SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 28 January 2016

കോലതീരേശസ്തവം

കോലതീരേശസ്തവം🌷
📝ശ്രീനാരായണ ഗുരുദേവൻ
🌻തിരുവനന്തപുരത്തിനടുത്ത കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ 1893-ൽ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് രചിച്ച കൃതി.🌻
കാലാശ്രയമെന്നായണയുന്നോർക്കനുകൂലൻ
ഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം പ്രതികൂലൻ
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂർ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
സർവ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തർ-
ക്കിവ്വാറൊരുരൂപം ഭജനത്തിന്നു ധരിപ്പോൻ
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകൂടാതപഥത്തിങ്കലണഞ്ഞാൽ
ആ ലാക്കിലുടൻ സൻമതി തോന്നിക്കുകെനിക്കെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
കൈകാൽ മുതലാമെന്നുടെയംഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കർമ്മമൊഴിഞ്ഞങ്ങവിവേകാൽ
വയ്യാത്തതു ചെയ്യാൻ തുനിയാതാക്കുക വേണം
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ! കാമാന്തക! കാരുണ്യപയോധേ
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നിൽ
ദൂരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ചാപല്യവശാൽ ചെയ്തൊരു പാപങ്ങൾ പൊറുത്തെൻ
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിൻപദമോർക്കായ് വരണം മേ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ധാതാവിനുമാമാധവനും കൂടിയമേയം
വീതാവധി നിൻവൈഭവമാരാണുര ചെയ്വാൻ
ഏതാനുമിവന്നുള്ളഭിലാഷങ്ങൾ പറഞ്ഞേൻ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
മാലുണ്ടതുരപ്പാൻ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരർത്ഥധ്വനിയാണെന്റെ പുലമ്പൽ
ആലംബനമാമെങ്കിലുമംബാസമമിന്നെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
 For More Updates

ഭൈരവൻ ശാന്തി സ്വാമി


💢
🌹അരുവിപ്പുറം ക്ഷേത്രത്തിൽ ആദ്യത്തെ ശാന്തിക്കാരനായി ഗുരുദേവൻ തെരഞ്ഞെടുത്ത ആളായിരുന്നു ദിവ്യശ്രീ ഭൈരവൻ ശാന്തി സ്വാമി🌹
🌻ഭൈരവൻ സ്വാമികൾ ആരോഗ്യവാനും, ഭക്തനും ആയിരുന്നു. ഒരു ദിവസം, ക്ഷേത്രത്തിൽ ഗുരുദേവൻ വന്നിട്ടുണ്ടെന്ന് കേട്ട് ആളുകൾ തടിച്ചുകൂടി ... കൂട്ടത്തിൽ ഭൈരവൻ ശാന്തിയുമുണ്ടായിരുന്നു ഭൈരവൻ ശാന്തിക്ക് സ്വാമി തൃപ്പാദങ്ങളെ സമീപിക്കാൻ ധൈര്യം പോരാ; പിന്നെ പരിജയപ്പെടുത്താനും ആരുമില്ല.
ഉച്ച സമയമായി ആൾക്കൂട്ടം ഉച്ചഭക്ഷണത്തിന് പിരിയുകയാണ് .നല്ല തഞ്ചമെന്ന്
കണ്ട് ഭൈരവൻ ശാന്തികർ സ്വമി തൃപ്പാദങ്ങളുടെ പിന്നാലെ കൂടി.
എന്നിട്ടും അടുക്കുവാൻ മനസ്സ് ധൈര്യം തരുന്നില്ല. സ്വാമി തൃപ്പാദങ്ങൾ ഇറങ്ങുകയാണ്.
മറ്റൊരാളും കൂടെ ഉണ്ട്
പെട്ടന്ന് സ്വാമികൾ ഭൈരവനെ തിരിഞ്ഞു നോക്കി വിളിച്ചു.
"ഭൈരവൻ നമ്മോടു കൂടി വരാമോ?"
"വരാമേ സ്വമീ " പെട്ടന്ന് ഭൈരവൻ മറുപടി പറഞ്ഞു.
"എന്നാൽ വരു"
ഭൈരവൻകൂടെപ്പോയി.🌻
🌷ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും വിളക്ക് വച്ച് ദീപാരാധന നടത്തുവാനുള്ള ക്രിയാമാർഗ്ഗം സ്വാമി തൃപ്പാദങ്ങൾ ഭൈരവൻ ശാന്തികൾക്ക് കാണിച്ചു കൊടുത്തു.വൈദികരുടെ തന്ത്രമന്ത്രാദികളൊന്നും ഇവിടെ വേണ്ടി വന്നിരുന്നില്ല "കൃത്യനിഷ്ട ശുദ്ധി, ഭക്തി. -ഈ മൂന്നുമാണ് ഒരു പൂജകന് ആവശ്യമായിട്ടുള്ളത്.
ഇവ മൂന്നു ശാന്തികൾക്ക് ഉണ്ടായിരുന്നു. തൃപ്പാദങ്ങൾ ഭൈരവൻ ശാന്തികളെ ഒരു മഹാപുരുഷനാക്കി.
അരുവിപ്പുറത്ത് ജീവിത അവസാനം വരെ കഴിച്ചുകൂട്ടിയ ശാന്തികൾ ക്രമേണ ഭൈരവൻ ശാന്തിസ്വാമികളായി ,ഒടുവിൽ ഒരു വലിയ സിദ്ധനായി.തന്ത്ര വിദ്യയിൽ പണ്ഡിതനായി. ഒരിക്കൽ അരുവിപ്പുറത്തെ കൊടി തൂക്കി മലയിൽ വെച്ച് സ്വാമി തൃപ്പാദങ്ങൾ ബാലസുബ്രഹ്മണ്യനുമായി സംഭാഷണത്തിൽ മുഴുകിയിരിക്കുന്നത് ഭൈരവൻ ശാന്തികൾകണ്ടു ആ അവസരത്തിൽ തൃപ്പാദങ്ങൾ ഭൈരവൻ ശാന്തിയോടു ""കണ്ടോ "
എന്നു ചേദിക്കുകയും "കണ്ടു "? എന്ന് മറുപടി പറയുകയും ചെയ്തു.ഉടൻ തന്നെ "ദീർഘായുസ്സുണ്ടല്ലോ " എന്നു തൃപ്പാദങ്ങൾ അനുഗ്രഹത്തോടെ പറയുകയും ചെയ്തു. അതു കൊണ്ട്ഭൈരവൻ ശാന്തി സ്വാമികൾ 120ാംവയസ്സിലാണ് സമാധിയായത്.🌷
വന്ദേ ഗുരു പരമ്പര
📚അരുവിപ്പുറം മുതൽ
ഓംകാരേശ്വരം വരെ
📝കെ.പി.ബാലകൃഷ്ണൻ
 For More Updates

നാം എന്തിന്‌ ഗുരുദര്‍ശനം അറിയണം, പഠിക്കണം?

മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്‌ മനുഷ്യനെ സമഗ്രതയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ്‌ ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്‌.

ഗുരുദര്‍ശനം ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന്‌ വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്‌. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ്‌ തുറന്നുതന്നെയാണിരിക്കുന്നത്‌. എന്നിട്ടും അവര്‍ക്ക്‌ കാണാന്‍ കാഴിയുന്നില്ലല്ലോ....

