Saturday, 7 March 2015
ഗുരുക്കന്മാര്‍ മൂന്നു തരം...!
വളരെ പണ്ട്, ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു, മറ്റു ഗ്രാമങ്ങളില്‍ നിന്നും വേര്‍പെട്ട് ഒരുപാട് ദൂരെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ഗ്രാമം. വളരെ വലിയ ഒരു ഘോര വനത്തിനോട് ചേര്‍ന്നായിരുന്നു ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്. വളരെ ഭയാനകമായ ആ വനത്തില്‍ പകല്‍ പോലും കൂരിരുട്ട് ആയിരിക്കും എന്നതിനാല്‍ ആരും തന്നെ ആ വനത്തിനടുത്ത് പോലും പോകാറില്ല, മാത്രമല്ല, അതിനകത്തേക്ക് ആരെങ്കിലും എന്നെങ്കിലും പോയിട്ടുണ്ട് എങ്കില്‍ തന്നെ അവരാരും ഒരിക്കലും തിരിച്ച് വരാറുമില്ല. ചില സമയങ്ങളില്‍ ആ വനത്തിനകത്ത് നിന്നും ചില ശബ്ദങ്ങളും അലര്‍ച്ചകളും മറ്റും കേള്‍ക്കാറുള്ളത് കൊണ്ട് ആ വനത്തിനു സമീപം പോകാന്‍ പോലും എല്ലാവര്ക്കും ഭയമായിരുന്നു. ആ വനത്തിനകത്ത് നരഭോജികളായ രാക്ഷസന്മാരും മറ്റു വന്യ മൃഗങ്ങളും ഉണ്ട് എന്നായിരുന്നു ഗ്രാമവാസികള്‍ വിശ്വസിച്ചിരുന്നത്.
ഈ ഗ്രാമത്തോട് ചേര്‍ന്നുള്ള കൃഷിഭൂമിയില്‍ കൃഷി ചെയ്തും അതില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തുക്കള്‍ കച്ചവടം ചെയ്തും ആ ഗ്രാമവാസികള്‍ അങ്ങിനെ സുഖമായി ജീവിച്ചുപോരുന്ന കാലത്ത് ആ ഗ്രാമത്തെ കഠിനമായ ഒരു വരള്‍ച്ച ബാധിച്ചു. സൂക്ഷിച്ച് വച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ എല്ലാം കഴിഞ്ഞു തുടങ്ങിയപ്പോള്‍ ധനികരായവര്‍ അവര്‍ക്ക് കഴിയാവുന്നത്ര ഭക്ഷണ സാമഗ്രികള്‍ വാങ്ങി ശേഖരിച്ച് വച്ചു, അത് മൂലം ദരിദ്രരായവര്‍ക്ക് ഒട്ടും തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെ വരികയും അവരുടെ ജീവിതം കൂടുതല്‍ കഠിനമാക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ ഗ്രാമത്തിലെ ജീവിതം നരക തുല്യമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എല്ലാ വീടുകളിലും വിശന്നു പിടയുന്ന കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ മുഴങ്ങി, പട്ടിണിയും ദാരിദ്ര്യവും അസുഖങ്ങളും മൂലം ആദ്യം കുഞ്ഞുങ്ങളും പിന്നെ പ്രായപൂര്‍ത്തി ആയവര്‍ പോലും മരണത്തിനു കീഴടങ്ങാല്‍ തുടങ്ങി. ശേഷിച്ചവര്‍ ഓരോ നിമിഷവും മരണത്തെ മുന്നില്‍ കണ്ടു പട്ടിണിയില്‍ ഓരോ ദിവസവും തള്ളി നീക്കി.
