Thursday 28 January 2016

ഹിന്ദുത്വത്താൽ തമസ്കരിക്കപ്പെടുന്ന ശ്രീനാരായണദർശനം

ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ കാണുവാനും വിലയിരുത്തുവാനും അനായാസം സാധിക്കും. അതുകൊണ്ടുതന്നെ ഗുരുവിനെ സനാതനധർമ്മത്തിന്റെ സംരക്ഷകനായും ഹിന്ദുമതപരിഷ്കർത്താവായും വിലയിരുത്തപ്പെട്ടാൽ അതിൽ അസ്വഭാവികത തോന്നുകയില്ല.

ശ്രീനാരായണഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവായും ഹിന്ദുമതസന്യാസിയായും അവതരിപ്പിക്കപ്പെടുന്നത്‌ പ്രധാനമായും അഞ്ചു കാരണങ്ങളാലാണ്‌. 

1.     ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയൊരു സന്യാസി ഇന്ത്യയിൽ വേറെയില്ല. 
2.     ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയ ശ്രീനാരായണഗുരു ഒരു കുരിശു  
        നാട്ടുകയോ നിസ്കാരപള്ളി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. 
3.     ഹിന്ദുമത ദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങളാണ്‌ ഗുരു രചിച്ചിട്ടുള്ളത്‌. 
4.     ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്‌ ശ്രീനാരായണഗുരു     
        പ്രവർത്തിച്ചിട്ടുള്ളത്‌. 
5.      കേരളത്തിലെ ഈഴവർ ഹിന്ദുമതം ഉപേക്ഷിച്ച്‌ ക്രിസ്തുമതം സ്വീകരിക്കുവാൻ 
         ശ്രമിച്ചപ്പോൾ ശ്രീനാരായണഗുരു അതിനെ നിരുത്സാഹപ്പെടുത്തി.

സാമാന്യമായി ചിന്തിച്ചാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയായി തോന്നാം. എന്നാൽ ഗുരുവിന്റെ ജീവിതത്തോടും ദർശനത്തോടും കുറച്ചുകൂടി അടുത്തുനിന്ന്‌ മേൽപ്പറഞ്ഞ അഞ്ചുവിഷയങ്ങളെ വിലയിരുത്താൻ ശ്രമിച്ചാൽ ഗുരുവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഹിന്ദുമതത്തിൽ നിന്ന്‌ വേറിട്ടൊരു മാനമുണ്ടെന്ന്‌ ബോദ്ധ്യമാകും.

ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ

ഇന്ത്യയിൽ ശ്രീനാരായണഗുരുവല്ലാതെ മറ്റൊരാചാര്യനും ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നിർവ്വഹിച്ചിട്ടില്ലെന്നുള്ളത്‌ വസ്തുതയാണ്‌. എന്നാൽ ശങ്കരാചാര്യർ ഉൾപ്പടെയുള്ള ഭാരതീയ ഋഷിപരമ്പരയിലുള്ള സന്യാസിമാർ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയതിന്റെ ലക്ഷ്യവും ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യവും തികച്ചും വ്യത്യസ്തമായിരുന്നു. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യം അരുവിപ്പുറത്തുതന്നെ ഗുരു ആലേഖനം ചെയ്തു:- “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്‌”. ഇങ്ങനെയൊരു ലക്ഷ്യം ഭാരതത്തിലെ മറ്റൊരു സന്യാസിക്കും ഉണ്ടായിരുന്നില്ലെന്നുള്ളത്‌ സുവിദിതമാണ്‌.
പൗരാണിക സാമ്പ്രദായികരീതികളുടെ ആവിഷ്കാരമായിരുന്നില്ല ഗുരുവിന്റേത്‌. ഹിന്ദുമതവിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളെയാണ്‌ ക്ഷേത്രങ്ങളായി കരുതപ്പെടുന്നത്‌. അതുകൊണ്ടാണ്‌ അഹിന്ദുക്കൾക്ക്‌ അവിടെ പ്രവേശനം നിഷിദ്ധമായിരിക്കുന്നത്‌. അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെന്ന മൂന്നാര്റിയിപ്പ്‌ ഹൈന്ദവക്ഷേത്രങ്ങളുടെ മുൻപിലുണ്ടാകും. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ ആചാരനിഷേധമാണ്‌. ആചാരനിഷേധങ്ങൾക്ക്‌ വിധിപ്രകാരമുള്ള പരിഹാരക്രിയകൾ ചെയ്യേണ്ടതുണ്ട്‌. അത്തരം സങ്കീർണ്ണതകൾ ഒഴിവാക്കുവാനാണ്‌ മൂന്നാര്റിയിപ്പായി അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന്‌ ഓർമ്മപ്പെടുത്തുന്നത്‌. കാരണം ഹൈന്ദവക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതും ആചാരങ്ങളാലാണ്‌. അവിടെ ആചാരങ്ങൾ പാലിക്കപ്പെടണം.

