Thursday 5 March 2015

ചാവക്കാടിനടുത്ത്‌ കളത്തില്‍ വേലപ്പന്റെ മകള്‍ കുഞ്ഞമ്മയ്ക് (ദേവകി) കാല്‍മുട്ടിന് കീഴെ കഠിനമായ വേദന അനുഭവപ്പെട്ടു. അത് പിന്നീട് ശരീരം മുഴുവനുമായി മാറി, ശരീരത്തിന്റെ പല ഭാഗത്തും വ്രണങ്ങളായി. ചികില്‍സയൊക്കെ ചെയ്തു, ആയുര്‍വ്വേദവും അലോപ്പതിയും മാറി മാറി പ്രയോഗിച്ച് നോക്കി, ഭേദമായില്ല. അവസാനം അവര്‍ അന്ന് ചാവക്കാട് ആശ്രമത്തില്‍ ഉണ്ടായിരുന്ന പ്രഥമ ഗുരുദേവ ശിഷ്യനായ ശിവലിംഗദാസ സ്വാമികളെ പോയി കണ്ടു. സ്വാമികള്‍ രോഗവിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ് അവരെ സമാധാനിപ്പിച്ചു. സ്വാമികളുടെ കല്പനപ്രകാരം അവര്‍ ആലുവയില്‍ അദ്വൈതാശ്രമത്തില്‍ എത്തി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനെ ദര്‍ശിച്ചനുഗ്രഹം തേടി. ഗുരുദേവന്‍ എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം
ഗുരു: വൈദ്യന്‍ അവസാനമായി എന്ത് പറഞ്ഞു...?
ആഗതര്‍: കാലിന്റെ എല്ലിനുള്ളിലാണ് വേദന. അത് ശരീരമാസകലം വ്യാപിച്ചിരിക്കുകയാണ്. കാല്‍ മുറിച്ച് കളയണമെന്നാണ് വൈദ്യന്മാര്‍ പറഞ്ഞിരിക്കുന്നത്.
ഗുരു: ജ്യോത്സ്യന്‍ എന്ത് പറഞ്ഞു...?
(തങ്ങള്‍ ജ്യോത്സ്യനെ കണ്ടത് ഗുരുദേവന്‍ എങ്ങിനെ അറിഞ്ഞു എന്ന ആകാംക്ഷയോടെ അവര്‍ തമ്മില്‍ തമ്മില്‍ നോക്കിയതിനു ശേഷം)
ആഗതര്‍: ജ്യോത്സ്യനെ കണ്ടു സ്വാമി, ഒരു പിശാച് ശരീരത്തില്‍ പ്രവേശിച്ചിരിക്കുകയാണ്, പിശാചിനെ ഒഴിപ്പിച്ചാലേ രോഗം മാറൂ എന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ഹോമം നടത്തിയാല്‍ പിശാചിനെ മാറ്റാന്‍ സാധിക്കും, ഹോമത്തിനുള്ള ചാര്‍ത്ത് കൊണ്ടുവന്നിട്ടുണ്ട്. (ഇപ്രകാരം പറഞ്ഞുകൊണ്ട് ആഗതര്‍ നല്‍കിയ ചാര്‍ത്ത് ഗുരുദേവന്‍ വാങ്ങി നോക്കി)
ഗുരു: നാം ഒരു ഹോമം നടത്തിയാല്‍ മതിയോ...?
ആഗതര്‍: തൃപ്പാദങ്ങള്‍ എന്ത് ചെയ്താലും മതിയാകും...