ഇതേ ഗ്രാമത്തില്‍ മൂന്നു സന്യാസിമാരും ജീവിച്ചിരുന്നു. സാധാരണയായി ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ഭിക്ഷയെടുത്തായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ഗ്രാമത്തിന്റെ ഈ അവസ്ഥയില്‍ അവരും പട്ടിണിയിലായി. കയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ ആര് ഭിക്ഷ കൊടുക്കും..? കാരണം കയ്യില്‍ ഉള്ളത് കഴിഞ്ഞാല്‍ പിന്നെ ഭിക്ഷ കൊടുക്കുന്നവര്‍ പിന്നീട് എന്ത് ഭക്ഷിക്കും...? അങ്ങിനെ വിശന്നു വലഞ്ഞ ഒരു സന്യാസി ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ എത്തി, അതായത് നേരത്തെ മുകളില്‍ പറഞ്ഞ വനം. സന്യാസി ചിന്തിച്ചു, ഈ വനത്തിനു അകത്തേക്ക് പോയാല്‍ എന്തെങ്കിലും കിട്ടിയാലോ? ഇനി വല്ല മൃഗങ്ങളും എന്നെ പിടിച്ച് തിന്നുമോ...? എന്തായാലും സാരമില്ല ശരീരം എന്നായാലും ഉപേക്ഷിക്കണം പക്ഷെ വിശന്നു പൊരിഞ്ഞു മരിക്കാന്‍ വയ്യ. രണ്ടും കല്‍പ്പിച്ച് സന്യാസി വനത്തിനു അകത്തേക്ക് നടന്നു. ഇരുട്ടില്‍ തപ്പിത്തടഞ്ഞും ഉരുണ്ടു വീണും ദേഹത്തില്‍ ചില മുറിവുകളും മറ്റും ഉണ്ടായി എങ്കിലും സന്യാസി മുന്നിലേക്ക് തന്നെ നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഇരുട്ട് നീങ്ങി, അവിടമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ദിവ്യമായ പ്രകാശം. അവിടെ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. നിറയെ ഫല വൃക്ഷങ്ങള്‍, അതില്‍ നിറയെ പല നിറത്തിലും തരത്തിലും ഉള്ള ഫലങ്ങള്‍. വിശന്നു വലഞ്ഞ സന്യാസി വേഗം തന്നെ കുറെ പഴങ്ങള്‍ പറിച്ച് കഴിച്ച് വിശപ്പടക്കി. ഇനിയുള്ള കാലം ഇവിടെ തന്നെ കഴിയാം. ധ്യാനത്തില്‍ ഇരിക്കാന്‍ ആരുടെ ശല്യവും ഇല്ല. ഇഷ്ടം പോലെ ഭക്ഷണവും കഴിക്കാം, അടുത്ത് തന്നെയുള്ള അരുവിയില്‍ കുളിക്കാം, ഇതില്‍ പരം എന്ത് വേണം...? അദ്ദേഹം അവിടെ സ്ഥിരതാമസം തുടങ്ങി.
രണ്ടാമത്തെ സന്യാസിയും ഇത് പോലെ വിശന്നു വലഞ്ഞു വനത്തിനു അടുത്തെത്തി, ആദ്യത്തെ സന്യാസി ചെയ്തത് പോലെ അദ്ദേഹവും വനത്തിനു അകത്തേക്ക് കയറി, കഷ്ടപ്പെട്ട് നേരത്തെ പറഞ്ഞ ഉദ്യാനത്തില്‍ എത്തി. അവിടുത്തെ കാഴ്ച കണ്ടു സന്തോഷം കൊണ്ട് തുള്ളിച്ചാടി അവിടെ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു "എല്ലാവരും ഇങ്ങോട്ട് പോന്നോളൂ ഇവിടെ ഇഷ്ടം പോലെ പഴങ്ങള്‍ ഉണ്ട്" എന്ന്. ഗ്രാമവാസികളില്‍ ചിലര്‍ ഇത് കേട്ടു, പക്ഷെ അവര്‍ കരുതി കാട്ടിലെ രാക്ഷസന്മാര്‍ നമ്മെ ചതിക്കാന്‍ വിളിക്കുന്നതാണ്; പട്ടിണി കിടന്നാലും വേണ്ടില്ല, രാക്ഷസന്റെ കൈ കൊണ്ട് മരിക്കാന്‍ വയ്യ എന്ന് പറഞ്ഞു ഭയന്ന് വിറച്ച് കഴിഞ്ഞു കൂടി. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഉദ്യാനത്തില്‍ എത്തിയത് എന്നത് കൊണ്ട് ആ സന്യാസിയും തിരിച്ച് പോരാതെ വനത്തിനകത്ത് തന്നെ താമസമാക്കി.