ക്ഷേത്രങ്ങളെ ഗുരു കാണുന്നത്‌ ആചാരങ്ങളെ പാലിക്കുന്ന സങ്കേതങ്ങളായിട്ടല്ല. ഈ അടിസ്ഥാന സങ്കൽപത്തിൽത്തന്നെ ഹൈന്ദവക്ഷേത്രങ്ങളും ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും തമ്മിൽ വ്യത്യസ്തമാകുന്നു. ഗുരു പറയുന്നു: “ഈശ്വരവിശ്വാസത്തിൽ ജാതിമതചിന്തകൾ വെടിഞ്ഞ്‌ മനുഷ്യർക്കെല്ലാം ഒത്തുകൂടുവാനുള്ളൊരിടമെന്ന നിലയിലാണ്‌ നാം ക്ഷേത്രങ്ങളെ കാണുന്നത്‌. ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ ഉദ്യാനങ്ങളും വിദ്യാലയങ്ങളുമുണ്ടാകണം. സർവ്വമതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളുണ്ടാകണം. ഈശ്വരവിശ്വാസത്തിൽ എല്ലാവരും കുളിച്ച്‌ ശുദ്ധമായി ശുദ്ധവായു ശ്വസിച്ച്‌ ശുദ്ധമായ ആഹാരം കഴിച്ച്‌ നല്ല പുസ്തകങ്ങൾ വായിച്ച്‌ ശുദ്ധമായ ചിന്തകളുണ്ടാകുവാൻ……..”
ഗുരുവാക്കുകൾ തുടരുകയാണ്‌. അതിൽ തൊഴിൽശാലയും കൃഷിയിടവും കളിസ്ഥലവുമൊക്കെ പരാമർശിക്കുന്നുണ്ട്‌.

ആചാരങ്ങളെ പാലിച്ച്‌ വിശ്വാസം വളർത്തുന്നതിനുവേണ്ടിയായിരുന്നില്ല ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നുള്ളത്‌ ഗുരുവിന്റെതന്നെ വാക്കുകളിൽ വ്യക്തമാണ്‌. അനുവർത്തനങ്ങളിൽ മാത്രമല്ല, ക്ഷേത്രത്തിന്റെ ഘടനയിൽപ്പോലും ഈ വ്യത്യസ്തത ഗുരുക്ഷേത്രങ്ങൾ പുലർത്തുന്നുണ്ട്‌. ദ്വാരപാലകനും ബലിക്കല്ലും ഉപദേവതകളുമൊന്നും ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലില്ല. ഇതൊക്കെ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും ഉണ്ടാക്കണമെന്നാണ്‌ ഗുരുവിന്റെ ക്ഷേത്രങ്ങളുടെ പൊരുളറിയാത്തവർ ആഗ്രഹിക്കുന്നത്‌. ഇപ്പോൾ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നടന്നുവരുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമിതാണ്‌.

കാറ്റും വെളിച്ചവും കടക്കുന്നവിധം ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും ക്രിസ്ത്യാനികൾ പള്ളി പണിയുന്നതുപോലെ ആരാധനാലയങ്ങൾ നിർമ്മിക്കണമെന്നുമുള്ള ഗുരുകൽപനയുടെ പുരോഗമനാത്മകത ആചാരങ്ങളിൽപ്പെട്ടുപോയവർക്ക്‌ ബോധ്യപ്പെടാൻ എളുപ്പമല്ല. മനുഷ്യന്റെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവുമായ വികാസമായിരുന്നു ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യം. മനുഷ്യരുടെ വിശ്വാസത്തെ സംസ്കരിച്ച്‌ എങ്ങനെ മാനവപുരോഗതിക്കും സാമൂഹികപുരോഗതിക്കും ഉപയുക്തമാക്കാമെന്നതിന്റെ ഉത്തമമാതൃകയാണ്‌ ശ്രീനാരായണഗുരുവിന്റെ ക്ഷേത്രങ്ങൾ.

