Thursday 28 January 2016

ആത്മോപദേശശതകം

ഗുരുദേവ കൃതികളില്‍ നടുനായകത്വം വഹിക്കുന്ന കൃതിയാണ് "ആത്മോപദേശശതകം".ഗുരുദേവന്‍ അരുവിപ്പുറത്ത് താമസിക്കുന്ന കാലയളവിലാണ് "ആത്മോപദേശശതകം" രചിക്കപ്പെടുന്നത്.പല ഭാഗങ്ങളായി വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിച്ച ശേഷം 1917 ല്‍ ഗുരുദേവന്‍റെ തന്നെ തിരുത്തലുകളോടെ ശ്രീനാരായണ ചൈതന്യ സ്വാമികളാണ് ശതകരൂപത്തില്‍ ഈ ദാര്‍ശനിക കൃതി പ്രസിദ്ധീകരിച്ചത്."അഭിനവ സത്യവേദം" എന്നാണ് ദിവ്യസ്തോത്ര രത്നാവലിയുടെ ആമുഖത്തില്‍ ശ്രീ കുമാരസ്വാമി ആത്മോപദേശശതകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.മലയാള ഭാഷയ്ക്ക് വിലമതിക്കാനാവാത്ത ഒരു ആത്മജ്ഞാന ഭണ്ടാരമാണ് "ആത്മോപദേശശതകം".വേദാന്ത ശാസ്ത്ര പ്രതിപാദകങ്ങളായ ഗ്രന്ഥങ്ങളുടെ കീഴ്വഴക്കങ്ങളില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ടാണ് ഗുരുദേവന്‍ "ആത്മോപദേശശതകം" രചിച്ചത്.ആത്മസാക്ഷാത്കാരത്തിനായി ആത്മാവ് ആത്മാവിനോട് ചെയ്യുന്ന ഉപദേശമാണ് ഇത്.വേദാന്ത സങ്കേതങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ കാലഘട്ടത്തിനു അനുയോജ്യമാം വിധം ആത്മതത്വം ഓതിയിരിക്കുന്നു.ബ്രഹ്മം എന്നൊരു ശബ്ദം "ആത്മോപദേശശതകത്തില്‍ " ഒരിടത്തും ഉപയോഗിച്ചിട്ടില്ല.പലതെന്നുള്ള ഭ്രമത്തെ നശിപ്പിക്കുന്നതും,എല്ലാറ്റിനും ഐക്യരൂപമേകുന്നതുമായ "അറിവ്" എന്ന പദമാണ് ഗുരുദേവന്‍ ഉപയോഗിച്ചിട്ടുള്ളത്.
അറിവിലുമേറി അറിഞ്ഞിടുന്നവന്‍
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിന് കണ്ണുകളഞ്ചു മുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം
എന്നിങ്ങനെ തുടങ്ങുന്ന "ആത്മോപദേശശതകത്തില്‍" നൂറ് ശ്ലോകങ്ങളിലൂടെയും കടന്നുപോകുന്നത് ഈ കരുവിന്റെ നിഗൂഡമായ സത്യസൂത്രമാണ്.എല്ലാം ഒരേ അറിവാണ് എങ്കില്‍ എല്ലാവരുടേയും പ്രിയം ഒന്നുതന്നെയാണ്.എന്‍റെ പ്രിയം നിന്റെ പ്രിയം എന്നത് ഭ്രമം മാത്രമാണ്."തന്‍പ്രിയമപരപ്രിയമെന്നറിഞ്ഞിടെണം" എന്ന് ഗുരുദേവന്‍ പറയുമ്പോള്‍ ലോകത്തിലെ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമായി.എല്ലാവരും ഒരേ ആത്മസ്വരൂപമാണ് എന്നതിനാല്‍ ഓരോരുത്തരും അവരുടെ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്റെ സുഖത്തിനുവേണ്ടി കൂടിയാകണം എന്നാണ് ഗുരുവിന് ഉപദേശിക്കുവാനുള്ളത്."പലമതസാരവുമേകം" എന്ന് ഗുരുദേവന്‍ പ്രഖ്യാപിക്കുന്നതും ഈ കൃതിയിലാണ്.അറിവിന്‍റെ വിവിധഭേദങ്ങളെക്കുറിച്ച് പറഞ്ഞശേഷം അറിവായ അറിവ് ഒക്കയും അവയറിയുന്നവനും ഒന്നാണെന്ന സത്യം ആവര്‍ത്തിച്ച് നമ്മേ ബോധ്യപ്പെടുത്തുന്നു.ഒടുവില്‍ ആ ബോധ്യപ്പെടലിനെ വളരെ കാവ്യാത്മകമായി അനുഭവപ്പെടുത്തികൊണ്ടാണ് "ആത്മോപദേശശതകം" അവസാനിക്കുന്നത്.
അതുമിതുമല്ല സദര്‍ത്ഥമല്ല സ -
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സാത്തോ-
മിതി മൃദുവായമര്‍ന്നിടേണം

0 comments:

Post a Comment