ഗുരുദേവന്‍ ആ ചാര്‍ത്ത് സമീപത്ത് ജ്വലിച്ചുകൊണ്ടിരുന്ന നിലവിളക്കിനു നേരെ നീട്ടി ഭസ്മമാക്കിക്കളഞ്ഞു, ശേഷം കുറച്ച് നേരം മൌനമായിരുന്നു. (ഇന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഹോമങ്ങളും യാഗങ്ങളും ജല്പിച്ച്, അതിനായി കോടികള്‍ ചിലവിട്ടു സത്രം നടത്തുന്ന "നാമമാത്ര പണ്ഡിത ശിരോമണികള്‍" ഗുരുദേവന്‍ നടത്തിയ ഈ ഈ ഹോമം എന്തെന്ന് അറിയാന്‍ ശ്രമിച്ചാല്‍ അത് മനുഷ്യ സമൂഹത്തിനു മുഴുവന്‍ നന്മയായി തീരും)
ആഗതര്‍: സ്വാമീ, മകളുടെ രോഗകാര്യം...?
(ഗുരുദേവന്‍ ആ കുട്ടിയെ അടുത്ത് വിളിച്ചു...)
ഗുരു: കുഞ്ഞേ ദൈവത്തില്‍ വിശ്വാസമുണ്ടോ...?
കുട്ടി: (തൊഴുതുകൊണ്ട്) ഉവ്വ് സ്വാമീ...
ഗുരു: ദൈവം സര്‍വ്വവ്യാപിയും സര്‍വ്വ ശക്തനുമാണെന്ന് കേട്ടിട്ടുണ്ടോ...?
കുട്ടി: കേട്ടിട്ടുണ്ട്...
ഗുരു: ദൈവം സര്‍വ്വവ്യാപിയാണ് എന്ന് പറഞ്ഞാല്‍ ദൈവം മാത്രമേ ഉള്ളൂ എന്നാണര്‍ത്ഥം. കുട്ടിക്ക് മനസ്സിലായോ...?
(കുട്ടി മനസ്സിലാകാതെ നിന്നു)
ഗുരു: ഒന്ന് സര്‍വ്വവ്യാപിയാണ് എന്ന് പറഞ്ഞാല്‍ അത് മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളൂ. വേറെ ഏതെങ്കിലും ഉണ്ടെന്നു വച്ചാല്‍ അത് സര്‍വ്വവ്യാപി ആകില്ല.
കുട്ടി: അതെ സ്വാമി, ദൈവം സര്‍വ്വവ്യാപിയാണ്...
ഗുരു: അപ്പോള്‍ ദൈവം മാത്രമല്ലേ ഉള്ളൂ...?
കുട്ടി: അതെ, ദൈവം മാത്രമേയുള്ളൂ..
ഗുരു: ദൈവം മാത്രമേയുള്ളൂ എങ്കില്‍ പിശാചുണ്ടോ..?
കുട്ടി: പിശാച്ചില്ല സ്വാമീ...
ഗുരു: പിശാചില്ലെങ്കില്‍ പിന്നെ രോഗമുണ്ടോ...?
കുട്ടി: രോഗമില്ല സ്വാമീ...
ഗുരു: എന്നിട്ടാണോ നമ്മോടു രോഗമുണ്ടെന്ന് പറഞ്ഞത്...? ഇല്ല, രോഗമില്ല. കുട്ടിയ്ക്ക് പൂര്‍ണ്ണ സുഖമായിരിക്കുന്നു.
അവര്‍ സമര്‍പ്പിച്ച പഴത്തില്‍ നിന്നും ഒരെണ്ണമെടുത്ത് ഗുരുദേവന്‍ ആ കുട്ടിയ്ക്ക് കൊടുത്ത് അനുഗ്രഹിച്ചു. ഗുരുദേവന്‍ തന്റെ തൃക്കൈകൊണ്ട് കൊടുത്ത പഴത്തിന്റെ തൊലി പോലും കളയാന്‍ മനസ്സുവരാതെ കുട്ടി തൊലിയോടെ ആ പഴം തിന്നു. പിന്നെ മറ്റൊരു ചികിത്സയും ചെയ്തില്ല. അവര്‍ക്ക് പൂര്‍ണ്ണ സുഖമായി എന്ന് മാത്രമല്ല, ജീവിതത്തില്‍ ഒരിക്കലും പിന്നെ അവര്‍ക്ക് ഒരു അസുഖവും വന്നതുമില്ല. (ഈ സംഭവം പിന്നീട് അവര്‍ തന്നെ പറഞ്ഞതാണ്...)
