Saturday, 7 March 2015

ദൈവദശകത്തിലെ ദൈവം



ദൈവദശകം എന്ന പേരോട് കൂടിയതും ദൈവമേ എന്ന പദത്തോട് കൂടി ആരംഭിക്കുന്നതുമായ, ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനാല്‍ വിരചിതമായ പ്രാര്‍ത്ഥന ഇന്ന് അറിയാത്തവരോ, കേള്‍ക്കാത്തവരോ വിരളമാണ്.  ജാതി മത ഭേദമന്യേ സഹൃദയരായ എല്ലാവരും ഒരുപോലെ സ്വീകരിച്ച ഒരു മഹദ് കൃതിയാണ് ദൈവദശകം. ഒറ്റ നോട്ടത്തില്‍ വളരെ ലളിതം എന്ന് തോന്നാവുന്നതും എന്നാല്‍ തത്വവിചാരം ചെയ്‌താല്‍ ഒരു ആയുസ്സ് കൊണ്ടും മനസ്സിലാക്കുവാനും നിര്‍വ്വചിക്കുവാനും പ്രയാസമുള്ളതുമാണ് പ്രപഞ്ച സത്യം മുഴുവന്‍ ഏതാനും ചില വാക്കുകളില്‍ ഒതുക്കി; ഒരു വരദാനമായി ഗുരുദേവന്‍ നമുക്ക് നല്‍കിയ ഈ ജ്ഞാനാമൃതം. 

ഈ കൃതിയുടെ പേര് ദൈവദശകം എന്ന് ആയതുകൊണ്ടും, ദൈവം എന്ന വാക്കിനു ഈ കൃതിയില്‍ പ്രാധാന്യം ഉള്ളത് കൊണ്ടും, ഈ കൃതിയെ പഠിക്കുന്നവരും ജപിക്കുന്നവരും ഗുരുദേവന്‍ കൊടുക്കുന്ന നിര്‍വ്വചനങ്ങളിലൂടെയും, വ്യാഖ്യാനങ്ങളിലൂടെയും ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണ മനുഷ്യനെ സംബന്ധിച്ച് ഏതോ ഒരു ലോകത്തില്‍ ഇരുന്നുകൊണ്ട് ഈ ലോകത്തെ സൃഷ്ടിക്കുകയും ഇവിടെ പാപം ചെയ്യുന്നവരെ കണക്കു നോക്കി ശിക്ഷിക്കുകയും പുണ്യം ചെയ്യുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഗുണങ്ങള്‍ പ്രധാനം ചെയ്യുകയും ചെയ്യുന്ന ഒരു "അഭൌമ വ്യക്തിത്വം" ആണ് ദൈവം. പക്ഷെ ഗുരുദേവന്റെ ദാര്‍ശനിക കൃതികള്‍ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ആര്‍ക്കും തന്നെ അങ്ങിനെ ഒരു ദൈവം എവിടെയെങ്കിലും ഉണ്ടെന്നു പറയുക ഒരിക്കലും, ഒരു കാലത്തും സാധ്യമല്ല.

"കാണപ്പെടുന്നതെല്ലാം സ്ഥൂലം സൂക്ഷ്മം കാരണം എന്നീ മൂന്നു രൂപങ്ങളോട് കൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല". എന്ന് ഗുരുദേവന്‍ ഗദ്യ പ്രാര്‍ഥനയില്‍ പറയുമ്പോള്‍ പരമാത്മാവായ ദൈവം ഇന്ന് നാം കാണുന്നതും അറിയുന്നതുമായ ഒന്നില്‍ നിന്നും അന്യമല്ല എന്നു വ്യക്തമാകുന്നു. ഇതേ വാക്കുകള്‍ തന്നെ ഗുരുദേവന്‍ ദൈവ ദശകത്തില്‍ മറ്റൊരു തരത്തില്‍ വീണ്ടും പറയുന്നു "നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും".

ഇങ്ങനെവരുമ്പോള്‍ ഇന്ന് നാം കാണുന്നതും അറിയുന്നതും, കാണാത്തതും അറിയാത്തതും ആയി എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം ആകത്തുകയാണ് ദൈവം. പക്ഷെ കാണുന്നതെല്ലാം സത്യമാണോ...? "നിഴല്‍ സത്യമാണെന്ന് കുഞ്ഞിനു തോന്നും, പ്രപഞ്ചം സത്യമാണെന്ന് നമുക്കും തോന്നാം". എന്ന ഗുരുദേവ വചനങ്ങളില്‍, തന്നില്‍ നിന്നും ഉണ്ടായ നിഴലിനെ അന്യമായി ഒരു കുഞ്ഞിനു തോന്നുന്നത് പോലെ, തന്നില്‍ നിന്നും ഉണ്ടായ പ്രപഞ്ചത്തെ അന്യമായി നമുക്കും തോന്നുന്നു...! പക്ഷെ ഈ ചെറിയ എന്നില്‍ നിന്നും അതി ബൃഹത്തായ ഈ പ്രപഞ്ചം  ഉണ്ടായി എന്നത് വിശ്വസിക്കുക പ്രയാസമുള്ള കാര്യമാണ് എന്നത് സത്യം തന്നെ; എങ്കിലും ഒരു ഉദാഹരണം പറയാം...!