മുറയ്‌ക്ക്‌ പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)

നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ്‌ ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക്‌ ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ്‌ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന്‌ സാധിക്കും.

1952 ജൂലായ്‌ 4ന്‌ ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്‌ എന്ന്‌ വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട്‌ അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന്‌ വെറും അരനാഴിക അകലെവച്ചാണ്‌ താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന്‌ മനസ്സിലാക്കിയ ചാഡ്‌വിക്‌ നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട്‌ വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ്‌ ഭേദിക്കാനും സാധിച്ചു.

യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട്‌ ഒരു ഭാഗത്തേക്ക്‌ പോകുന്ന റോഡ്‌ എവിടെയെത്തിച്ചേരും എന്ന്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ എവിടെയാണ്‌ പോകേണ്ടത്‌ എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന്‌ യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക്‌ ഏത്‌ റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട്‌ ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത്‌ എത്രശരിയാണ്‌.

ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്‌ ആവശ്യമാണ്‌. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും മോഹങ്ങള്‍ മാത്രമാണ്‌. അവ ദുര്‍ബലങ്ങളുമാണ്‌. സമയപരിധിയോടും പ്രവര്‍ത്തന പദ്ധതിയോടും കൂടിയ സ്വപ്‌നങ്ങളാണ്‌ ലക്ഷ്യങ്ങള്‍. ലക്ഷ്യങ്ങള്‍ വിലയേറിയതോ അല്ലാത്തതോ ആകാം. വെറും ആഗ്രഹമല്ല. തീവ്രമായ വികാരമാണ്‌ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നത്‌.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്‌.

1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത്‌ കുറിച്ചുവയ്‌ക്കുക.
4. ഇത്‌ ദിവസവും രണ്ടുനേരം വായിക്കുക.

ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'

1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച്‌ ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക്‌ തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക്‌ തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്‌....എന്റെ വറവുചട്ടി തീരെ ചെറുതാണ്‌..... ഈ പരിമിതമായ ചിന്താഗതിയാണ്‌ പലരുടേയും പുരോഗതിക്ക്‌ തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്‌.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം

നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്‌.

1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്‌.
2. സാമ്പത്തിക ഘടകം - ഇത്‌ നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത്‌ അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ട്‌. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.

ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ്‌ രാജാവിന്റെ കഥ പ്രസക്തമാണ്‌. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന്‌ ഒരു വരം നല്‍കാമെന്ന്‌ പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ്‌ താങ്കള്‍ക്ക്‌ വരം ഫലിച്ചുതുടങ്ങും എന്ന്‌ അപരിചിതന്‍ വരവും നല്‍കി യാത്രയായി.
പിറ്റേന്ന്‌ കാലത്ത്‌ ഉണര്‍ന്ന രാജാവ്‌ ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത്‌ സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക്‌ പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന്‌ സന്തോഷം ഇരട്ടിച്ചു. പിന്നീട്‌ ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ്‌ വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച്‌ ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. രാജാവ്‌ അപരിചിതനോട്‌ കരഞ്ഞുകൊണ്ട്‌ മാപ്പ്‌ അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക്‌ ഇപ്പോഴാണ്‌ ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന്‌ പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.

1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക്‌ നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്‌.

കടപ്പാട് :  സുരേഷ് ബാബു മാധവന്‍
For more updated visit : http://gurudevacharithram.blogspot.in/
ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളിലേക്ക് സ്വാഗതം

ഗുരുഷട്കം

ദൈവത്തിന് രൂപമില്ല, ഗുരുവിന് രൂപമുണ്ട്, ഇതാണ് ദൈവവും ഗുരുവും തമ്മിലുള്ള വ്യത്യസം. മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാസമാണ് ഗുരുവിനും ദൈവത്തിനും തമ്മിലുള്ളത് എന്ന് ആചാര്യൻമാർ പറയും.
നാമരൂപരഹിതമായ ദൈവം നാമരൂപങ്ങൾ സ്വീകരിക്കുമ്പോൾ ഗുരു ഭാവമായി. ശ്രീനാരായണ ഗുരു നാമരൂപങ്ങൾ സ്വീകരിച്ച സാക്ഷാൽ ഈശ്വരസത്തതന്നെ എന്ന് ഗുരുഷട്ക്കം നമ്മെ പഠിപ്പിക്കുന്നു.

ഓം ബ്രഹ്മണേ മൂർത്തിമതേ
ശ്രിതാനാം ശുദ്ധിഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീഗുരവേ നമഃ
നമോ ഭഗവതേ നിത്യ-
ശുദ്ധ മുക്ത മഹാത്മനേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീഗുരവേ നമഃ
മഹനീയ ചരിത്രായ
മമതാരഹിതാത്മനേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീഗുരവേ നമഃ
ശിശിരീ കുർവ്വതേ ശാന്തൈഃ
കടാക്ഷൈഃ ശിഷ്യസഞ്ചയാൻ
ബ്രഹ്മവിദ്യാകോവിദായ
തസ്മൈ ശ്രീഗുരവേ നമഃ
വാദിനാം വാദിനേ വാചം-
യമാനാം മൗനഭാജിനേ
സർവ്വലോകാനുരൂപായ
തസ്മൈ ശ്രീഗുരവേ നമഃ
യസ്യ നഃ കല്പതേ സിദ്ധ്യൈ:
പാദാംബുജരജോലവഃ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീഗുരവേ നമഃ
🚫ഗുരു ചരണം ശരണം🚫
🌷സച്ചിദാനന്ദ സ്വാമി🌷
ശിവഗിരി മഠം
 For More Updates

