Saturday, 7 March 2015
നാം ജാതി-മത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് അരുളി ചെയ്ത ഭഗവാന്‍ ശ്രീനാരായണ ഗുരുവിനെ ചില സമുദായം അവരുടെ ഗുരുവായും, ഒരു മതം ആ മതത്തിന്റെ ഗുരുവായും ചിത്രീകരിക്കാന്‍ പാടുപെടുന്നത് കാണുമ്പോള്‍ തോന്നുന്നത്; തലയ്ക്ക് മുകളില്‍ സൂര്യനെ കാണുന്ന ഒരു ഭ്രാന്തന്‍, തന്റെ തലയ്ക്ക് മുകളില്‍ ആയത് മൂലം ആ സൂര്യന്‍ തന്റെ മാത്രം സ്വന്തമാണ് എന്ന് പറയുന്നത് പോലെയാണ്.
ഗുരുദേവന്‍ ജനിച്ച സമുദായത്തോട് ഒരിക്കല്‍ പോലും ഗുരുദേവന്‍ പ്രത്യേകമായി ഒരു പ്രതിപത്തി കാണിച്ചിട്ടില്ല എന്ന് മാത്രമല്ല, എസ്.എന്‍.ഡി.പി യോഗത്തോട് പോലും ഗുരുദേവന്‍ ആവശ്യപെട്ടത് "നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം" എന്നാണ്. പക്ഷെ ഗുരുദേവന്‍റെ വാക്ക് ധിക്കരിക്കുന്ന സമുദായ സ്നേഹികള്‍ അന്നും ഉണ്ടായിരുന്നു എന്നത്കൊണ്ടാണ് ഗുരുദേവന് തന്നെ പിന്നീട് "നാം യോഗം വിട്ടിരിക്കുന്നു" എന്നും പ്രവചിക്കേണ്ടി വന്നത്. ഗുരുദേവ ചരിത്രം വായിച്ചിട്ടുള്ളതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഗുരുദേവനും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും സ്വന്തം സമുദായത്തെക്കാള്‍ സ്നേഹവും കാരുണ്യവും കാണിച്ചിട്ടുള്ളത് പറയ പുലയ വിഭാഗങ്ങളോടും മറ്റു ഹരിജനങ്ങളോടും ആണ് എന്നതാണ്. ശിവഗിരിയില്‍ ഗുരുദേവന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കൂടുതലും ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതില്‍ ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. സമുദായസ്നേഹം വച്ച് നോക്കിയാല്‍ അപ്പോള്‍ ഗുരുദേവന്‍ ഏത് സമുദായത്തിന്റെ ആയിട്ട് വരും...?
ഇനി ചില അഭിനവ പണ്ഡിതര്‍ അടുത്തിടെ പറഞ്ഞു തുടങ്ങിയിട്ടുള്ള ഒന്നാണ് ശ്രീനാരായണ ഗുരുദേവന്‍ "ഹിന്ദു സന്യാസി" ആണെന്ന ഒരു തമാശ. ഹിന്ദു മതത്തിന്റെ അടിത്തറയാണ് ചാതുര്‍ വര്‍ണ്ണ്യം. ചാതുര്‍ വര്‍ണ്ണ്യം ഇല്ലെങ്കില്‍ ഹിന്ദു മതം ഇല്ല. പക്ഷെ അതേ ചാതുര്‍വര്‍ണ്ണ്യത്തെ ഗുരുദേവന്‍ വിശേഷിപ്പിക്കുന്നത് "പുഴുക്കുത്ത്" എന്നാണ്. ഏതൊരു മഹത്തായ തത്വസംഹിതയിലും കാലം ചെല്ലുമ്പോള്‍ അഴുക്കുകള്‍ അടിഞ്ഞുകൂടുക എന്നത് സ്വാഭാവികമാണ്. മതത്തെ സംബന്ധിച്ച് പറയുമ്പോള്‍ അത് പക്ഷെ അടിഞ്ഞു കൂടുന്നതല്ല, കൂട്ടി ചേര്‍ക്കുന്നതാണ് എന്നതാണ് സത്യം. ഹിന്ദു മതത്തിലെ പുരോഹിത വര്‍ഗ്ഗം അവരുടെ മേധാവിത്വം ഉറപ്പിക്കുവാന്‍ മാത്രമായി ഒരു വിധം എല്ലാ ഗ്രന്ഥങ്ങളിലും ഇപ്രകാരം വളരെ ആസൂത്രിതമായി എഴുതിച്ചേര്‍ത്ത കൊടിയ വിഷമാണ് ചാതുര്‍വര്‍ണ്ണ്യം. സനാതന ധര്‍മ്മവുമായോ യഥാര്‍ത്ഥ ഹിന്ദു ധര്‍മ്മവുമായോ ചാതുര്‍വര്‍ണ്ണ്യത്തിനു പുലബന്ധം പോലുമില്ല എന്ന് മാത്രമല്ല, ധര്‍മ്മത്തിന് നേര്‍ വിപരീതമാണ് വര്‍ണ്ണം. എല്ലാവര്ക്കും ഒരേ അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് ധര്‍മ്മം. പുരോഹിതര്‍ക്ക് മാത്രം അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് വര്‍ണ്ണം. അങ്ങിനെയെങ്കില്‍ വര്‍ണ്ണം ആരുടെ സൃഷ്ടിയാണ്...?