(ശ്രീനാരായണ ശിവലിംഗം, ഗുരു സന്നിധിയിലേക്ക് ഒരു മാര്‍ഗ്ഗദീപം, പേജ് 219-221)
മുകളില്‍ പറഞ്ഞതില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ ഒരുപാടുണ്ട്, ആശയ ബാഹുല്യം കാരണം മുഴുവനും എഴുതാന്‍ കഴിയില്ല. എങ്കിലും ഒന്നു പറയാം നാം എല്ലാവരും സ്വന്തം മനസ്സില്‍ ദൈവത്തിനു കൊടുക്കുന്നതില്‍ കൂടുതല്‍ സ്ഥാനം നല്‍കുന്നത് പിശാചിനാണ്. ഒരു ശ്മശാനത്തിലൂടെ പോകുമ്പോള്‍ പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടാല്‍ നാം തിരിഞ്ഞു നോക്കും, പക്ഷെ അതൊരു ക്ഷേത്ര മുറ്റം ആണെങ്കില്‍ തിരിഞ്ഞു നോക്കില്ല. അതായത് പിശാചു നമ്മെ കാണാന്‍ വരും എന്ന് നാം വിശ്വസിക്കുന്നു, ദൈവം ഒരിക്കലും വരില്ല എന്നും വിശ്വസിക്കുന്നു. എന്താ സത്യമല്ലേ...? പിന്നെ പിശാചു നമ്മളെ എങ്ങിനെ വിട്ടു മാറും...? വിട്ടു പോകാന്‍ പിശാചു വിചാരിച്ചാലും നമ്മള്‍ പിശാചിനെ വിടില്ല എന്ന് വച്ചാല്‍...?
ദൈവവും പിശാചും എല്ലാം വിശ്വസിക്കുന്നവന്റെ മനസ്സിലാണ്. പിശാചു ഉണ്ടെന്നു വിശ്വസിക്കുന്നവനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു പരാദജീവിയാണ് തിന്മയുടെയും അജ്ഞാനത്തിന്റെയും അധര്‍മ്മത്തിന്റെയും പ്രതീകമായ പിശാച് എന്ന സങ്കല്പം. അതെ സമയം ദൈവം എന്നാല്‍ നന്മയെയും അറിവിനെയും ധര്‍മ്മത്തെയും സൂചിപ്പിക്കുന്നു. അജ്ഞാനത്തെ ഇല്ലാതാക്കാന്‍ കഴിയും, പക്ഷെ അറിവിനെ ഇല്ലാതാക്കാന്‍ കഴിയുമോ...? "നാം ശരീരമല്ല, അറിവാകുന്നു...! ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും, ജനനം മരണം ദാരിദ്ര്യം രോഗം ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല" എന്ന ഗുരുദേവ വചനങ്ങള്‍ എന്നും നമുക്ക് വെളിച്ചമാകട്ടെ...! അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറിച്ചിട്ടു നാം മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാനത്തിന്റെ ചാര്‍ത്തു കെട്ടുകള്‍ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ എരിച്ച് ഭസ്മമാക്കട്ടെ...!
കടപ്പാട്: ശ്രീനാരായണ ഗുരുദേവന്‍, ശിവലിംഗദാസ സ്വാമികള്‍, സച്ചിദാനന്ദ സ്വാമികള്‍ എന്നിവരുടെ പാദാരവിന്ദങ്ങളില്‍ അവിവേകിയായ ഈ എകലവ്യന്റെ പ്രണാമം...!
By: Sudheesh NamaShivaya
=======================
വായിക്കുക,മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക...!
=======================
ശ്രീനാരായണ-ശ്രീബുദ്ധ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും
JOIN ►►► www.facebook.com/groups/GURU.BUDDHISM ►►►
=======================

0 comments:

Post a Comment