ആത്മോപദേശശതകം

ഗുരുദേവ കൃതികളില്‍ നടുനായകത്വം വഹിക്കുന്ന കൃതിയാണ് "ആത്മോപദേശശതകം".ഗുരുദേവന്‍ അരുവിപ്പുറത്ത് താമസിക്കുന്ന കാലയളവിലാണ് "ആത്മോപദേശശതകം" രചിക്കപ്പെടുന്നത്.പല ഭാഗങ്ങളായി വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിച്ച ശേഷം 1917 ല്‍ ഗുരുദേവന്‍റെ തന്നെ തിരുത്തലുകളോടെ ശ്രീനാരായണ ചൈതന്യ സ്വാമികളാണ് ശതകരൂപത്തില്‍ ഈ ദാര്‍ശനിക കൃതി പ്രസിദ്ധീകരിച്ചത്."അഭിനവ സത്യവേദം" എന്നാണ് ദിവ്യസ്തോത്ര രത്നാവലിയുടെ ആമുഖത്തില്‍ ശ്രീ കുമാരസ്വാമി ആത്മോപദേശശതകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.മലയാള ഭാഷയ്ക്ക് വിലമതിക്കാനാവാത്ത ഒരു ആത്മജ്ഞാന ഭണ്ടാരമാണ് "ആത്മോപദേശശതകം".വേദാന്ത ശാസ്ത്ര പ്രതിപാദകങ്ങളായ ഗ്രന്ഥങ്ങളുടെ കീഴ്വഴക്കങ്ങളില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ടാണ് ഗുരുദേവന്‍ "ആത്മോപദേശശതകം" രചിച്ചത്.ആത്മസാക്ഷാത്കാരത്തിനായി ആത്മാവ് ആത്മാവിനോട് ചെയ്യുന്ന ഉപദേശമാണ് ഇത്.വേദാന്ത സങ്കേതങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ കാലഘട്ടത്തിനു അനുയോജ്യമാം വിധം ആത്മതത്വം ഓതിയിരിക്കുന്നു.ബ്രഹ്മം എന്നൊരു ശബ്ദം "ആത്മോപദേശശതകത്തില്‍ " ഒരിടത്തും ഉപയോഗിച്ചിട്ടില്ല.പലതെന്നുള്ള ഭ്രമത്തെ നശിപ്പിക്കുന്നതും,എല്ലാറ്റിനും ഐക്യരൂപമേകുന്നതുമായ "അറിവ്" എന്ന പദമാണ് ഗുരുദേവന്‍ ഉപയോഗിച്ചിട്ടുള്ളത്.
അറിവിലുമേറി അറിഞ്ഞിടുന്നവന്‍
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിന് കണ്ണുകളഞ്ചു മുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം
എന്നിങ്ങനെ തുടങ്ങുന്ന "ആത്മോപദേശശതകത്തില്‍" നൂറ് ശ്ലോകങ്ങളിലൂടെയും കടന്നുപോകുന്നത് ഈ കരുവിന്റെ നിഗൂഡമായ സത്യസൂത്രമാണ്.എല്ലാം ഒരേ അറിവാണ് എങ്കില്‍ എല്ലാവരുടേയും പ്രിയം ഒന്നുതന്നെയാണ്.എന്‍റെ പ്രിയം നിന്റെ പ്രിയം എന്നത് ഭ്രമം മാത്രമാണ്."തന്‍പ്രിയമപരപ്രിയമെന്നറിഞ്ഞിടെണം" എന്ന് ഗുരുദേവന്‍ പറയുമ്പോള്‍ ലോകത്തിലെ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമായി.എല്ലാവരും ഒരേ ആത്മസ്വരൂപമാണ് എന്നതിനാല്‍ ഓരോരുത്തരും അവരുടെ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്റെ സുഖത്തിനുവേണ്ടി കൂടിയാകണം എന്നാണ് ഗുരുവിന് ഉപദേശിക്കുവാനുള്ളത്."പലമതസാരവുമേകം" എന്ന് ഗുരുദേവന്‍ പ്രഖ്യാപിക്കുന്നതും ഈ കൃതിയിലാണ്.അറിവിന്‍റെ വിവിധഭേദങ്ങളെക്കുറിച്ച് പറഞ്ഞശേഷം അറിവായ അറിവ് ഒക്കയും അവയറിയുന്നവനും ഒന്നാണെന്ന സത്യം ആവര്‍ത്തിച്ച് നമ്മേ ബോധ്യപ്പെടുത്തുന്നു.ഒടുവില്‍ ആ ബോധ്യപ്പെടലിനെ വളരെ കാവ്യാത്മകമായി അനുഭവപ്പെടുത്തികൊണ്ടാണ് "ആത്മോപദേശശതകം" അവസാനിക്കുന്നത്.
അതുമിതുമല്ല സദര്‍ത്ഥമല്ല സ -
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സാത്തോ-
മിതി മൃദുവായമര്‍ന്നിടേണം

അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും


ഗുരു ദര്‍ശനത്തെ അനാചാരങ്ങളുടെ അന്ധകാരത്തില്‍ ആഴ്തരുതേ
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എക്കാലവും എതിര്‍ത്ത് ഇല്ലാതാക്കുന്നതില്‍ ഗുരു ദേവന്‍ ശ്രദ്ധിച്ചിരുന്നു, ഇന്നാകട്ടെ ഗുരു ദര്‍ശനത്തെ തന്നെ മേല്‍പറഞ്ഞവയില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണ് ഗുരുദേവന്റെ അനുയായികള്‍ എന്ന് സ്വയം പ്രചരിപിക്കുന്നവര്‍..
അന്ധവിശ്വാസങ്ങള്‍ക്ക് മനശാസ്ത്രപരമായ ചികിത്സ ആയിരുന്നു ഗുരു നല്‍കിയിരുന്നത്. ചാത്തന് കത്ത് കൊടുതയച്ചതും അങ്ങനെ ഉള്ള ചികിത്സയുടെ ഭാഗമായിരുന്നു. ഗുരുദേവന്‍ എറിയരുത് എന്ന് പറഞ്ഞു എന്നറിഞ്ഞാല്‍ കല്ലെറിയുന്നവന്‍ അതിനു മുതിരില്ല എന്നത് തന്നെ ആണ് അതിന്റെ പിന്നിലുള്ള മനശാസ്ത്രം. മഹാ യോഗിയായിരുന്ന ഗുരുവിന്റെ വാക്കുകള്‍ നിഷേധിക്കാന്‍ കല്ലെറിയുന്ന മനുഷ്യ ചാത്തനും കഴിയുകയില്ല .
പരമഹംസന്മാരുടെ പ്രവര്‍ത്തികളില്‍ നിഗൂഡമായ പലതും ഉണ്ടാകും. അതിനൊന്നിനും നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുകയില്ല. അതിനു ശ്രമിക്കുന്നത് വിഡ്ഢിതരം ആകുകയും ചെയ്യും . എന്നാല്‍ അവരുടെ മേല്‍ അന്ധവിശ്വാസങ്ങളുടെ കരിമ്പടം പുതപിക്കുന്നത് ശുദ്ധ ഭോഷതരം ആണ് താനും.
ഭൂത പ്രേത ബാധകള്‍ ഉള്ളവരെ അതില്‍ നിന്നും മോചിപിക്കാന്‍ ഗുരു മന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് ഒരു കാഷായ വേഷധാരി പറഞ്ഞു കൊണ്ട് നടക്കുന്നു. എന്ത് അനാവശ്യം ആണ് ഇത്. ഗുരു ദര്‍ശനത്തെ അല്പമെങ്കിലും അറിയാവുന്ന ആരും തന്നെ അത് പറയുകില്ല. ഉദര നിമിത്തം വാക്കുകള്‍ പടച്ചു വിടുന്ന ഇവര്‍ ഗുരുദേവനെ അറിയുകയേ ഇല്ല എന്നതാണ് സത്യം .
" ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക്‌ മാത്രമേ ഉപദ്രവം ചെയ്യാന്‍ കഴിയൂ, മരിച്ചവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല" എന്ന് പറഞ്ഞ, രണ്ടു എന്നതാണ് ഭയത്തിനു കാരണം ഏകം എന്ന ചിന്ത വന്നാല്‍ അതിനു സ്ഥാനം ഇല്ല എന്ന് പറഞ്ഞ ഗുരു ഭൂതത്തെ ഓടിക്കാന്‍ മന്ത്രം ഉപദേശിച്ചു പോലും. അതും കേട്ട് അമ്പരന്നു ഇല്ലാതെ പ്രേതത്തിനെ ഓടിക്കാന്‍ പോയി വട്ടാകുന്ന ആള്‍ക്കാരുടെ എണ്ണം കൂടുതല്‍ ആണ്.ഇനി ഇത് സത്യം ആണെങ്കില്‍ ആ കപട വേഷ ധാരി അവിടെ നിന്നും ഓടേണ്ടി വന്നേനെ കാരണം ജീവിച്ചിരിക്കുന്ന അയാള്‍ ആണല്ലോ ഇങ്ങനെ ഉപദ്രവം മറ്റുള്ളവര്‍ക്ക് ചെയ്യുന്നത്. അതിനാല്‍ ഭൂതം എന്ന പേര് അയാള്‍ക്കാകും ചേരുക.
ഗുരുവിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ തികച്ചും സങ്കടകരമാണ്. ഹവനം യജ്ഞം എന്നിവയൊക്കെ ഓണ്‍ലൈന്‍ വഴി വരെ ആയി എന്ന ഗതികേട് നാം കണ്ടു കൊണ്ടിരിക്കുകയാണ് . കോപി പേസ്റ്റ് അര്‍ച്ചന എന്ന നൂതന രൂപം വരെ നാം കാണുന്നു. ഏതു ഇരുട്ടില്‍ നിന്നാണോ ഗുരു നമ്മെ മോചിപിക്കാന്‍ ശ്രമിച്ചത്, ആ ഇരുട്ടിലേക്ക് ഗുരുവിനെ തിരിച്ചു കൊണ്ട് പോകുകയാണ് കപട ആത്മീയ കച്ചവടക്കാര്‍..
അതിനു ഓശാന പാടാന്‍ യുവാക്കള്‍ മുതല്‍ ബഹുമാന്യരായ വയോധികര്‍ വരെ ഉണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെ ആണ്. ഇത്തരതിലുള്ളവരോട് ഒരേ ഒരു കാര്യം മാത്രം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു .
ഗുരുവിന്റെ ഹോമ മന്ത്രം മനസിരുത്തി ഒന്ന് വായിക്കുക .അതിന്റെ അര്‍ഥം ഗ്രഹിക്കുക .
ഹോമമന്ത്രം- നാരായണ ഗുരു
"ഓം അഗ്നെ തവ യത്തെജസ്തദ് ബ്രാഹ്മം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി.
ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി
സപ്തജിഹ്വാ:
ത്വയി വിഷയാ ഇതി സമിതോ ജുഹോമി.
അഹമിത്യാജ്യം ജുഹോമി.
ത്വം ന: പ്രസീദ പ്രസീദ.
ശ്രേയശ്ച പ്രേയശ്ച പ്രയശ്ച സ്വാഹാ.
ഓം ശാന്തി: ശാന്തി: ശാന്തി:
അര്‍ത്ഥം
______________
അല്ലെയോ അഗ്നീ !
നിനക്ക് യാതൊരു പ്രകാശമുണ്ടോ,
അത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നതാകുന്നു .
അക്കാരണത്താല്‍ നീ നേരില്‍ കാണാവുന്ന ബ്രഹ്മം ആകുന്നു.
നിന്‍റെ ഏഴു നാക്കുകള്‍,
അഞ്ചിന്ദ്രിയങ്ങളും മനസും ബുദ്ധിയും
ചേര്‍ന്നതാകുന്നു.
അങ്ങനെയുള്ള നിന്നില്‍
വിഷയങ്ങള്‍ എന്ന
സമിത്തുകളെ ഞാന്‍ ഹോമിക്കുന്നു.
ഞാന്‍ എന്ന നെയ്‌ ഞാന്‍ ഹോമിക്കുന്നു.
നീ ഞങ്ങളില്‍ പ്രസാദിച്ചാലും
പ്രസാദിച്ചാലും.
ശ്രേയസ്സും പ്രേയസ്സും തന്നരുളിയാലും
ശുദ്ധമായ മനസും, അതിലൂടെ അസ്തിത്വത്തെ അറിയാനുള്ള ശ്രമവും അതിലൂടെ ലഭിക്കും ശ്രേയസും പ്രേയസും. അത് ഒരിക്കലും കീ ബോര്‍ഡ് അര്‍ച്ചന വഴി ലഭിക്കില്ല. തുറക്കുക നിങ്ങളുടെ മനസ് ഗുരു ദര്‍ശനത്തിലേക്ക്. കപട വേഷധരികളെ അവരുടെ വഴി വിടുക. അവരുടെ പിന്നാലെ പോയി സത്യത്തെ അറിയാനുള്ള അവസരം സ്വയം നഷ്ടപെടുതരുത് നിങ്ങള്‍ .

നടരാജന്‍ എന്ന തമ്പി (PART-2)

മേളകോലാഹലങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു രീതിയായിരുന്നു തമ്പിയുടേത്‌,.തനിക്ക് ആഹിതമെന്നു തോന്നുന്നിടത്തും തന്നെ ഹിതമില്ലാത്തിടത്തും സഹകരിക്കാതെ,അഭിപ്രായം പറയാതെ ഒരു കാഴ്ചക്കാരനെപ്പോലെ മാറിനില്‍ക്കുവാനായിരുന്നു അദ്ധേഹം എന്നും ആഗ്രഹിച്ചിരുന്നത്.ഗുരുദേവന്‍ നിര്‍ദേശിക്കും വിധം എന്നാല്‍ തികച്ചും തന്‍റെ നിയന്ത്രണത്തില്‍ ഒരു സ്ഥാപനമായിരുന്നു അദ്ധേഹം മനസ്സില്‍ രൂപം നല്‍കിയത്.അങ്ങനെയാണ് ഗുരുകുല പ്രസ്ഥാനം ഭാവനയില്‍ കണ്ടതും രൂപം നല്കിയതും.തമ്പിയെ ഇത്തരം ഒഴിഞ്ഞുമാറലുകളില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കുവാന്‍ പലപ്പോഴും ഗുരുദേവന്‍ തമ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതെല്ലാം സുത്യര്‍ഹമായി തമ്പി ചെയ്തു തീര്‍ത്തിട്ടുണ്ട്.ദിവസങ്ങള്‍ കഴിയുംതോറും അദ്ധേഹം സ്വന്തം വീട്ടില്‍ നിന്നും അന്യനായിക്കൊണ്ടിരുന്നു.താന്‍ വീട്ടിലുണ്ടെങ്കില്‍ പോലും പൊതുചടങ്ങുകളില്‍ നിന്നും സ്വീകരണങ്ങളില്‍ നിന്നും അദ്ധേഹം സ്വയം ഒഴിഞ്ഞുമാറിനിന്നിരുന്നു.തന്‍റെ മുറിയില്‍ അടച്ചിരുന്നു വായിക്കുകയും ചിന്തിക്കുകയും പതിവായിരുന്നു.ഈ പോക്ക് അദ്ധേഹത്തെ തികച്ചും ഒരു നിരാപേക്ഷികനാക്കി മാറ്റുകയായിരുന്നു.
മെട്രിക്കുലേഷന്‍ ജയിച്ചു കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് സാഹിത്യത്തിലെ തലക്കനമുള്ള കൃതികള്‍ എല്ലാം തന്നെ വായിച്ച് ഗ്രഹിച്ചിരുന്നു.ഗുരുദേവന്‍റെ മാര്‍ഗ്ഗം കൈക്കൊണ്ട് വളരെ ചെറുപ്പത്തിലേ തമ്പി മദ്രാസിലും ബംഗ്ലോരിലും എല്ലാം ഹരിജന്‍ ചാളകളില്‍ പോയി ശുചീകരണം നടത്തുകയും അവരെ എഴുത്ത് പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.ഗാന്ധിജിയുടെ ഹരിജനോധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ഒന്നര ദശകം മുന്‍പായിരുന്നു ഇത് എന്ന് നാം ഓര്‍ക്കണം.
മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പി.ജി ക്ക് പഠിക്കുന്ന തമ്പിക്ക് ഒപ്പം സതീര്‍ത്ഥ്യനായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു.അന്ന് ഒരു യൂണിവേര്‍സിറ്റിയില്‍ ഒരേ സമയം രണ്ടു പരീക്ഷകള്‍ക്ക് പഠിക്കുവാന്‍ അനുവദിച്ചിരുന്നു.തമ്പി എം.എ യ്ക്കും,എല്‍.ടി യ്ക്കും ഒരുമിച്ചു പഠിച്ചു പാസ്സായി.പരീക്ഷ പാസായപ്പോള്‍ ഒരു ജോലിക്ക് ശ്രമിക്കുവാന്‍ പലരും ഉപദേശിച്ചുകൊടുത്തു.അങ്ങനെ തമ്പി ജോലിക്കായി ശ്രമം തുടങ്ങി.തങ്ങള്‍ക്ക് വളരുവാനും നിലനില്‍ക്കുവാനും നല്ലത് കേരളക്കരയ്ക്ക് പുറത്തുള്ള നാട്ടുരാജ്യങ്ങള്‍ ആണെങ്കിലും തിരിവിതാം കൂറില്‍ തന്നെ നില്‍ക്കാം എന്ന് ഉദ്ദേശിച്ചുകൊണ്ട് സര്‍ക്കാരില്‍ ജോലിക്ക് അപേക്ഷിച്ചു.തന്‍റെ മുത്തശ്ച്ചന്‍ പദ്മനാഭന്‍ പ്ലീഡര്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ വേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിക്കൊണ്ട് പത്ത് രൂപ ഫീസ്‌ അടയ്ക്കുകയും ചെയ്തു.എന്നാല്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിച്ചില്ല.പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അടച്ച ഫീസ്‌ തിരിച്ചുതരുവാന്‍ ആവശ്യപെട്ടുവെങ്കിലും അത് തിരികെ നല്‍കാതെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു.അച്ഛന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ ബി.എ പരീക്ഷ പാസ്സായി ഒരു ജോലിക്ക് ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അപമാനിച്ചു.അച്ഛന്‍ പല്‍പ്പു മെഡിസിന് ചേരുവാന്‍ എല്ലാ ടെസ്റ്റ്‌കളും ജയിച്ച് അര്‍ഹത നേടിയെങ്കിലും പഠനാനുമതി ലഭിച്ചില്ല.മദ്രാസില്‍ പോയി പഠിച്ചുപാസ്സായി തിരികെയെത്തി ഇവിടെ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലിയില്‍ പ്രവേശിക്കുവാനായില്ല.ആ നിരാശകളുടെ,അപമാനത്തിന്റെയും ഫലമായി തന്നില്‍ ഏല്‍പ്പിച്ച മുറിവുകളുടെ പരിണിതഫലമാണ് ഇവിടെ ഉണ്ടായ നവോത്ഥാന പ്രസ്ഥാനം.ഡോക്ടര്‍ ചില പത്ര പംക്തികളില്‍ കൂടിയും മറ്റു ചില മഹാന്മാരെകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും എഴുതിപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത ലേഖന പരമ്പരകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ തിരുവിതാം കൂറിലെ ജാതി ചിന്തയുടേയും പറ്റി പറയിപ്പിച്ചതും ഭരണകര്‍ത്താക്കളുടെ ചെവികളില്‍ നിരന്തരം എത്തുന്നുണ്ടായിരുന്നു.ഇതെല്ലാം ഇവിടുത്തെ സര്‍ക്കാരിനെയും അവരുടെ ശിങ്കിടികളേയും ഡോക്ടറുടെ ശത്രുക്കള്‍ ആക്കി മാറ്റിയിരുന്നു.പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും ഡോക്ടറെ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ മകന്‍ നടരാജന്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍,ആ പഴയ സന്ദര്‍ഭങ്ങള്‍ അവരോക്കയും മുതലാക്കുകയായിരുന്നു.അതിനോക്കയും ഒരു ക്ഷമ യെങ്കിലും അദ്ധേഹത്തെക്കൊണ്ട് പരയിപ്പിക്കുവാനും അല്ലങ്കില്‍ പിതാവ് പല്‍പ്പു ആവശ്യപ്പെടട്ടെ എന്നും തീരുമാനിച്ചു.പല്‍പ്പുവുണ്ടോ അതിനോക്കയും വഴങ്ങുന്നു ? ആ ജോലി വേണ്ട എന്ന് മകന്‍ എന്നേ തീരുമാനിച്ചിരുന്നു.
കടപ്പാട്: കെ.കെ മനോഹരന്‍
ശിവഗിരി ചരിത്രം

നടരാജന്‍ എന്ന തമ്പി (PART 1)