മൂന്നാമത്തെ സന്യാസിയും ഇപ്രകാരം വളരെ ബുദ്ധിമുട്ടിയും ക്ലേശങ്ങള്‍ അനുഭവിച്ചും മേല്‍ പറഞ്ഞ ഉദ്യാനത്തില്‍ എത്തി. ഫലവൃക്ഷങ്ങള്‍ കണ്ടു വളരെ അധികം സന്തോഷത്തോടെ കുറച്ച് ഫലങ്ങള്‍ കഴിച്ച് വിശപ്പടക്കി. പക്ഷെ ഗ്രാമവാസികളുടെ അവസ്ഥ ആലോചിച്ചപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. വേഗം തന്നെ ധരിച്ചിരുന്ന മേല്‍മുണ്ട് എടുത്ത് അതില്‍ കുറെ ഫലങ്ങള്‍ പറിച്ച് ശേഖരിച്ചു. തന്നെക്കൊണ്ട് എടുക്കാന്‍ കഴിയുന്ന അത്രയും അധികം ഫലങ്ങളും കൊണ്ട് കഷ്ടപ്പെട്ട് വനത്തിനത്ത് നിന്നും ഗ്രാമത്തിലേക്ക് തിരിച്ച് വന്നു. കണ്ടവര്‍ക്ക് എല്ലാം ഫലങ്ങള്‍ നല്‍കി. ശേഷിച്ചവരോട് എന്റെ കൂടെ പോന്നോളൂ, ഞാന്‍ നിങ്ങളുടെ ദുഃഖം ശമിപ്പിക്കാം എന്ന് പറഞ്ഞു അവരെ കാട്ടിന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, ഉദ്യാനം കാണിച്ചു കൊടുത്തു. പഴം പറിക്കാന്‍ അവരുടെ കൂടെ നിന്ന് സഹായിച്ചു, അങ്ങിനെ ആ ഗ്രാമത്തിന്റെ മുഴുവന്‍ സങ്കടവും അകറ്റി. ഗ്രാമവാസികള്‍ എല്ലാവരും ദുഃഖമകന്ന്‍ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു.
ഇനിയാണ് കഥയുടെ സാരം...
ആത്മസാക്ഷാത്കാരം നേടിയ ഗുരുക്കന്മാരും ഇങ്ങനെ മൂന്നു വിധം ഉണ്ട്.
ഒന്നാമത്തെ കൂട്ടര്‍ ചില ഗുഹയിലും വനത്തിലും ഒക്കെ പോയി അങ്ങ് കഴിയും, എല്ലാം മായ, സ്വന്തം കാര്യം സിന്ദാബാദ്. എല്ലാവരും അവരുടെ കര്‍മ്മ ഫലം അനുഭവിക്കുന്നു അതില്‍ എനിക്കെന്ത് കാര്യം...? ആത്മാനന്ദത്തില്‍ ലയിച്ച് അവര്‍ അങ്ങിനെ കഴിഞ്ഞു കൂടും.
രണ്ടാമത്തെ കൂട്ടര്‍ ഒരു ആശ്രമം ഒക്കെ കെട്ടിപ്പൊക്കി അവിടെ അങ്ങിനെ ഇരിക്കും, അവരെ തേടി വരുന്നവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. വേണമെങ്കില്‍ വന്നോ എടുത്തോ. എന്തായാലും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലില്ല. എല്ലാവരും അവരവരുടെ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നു. അവരും അങ്ങിനെ ആത്മാനന്ദത്തില്‍ ലയിച്ച് അങ്ങിനെ കഴിഞ്ഞു കൂടും.
മൂന്നാമത്തെ തരം ഗുരുക്കന്മാര്‍ ലോകത്തില്‍ വളരെ വളരെ അപൂര്‍വ്വമാണ്. ഒരു കോടിയില്‍ ഒന്ന് എന്നു വേണമെങ്കില്‍ പറയാം. കാരണം അവര്‍ സത്യത്തെ സാക്ഷാത്കരിച്ച് ആത്മാവ് അഥവാ ബ്രഹ്മം മാത്രമാണ് സത്യം, കാണുന്നത് എല്ലാം മായയാണ് എന്ന് അറിഞ്ഞതിനു ശേഷവും, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലും. അവരുടെ സങ്കടങ്ങള്‍ തീര്‍ത്ത് കൊടുക്കും, അവരുടെ കണ്ണുനീര്‍ ഒപ്പിയെടുക്കും. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള ഗുരുക്കന്മാര്‍ സാക്ഷാത് ഈശ്വരന്റെ പൂര്‍ണ്ണാവതാരം ആണ് എന്ന് നിശ്ശംസയം പറയാം.