ഞാന്‍ ഇന്നലെ ഉറങ്ങുമ്പോള്‍ ഒരു ഉത്സവപറമ്പ് സ്വപ്നം കണ്ടു, നിരവധി ആനകള്‍ നിരന്നു നില്‍ക്കുന്ന ഒരു ഗംഭീര ഉത്സവം. ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ അങ്ങിനെ നടക്കുമ്പോള്‍ അവിടെ ചില സുഹൃത്തുക്കളെ കണ്ടു, ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു, പെട്ടെന്ന് ഒരു ആനയുടെ ചിന്നംവിളി കേട്ട്  നോക്കുമ്പോള്‍ കാണുന്നത് ഒരു ആന ഇടഞ്ഞു ആളുകള്‍ എല്ലാം പല ദിക്കുകളിലേക്ക് ഓടിയകലുന്നത് ആണ്, അവരോടൊപ്പം ഞാനും ഓടി, ഓടുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആന എന്റെ തൊട്ടു പുറകില്‍...! ഞാന്‍ സര്‍വ്വ ശക്തിയും എടുത്തുകൊണ്ടു വീണ്ടും ഓടി, പെട്ടെന്ന് ഒരു കല്ലില്‍ കാല്‍ തട്ടി ഞാന്‍ വീണു. ആന എന്നെ കുത്തുവാന്‍ ആയി അടുത്ത് വന്നു, ഞാന്‍ വേഗത്തില്‍ ഉരുണ്ടു മാറി, കട്ടിലില്‍ നിന്നും താഴെ വീണു സ്വപ്നവും അവസാനിച്ചു...! :)

ഈ സ്വപ്നം എങ്ങിനെ ഉണ്ടായി...? ഉത്സവം കാണുവാന്‍ ആഗ്രഹമുള്ള അഥവാ വാസനയുള്ള എന്റെ മനസ്സ് സ്വപ്നത്തില്‍ ഒരു ഉത്സവ പറമ്പിനെ സൃഷ്ടിച്ചു. എന്നെ കൂടാതെ ഞാന്‍ അവിടെ ഉത്സവത്തിന്‌ വേണ്ട ക്ഷേത്രത്തെയും ജനക്കൂട്ടത്തെയും ആനകളെയും വാദ്യക്കരെയും വാദ്യ ഉപകരണങ്ങളെയും സൃഷ്ടിച്ചു. എന്റെ സുഹൃത്തിനോട്‌ ഞാന്‍ സംസാരിച്ചു , ഞാന്‍ തന്നെ എന്റെ സുഹൃത്തായി എന്നോട് മറുപടിയും പറഞ്ഞു. ആന മദിച്ചപ്പോള്‍ ഞാന്‍ ഓടി, ഞാന്‍ തന്നെ ആനയായി എന്നെ തന്നെ ഓടിച്ചു. എന്റെ സൃഷ്ടിയായ ആനയെ ഞാന്‍ തന്നെ സ്വയം ഭയന്ന് ഓടി. ഇവിടെ ഈ പറയുന്ന സൃഷ്ടികളും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രികളും എല്ലാം ഞാന്‍ തന്നെ...! സത്യത്തില്‍ എന്റെ മനസ്സിനുള്ളില്‍ നടന്ന ഒരു സംഭവത്തെ എനിക്ക് ചുറ്റും നടക്കുന്ന ഒരു സംഭവമായി എനിക്ക് തോന്നി. അതുകൊണ്ട് ഉത്സവം കണ്ടപ്പോള്‍ ആനന്ദവും ആന മദിച്ചപ്പോള്‍ ഭയവും ഉണ്ടായി. ഇവയെല്ലാം നടക്കുന്നത് എന്റെ ഉള്ളില്‍ ആണെന്നും, അതില്‍ നടക്കുന്ന ഒന്നും എന്നെ ബാധിക്കുന്നില്ല എന്നും ഞാന്‍ അറിയുന്നത് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ആണ്...! പക്ഷെ കാണുന്ന സമയത്ത് എന്നെ സംബന്ധിച്ച് സ്വപ്നം എന്നത് സത്യം തന്നെ. ഇപ്രകാരം മിഥ്യയായ, സത്യമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രപഞ്ച സ്വപ്നത്തില്‍ നിന്നും ഉണരുവാന്‍ ആണ് ഗുരുദേവന്‍ നമ്മോടു ആത്മോപദേശ ശതകത്തില്‍ ഉപദേശിക്കുന്നത്. നാം എല്ലാം ഇപ്പോള്‍ ഉറക്കത്തില്‍ ആണ്. അജ്ഞാനമാകുന്ന ഇരുട്ടില്‍ ഉറങ്ങുന്ന നാം ഈ ജീവിതമാകുന്ന സ്വപ്നത്തെ കണ്ടു ചിലപ്പോള്‍ സന്തോഷിക്കുന്നു, മറ്റു ചിലപ്പോള്‍ ഭയപ്പെടുന്നു, അതുമൂലം ജീവിതം സുഖവും ദുഖവും ദുരിതവും നിറഞ്ഞതായി വെറുതെ തോന്നുന്നു. എല്ലാം തന്നില്‍ നിന്നും അന്യമായി കാണുന്ന ഒരുവന് എവിടെ ശാന്തിയും സമാധാനവും...? "തന്നിൽ നിന്നന്യമല്ലാതെ എന്നു കാണുന്നു സർവവും അന്നേതു മോഹമന്നേതു ശോകമേകത്വ ദൃക്കിന്?" എന്നുള്ള ഗുരുദേവ വചനങ്ങള്‍ ഓര്‍മ്മിച്ചാല്‍ തന്നില്‍ നിന്നും അന്യമായ ദൈവവും ദുഖത്തിന് കാരണമാകും എന്ന് മനസ്സിലാക്കാം.