ആശാനോട് എന്നപോലെ ഗുരുദേവന്‍ കൂടുതല്‍ താല്പര്യം കാട്ടിയ ഒരാളായിരുന്നു ഡോ.പല്‍പ്പുവിന്റെ നാലാമത്തെ മകനായ നടരാജന്‍.ഡോക്ടര്‍ക്ക് ഗംഗാധരന്‍,ആനന്ദ ലക്ഷ്മി,ദാക്ഷായണി,നടരാജന്‍,ഹരിഹരന്‍ എന്നിങ്ങനെ അഞ്ച് മക്കളായിരുന്നു.1070 ലെ മകരമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ (1895 ഫെബ്രുവരി) യിലാണ് നടരാജ ഗുരുവിന്‍റെ ജനനം.ഗര്‍ഭിണിയായിരുന്ന ഭാര്യയേയും മറ്റു മക്കളേയും നാട്ടില്‍ ആക്കിയിട്ടാണ് ഡോക്ടര്‍ ബാക്ടീരിയോളജിയില്‍ പരിശീലനം നേടുന്നതിനായി യൂറോപ്പിലേക്ക് കപ്പല്‍ കയറിയത്.അദ്ധേഹം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മകന് രണ്ട് വയ്യസ്സുണ്ട്.കുട്ടിക്ക് മൂന്ന് വയസ്സ് ആയപ്പോള്‍ ഡോക്ടര്‍ കുട്ടിയേയും കൂട്ടി ഗുരുദേവനെ കാണുവാന്‍ വേണ്ടി അരുവിപ്പുറത്തേക്ക് എത്തി.സ്വാമികളുടെ മുന്‍പില്‍ കുട്ടിയെ നിര്‍ത്തിയശേഷം ഗുരുദേവനെ വണങ്ങുവാന്‍ ഡോക്ടര്‍ അവാശ്യപെട്ടുവെങ്കിലും കുട്ടി അത് അനുസരിച്ചില്ല.ഈ സമയം ഡോക്ടറുടെ മുഖത്തെ വിഷാദഭാവം ഗുരുദേവന്‍ ശ്രദ്ധിച്ചിരുന്നു.അത് കണ്ട ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു -" ഡോക്ടറുടെ മകനല്ലേ ? ആരെയും കുമ്പിടുവാന്‍ ഇഷ്ടമാല്ലായിരിക്കും? എന്നാണ്.(വര്‍ഷങ്ങളായി സ്വാമികള്‍ ഡോക്ടറുടെ വീട്ടില്‍ ചെല്ലുകയും,അവിടെ കിടന്നുറങ്ങുകയും,അവിടെ നിന്നും ഭക്ഷണം കഴിക്കുകയും,ഡോക്ടറുടെ അമ്മ ആവശ്യ പെടുന്ന പ്രകാരം കീര്‍ത്തനങ്ങള്‍ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.അന്നൊക്കെ തന്നെ കണ്ടാല്‍ വന്ദനം പറയുന്നത് പോകട്ടെ,ഒരു വാക്ക് സംസാരിക്കുവാന്‍ പോലും ഡോക്ടര്‍ തയ്യാറായിട്ടില്ല.സംഘടനാ നിര്‍ദേശവുമായി ചെല്ലുന്ന കാലം മുതലാണ്‌ ഡോക്ടര്‍ സ്വാമികളെ കൈ എടുത്ത് വന്ദിച്ചിരുന്നത്.ഗുരുദേവന്‍റെ അടുത്ത് ആരും ഇരിക്കുമായിരുന്നില്ല.ഡോക്ടര്‍ സ്വാമികള്‍ പറഞ്ഞാല്‍ ഉടന്‍ തന്നെ അടുത്തിരിക്കുമായിരുന്നു.തന്നെ മറ്റുള്ളവര്‍ ആദരിക്കണമെന്നോ അനുസരിക്കണമെന്നോ ഗുരുദേവന്‍ ഒരിക്കലും ആഗ്രഹിചിരുന്നില്ലല്ലോ.).
കുട്ടിക്ക് സ്വാമികള്‍ പ്രസാദം നല്‍കി തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും,പുറത്തു തലോടുകയുമുണ്ടായി.തന്‍റെ പിന്‍വാഴ്ചക്കാരനെ ആ കൊച്ചു നിക്ഷേധിയില്‍ ഗുരുദേവന്‍ കണ്ടിരിക്കണം.(ഡോക്ടര്‍ പിന്നീട് പറഞ്ഞത് നടരാജനെ അന്നേ ഞാന്‍ സ്വാമിക്ക് കൊടുക്കുകയായിരുന്നു എന്നാണ്,തമ്പിയെ നമുക്ക് വേണം എന്ന് സ്വാമിയും ഡോക്ടറോട് പറഞ്ഞിരുന്നു).കാലം കഴിയുംതോറും കുട്ടി ഗുരുദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു.തുടര്‍ന്നുള്ള സമയങ്ങളില്‍ അവനെക്കൊണ്ട്‌ സംസ്കൃതം,തമിഴ്,കന്നഡ എന്നീ ഭാഷകള്‍ പറയിപ്പിക്കുകയും,ആശാന്‍റെ കവിതകള്‍ ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു.കുട്ടി ചിത്രം വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് അഭിപ്രായം പറഞ്ഞു പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു.ഗുരുദേവന്‍ ഡോക്ടറുടെ വീട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ ഗുരുദേവന് വിശ്രമിക്കുവാനായി പ്രത്യേകം മുറി ഒരുക്കുമായിരുന്നു.പലപ്പോഴും ഗുരുദേവന്‍ നടരാജന്റെ മുറി പരിശോധിച്ചിരുന്നു.ഒരിക്കല്‍ കുട്ടിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഒരു ട്രെയിന്‍ യാത്രയില്‍ ഡോക്ടറുടെ കുടുംബത്തിനും,ആശാനും ഒപ്പം.അപ്പോള്‍ ആശാന്‍ ഒരു രണ്ടണ തുട്ടും, അര അണ തുട്ടും കാണിച്ചിട്ട് ചോദിച്ചു ഇതില്‍ ഏതു വേണം എന്ന്.(പിച്ചളയില്‍ ഒള്ള രണ്ടു നാണയങ്ങളും ഒരേ ആകൃതിയി ഒരേ പോലെയായിരുന്നു.അര അണയ്ക്ക് വലുപ്പം അല്പം കുറവായിരുന്നു.)കുട്ടി പറഞ്ഞു അര അണ മതിയെന്ന്.ഈ വിനോദം ശ്രദ്ധിച്ചുകൊണ്ട് ഇരുന്ന ഗുരുദേവന്‍ തമ്പിക്ക് അധിക പണം വേണമെന്ന മോഹമില്ല എന്ന് രസകരമായി പറഞ്ഞു.ആവശ്യത്തിന് വേണം പണം അത്രതന്നെ.(നടരാജ ഗുരുവിന്‍റെ ജീവിതത്തില്‍ ഇത് വളരെ ശരിയായിരുന്നു).ഏവരും ക്ട്ടിയെ തമ്പി എന്നാണ് വിളിച്ചിരുന്നത്‌.
ആരെയും പെട്ടന്ന് ആകര്‍ഷിക്കുന്ന ഒരു പ്രകൃതമായിരുന്നു തമ്പിക്ക്.ആശാന്റെ കവിതകള്‍ ചെറുപ്പം മുതലേ വായിക്കുകയും,അത് ഇംഗ്ലിഷ് ഭാഷയിലേക്ക് മാറ്റി എഴുതുന്നതും തമ്പിക്ക് വളരെ രസമായ ഒരു കാര്യം ആയിരുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് "വീണ പൂവ്" - A FALLEN FLOWER എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്.സന്ദര്‍ഭം കിട്ടുമ്പോള്‍ എല്ലാം തമ്പി ഗുരുദേവനെ സന്ദര്‍ശിക്കുമായിരുന്നു,അപ്പോഴോക്കയും ഓരോ ഓരോ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു.ഒരു വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു ചിലപ്പോള്‍ അടുത്ത വര്‍ഷമായിരിക്കും ഗുരുദേവനെ നേരില്‍ കാണുവാന്‍ അവസരം കിട്ടുക.അപ്പോള്‍ തലേ വര്‍ഷം പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നുമാകും ഗുരുദേവന്‍ അടുത്ത ചര്‍ച്ച ആരംഭിക്കുക.ഗുരുദേവ കൃതികളിലെ സംശയമായിരിക്കും നടരാജന്‍ പലപ്പോഴും ഗുരുടെവനോട് ചോദിക്കുക.അതിനെല്ലാം മറുപടി നല്‍കിക്കൊണ്ടിരുന്നു ഗുരുദേവന്‍.ഒരിക്കല്‍ ശിവ ശതകത്തിലെ "മലയതിലുണ്ട് മരുന്നു മൂന്നു പാമ്പും" എന്ന് തുടങ്ങുന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ "അത് മറ്റാരും അറിയേണ്ടതില്ല,നമ്മുടെ സ്വകാര്യമാണ്,പിന്നെ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ അര്‍ത്ഥം കണ്ടെത്തെട്ടെ" എന്ന് പറഞ്ഞുവത്രേ.
മറ്റൊരിക്കല്‍ ഗുരുദേവന്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് ശങ്കരന്‍,മാധവന്‍,രാമാനുജന്‍ എന്നിവരുടെ ദര്‍ശനങ്ങളെ താരതമ്യം ചെയ്തു തമ്പിക്ക് പറഞ്ഞുകൊടുതുകൊണ്ടിരിക്കുകയായിരുന്നു.സ്വാമികള്‍ സോഫയില്‍ ചാരി കിടക്കുന്നു.തമ്പി ഒരു തടുക്കില്‍ അഭിമുഖമായി നിലത്തിരിക്കുന്നു.രംഗം വൈദികമഠത്തിന്‍റെ തിണ്ണയും.ഈ സമയം എസ്.എന്‍.ഡി.പി യോഗത്തിന്‍റെ രണ്ടു നേതാക്കള്‍ കയറി വന്നു.ഗുരുദേവന്‍ അവരെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു.തങ്ങളെ സ്വാമികള്‍ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവര്‍ ഊട്ടുപുരയുടെ ഭാഗത്തേക്ക് പോയി.അധികം കഴിയും മുന്‍പ് ഉച്ച ഊണിന് മണി അടിച്ചു.പോയി ഉണ്ടിട്ടു വരുവാന്‍ സ്വാമികള്‍ തമ്പിയോട് നിര്‍ദേശിച്ചു.തമ്പി ഊട്ടുപുരയില്‍ ഉണ്ണാന്‍ ഇരുന്നപ്പോള്‍ ഈ നേതാക്കളും ഉണ്ണാനിരുന്നു.അവരോട് കൈ കഴുകെണ്ടേ എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ "കൈ കഴുകിയാല്‍ എന്ത്,കഴുകാതെ ഇരുന്നാല്‍ എന്ത് ? എല്ലാം അദ്വൈതമല്ലേ ? എന്ന് നേതാക്കള്‍ പറയുകയുണ്ടായി.തമ്പി ഊണ് കഴിച്ചിട്ട് ചെല്ലുമ്പോള്‍ സ്വാമികള്‍ സംഭാഷണം തുടര്‍ന്നത് "കൈ കഴുകാതെ ഉണ്ണുന്നത് അദ്വൈതമല്ല,അത് അപരിഷ്കൃതവും അശുദ്ധവും ആണ്.വൃത്തിയാണ് പകുതി ഭക്തിയെന്ന് ഖുറാനും പറയുന്നു" ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗുരുദേവന്‍ തമ്പിയോട് സംസാരം തുടങ്ങിയത്.

