്ണ പട്ട്ഷാൾ അണിയിച്ചാദരിക്കുകയും ശിവഗിരി മഠത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവൻ 1914ൽ രചിച്ച ദൈവദശകം വിശ്വപ്രാർത്ഥനയുടെ ഇംഗ്ലീഷ് പരിഭാഷ ആലേഖനം ചെയ്ത ഫലകം വേൾഡ് പീസ് മിഷൻ ജനറൽ സെക്രട്ടറി ബാബു തോമസ് പുതിയപറമ്പിൽ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.
ദൈവദശകം രചനാശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിയിൽ നിന്ന് പുറപ്പെട്ട ഗുരുസന്ദേശ പഠനയാത്ര റോമിലെത്തിയത് മുതൽ സംഘവുമായി മാർപ്പാപ്പയുടെ ഒാഫീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇന്നലെ വത്തിക്കാനിലെത്തിയ സംഘത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത് . വത്തിക്കാൻ ചത്വരത്തിന്റെ പ്രവേശനകവാടത്തിൽ പാപ്പയുടെ നിർദ്ദേശ പ്രകാരം വത്തിക്കാൻ പ്രതിനിധി ഫാദർ സാന്റിയാഗോ എതിരേറ്റു. ചത്വരത്തിനകത്ത് വിശാലമായ സദസ്സിൽ പാപ്പാവേദിയുടെ വലതുഭാഗത്ത് ശിവഗിരി സംഘത്തിലെ ഒൻപത് പേർക്ക് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളാണ് നൽകിയത്. വിശാലമായ വത്തിക്കാൻ ചത്വരത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ശ്രീനാരായണ സന്ദേശവുമായെത്തിയ സംഘത്തെ മാർപ്പാപ്പ മൂന്ന് തവണ പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘത്തിലെ മറ്റ് അംഗങ്ങൾക്കെല്ലാം പാപ്പാവേദിയുടെ സമീപം തന്നെയാണ് ഇരിപ്പിടങ്ങൾ ലഭിച്ചത്. സ്വാമി ഗുരുപ്രസാദടക്കം ഒൻപത് പേർക്കാണ് മാർപ്പാപ്പയെ നേരിൽ കാണാൻ പ്രത്യേക അനുമതി ലഭിച്ചത്. സ്വാമി വിശാലാനന്ദ ഗുരുദേവ ചിത്രമടങ്ങുന്ന ലഘുലേഖയും സ്വാമി ശങ്കരാനന്ദ ഗുരുവിന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്രഗ്രന്ഥവും മാർപ്പാപ്പയ്ക്ക് നൽകി. ശിവഗിരിമാസികയുടെ എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ രചിച്ച ' കർത്താവായ യേശുവിന്റെയും മോശയുടെയും നാട്ടിൽ' എന്ന പുസ്തകം മാർപ്പാപ്പ ഏറ്റുവാങ്ങി .
ഗുരുധർമ്മപ്രചാരണസഭ ജോയിന്റ് രജിസ്ട്രാർ ഡി.അജിത് കുമാർ, കോ-ഓർഡിനേറ്റർ അശോകൻ വേങ്ങാശേരി, മുംബയ് ശ്രീനാരായണമന്ദിരസമിതി ചെയർമാൻ എം.ഐ.ദാമോദരൻ, ഫാദർ പ്രിൻസ് ജോസഫ് എന്നിവരെയും മാർപ്പാപ്പ ആശിർവദിച്ചു. കേരളകൗമുദി മാഗസിൻ എഡിറ്റർ മഞ്ചു വെള്ളായണിയും മാർപ്പാപ്പയെ സന്ദർശിച്ച 82 അംഗ സംഘത്തിലുണ്ട്.
വിശ്വപ്രസിദ്ധമായ സെന്റ്പീറ്റേഴ്സ് കത്തിഡ്രലിൽ മൈക്കലാഞ്ചലോയുടെ ചിത്രകലാവിരുതിന്റെ ഉജ്ജ്വല വിളംബരമായ സിസ്റ്റൈൻചാപ്പൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങി പത്ത് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് ഏപ്രിൽ ആറിന് സംഘം മടങ്ങിയെത്തും .
മാർപ്പാപ്പയെ കാണാൻ സൗകര്യമൊരുക്കിയ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, കെ.സി.ബി.സി പരമോന്നത അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ്ബാവ , ആർച്ച് ബിഷപ്പ് ഡോ: സൂസെപാക്യം എന്നിവർക്ക് സ്വാമി ഗുരുപ്രസാദ് പ്രത്യേക നന്ദി അറിയിച്ചു.

0 comments:

Post a Comment