Thursday, 28 January 2016

ഗുരുവിന്റെ വേറിട്ട പ്രതിഷ്ഠകൾ

ഹിന്ദുത്വത്താൽ തമസ്കരിക്കപ്പെടുന്ന ശ്രീനാരായണദർശനം – 2

ശ്രീനാരായണഗുരു ഹൈന്ദവദേവതാ പ്രതിഷ്ഠകൾ മാത്രമെ നിർവ്വഹിച്ചിട്ടുള്ളു എന്ന്‌ പറയുന്നവർ ഗുരുവിന്റെ വേറിട്ട പ്രതിഷ്ഠകളെ അറിയാതെ പോകുന്നു. ഹിന്ദുമതവിശ്വാസത്തിന്റെ ഭാഗമായ ദേവതകളെയാണ്‌ 1888 മുതൽ 1912വരെ ഗുരു പ്രതിഷ്ഠിച്ചിട്ടുള്ളത്‌. അതെല്ലാംതന്നെ വിശ്വാസികളുടെ ആവശ്യപ്രകാരം വിശ്വാസസംരക്ഷണത്തിനുതകുംവിധവുമായിരുന്നു. ഹിന്ദുമതത്തിൽ പിറന്നുപോയി എന്ന കാരണത്താൽ വിശ്വാസം സംരക്ഷിക്കുവാനുള്ള അവസരം നിഷേധിച്ചവരായിരുന്നു ഗുരുവിന്റെ ക്ഷേത്രങ്ങളിൽ ആശ്വാസം കണ്ടെത്തിയത്‌.

വൈദികതാന്ത്രികസമ്പ്രദായങ്ങളിൽ നിന്ന്‌ മാറിനിന്നുകൊണ്ടുള്ള, ഒരുപക്ഷേ നിഷേധിച്ചുകൊണ്ടുള്ള പ്രതിഷ്ഠയാണ്‌ ശിവഗിരിയിൽ 1912ൽ ഗുരു നിർവ്വഹിച്ചത്‌. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ അതിനുമുമ്പുള്ള പ്രതിഷ്ഠകളിൽ നിന്നു വ്യത്യസ്തമാണ്‌. ശാരദാപ്രതിഷ്ഠ വ്യത്യസ്തമാകുന്നത്‌ ആചാരാനുഷ്ഠാനങ്ങളിലുള്ള ലാളിത്യത്താലാണ്‌. ഹൈന്ദവക്ഷേത്രത്തിൽ പാലിക്കപ്പെടുന്ന ഒരാചാരവും ശിവഗിരി ശാരദാമഠത്തിൽ പാലിക്കപ്പെടുന്നില്ല.

ശാരദാക്ഷേത്രമെന്നല്ല ശാരദാമഠമെന്നാണ്‌ ഗുരു ഈ ആരാധനാകേന്ദ്രത്തിനു നാമകരണം ചെയ്തത്‌. ഈശ്വരാരാധനയ്ക്കുള്ള ഉത്തമ മാതൃകയാണ്‌ ശാരദാമഠത്തിലൂടെ ഗുരു കാണിച്ചുതരുന്നത്‌. പൂവും വെള്ളവും മാത്രമെ ശാരദാമഠത്തിൽ പ്രവേശിപ്പിക്കാൻ ഗുരു അനുവദിച്ചിട്ടുള്ളു. നിവേദ്യംപോലും ശാരദാമഠത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന്‌ ഗുരു നിഷ്കർഷിച്ചിട്ടുണ്ട്‌. ഇവിടെ ആറാട്ടും വെടിക്കെട്ടുമൊന്നുമില്ല. പൂവും വെള്ളവുമുപയോഗിച്ചുള്ള പ്രാർഥനമാത്രമാണ്‌ ശാരദാമഠത്തിലെ ചടങ്ങ്‌.
ഹിന്ദുവൈദികാചാര്യങ്ങളിൽ നിന്ന്‌ ഗുരുവിന്റെ ക്ഷേത്രങ്ങൾ ഇവിടെയാണ്‌ വ്യത്യസ്തമാകുന്നത്‌. ഈ വ്യത്യസ്തത സമാനതകൾ കാണുന്നവർ തിരിച്ചറിയാതെ പോകുന്നു. 1921ൽ തൃശൂർ കാരമുക്കിൽ വിഗ്രഹത്തിനു പകരം ഗുരു വിളക്ക്‌ തെളിയിച്ചിട്ട്‌ ദീപം, അറിവ്‌ ഇതാകട്ടെ ഇവിടുത്തെ ദൈവമെന്നു കൽപിച്ചു. കാരമുക്കിലെ ദീപപ്രതിഷ്ഠക്കുശേഷമാണ്‌ മുരുക്കുംപുഴയിൽ ഓം സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതി പ്രതിഷ്ഠിച്ചത്‌.

1928ലാണ്‌ ഗുരുവിന്റെ പ്രസിദ്ധമായ കണ്ണാടിപ്രതിഷ്ഠ. കണ്ണാടിയുടെ രസം ചുരണ്ടി ഓമെന്നെഴുതിയാണ്‌ പ്രതിഷ്ഠിച്ചത്‌. അരുവിപ്പുറത്ത്‌ തുടങ്ങിയ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയ വിഗ്രഹത്തിൽ തുടങ്ങി വിഗ്രഹഭഞ്ജകത്വത്തിലെത്തിയാണ്‌ പരിസമാപിക്കുന്നത്‌. ഉല്ലലയിലും കളഭംകോടത്തും ഇത്തരത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ട്‌. വിശ്വാസത്തിൽ തുടങ്ങി ആചാരബന്ധനങ്ങളെ അതിജീവിച്ച്‌ അറിവിലെത്തി, സത്യധർമ്മാദി മൂല്യങ്ങളെ അനുവർത്തിച്ച്‌ ഞാനെന്ന പരമസത്യത്തെ പ്രാപിക്കുവാനുള്ള ഉദ്ബോധനമായി ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയെ മനസ്സിലാക്കാവുന്നതാണ്‌.

