ഗുരു ദര്‍ശനത്തെ അനാചാരങ്ങളുടെ അന്ധകാരത്തില്‍ ആഴ്തരുതേ
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എക്കാലവും എതിര്‍ത്ത് ഇല്ലാതാക്കുന്നതില്‍ ഗുരു ദേവന്‍ ശ്രദ്ധിച്ചിരുന്നു, ഇന്നാകട്ടെ ഗുരു ദര്‍ശനത്തെ തന്നെ മേല്‍പറഞ്ഞവയില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണ് ഗുരുദേവന്റെ അനുയായികള്‍ എന്ന് സ്വയം പ്രചരിപിക്കുന്നവര്‍..
അന്ധവിശ്വാസങ്ങള്‍ക്ക് മനശാസ്ത്രപരമായ ചികിത്സ ആയിരുന്നു ഗുരു നല്‍കിയിരുന്നത്. ചാത്തന് കത്ത് കൊടുതയച്ചതും അങ്ങനെ ഉള്ള ചികിത്സയുടെ ഭാഗമായിരുന്നു. ഗുരുദേവന്‍ എറിയരുത് എന്ന് പറഞ്ഞു എന്നറിഞ്ഞാല്‍ കല്ലെറിയുന്നവന്‍ അതിനു മുതിരില്ല എന്നത് തന്നെ ആണ് അതിന്റെ പിന്നിലുള്ള മനശാസ്ത്രം. മഹാ യോഗിയായിരുന്ന ഗുരുവിന്റെ വാക്കുകള്‍ നിഷേധിക്കാന്‍ കല്ലെറിയുന്ന മനുഷ്യ ചാത്തനും കഴിയുകയില്ല .
പരമഹംസന്മാരുടെ പ്രവര്‍ത്തികളില്‍ നിഗൂഡമായ പലതും ഉണ്ടാകും. അതിനൊന്നിനും നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുകയില്ല. അതിനു ശ്രമിക്കുന്നത് വിഡ്ഢിതരം ആകുകയും ചെയ്യും . എന്നാല്‍ അവരുടെ മേല്‍ അന്ധവിശ്വാസങ്ങളുടെ കരിമ്പടം പുതപിക്കുന്നത് ശുദ്ധ ഭോഷതരം ആണ് താനും.
ഭൂത പ്രേത ബാധകള്‍ ഉള്ളവരെ അതില്‍ നിന്നും മോചിപിക്കാന്‍ ഗുരു മന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് ഒരു കാഷായ വേഷധാരി പറഞ്ഞു കൊണ്ട് നടക്കുന്നു. എന്ത് അനാവശ്യം ആണ് ഇത്. ഗുരു ദര്‍ശനത്തെ അല്പമെങ്കിലും അറിയാവുന്ന ആരും തന്നെ അത് പറയുകില്ല. ഉദര നിമിത്തം വാക്കുകള്‍ പടച്ചു വിടുന്ന ഇവര്‍ ഗുരുദേവനെ അറിയുകയേ ഇല്ല എന്നതാണ് സത്യം .
" ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മാത്രമേ ഉപദ്രവം ചെയ്യാന്‍ കഴിയൂ, മരിച്ചവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല" എന്ന് പറഞ്ഞ, രണ്ടു എന്നതാണ് ഭയത്തിനു കാരണം ഏകം എന്ന ചിന്ത വന്നാല്‍ അതിനു സ്ഥാനം ഇല്ല എന്ന് പറഞ്ഞ ഗുരു ഭൂതത്തെ ഓടിക്കാന്‍ മന്ത്രം ഉപദേശിച്ചു പോലും. അതും കേട്ട് അമ്പരന്നു ഇല്ലാതെ പ്രേതത്തിനെ ഓടിക്കാന്‍ പോയി വട്ടാകുന്ന ആള്‍ക്കാരുടെ എണ്ണം കൂടുതല്‍ ആണ്.ഇനി ഇത് സത്യം ആണെങ്കില്‍ ആ കപട വേഷ ധാരി അവിടെ നിന്നും ഓടേണ്ടി വന്നേനെ കാരണം ജീവിച്ചിരിക്കുന്ന അയാള്‍ ആണല്ലോ ഇങ്ങനെ ഉപദ്രവം മറ്റുള്ളവര്‍ക്ക് ചെയ്യുന്നത്. അതിനാല്‍ ഭൂതം എന്ന പേര് അയാള്‍ക്കാകും ചേരുക.
ഗുരുവിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ തികച്ചും സങ്കടകരമാണ്. ഹവനം യജ്ഞം എന്നിവയൊക്കെ ഓണ്‍ലൈന്‍ വഴി വരെ ആയി എന്ന ഗതികേട് നാം കണ്ടു കൊണ്ടിരിക്കുകയാണ് . കോപി പേസ്റ്റ് അര്‍ച്ചന എന്ന നൂതന രൂപം വരെ നാം കാണുന്നു. ഏതു ഇരുട്ടില്‍ നിന്നാണോ ഗുരു നമ്മെ മോചിപിക്കാന്‍ ശ്രമിച്ചത്, ആ ഇരുട്ടിലേക്ക് ഗുരുവിനെ തിരിച്ചു കൊണ്ട് പോകുകയാണ് കപട ആത്മീയ കച്ചവടക്കാര്‍..
അതിനു ഓശാന പാടാന്‍ യുവാക്കള്‍ മുതല്‍ ബഹുമാന്യരായ വയോധികര്‍ വരെ ഉണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെ ആണ്. ഇത്തരതിലുള്ളവരോട് ഒരേ ഒരു കാര്യം മാത്രം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു .
ഗുരുവിന്റെ ഹോമ മന്ത്രം മനസിരുത്തി ഒന്ന് വായിക്കുക .അതിന്റെ അര്‍ഥം ഗ്രഹിക്കുക .
ഹോമമന്ത്രം- നാരായണ ഗുരു
"ഓം അഗ്നെ തവ യത്തെജസ്തദ് ബ്രാഹ്മം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി.
ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി
സപ്തജിഹ്വാ:
ത്വയി വിഷയാ ഇതി സമിതോ ജുഹോമി.
അഹമിത്യാജ്യം ജുഹോമി.
ത്വം ന: പ്രസീദ പ്രസീദ.
ശ്രേയശ്ച പ്രേയശ്ച പ്രയശ്ച സ്വാഹാ.
ഓം ശാന്തി: ശാന്തി: ശാന്തി:
അര്‍ത്ഥം
______________
അല്ലെയോ അഗ്നീ !
നിനക്ക് യാതൊരു പ്രകാശമുണ്ടോ,
അത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നതാകുന്നു .
അക്കാരണത്താല്‍ നീ നേരില്‍ കാണാവുന്ന ബ്രഹ്മം ആകുന്നു.
നിന്‍റെ ഏഴു നാക്കുകള്‍,
അഞ്ചിന്ദ്രിയങ്ങളും മനസും ബുദ്ധിയും
ചേര്‍ന്നതാകുന്നു.
അങ്ങനെയുള്ള നിന്നില്‍
വിഷയങ്ങള്‍ എന്ന
സമിത്തുകളെ ഞാന്‍ ഹോമിക്കുന്നു.
ഞാന്‍ എന്ന നെയ് ഞാന്‍ ഹോമിക്കുന്നു.
നീ ഞങ്ങളില്‍ പ്രസാദിച്ചാലും
പ്രസാദിച്ചാലും.
ശ്രേയസ്സും പ്രേയസ്സും തന്നരുളിയാലും
ശുദ്ധമായ മനസും, അതിലൂടെ അസ്തിത്വത്തെ അറിയാനുള്ള ശ്രമവും അതിലൂടെ ലഭിക്കും ശ്രേയസും പ്രേയസും. അത് ഒരിക്കലും കീ ബോര്‍ഡ് അര്‍ച്ചന വഴി ലഭിക്കില്ല. തുറക്കുക നിങ്ങളുടെ മനസ് ഗുരു ദര്‍ശനത്തിലേക്ക്. കപട വേഷധരികളെ അവരുടെ വഴി വിടുക. അവരുടെ പിന്നാലെ പോയി സത്യത്തെ അറിയാനുള്ള അവസരം സ്വയം നഷ്ടപെടുതരുത് നിങ്ങള്‍ .
0 comments:
Post a Comment