കടപ്പാട്: കെ.കെ മനോഹരന്‍
ശിവഗിരി ചരിത്രം

ഗുരുവിന്റെ വേറിട്ട പ്രതിഷ്ഠകൾ

ഹിന്ദുത്വത്താൽ തമസ്കരിക്കപ്പെടുന്ന ശ്രീനാരായണദർശനം – 2

ശ്രീനാരായണഗുരു ഹൈന്ദവദേവതാ പ്രതിഷ്ഠകൾ മാത്രമെ നിർവ്വഹിച്ചിട്ടുള്ളു എന്ന്‌ പറയുന്നവർ ഗുരുവിന്റെ വേറിട്ട പ്രതിഷ്ഠകളെ അറിയാതെ പോകുന്നു. ഹിന്ദുമതവിശ്വാസത്തിന്റെ ഭാഗമായ ദേവതകളെയാണ്‌ 1888 മുതൽ 1912വരെ ഗുരു പ്രതിഷ്ഠിച്ചിട്ടുള്ളത്‌. അതെല്ലാംതന്നെ വിശ്വാസികളുടെ ആവശ്യപ്രകാരം വിശ്വാസസംരക്ഷണത്തിനുതകുംവിധവുമായിരുന്നു. ഹിന്ദുമതത്തിൽ പിറന്നുപോയി എന്ന കാരണത്താൽ വിശ്വാസം സംരക്ഷിക്കുവാനുള്ള അവസരം നിഷേധിച്ചവരായിരുന്നു ഗുരുവിന്റെ ക്ഷേത്രങ്ങളിൽ ആശ്വാസം കണ്ടെത്തിയത്‌.

വൈദികതാന്ത്രികസമ്പ്രദായങ്ങളിൽ നിന്ന്‌ മാറിനിന്നുകൊണ്ടുള്ള, ഒരുപക്ഷേ നിഷേധിച്ചുകൊണ്ടുള്ള പ്രതിഷ്ഠയാണ്‌ ശിവഗിരിയിൽ 1912ൽ ഗുരു നിർവ്വഹിച്ചത്‌. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ അതിനുമുമ്പുള്ള പ്രതിഷ്ഠകളിൽ നിന്നു വ്യത്യസ്തമാണ്‌. ശാരദാപ്രതിഷ്ഠ വ്യത്യസ്തമാകുന്നത്‌ ആചാരാനുഷ്ഠാനങ്ങളിലുള്ള ലാളിത്യത്താലാണ്‌. ഹൈന്ദവക്ഷേത്രത്തിൽ പാലിക്കപ്പെടുന്ന ഒരാചാരവും ശിവഗിരി ശാരദാമഠത്തിൽ പാലിക്കപ്പെടുന്നില്ല.

ശാരദാക്ഷേത്രമെന്നല്ല ശാരദാമഠമെന്നാണ്‌ ഗുരു ഈ ആരാധനാകേന്ദ്രത്തിനു നാമകരണം ചെയ്തത്‌. ഈശ്വരാരാധനയ്ക്കുള്ള ഉത്തമ മാതൃകയാണ്‌ ശാരദാമഠത്തിലൂടെ ഗുരു കാണിച്ചുതരുന്നത്‌. പൂവും വെള്ളവും മാത്രമെ ശാരദാമഠത്തിൽ പ്രവേശിപ്പിക്കാൻ ഗുരു അനുവദിച്ചിട്ടുള്ളു. നിവേദ്യംപോലും ശാരദാമഠത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന്‌ ഗുരു നിഷ്കർഷിച്ചിട്ടുണ്ട്‌. ഇവിടെ ആറാട്ടും വെടിക്കെട്ടുമൊന്നുമില്ല. പൂവും വെള്ളവുമുപയോഗിച്ചുള്ള പ്രാർഥനമാത്രമാണ്‌ ശാരദാമഠത്തിലെ ചടങ്ങ്‌.
ഹിന്ദുവൈദികാചാര്യങ്ങളിൽ നിന്ന്‌ ഗുരുവിന്റെ ക്ഷേത്രങ്ങൾ ഇവിടെയാണ്‌ വ്യത്യസ്തമാകുന്നത്‌. ഈ വ്യത്യസ്തത സമാനതകൾ കാണുന്നവർ തിരിച്ചറിയാതെ പോകുന്നു. 1921ൽ തൃശൂർ കാരമുക്കിൽ വിഗ്രഹത്തിനു പകരം ഗുരു വിളക്ക്‌ തെളിയിച്ചിട്ട്‌ ദീപം, അറിവ്‌ ഇതാകട്ടെ ഇവിടുത്തെ ദൈവമെന്നു കൽപിച്ചു. കാരമുക്കിലെ ദീപപ്രതിഷ്ഠക്കുശേഷമാണ്‌ മുരുക്കുംപുഴയിൽ ഓം സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതി പ്രതിഷ്ഠിച്ചത്‌.