ഈശ്വരനെ ബിംബമായും വിശ്വാസത്തെ ആചാരമായും മാത്രം കാണുന്നവർക്ക്‌ ഗുരുവിന്റെ ക്ഷേത്രങ്ങൾക്ക്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നുള്ള അന്തരം കാണുവാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ ജാതിമതചിന്തകൾക്കതീതമായി ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളെ ഹിന്ദുമതക്ഷേത്രങ്ങളായി തെറ്റിദ്ധരിക്കേണ്ടിവരുന്നത്‌. എന്നാൽ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ഗുരുവിന്റെ മൂന്നാര്റിയിപ്പും അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെന്നുള്ള മൂന്നാര്റിയിപ്പും തമ്മിലുള്ള അന്തരം ആർക്കാണ്‌ മനസ്സിലാകാത്തത്‌?
അരുവിപ്പുറം പ്രതിഷ്ഠയും സന്ദേശവും

ശ്രീനാരായണ ഗുരുവിന്റെ കർമ്മകാണ്ഡമാരംഭിക്കുന്നത്‌ അരുവിപ്പുറത്തുനിന്നുമാണ്‌. എന്തുകൊണ്ടാണ്‌ ഗുരു ക്ഷേത്രപ്രതിഷ്ഠയിലൂടെ തന്റെ സാമൂഹിക നവോത്ഥാന പ്രക്രിയയ്ക്ക്‌ തുടക്കം കുറിച്ചതെന്നുള്ളത്‌ ചിന്തവ്യമാണ്‌. പ്രതിഷ്ഠയെപ്പോലെതന്നെ പ്രസക്തമാണ്‌ ഗുരു കുറിച്ച സന്ദേശവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ നിലനിൽപ്‌ അവന്റെ വിശ്വാസപ്രമാണങ്ങളാണ്‌. അതുകൊണ്ടുതന്നെ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്‌. ജാതിഭേദചിന്തയുടെ അടിസ്ഥാനത്തിൽ വിശ്വാസങ്ങളെ സംരക്ഷിക്കുവാൻ അവസരമില്ലാതെപോയൊരു സമൂഹമാണ്‌ ഗുരുവിനെ സമാശ്രയിച്ചത്‌.
ദൈവത്തെ വിശ്വസിക്കുവാനും ആരാധിക്കുവാനുമുള്ള അവസരം ജാതിയുടെയും മതത്തിന്റെയും പേരിൽ നിഷേധിക്കുന്നത്‌ ആത്മനിഷ്ഠനായൊരു തപോധനന്‌ ന്യായീകരിക്കാവുന്ന കാര്യമല്ല. ഒരു ഹിന്ദു സന്യാസിക്ക്‌ അവർണ്ണന്‌ ആരാധനാസ്വാതന്ത്ര്യമില്ലെന്നുള്ളതിൽ ഒരു പോരായ്മയും തോന്നുകയില്ല. കാരണം അത്‌ ഹിന്ദുസംസ്കാരത്തിന്റെ-ഹൈന്ദവാചാരത്തിന്റെ ഭാഗമാണ്‌. ശങ്കരാചാര്യരോ മറ്റേതെങ്കിലും ഹിന്ദുസന്യാസിമാരോ ഇത്തരം വ്യവസ്ഥിതികൾക്കെതിരെ പ്രതികരിക്കാതിരുന്നതും അതുകൊണ്ടുതന്നെയാണ്‌. ഗുരുവിന്‌ ഹിന്ദുത്വത്തോട്‌ എന്തെങ്കിലുമൊരു കൂറുണ്ടായിരുന്നെങ്കിൽ ഒരിക്കലും അവർണർക്ക്‌ ക്ഷേത്രാരാധന നിഷേധിച്ചത്‌ തെറ്റായി എന്നു തോന്നുമായിരുന്നില്ല.