ദൈവം, അറിവ്, ബോധം, പരമാത്മാവ്‌ എന്നീ വാക്കുകള്‍ എല്ലാം ഗുരുദേവ കൃതികളില്‍ ഒന്നാണ് എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവയില്‍ അറിവ് അല്ലെങ്കില്‍ ബോധം എന്ന ഒന്ന് ഇല്ലാത്തതാണ് എന്ന് ഈ ലോകത്തില്‍ ആരും തന്നെ പറയുകയുമില്ല. നമുക്ക് ചിന്തകളും വാസനകളും ഉണ്ടാകണം എങ്കില്‍ ആദ്യം "ഞാന്‍" എന്ന ബോധം ഉണ്ടായിരിക്കണം. അതില്ലാ എങ്കില്‍ പിന്നെ എന്ത് ചിന്തകള്‍..? എന്ത് വാസനകള്‍...? എന്ത് മനസ്സ്...? എന്ത് ശരീരം..? അതിനാല്‍ ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്റെ അടിസ്ഥാനമായി നില കൊള്ളുന്നത് "ഞാന്‍" എന്ന ബോധം തന്നെയാണ്. ആ ബോധത്തോടൊപ്പം പൂര്‍വ്വ കര്‍മങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നേടിയ ചിന്തകളും വാസനകളും ശരീരവും കൂടിച്ചേരുമ്പോള്‍ നാം ഒരു വ്യക്തിയായി മാറുന്നു. ഈ പറയുന്ന ചിന്തകള്‍ക്കും വാസനകള്‍ക്കും മാറ്റം സംഭവിച്ചാലും "ഞാന്‍" എന്ന ബോധം എന്നും ഒന്ന് തന്നെ. സര്‍വ്വ ചരാചരങ്ങളിലും അത് ഒന്ന് തന്നെ...! അത് തന്നെ ദൈവം, ബോധം അഥവാ ആത്മാവ്.

"ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം" എന്ന് ദൈവദശകത്തില്‍ ഗുരുദേവന്‍ പറയുമ്പോള്‍ അവിടെ ഞാനും ദൈവവും രണ്ടെന്ന ചിന്തയും ഇല്ലാതാകണം. അപ്രകാരം തന്നിലും ഒപ്പം സര്‍വ്വ ചരാചരങ്ങളിലും അറിവായി, ബോധമായി കുടികൊള്ളുന്ന ശക്തിയാണ് ദൈവം എന്ന് അറിഞ്ഞു ദൈവദശകം ജപിക്കുവാന്‍ നമുക്ക് കഴിയണം. അങ്ങിനെ വരുമ്പോള്‍ മാത്രമാണ് അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ, എവിടെയോ കസേരയിട്ടിരിക്കുന്ന ദൈവം മുതലായ വിഡ്ഢിസങ്കല്‍പ്പങ്ങളില്‍ നിന്നും മോചനം നേടി യഥാര്‍ത്ഥ ദൈവത്തെ അറിയുവാനുള്ള അവസരം പോലും നമുക്ക് ലഭിക്കുകയുള്ളൂ...!

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടി ആ പരമ സത്യത്തെ അറിയുവാന്‍ ഗുരുദേവ കൃതികളേക്കാള്‍ മഹത്തായ ഒന്നും തന്നെ ഇന്ന് നമുക്ക് ലഭ്യമല്ല. അതിനാല്‍ ഗുരുദേവന്‍ അരുളിയ മാര്‍ഗ്ഗത്തിലൂടെ നമുക്ക് സത്യാന്വേഷണം തുടരാം...! 


ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവദശകം രചിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ മഹനീയ മുഹൂര്‍ത്തത്തില്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ശിവഗിരി തീര്‍ഥാടന ആശംസകള്‍...!


By: Sudheesh Namashivaya
വായിക്കുക, ഷെയര്‍ ചെയ്യുക...!
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

0 comments:

Post a Comment