ഇനി വേറൊരു വ്യാഖ്യാനമാണ് വര്‍ണ്ണവും ജാതിയും രണ്ടാണ് എന്നുള്ള ശുദ്ധ മണ്ടത്തരം. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ എവിടെയും ജാതി എന്ന് പറയുന്നില്ല പറയുന്നത് വര്‍ണ്ണം മാത്രമാണ്. ശൂദ്രന് വേദം പഠിക്കാന്‍ അധികാരമില്ല എന്ന ബ്രഹ്മസൂത്ര ശങ്കര ഭാഷ്യത്തെ ഗുരുദേവന്‍ വിമര്‍ശിക്കുന്നത് "ശങ്കരന്‍ പുഴുക്കുത്തുകളെ പോലും വ്യാഖ്യാനിക്കും" എന്നാണു. അവിടെ ജാതിയുടെ കാര്യത്തില്‍ ശങ്കരന് തെറ്റ് പറ്റി എന്ന് ശ്രീനാരായണ ഗുരുദേവന്‍ പറയുമ്പോള്‍ ജാതിയും വര്‍ണ്ണവും ഒന്നാണ് എന്നതിനു ശ്രീനാരായണ ഗുരുദേവന്‍റെ വാക്കുകള്‍ തന്നെ നമുക്ക് മുന്നില്‍ തെളിവായി വിളങ്ങുന്നു. ഇതൊക്കെ അറിയാത്ത "ശൂദ്ര പണ്ഡിതന്മാര്‍" ഇന്ന് ജാതിയും വര്‍ണ്ണവും രണ്ടാണ് എന്ന് മുറവിളി കൂട്ടുന്നു...!
ചാതുര്‍വര്‍ണ്ണ്യ വിഷം കലങ്ങിയ ഒന്നിനും കൊള്ളാത്ത ഒരു സംസ്കാരമായി ഹിന്ദു മതത്തെ അധ:പതിപ്പിച്ചത് അതേ മതത്തെ ഇത്രയും കാലം കൊണ്ട് നടന്നതും, ഇപ്പോള്‍ കൊണ്ട് നടക്കുന്നതുമായ പുരോഹിതവര്‍ഗ്ഗം ഒന്ന് മാത്രമാണ്. ഇന്നും ചാതുര്‍വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന വിഡ്ഢികള്‍ അറിഞ്ഞോ അറിയാതെയോ ശേഷിക്കുന്ന സനാതനമായ ഹിന്ദുധര്‍മ്മത്തെ കൂടി പൂര്‍ണ്ണമായും നശിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.
ഗുരുദേവ ധര്‍മ്മത്തില്‍ എവിടെയും ചാതുര്‍വര്‍ണ്ണ്യമില്ല, ജാതിയില്ല, സമുദായമില്ല. അതുകൊണ്ട് തന്നെ സംശുദ്ധമായ സനാതന ധര്‍മ്മമാണ് ശ്രീനാരായണ ഗുരുദേവ ധര്‍മ്മം...! അതില്‍ ചാതുര്‍ വര്‍ണ്ണ്യം എന്ന വിഷം കലക്കാന്‍ വരുന്ന കുബുദ്ധികള്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ നാമം ഉച്ചരിക്കുവാന്‍ പോലുമുള്ള യോഗ്യതയില്ല...!
ചാതുര്‍വര്‍ണ്ണ്യം, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ അഞ്ച് വാക്കുകള്‍ അടങ്ങിയിട്ടുള്ള ഒരു ഗ്രന്ഥവും വിശ്വാസയോഗ്യമല്ല, പുരോഹിതര്‍ ആകുന്ന പുഴുക്കള്‍ കുത്തിയ ഒന്നിനും കൊള്ളാത്ത തത്വ സംഹിതകള്‍ മാത്രമാണ് അവയെല്ലാം. സംസ്കാര ശൂന്യതയുടെ പുഴുക്കുത്തുകളെയും അഴുക്കുകളെയും അകറ്റി സംശുദ്ധമായ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ തന്റെ സ്വന്തം കൃതികളിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു...!
അധര്‍മ്മത്തിന്റെ നാരായവേരായ ചാതുര്‍വര്‍ണ്ണ്യം പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ ഉപേക്ഷിക്കുക; സംശുദ്ധ ധര്‍മ്മമായ ഗുരുദേവ ദര്‍ശനങ്ങള്‍, പഠിക്കുക, പ്രചരിപ്പിക്കുക...! ഗുരുദേവ വചനങ്ങളാകുന്ന ചിന്താമണി രത്നങ്ങള്‍ കയ്യിലുള്ളപ്പോള്‍ നാശത്തിലേക്ക് നയിക്കുന്ന ചാതുര്‍ വര്‍ണ്ണ്യം വിവരിക്കുന്ന കാക്കപ്പൊന്നുകള്‍ തേടി അലയണോ...? ചിന്തിക്കുക..!
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!
0 comments:
Post a Comment