Thursday 5 March 2015

ജഗദ്ഗുരു

മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ പിണ്ഡണ്ഠമായി രൂപപ്പെട്ട് വളര്‍ന്ന് വികസിച്ച് ഭൂമിയില്‍ പിറന്നു വീഴുന്നതുതൊട്ട് ഒരു മനുഷ്യജീവിതം സമാരംഭിക്കുകയായി. ഇത്തരത്തില്‍ ഒന്നിലധികം പേര്‍ അന്യോന്യം ആശ്രയിച്ച് സഹജീവിതം ആരംഭിക്കുന്പോള്‍ അത് ഒരു സമൂഹമായും മാറുന്നു. സമൂഹം ബന്ധവും ബന്ധനവും നല്‍കുന്നതാണ്. ഒരു സമൂഹത്തിന്‍റെ ഈടായ വ്യക്തി ജീവിതത്തില്‍ ഒരു വ്യക്തിക്ക് തനതായ സ്വഭാവത്തേയും, സ്വരൂപത്തേയും, സ്വധര്‍മ്മത്തേയും പരിരക്ഷിച്ച് പെരുമാറുന്നതിന് സാദ്ധ്യമാകുന്പോഴാണ് അവന്‍റെ ജീവിതം ധന്യമാകുന്നത്. പലപ്പോഴും സാമൂഹിക ജീവിതത്തില്‍ അതിന് കഴിയുന്നില്ല. കണ്ണുണ്ടെങ്കിലും കാണുവാനോ ചെവിയുണ്ടെങ്കിലും കേള്‍ക്കുവാനോ കൈയുണ്ടെങ്കിലും കര്‍മ്മകുശലനാവാനോ നാവുണ്ടെങ്കിലും സംസാരിക്കുവാനോ കഴിയാത്ത മാതിരി സമൂഹം വ്യക്തികളെ ബന്ധിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ അസ്വതന്ത്രനാണെന്ന് തിരിച്ചറിവുപോലും ഇല്ലാത്ത ഉറങ്ങിക്കിടക്കുന്ന ജനത്തിനെ ഉണര്‍ത്തി താന്‍ താരതന്ത്രവും പരാധീനതയും അനുഭവിക്കുന്നവനാണെന്ന ബോധം നല്‍കുന്നതിലേയ്ക്കായി ഒരാചാര്യന്‍ ആവശ്യമായിവരുന്നു. ഉണര്‍ത്തു പാട്ടുകാരനായ ഒരു നവോത്ഥാന നായകന്‍ പിന്നീടോ, ഉണര്‍ന്നെങ്കിലും അവന്‍റെ ബന്ധനത്തിന്‍റെ ഭയങ്കരതയും ദുരൂപതയും കണ്ട് ഭയപ്പെട്ട് പോകുന്നവന് ലക്ഷ്യത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിച്ച് ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളില്‍ നിര്‍ദ്ദേശം അരുളുന്ന ഒരു സദ്ഗുരു ആവശ്യമായിവരുന്നു.
ഏതോ നടുക്കടലില്‍ അകപ്പെട്ട് ദിക്കറിയാത്ത നാവികന് തന്‍റെ കപ്പലിനെ നയിക്കുന്ന നക്ഷത്രവിളക്കു നല്കുന്ന സമാശ്വാസമാണ് ഗുരുവിലൂടെ ലഭ്യമാവുക. മനുഷ്യനെ ദൈവം സ്വതന്ത്രനായി സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ എവിടെയും അവന്‍ ബന്ധനസ്ഥനായിരിക്കുകയാണ്. അറിവില്ലായ്മയുടെയും നിസ്സാഹായതയുടെയും, ഈ ബന്ധനസ്ഥതയില്‍ നിനക്കു മുന്പില്‍ വഴിയുണ്ട്. വെളിച്ചമുണ്ട്. സ്വാതന്ത്ര്യമുണ്ട്. അതിനെ ഞാന്‍ കാട്ടിത്തരാം എന്ന സദ് വാര്‍ത്തയാണ് ഗുരുക്കന്മാര്‍ നല്കുന്നത്. ഇത്തരം ലോകഗുരുക്കന്മാരുടെ സ്വാര്‍ത്ഥതകളാണ് കാലക്രമേണ വിവിധമതങ്ങളായി പരിണമിച്ചത്.
