Thursday 5 March 2015

മതങ്ങള്‍ക്ക് അതീതനായ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങളിലെയും നന്മയെ ഒരുപോലെ സ്വീകരിച്ച അഭൌമ വ്യക്തിത്വമായിരുന്നു എന്ന് തെളിവുകള്‍ നല്‍കുന്ന നിരവധി സംഭവങ്ങള്‍ ഗുരുദേവന്റെ ദര്‍ശനങ്ങളെ കുറിച്ച് പഠിക്കുന്ന ആര്‍ക്കും കാണുവാന്‍ കഴിയും. ഏതെങ്കിലും ഒരു മതത്തിനോ ഗ്രന്ഥത്തിനോ വ്യക്തിക്കോ അടിമയാകാതെ, ഒരു ഗ്രന്ഥത്തെയും കണ്ണടച്ച് പ്രമാണമായി സ്വീകരിക്കാതെ നന്മ എവിടെയുണ്ടോ അതിനെ ഉള്‍ക്കൊള്ളുവാനും തിന്മയെ തള്ളിക്കളയുവാനും ആണ് ഗുരുദേവന്‍ നമ്മെ പഠിപ്പിക്കുന്നത്. ഗുരുദേവന്റെ ജീവിതത്തില്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുള്ള ചില സംഭാഷണങ്ങളിലെക്കും ഉപദേശങ്ങളിലേക്കും നമുക്കൊന്ന് എത്തിനോക്കാം.

ഒരിക്കല്‍ സ്വാമികള്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയത്ത് രണ്ടു സായിപ്പന്മാര്‍ അവിടെയെത്തി. ഗുരുദേവനെ ക്രിസ്തുമതത്തില്‍ ചേര്‍ക്കണം എന്നായിരുന്നു അവരുടെ ഉദ്ദേശം. ഗുരുദേവന്‍ അവരെ സ്വീകരിച്ചിരുത്തി, യഥായോഗ്യം ആസനസ്ഥനായ ശേഷം

സായ്പ്: സ്വാമി ക്രിസ്തുമതത്തില്‍ ചേരണം

ഗുരുദേവന്‍: നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര വയസ്സായി...?

സായ്പ്‌: മുപ്പത്

ഗുരുദേവന്‍: നിങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ നാം ക്രിസ്തുമതത്തില്‍ ഉള്ളതാണ്...

(ധര്‍മ്മം: നവംബര്‍ 7, 1927)

ക്രിസ്തു മതം എന്നാല്‍ പള്ളിയും, പട്ടക്കാരും, കഴുത്തിലെ കുരിശു മാലയും, സഭയും അവരുടെ നിയമാവലികളും അടങ്ങുന്ന ഒരു അടിമത്വ സമ്പ്രദായം ആണെന്ന് കരുതി ജീവിച്ച് പോന്നിരുന്ന സായിപ്പന്മാരോട് ഒറ്റ വാക്കില്‍ ഗുരുദേവന്‍ പറഞ്ഞ മറുപടി, സത്യത്തില്‍ ഇതൊന്നും അല്ല ക്രിസ്തു മതം എന്നാണു. മറിച്ച് ക്രിസ്തുദേവന്‍ പറഞ്ഞ മഹത്തായ ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടു അതിനു അനുസരിച്ച് ജീവിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ക്രിസ്ത്യാനി എന്ന് ഗുരുദേവന്റെ മറുപടിയില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അങ്ങിനെ ക്രിസ്തു ദേവനെ പിന്തുടരാന്‍ ആര്‍ക്കും ഒരു മതത്തിന്റെ അടയാളമോ ചിഹ്നമോ ആവശ്യമില്ല. മഹാന്മാരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവരുടെ പേരില്‍ നടത്തുന്ന മത സ്ഥാപനങ്ങളുടെയോ മതത്തിന്റെയോ അടിമയാകേണ്ട ആവശ്യവും ഇല്ല.

മറ്റൊരിക്കല്‍ ആലുവാ അദ്വൈതാശ്രമ സംസ്കൃത സ്കൂളില്‍ പഠിച്ചിരുന്ന ഈശോ എന്ന വ്യക്തിയോട് മാംസ ഭക്ഷണം കഴിക്കുന്നത് ശരിയാണോ എന്ന് ഗുരുദേവന്‍ ചോദിച്ചു.

അതിനു മറുപടിയായി ഈശോ, തങ്ങളുടെ മതം അത് അനുവദിച്ചിട്ടുണ്ട് എന്നും ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട് യേശുക്രിസ്തു അയ്യായിരം പേര്‍ക്ക് അപ്പവും മീനും കൊടുത്ത കഥയും, ശിഷ്യന്മാര്‍ മത്സ്യബന്ധന സമയത്ത് ഒന്നും ലഭിക്കാതെ നിരാശരായപ്പോള്‍ "നിങ്ങള്‍ വലതു ഭാഗത്ത് വലയിറക്കുവിന്‍" എന്ന ക്രിസ്തു ദേവന്റെ വാക്ക് അനുസരിച്ച് മത്സ്യ ബന്ധനം നടത്തിയ സംഭവവും മറ്റും വിശദീകരിച്ച ശേഷം, ഇതില്‍ നിന്നും മത്സ്യ മാംസാദികള്‍ കഴിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കി.

"അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു" എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഗുരുദേവന്‍ അതിനു മറുപടി പറഞ്ഞത്. ക്രിസ്തു ദേവന്റെ ഉപദേശങ്ങള്‍ അക്ഷരമായിട്ടല്ല, അക്ഷരങ്ങളിലെ ആത്മാവിനെ ആണ് അറിയേണ്ടതും പഠിക്കേണ്ടതും എന്ന് ഗുരുദേവന്‍ കാര്യകാരണ സഹിതം വിശദീകരിച്ചപ്പോള്‍ ബൈബിളില്‍ ഗുരുദേവനുള്ള അഗാധമായ പാണ്ഡിത്യം ദര്‍ശിച്ചു ഈശോ അത്ഭുതപ്പെട്ടു എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

(ഗുരുദേവസ്മരണകള്‍, പേജ് 261-62, പി.ജി. ഈശോ, കുഴിക്കാല)

ഗുരുദേവനെ കാണാനായി എത്തിയ ക്രിസ്ത്യാനികള്‍ ആയ ചില സഹപാഠികളോട് ഒരിക്കല്‍ ഗുരുദേവന്‍ പത്ത് കല്പനകളെ കുറിച്ച് സംസാരിച്ചു. അതില്‍ ഒരു കല്പനയായ "കൊല്ലരുത്" എന്നതിന്റെ അര്‍ത്ഥം ഗുരുദേവന്‍ അവരോടു ചോദിച്ചു. "മനുഷ്യരെ കൊല്ലരുത്" എന്നാണു അര്‍ത്ഥമാക്കുന്നത് എന്ന യുക്തിരഹിതമായ മറുപടി കേട്ട് ഗുരുദേവന്‍ ആ കല്പനയുടെ അര്‍ത്ഥവ്യാപ്തി വിശദമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു "അങ്ങിനെയെങ്കില്‍ മനുഷ്യരെ കൊല്ലരുത് എന്ന് വേര്‍തിരിച്ച് പറയാമായിരുന്നല്ലോ. അതല്ല, ഒരു ജീവിയേയും കൊല്ലരുത് എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം...!"

(ഡോ. പി.ആര്‍. ശാസ്ത്രി, ഗുരുദേവന്‍, 1991)

ഇപ്രകാരം ഗുരുദേവന്റെ വാക്കുകളിലൂടെ ക്രിസ്തു മതത്തെ അറിയാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനികള്‍ക്കും ഒപ്പം ഇതര മതസ്ഥര്‍ക്കും ഒരുപോലെ ഗുണം ചെയ്യും എന്ന സത്യത്തെ മനസ്സിലാക്കിത്തന്ന ഗുരുദേവ പാദങ്ങളില്‍ എന്റെ സാഷ്ടാംഗ പ്രണാമം...!

Charles Freer Andrews എന്ന ക്രിസ്തുമത പണ്ഡിതന്‍ ഗുരുദേവനെ സന്ദര്‍ശിച്ചതിനു ശേഷം തന്റെ സുഹൃത്തായ Romain Rolland നോട് ഇപ്രകാരം എഴുതി " I have seen our Christ walking on the shore of arabian sea in the attire of a hindu sanyasin".

ലോക നന്മയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന എല്ലാ മഹാത്മാക്കളുടെയും ലക്ഷ്യങ്ങള്‍ ഒന്ന് തന്നെയാണ് എന്നത് കൊണ്ട് തന്നെ, അവര്‍ എല്ലാം ഒന്ന് തന്നെയാണ്. അവരെ അറിയാന്‍ മതവും ജാതിയും ദേശവും കാലവും ആര്‍ക്കെങ്കിലും തടസ്സമാകുന്നു എങ്കില്‍ അവര്‍ അജ്ഞാനമാകുന്ന പൊട്ടക്കിണറ്റില്‍ കിടക്കുന്ന അന്ധവിശ്വാസികള്‍ മാത്രം...!

അതിനാല്‍ മതങ്ങള്‍ക്ക് അതീതമായ മാനവധര്‍മ്മത്തിന് വേണ്ടി നമുക്ക് ഒത്തുചേരാം...!
==================================================
വായിക്കുക,മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക...!
==================================================
ശ്രീനാരായണ-ശ്രീബുദ്ധ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും
JOIN ►►► www.facebook.com/groups/GURU.BUDDHISM ►►►
==========================



0 comments:

Post a Comment