Saturday 7 March 2015

ശ്രീനാരായണ ഗുരുവിന്റെ ചാതുര്‍വര്‍ണ്യ നിഷേധം





ആലുവാ അദ്വൈതാശ്രമത്തില്‍ ഒരു മാവിന്‍ ചുവട്ടില്‍ സ്വാമികള്‍ വിശ്രമിക്കുകയാണ്. ഭക്തനായ ഒരു പത്രപ്രവര്‍ത്തകന്‍ അടുത്ത് വന്നു നില്‍ക്കുന്നു. ജാതിയെപ്പറ്റി വളരെ നേരം സംസാരിച്ച കൂട്ടത്തില്‍:

സ്വാമികള്‍: മനുഷ്യന് ജാതിയില്ല എന്ന് നാം പറഞ്ഞതായി എഴുതി വയ്ക്കുന്നതില്‍ വിരോധമില്ല. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. അതാണ്‌ വേണ്ടത്, ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്. അല്ലാതെ നല്ല പേരുകള്‍ വളരെ ഉണ്ടല്ലോ. എഴുത്തുകുത്തുകളില്‍ ജാതി കാണിക്കരുത്. അതിനു സര്‍ക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം. മതം ഇഷ്ടം പോലെ പറയുവാനും ഒന്നും ഇല്ലെന്നു പറയുവാനും സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍ നിന്നും വിരോധം പറയുകയില്ല. ഇങ്ങനെ ആയാല്‍ ജാതി താനേ പോകും.

ഭക്തന്‍: മഹാത്മാഗാന്ധി വര്‍ണ്ണാശ്രമം നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത്. 

സ്വാമി: വര്‍ണ്ണം, ആശ്രമം രണ്ടും രണ്ടാണ്. സാധാരണ ജാതിയെപ്പറ്റി പറയുമ്പോള്‍ വര്‍ണ്ണാശ്രമം എന്നാണു പറയുന്നത്. വര്‍ണ്ണം എന്നാല്‍ ഗാന്ധി എന്താണെന്ന് പറയുന്നു...?

ഭക്തന്‍: വര്‍ണ്ണം ജാതിയല്ല, ജാതിയും വര്‍ണ്ണവുമായി സംബന്ധമില്ല എന്നാണു എന്നാണു ഗാന്ധി പറയുന്നത്.

സ്വാമി: ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം, ഗുണകര്‍മ്മങ്ങളില്‍ സ്ഥായിയായി ഒന്നും തന്നെ ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ പിന്നെ വര്‍ണ്ണം എങ്ങിനെ നിശ്ചയിക്കാം...? (ഇവിടെ ഭഗവദ് ഗീതയിലും മറ്റും പറയുന്ന ഗുണ കര്‍മ്മങ്ങളെ ആസ്പദമാക്കിയുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ യുക്തിപൂര്‍വ്വം ഗുരു നിഷേധിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്, ചാതുര്‍ വര്‍ണ്ണ്യം എന്ന അടിമത്വം അലങ്കാരമായി വ്യാഖ്യാനിച്ച്  നടക്കുന്ന ശൂദ്ര പണ്ഡിതശിരോമണികള്‍ ഗുരുദേവന്‍റെ ഈ വാക്യം ഒരു നൂറു തവണ വായിച്ചാല്‍ ഗുരുദേവാനുഗ്രഹം ഹേതുവായി കുറച്ചെങ്കിലും ബുദ്ധി തെളിയാതിരിക്കില്ല; നമുക്ക് വീണ്ടും വിഷയത്തിലേക്ക് കടക്കാം)

ഭക്തന്‍: ഗാന്ധിയുടെ അഭിപ്രായം മൂലം യാഥാസ്ഥിതികര്‍ക്ക് കുറെ ശക്തി കൂടിയിട്ടുണ്ട്.