ഹിന്ദുത്വത്തിന്റെ അടിസ്ഥാനതത്വം ചാതുർവർണ്യ വ്യവസ്ഥിതിയാണ്‌. ബ്രാഹ്മണർക്കുമാത്രമെ പ്രതിഷ്ഠിക്കുവാനും പൂജിക്കുവാനും പാടുള്ളൂ. ശൂദ്രർവരെയുള്ളവർക്കു മാത്രമെ ക്ഷേത്രദർശനവും പ്രവേശനവും പാടുള്ളൂ. ശൂദ്രർക്കു താഴെയെന്നു കരുതപ്പെടുന്ന ജാതിയിൽപ്പെട്ടവർക്ക്‌ ആരാധനാസ്വാതന്ത്ര്യം അനുവദിക്കാത്തത്‌ ഹിന്ദുധർമ്മപ്രകാരം ന്യായീകരിക്കപ്പെടുന്ന വസ്തുതയാണ്‌. അതുകൊണ്ടാണ്‌ ഹിന്ദുധർമ്മവാദികൾ അബ്രാഹ്മണന്‌ ക്ഷേത്രപ്രതിഷ്ഠക്കുള്ള അധികാരമുണ്ടോയെന്ന്‌ ഗുരുവിന്റെ ആധികാരികതയെ ചോദ്യം ചെയ്തത്‌. അരുവിപ്പുറം പ്രതിഷ്ഠ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അധസ്ഥിതസമൂഹത്തിന്‌ ആരാധനാസ്വാതന്ത്ര്യമുണ്ടാക്കുന്നതിനായി ഗുരു സ്വീകരിച്ച ധീരമായ നടപടിയായിരുന്നു. ഹൈന്ദവവൈദികധർമ്മത്തിന്റെ യാതൊരാചാരവും സ്വീകരിക്കാതെ ശങ്കരൻ കുഴിയിൽ നിന്നും മുങ്ങിയെടുത്തൊരു ശിലയെ പീഠക്കല്ലിൽ സ്ഥാപിക്കുകയായിരുന്നു ഗുരു ചെയ്തത്‌. ശില ശിലയോട്‌ ഉരുകിച്ചേർന്നാണ്‌ പ്രതിഷ്ഠയായത്‌.
നൂറ്റിഇരുപത്തേഴ്‌ വർഷം കഴിഞ്ഞിട്ടും അവിടെ പുനഃപ്രതിഷ്ഠ നടത്തിയിട്ടില്ല. ഓരോ പന്ത്രണ്ടുവർഷം കഴിയുമ്പോഴും ഹൈന്ദവക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തപ്പെടേണ്ടതാണ്‌. അരുവിപ്പുറം പ്രതിഷ്ഠ ഹൈന്ദവാചാരപ്രകാരമല്ല പാലിക്കപ്പെടുന്നത്‌. അങ്ങനെ പാലിക്കപ്പെടാൻ പാടില്ലാത്തതുകൊണ്ടാണ്‌ പ്രതിഷ്ഠയോടനുബന്ധിച്ച്‌ ഗുരു ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്‌ എന്ന്‌ അവിടെ കുറിച്ചുവച്ചത്‌. ഈ സന്ദേശമാണ്‌ അരുവിപ്പുറം പ്രതിഷ്ഠയെയും ഗുരുവിന്റെ പേരിലുള്ള സകലപ്രസ്ഥാനത്തെയും പ്രസക്തമാക്കുന്നത്‌.

ഇങ്ങനെയൊരു സന്ദേശം ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രത്തിനു മുന്നിൽ കുറിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളെല്ലാം ഹൈന്ദവക്ഷേത്രങ്ങളാണെന്നു വേണമെങ്കിൽ പറയാമായിരുന്നു. ഗുരുവിന്റെ ഈ സന്ദേശത്തോടെ ഗുരുവിന്റെ ക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളിൽ നിന്ന്‌ വഴിപിരിയുകയാണ്‌. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ഹിന്ദുധർമ്മത്തെ നിഷേധിക്കുകയും മതത്തിനതീതമായ ഈശ്വരാരാധനാ സമ്പ്രദായത്തെ ആവിഷ്കരിക്കുകയുമായിരുന്നു. അരുവിപ്പുറം സന്ദേശത്തിലൂടെ ഒരു പുത്തൻ ധർമ്മസംസ്ഥാപനമാണ്‌ ഗുരു നടത്തിയത്‌. ഇത്‌ നന്നായറിഞ്ഞുകൊണ്ടാണ്‌ സഹോദരൻ അയ്യപ്പൻ “മതനിഷേധവും മതസ്ഥാപനവും പരിചിൽ സാധിച്ച പരമ സദ്ഗുരോ……” എന്ന്‌ ഗുരുവിനെ സ്തുതിച്ചത്‌.