പലതരത്തിലുള്ള അസ്വാതന്ത്ര്യത്തിന്‍റേയും അജ്ഞതയുടേയും അസമത്വത്തിന്‍റെയും കെട്ടുകള്‍ അഴിച്ച് മനുഷ്യനെ മോചിപ്പിക്കുന്നതിനുവേണ്ടി ആ മതങ്ങള്‍ നിലനില്ക്കുന്നു. ഒരുവന് ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ സ്ഥാനം എല്ലാവിധമായ ദുഃഖഹേതുക്കളില്‍നിന്നും സ്വതന്ത്രനാവുക എന്നതാണ്. ഹിന്ദുക്കള്‍ അതിനെ 'മോക്ഷം' എന്നു വിളിക്കുന്നു ദുഃഖകാരണങ്ങളെല്ലാം എരിഞ്ഞില്ലാതായിപ്പോരുന്നതിനെയാണ് ബുദ്ധമതക്കാര്‍ 'നിര്‍വ്വാണം' എന്നു പറയുന്നത്. ശരിയായ മാര്‍ഗ്ഗം യേശുവിന്‍റെ വാക്കിലും വെളിച്ചത്തിലും കണ്ടെത്തുന്നതിനെ ക്രിസ്ത്യാനികള്‍ 'രക്ഷ'യെന്നു പറയുന്നു. ഈ പ്രപഞ്ചസത്യത്തെയാണ് പ്രവാചകനായ മുഹമ്മദ് നബിയും വെളിപ്പെടുത്തുന്നത്. ഇതിലൂടെ മതങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ഈശ്വര സാക്ഷാത്ക്കാരമാണെന്ന് വെളിപ്പെടുന്നു. മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം എന്നും നിലനില്‍ക്കുന്പോള്‍ മതസൗഹാര്‍ദ്ദ സമ്മേളനമല്ല മറിച്ച് മനുഷ്യസൗഹാര്‍ദ്ദ സമ്മേളനമാണ് കാലഘട്ടത്തിന്‍റെ ആവശ്യം. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുണര്‍ത്തിയത്. (അവലംബം: ഗുരുനിത്യചൈതന്യയതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന ലേഖനം.)
പ്രധാനമതങ്ങളുടെയെല്ലാം സംസ്ഥാപനകാലത്തേക്കാള്‍ നൂറിരട്ടി സങ്കീര്‍ണ്ണതയുള്ള ഇന്നത്തെ കാലത്ത് സദ് വാര്‍ത്ത കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിയുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്. ആധുനിക യുഗത്തില്‍ ഉണര്‍ത്തു പാട്ടുകാരനായും (നവോത്ഥാന നായകന്‍) സദ്ഗുരുവായും സമാഗതനായി ഒരു മതവും സ്ഥാപിക്കാതെ ഒരു മതത്തേയും നിഷേധിക്കാതെ അഖിലലോകബാന്ധവനായിത്തീര്‍ന്ന സാക്ഷാത് ശ്രീനാരായണഗുരുവിന്‍റേതാണ് ഈ സദ് വാര്‍ത്ത. സര്‍വ്വമതസമാശ്ലേഷിയായ ‘സദ് വാര്‍ത്ത‘ അതിനെ ശ്രമിക്കൂ! അതിനെ ശ്രമിക്കൂ! അതിനെ സ്വീകരിക്കൂ!



https://www.facebook.com/524320201043502/photos/a.527614570714065.1073741828.524320201043502/529419353866920/?type=1&theater

0 comments:

Post a Comment