സ്വാമികള്‍: എന്താണ് ഗാന്ധി ഇങ്ങനെ പറയുന്നത്...? നല്ലപോലെ ആലോചിച്ചിട്ടില്ലായിരിക്കാം. നമ്മുടെ അഭിപ്രായത്തില്‍ ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നതുകൊണ്ട് ദോഷമല്ലാതെ എന്ത് ഗുണമാണുള്ളത്..? മഹാ കഷ്ടം ! ഇനിയും ഈ വിശ്വാസം നീങ്ങിയിട്ടില്ലല്ലോ. (ഈ വാക്കുകളില്‍ ചാതുര്‍വര്‍ണ്ണ്യം തന്നെയാണ് ജാതിയെന്നും, ഇവ രണ്ടും എത്രമാത്രം വിവേക ശൂന്യവും നിരര്‍ത്ഥകവും ദോഷഹേതുവും ആണെന്നും ഉള്ള പരമ സത്യത്തെ അറിയുന്ന, കാരുണ്യമൂര്‍ത്തിയായ ഗുരുദേവന്‍റെ വ്യസനം പ്രകടമാകുന്നു)

ഭക്തന്‍: ജാതി കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പരമ്പരയായി തൊഴില്‍ ആചരിച്ചാല്‍ അത് തൊഴിലില്‍ വിദഗ്ദന്മാരെ ഉണ്ടാക്കുമത്രേ...

സ്വാമികള്‍: ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യം തടുക്കുന്നു, ബുദ്ധി നശിപ്പിക്കുന്നു. സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങിനെ നന്നാവും..? നമ്മുടെ ആശാരി കരുവാന്‍ മുതലായവര്‍ക്ക് ഒരു വസ്തുവും അറിയാതായല്ലോ. ബുദ്ധിയും കൂടി കെട്ടുപോയി. ജാതി കൊണ്ട് തൊഴില്‍ ചീത്തയാകും. ഒരേ സംഗതി തന്നെ നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവര്‍ക്ക് ഒരു ജോലിയും നന്നായി ചെയ്യുവാന്‍ സാധിക്കില്ല. വാസനപോലെ ഓരോരുത്തര്‍ക്കും തൊഴിലില്‍ ഏര്‍പ്പെടുവാനും സൌകര്യമില്ലല്ലോ. ജനിച്ചത്കൊണ്ട് ഒരു ജോലി ചെയ്യുക എന്നാവും. പ്രാപ്തിയും വാസനയും ഇല്ലെങ്കിലും അത് ചെയ്യണം. അപ്പോള്‍ തൊഴില്‍ നന്നാവാന്‍ ഒരു വഴിയുമില്ല.

ഭക്തന്‍: മകന് അച്ഛന്റെ തൊഴിലില്‍ സാധാരണ വാസന കാണും എന്നാണു ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

സ്വാമികള്‍: എന്നാല്‍ പിന്നെ ജാതി ആവശ്യമില്ലല്ലോ ജാതിയില്ലെങ്കിലും വാസനകൊണ്ട് മകന്‍ അച്ഛന്റെ തൊഴില്‍ ശീലിക്കും. നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല, പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കാമല്ലോ. ഇഷ്ടം പോലെയുള്ള ജോലി എടുക്കുവാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം. ഒന്ന് മാത്രമേ പഠിക്കാവൂ എന്ന് വയ്ക്കരുത്. എല്ലാവര്ക്കും എന്തും പഠിക്കയും ശീലിക്കയും ചെയ്യുവാന്‍ വിരോധം ഉണ്ടായിരിക്കരുത്.

ഭക്തന്‍: അങ്ങിനെ സ്വാതന്ത്ര്യം കൊടുത്താല്‍ മത്സരം വര്‍ദ്ധിക്കുമത്രേ, അതുകൊണ്ട് ലോകത്തിനു സുഖതിലധികം ദുഃഖം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു.