കല്ലിൽ തുടങ്ങി കണ്ണാടിയിലവസാനിക്കുന്ന ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയെ ഹിന്ദുമതത്തിലെ ക്ഷേത്രാരാധനാസമ്പ്രദായമായി മാത്രം പരിമിതപ്പെടുത്തുവാൻ സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും സാധിക്കുകയില്ല. വിശ്വാസത്തിൽ തുടങ്ങി അറിവിലവസാനിക്കുന്ന ബോധത്തിന്റെ വികാസപരിണാമത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമായിരുന്നു ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളോരോന്നും.
“ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്‌. ക്ഷേത്രത്തിൽ ജനങ്ങൾക്ക്‌ വിശ്വാസം കുറഞ്ഞുവരികയാണ്‌. അമ്പലം പണിയാൻ പണം ചെലവിട്ടത്‌ ദുർവ്യയമായി എന്ന്‌ ചിന്തിക്കുവാൻ ഇടയുണ്ട്‌. കാലത്തിന്‌ അത്രമാത്രം വ്യത്യാസം വന്നിരിക്കുന്നു. എങ്കിലും തത്ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച്‌ വിദ്യാലയങ്ങൾ ഉണ്ടാക്കാനാണ്‌ ഉത്സാഹിക്കേണ്ടത്‌. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദംകൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേർക്കുവാൻ കഴിയുമെന്ന്‌ കരുതിയിരുന്നു.

“അനുഭവം നേരെ മറിച്ചാണ്‌. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക്‌ വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക്‌ അറിവുണ്ടാകട്ടെ. അതുതന്നെയാണ്‌ അവരെ നന്നാക്കാനുള്ള മരുന്ന്‌”. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപദ്ധതിയുടെ ലക്ഷ്യവും താത്പര്യവും ഗുരുവിന്റെ ഈ വാക്കുകളിൽ നിന്ന്‌ വ്യക്തമാണ്‌.
വിഭാഗീയതയ്ക്കതീതമായ മാനവപുരോഗതി അതു മാത്രമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതവത്ക്കരണമോ മതാചാരപ്രോത്സാഹനമോ ഗുരുവിന്റെ ലക്ഷ്യമായിരുന്നില്ല. ഗുരുവിൽ ജാതിയും മതവും ആരോപിക്കുന്നതുപോലൊരു ഗുരുനിന്ദ വേറെയില്ല. അങ്ങനെ ആരുചെയ്താലും അത്‌ യേശുവിനെ മുൾക്കിരീടം ചൂടിച്ചതുപോലെയും മരക്കുരിശു ചുമപ്പിച്ചതുപോലെയുമാണ്‌. യേശുവിന്റെ ശരീരത്തിലാണ്‌ മുറിവേൽപ്പിച്ചതെങ്കിൽ ഇവിടെ ആത്മാവിലും ആദർശത്തിലുമാണെന്ന വ്യത്യാസം മാത്രം.
എന്തുകൊണ്ട്‌ കുരിശു നാട്ടിയില്ല

ശ്രീനാരായണ ഗുരു എവിടെയും കുരിശു സ്ഥാപിക്കാത്തതുകൊണ്ട്‌ ഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നവരുണ്ട്‌. സാധാരണക്കാരായ ജനങ്ങൾക്ക്‌ ഇത്‌ ശരിയാണല്ലോ എന്നു തോന്നാനെളുപ്പമാണ്‌. ഒരിക്കൽ ഖാദർ എന്നു പേരുള്ള ഒരു ഇസ്ലാംമതപണ്ഡിതൻ ഗുരുവിനോടുതന്നെ ഈ സംശയമുണർത്തിച്ചിട്ടുണ്ട്‌. ഗുരു ഹിന്ദുമതവിശ്വാസികൾക്ക്‌വേണ്ടി മാത്രമല്ലേ പ്രവർത്തിച്ചിട്ടുള്ളൂ എന്നതായിരുന്നു ഖാദറിന്റെ സംശയം. ഖാദറിനു ഗുരു കൊടുത്ത മറുപടി ഇത്തരത്തിലുള്ള സകലസംശയങ്ങളെയും ദൂരീകരിക്കുവാൻ പര്യാപ്തമായതാണ്‌. ഗുരു പറഞ്ഞു:-”ഹിന്ദുമതവിശ്വാസികളായ ചിലർ നമ്മെ സമീപിച്ച്‌ അവരുടെ മതത്തിലെ ചില ബുദ്ധിമുട്ടുകൾ അറിയിച്ചു. അതിന്‌ പരിഹാരമായി നാം ചിലതു ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അതുപോലെ ക്രിസ്ത്യാനികളോ മൊഹമ്മദീയരോ നമ്മെ സമീപിച്ചാൽ നമ്മാലാവുന്നത്‌ അവർക്കുവേണ്ടിയും ചെയ്യുന്നതാണ്‌.” എന്തുകൊണ്ട്‌ ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ ഗുരു പ്രവർത്തിച്ചുവെന്നുള്ളത്‌ ഗുരുവിന്റെ വാക്കുകളിൽ നിന്ന്‌ സുവ്യക്തമാണ്‌.


ഡോ.എം ആർ യശോധരൻ

0 comments:

Post a Comment