ആത്മ സാക്ഷാത്കാരം നേടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ദുഃഖങ്ങള്‍ തീരത്ത് കൊടുത്ത അപൂര്‍വ്വം ഗുരുക്കന്മാരില്‍ രണ്ടു പേരാണ് ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവും. മലയാള മണ്ണിന്റെ പുണ്യമായ "ശ്രീനാരായണ ഗുരുദേവന്‍" സാക്ഷാത്കാരം നേടി ഒരു ഗുഹയില്‍ ഇരിക്കുകയോ , ആശ്രമം സ്ഥാപിച്ച് ഒതുങ്ങി കൂടുകയോ ചെയ്യാതെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന്‍ ആ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്ത്, അജ്ഞാനത്തിന്റെ അന്ധതയില്‍ കിടന്നിരുന്ന മുഴുവന്‍ മനുഷ്യ സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ചു.
ഒരു രാജകുമാരന്‍ ആയിരുന്ന ശ്രീബുദ്ധന്‍ തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ ദുഖവും ദുരിതവും കണ്ടു സഹിക്കാന്‍ വയ്യാതെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സന്യാസിയായി അലഞ്ഞു തിരിഞ്ഞ് പ്രപഞ്ച സത്യം സ്വയം അന്വേഷിച്ചറിഞ്ഞു. ശേഷം എവിടെയും ഇരുന്നു സമയം കളയാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന്‍ അന്ധവിസാസങ്ങളിലും അനാചാരങ്ങളിലും ജാതി - ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥകളിലും നശിച്ചിരുന്ന മനുഷ്യ സമൂഹത്തെ മുഴുവന്‍ നേരായ മാര്‍ഗ്ഗത്തിലേക്ക് ആനയിച്ചു. അതാതു കാലങ്ങളില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുവാന്‍ അവതരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍. അവരെയാണ് നാം ഗുരുവായി സ്വീകരിക്കേണ്ടതും. മറിച്ച് സാങ്കല്‍പ്പിക കഥാപാത്രങ്ങളെയോ ഏതെങ്കിലും ഗുഹയിലോ ആശ്രമത്തിലോ ഇരുന്നു സിദ്ധികള്‍ കാണിക്കുന്ന ഇന്ദ്രജാലക്കാരെയോ അല്ല.
ഈ ഗുരുക്കന്മാര്‍ അവര്‍ നേടിയ ജ്ഞാനമാകുന്ന വനത്തില്‍ നിന്നും നമുക്ക് പറിച്ച് നല്‍കിയ പഴങ്ങള്‍ ആണ് അവരുടെ ഉപദേശങ്ങളും കൃതികളും. ഗുരുക്കന്മാര്‍ ആ ഉപദേശങ്ങളാകുന്ന പഴങ്ങള്‍ നമുക്ക് നല്‍കിയത് ഭുജിക്കുവാന്‍ വേണ്ടിയാണ്, ഏതെങ്കിലും പുസ്തകത്തില്‍ അച്ചടിച്ച് അലമാരയില്‍ സൂക്ഷിച്ച് വയ്ക്കുവാന്‍ വേണ്ടിയല്ല. അവരുടെ ഉപദേശങ്ങള്‍ സത്യം അന്വേഷിക്കുന്ന എല്ലാവര്ക്കും ജാതി-മത ഭേദമന്യേ ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാ ജീവിത ദുഖങ്ങളും അകറ്റുവാന്‍ കഴിയുന്ന ആത്മാനന്ദത്തിന്റെ ഫലം ഭുജിക്കുവാന്‍ ഇനിയും വൈകുന്നത് ഒട്ടും നല്ലതല്ല. ഈ ജന്മം പാഴാക്കിയാല്‍; ഇനിയുള്ള ജന്മത്തില്‍ ഒരു പക്ഷെ ഇങ്ങനെയുള്ള ഗുരുക്കന്മാരെയോ അവരുടെ കൃതികളെയോ അറിയുവാനോ പഠിക്കുവാണോ ഉള്ള ഭാഗ്യം നമുക്ക് ലഭിക്കണം എന്നുമില്ല.
അതിനാല്‍ നൈമിഷികമായ ജീവിതത്തെ വെറുതെ നശിപ്പിച്ച് കളയാതെ എത്രയും വേഗം നമുക്ക് ആ മഹാഗുരുക്കന്മാര്‍ നമുക്ക് ഭിക്ഷയായി നല്‍കിയ അറിവിന്റെ ഫലങ്ങള്‍ ഭുജിക്കാം...!
0 comments:
Post a Comment