സ്വാമികള്‍: ഇത് ജാതി ഉണ്ടാക്കിയവരുടെ വാദമായിരിക്കാം അല്ലെ..? ജാതികൊണ്ടുള്ള സകല ഗുണവും കിട്ടുന്നവര്‍ അങ്ങിനെ പറയും. മറ്റുള്ളവര്‍ കഷ്ടപ്പെടുന്നത് അവരുടെ ഗുണത്തിന് ആവശ്യമായിരിക്കാം. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കും, ലോകത്തിനും സുഖത്തിനും മറ്റും വേണ്ടിയാണോ...? അതോ ഇവയെല്ലാം മനുഷ്യന് വേണ്ടിയോ...? മനുഷ്യന്‍ കേട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്ത് പ്രയോജനം...? ജാതി മനുഷ്യനെ കെടുത്തുന്നു, അതുകൊണ്ട് അത് ആവശ്യമില്ല. ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. 

("ധര്‍മ്മം", 1927, ഡിസംബര്‍ 19)

മുകളിലെ സംഭാഷണത്തില്‍ നിന്നും ഗുരുദേവന്‍ "ഗുണവും കര്‍മ്മവും" അനുസരിച്ചുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ നിഷേധിക്കുന്നതും,  ചാതുര്‍വര്‍ണ്ണ്യം എന്നത് കുബുദ്ധികളായ മനുഷ്യരുടെ സൃഷ്ടി മാത്രം ആണെന്നും സ്ഥാപിക്കുന്നത് കാണുവാന്‍ കഴിയും. ഇതിനു പുറമേ മറ്റു ചില ശൂദ്ര ശിരോമണികളുടെ സ്ഥിരം പല്ലവിയാണ് "എല്ലാവരും ജനിക്കുന്നത് ശൂദ്രന്‍ ആയിട്ടാണ്, കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണന്‍ ആകേണ്ടത് എന്ന്". ഈ വാദവും പൊള്ളയാണെന്ന് ഗുരുദേവന്‍ തന്നെ എങ്ങിനെ തെളിയിക്കുന്നു എന്ന് നോക്കാം...!

ഹിന്ദു പുരാണങ്ങളില്‍ വസിഷ്ഠ വിശ്വാമിത്രന്മാര്‍ തമ്മില്‍ ഒരു കലഹം നടന്ന കഥ പ്രസിദ്ധമാണല്ലോ. വസിഷ്ടന്‍ ബ്രഹ്മര്ഷിയായിരുന്നു, വിശ്വാമിത്രന്‍ ക്ഷത്രിയനും. വസിഷ്ടനെ പോലെ ബ്രഹ്മര്ഷിയാകാന്‍ തപസ്സു ചെയ്തു ഒരു പുതിയ സ്വര്‍ഗ്ഗം സൃഷ്ടിക്കുവാന്‍ ഉള്ള ദിവ്യശക്തി പോലും വിശ്വാമിത്രന്‍ സമ്പാദിച്ചു. എന്നിട്ടും ജാതി ഗര്‍വ്വം കൊണ്ട് വസിഷ്ടന്‍ വിശാമിത്രനെ ബ്രഹ്മര്‍ഷിയെന്നു സമ്മതിച്ചില്ല.  ഈ കഥയുടെ അന്തരാര്‍ത്ഥം പലരും പലരും പലവിധത്തില്‍ വ്യാഖ്യാനിക്കുണ്ട്. ശ്രീനാരായണ ഗുരുസ്വാമികള്‍ ഈ കഥയ്ക്ക് മറ്റാരും പറഞ്ഞിട്ടില്ലാത്ത ഒരു അന്തരാര്‍ത്ഥം പറഞ്ഞു. അത് ഇങ്ങനെയാണ് "വസിഷ്ടന്‍ ബ്രാഹ്മണനും വിശ്വാമിത്രന്‍ ക്ഷത്രിയനും ആണ്. ബ്രാഹ്മണനും ക്ഷത്രിയനും തമ്മില്‍ ഒരംഗുലത്തിന്റെ ഭേദമെ ഉള്ളൂ. അത്ര അടുത്ത് നില്‍ക്കുന്ന ക്ഷത്രിയന്‍ ബ്രാഹ്മണന്‍ ആകാല്‍ ശ്രമിച്ചാലുണ്ടായ പാടാണിത്. ആയ സ്ഥിതിക്ക് എത്രയോ ദണ്ട് അകലെ കിടക്കുന്ന മറ്റു ജാതിക്കാര്‍ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിക്കും...?