ക്ഷേത്രപ്രതിഷ്ഠ ഒരു പദ്ധതി

ക്ഷേത്രങ്ങളുടെ എണ്ണം വർധിപ്പിച്ച്‌ ആചാരബന്ധിതമായൊരു സംസ്കാരത്തെ അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നില്ല ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത്‌. വളരെ വ്യക്തമായൊരു ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു ഗുരുവിന്റെ പ്രതിഷ്ഠകളോരോന്നും. ഓരോ പ്രതിഷ്ഠയും ഒരു പദ്ധതിയുടെ ഭാഗമാണ്‌. ഒന്ന്‌ മറ്റൊന്നിനോട്‌ ചേർത്ത്‌ വയ്ക്കുമ്പോഴാണ്‌ ആ പദ്ധതി ബോധ്യമാകുന്നത്‌. മുത്തും മാലയുംപോലെ ഇതിനെ മനസ്സിലാക്കാവുന്നതാണ്‌. ഓരോ ക്ഷേത്രവും ഓരോ മുത്താണെങ്കിൽ അതെല്ലാം കൂടിച്ചേരുമ്പോൾ അതൊരു മാലയാകും.
ക്ഷേത്രങ്ങളെന്ന നിലയിൽ മാത്രം വിലയിരുത്തുമ്പോൾ അതിന്‌ ഹൈന്ദവക്ഷേത്രങ്ങളോട്‌ ചില സമാനതകൾ കണ്ടേക്കാം. എന്നാൽ ഒരു പദ്ധതിയെന്ന നിലയിൽ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാ പ്രക്രിയയെ വിലയിരുത്തുമ്പോൾ അത്‌ ഹൈന്ദവക്ഷേത്രാചാരരീതിയിൽ നിന്നുള്ള മോചനമായി മനസ്സിലാക്കാം. അങ്ങനെ മനസ്സിലാകണമെങ്കിൽ അരുവിപ്പുറം മുതൽ പ്രണവാലേഖിതമായ കണ്ണാടിപ്രതിഷ്ഠവരെയുള്ള ക്ഷേത്രപ്രതിഷ്ഠകളെ കൂട്ടിവായിക്കേണ്ടതുണ്ട്‌.
വിശ്വാസത്തിൽ നിന്ന്‌ അറിവിലേക്കുള്ള ക്രമാനുഗതമായ വികാസം ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയിൽ കാണാൻ സാധിക്കും. കല്ലിൽ നിന്ന്‌ കണ്ണാടിയിലേക്കുള്ളൊരു പരിവർത്തനം ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാ പ്രക്രിയയ്ക്കുണ്ട്‌. ഈ വികാസപരിണാമത്തിനിടയിലെ നാഴികക്കല്ലുകളാണ്‌ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും (1912), തൃശൂർ കാരമുക്കിലെ ദീപപ്രതിഷ്ഠയും (1921), മുരുക്കുംപുഴയിലെ ഫലകപ്രതിഷ്ഠയും (1923). ഈ മൂന്ന്‌ പ്രതിഷ്ഠകളും കണ്ണാടിപ്രതിഷ്ഠയും മാത്രമാണ്‌ ഗുരു അവിടുത്തെ ഇഷ്ടപ്രകാരം ചെയ്തിട്ടുള്ളത്‌. മറ്റുള്ള പ്രതിഷ്ഠകളെല്ലാംതന്നെ ഹിന്ദുമതവിശ്വാസികളുടെ ആവശ്യപ്രകാരം നിർവ്വഹിക്കപ്പെട്ടവയാണ്‌. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയ്ക്ക്‌ ഗുരു പ്രത്യേകമായ താത്പര്യവും ശ്രദ്ധയും കാണിച്ചിരുന്നു.
(അവസാനിക്കുന്നില്ല)

By : ഡോ.എം ആർ യശോധരൻ
(സാമൂഹ്യശാസ്ത്രജ്ഞനായ ലേഖകൻ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)

0 comments:

Post a Comment