("ധര്‍മ്മം", 1928, മേയ് 28)

(ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്റെ പേരിലുള്ള കഥകളിക്ക്, തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്ത് പോലും അനുമതി നിഷേധിച്ചതും, അവര്‍ണ്ണര്‍ ആയ പൂജാരിമാരെയും മറ്റും അപമാനിക്കുന്നതും മറ്റും ഇതുമായി ചേര്‍ത്ത് വായിച്ചാല്‍, കര്‍മ്മം കൊണ്ട് ബ്രാഹ്മണന്‍ ആകാന്‍ ഒരു വിവരദോഷി പോലും ആഗ്രഹിക്കില്ല, എന്തെന്നാല്‍ ബ്രാഹ്മണ്യം ആഗ്രഹിച്ച്  ചാതുര്‍വര്‍ണ്ണ്യം എന്ന വിഴുപ്പു ചുമക്കുന്ന ഗര്‍ദ്ദഭം ആകുവാനല്ല, മനുഷ്യനെ മനുഷ്യനായി കാണുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ആണ് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, ആത്മാര്‍ഥമായി ഗുരുവിനെ പിന്തുടരുന്ന ആരും തന്നെ അതുകൊണ്ട് ചാതുര്‍ വര്‍ണ്ണ്യം പോലെയുള്ള സംസ്കാര ശൂന്യതകളെ ന്യായീകരിക്കുകയില്ല.)

ഇത്രയും പറയേണ്ടി വരുന്നത് ഒരേ സമയം ഗുരുദേവനെ സ്തുതിക്കുകയും ഒപ്പം ചാതുര്‍ വര്‍ണ്ണ്യം ന്യായീകരിക്കുകയും ചെയ്യന്ന, ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന നിരവധി ശൂദ്രന്മാരെ കണ്ടുമുട്ടേണ്ടി വരുന്നു എന്നത് കൊണ്ട് മാത്രമാണ്. കുറച്ചെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് ഇത് രണ്ടും ചെയ്യുക സാധ്യമല്ല. ഒന്നുകില്‍ പ്രകാശ സ്വരൂപനായ ഗുരുവിനെ വിട്ടു ചാതുര്‍ വര്‍ണ്ണ്യം എന്ന ഇരുട്ടിനു പുറകെ പോകുക, അല്ലെങ്കില്‍ ചാതുര്‍ വര്‍ണ്ണ്യം വിട്ടു ഗുരുവിനെ പിന്തുടരുക.

ചാതുര്‍വര്‍ണ്ണ്യവും ജാതിയും ഒന്നാണ് എന്ന് ഗുരുദേവന്‍ തെളിയിക്കുന്ന നിരവധി ഉദാഹരങ്ങള്‍ വേറെയും ഉണ്ട്, അവയെല്ലാം ഇതുപോലെ വഴിയെ നമുക്ക് പഠിക്കാം...! സര്‍വ്വ നാശത്തിനു കാരണമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒരു നാണവും മാനവും കൂടാതെ ന്യായീകരിക്കുന്നവരുടെ മുന്നിലേക്ക് ഇങ്ങനെയുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ നമ്മെ പ്രാപ്തനാക്കുന്ന ഗുരുദേവന് മുന്‍പില്‍ എന്നും എന്നെന്നും സാഷ്ടാംഗ പ്രണാമം.

By: Sudheesh NamaShivaya

0 comments:

Post a Comment