1928ലാണ്‌ ഗുരുവിന്റെ പ്രസിദ്ധമായ കണ്ണാടിപ്രതിഷ്ഠ. കണ്ണാടിയുടെ രസം ചുരണ്ടി ഓമെന്നെഴുതിയാണ്‌ പ്രതിഷ്ഠിച്ചത്‌. അരുവിപ്പുറത്ത്‌ തുടങ്ങിയ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയ വിഗ്രഹത്തിൽ തുടങ്ങി വിഗ്രഹഭഞ്ജകത്വത്തിലെത്തിയാണ്‌ പരിസമാപിക്കുന്നത്‌. ഉല്ലലയിലും കളഭംകോടത്തും ഇത്തരത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ട്‌. വിശ്വാസത്തിൽ തുടങ്ങി ആചാരബന്ധനങ്ങളെ അതിജീവിച്ച്‌ അറിവിലെത്തി, സത്യധർമ്മാദി മൂല്യങ്ങളെ അനുവർത്തിച്ച്‌ ഞാനെന്ന പരമസത്യത്തെ പ്രാപിക്കുവാനുള്ള ഉദ്ബോധനമായി ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയെ മനസ്സിലാക്കാവുന്നതാണ്‌.

കല്ലിൽ തുടങ്ങി കണ്ണാടിയിലവസാനിക്കുന്ന ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയെ ഹിന്ദുമതത്തിലെ ക്ഷേത്രാരാധനാസമ്പ്രദായമായി മാത്രം പരിമിതപ്പെടുത്തുവാൻ സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും സാധിക്കുകയില്ല. വിശ്വാസത്തിൽ തുടങ്ങി അറിവിലവസാനിക്കുന്ന ബോധത്തിന്റെ വികാസപരിണാമത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമായിരുന്നു ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളോരോന്നും.
“ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്‌. ക്ഷേത്രത്തിൽ ജനങ്ങൾക്ക്‌ വിശ്വാസം കുറഞ്ഞുവരികയാണ്‌. അമ്പലം പണിയാൻ പണം ചെലവിട്ടത്‌ ദുർവ്യയമായി എന്ന്‌ ചിന്തിക്കുവാൻ ഇടയുണ്ട്‌. കാലത്തിന്‌ അത്രമാത്രം വ്യത്യാസം വന്നിരിക്കുന്നു. എങ്കിലും തത്ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച്‌ വിദ്യാലയങ്ങൾ ഉണ്ടാക്കാനാണ്‌ ഉത്സാഹിക്കേണ്ടത്‌. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദംകൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേർക്കുവാൻ കഴിയുമെന്ന്‌ കരുതിയിരുന്നു.

“അനുഭവം നേരെ മറിച്ചാണ്‌. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക്‌ വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക്‌ അറിവുണ്ടാകട്ടെ. അതുതന്നെയാണ്‌ അവരെ നന്നാക്കാനുള്ള മരുന്ന്‌”. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപദ്ധതിയുടെ ലക്ഷ്യവും താത്പര്യവും ഗുരുവിന്റെ ഈ വാക്കുകളിൽ നിന്ന്‌ വ്യക്തമാണ്‌.
വിഭാഗീയതയ്ക്കതീതമായ മാനവപുരോഗതി അതു മാത്രമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതവത്ക്കരണമോ മതാചാരപ്രോത്സാഹനമോ ഗുരുവിന്റെ ലക്ഷ്യമായിരുന്നില്ല. ഗുരുവിൽ ജാതിയും മതവും ആരോപിക്കുന്നതുപോലൊരു ഗുരുനിന്ദ വേറെയില്ല. അങ്ങനെ ആരുചെയ്താലും അത്‌ യേശുവിനെ മുൾക്കിരീടം ചൂടിച്ചതുപോലെയും മരക്കുരിശു ചുമപ്പിച്ചതുപോലെയുമാണ്‌. യേശുവിന്റെ ശരീരത്തിലാണ്‌ മുറിവേൽപ്പിച്ചതെങ്കിൽ ഇവിടെ ആത്മാവിലും ആദർശത്തിലുമാണെന്ന വ്യത്യാസം മാത്രം.
എന്തുകൊണ്ട്‌ കുരിശു നാട്ടിയില്ല

ശ്രീനാരായണ ഗുരു എവിടെയും കുരിശു സ്ഥാപിക്കാത്തതുകൊണ്ട്‌ ഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നവരുണ്ട്‌. സാധാരണക്കാരായ ജനങ്ങൾക്ക്‌ ഇത്‌ ശരിയാണല്ലോ എന്നു തോന്നാനെളുപ്പമാണ്‌. ഒരിക്കൽ ഖാദർ എന്നു പേരുള്ള ഒരു ഇസ്ലാംമതപണ്ഡിതൻ ഗുരുവിനോടുതന്നെ ഈ സംശയമുണർത്തിച്ചിട്ടുണ്ട്‌. ഗുരു ഹിന്ദുമതവിശ്വാസികൾക്ക്‌വേണ്ടി മാത്രമല്ലേ പ്രവർത്തിച്ചിട്ടുള്ളൂ എന്നതായിരുന്നു ഖാദറിന്റെ സംശയം. ഖാദറിനു ഗുരു കൊടുത്ത മറുപടി ഇത്തരത്തിലുള്ള സകലസംശയങ്ങളെയും ദൂരീകരിക്കുവാൻ പര്യാപ്തമായതാണ്‌. ഗുരു പറഞ്ഞു:-”ഹിന്ദുമതവിശ്വാസികളായ ചിലർ നമ്മെ സമീപിച്ച്‌ അവരുടെ മതത്തിലെ ചില ബുദ്ധിമുട്ടുകൾ അറിയിച്ചു. അതിന്‌ പരിഹാരമായി നാം ചിലതു ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അതുപോലെ ക്രിസ്ത്യാനികളോ മൊഹമ്മദീയരോ നമ്മെ സമീപിച്ചാൽ നമ്മാലാവുന്നത്‌ അവർക്കുവേണ്ടിയും ചെയ്യുന്നതാണ്‌.” എന്തുകൊണ്ട്‌ ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ ഗുരു പ്രവർത്തിച്ചുവെന്നുള്ളത്‌ ഗുരുവിന്റെ വാക്കുകളിൽ നിന്ന്‌ സുവ്യക്തമാണ്‌.


ഡോ.എം ആർ യശോധരൻ

ഹിന്ദുത്വത്താൽ തമസ്കരിക്കപ്പെടുന്ന ശ്രീനാരായണദർശനം

ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ കാണുവാനും വിലയിരുത്തുവാനും അനായാസം സാധിക്കും. അതുകൊണ്ടുതന്നെ ഗുരുവിനെ സനാതനധർമ്മത്തിന്റെ സംരക്ഷകനായും ഹിന്ദുമതപരിഷ്കർത്താവായും വിലയിരുത്തപ്പെട്ടാൽ അതിൽ അസ്വഭാവികത തോന്നുകയില്ല.

ശ്രീനാരായണഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവായും ഹിന്ദുമതസന്യാസിയായും അവതരിപ്പിക്കപ്പെടുന്നത്‌ പ്രധാനമായും അഞ്ചു കാരണങ്ങളാലാണ്‌. 

1.     ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയൊരു സന്യാസി ഇന്ത്യയിൽ വേറെയില്ല. 
2.     ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയ ശ്രീനാരായണഗുരു ഒരു കുരിശു  
        നാട്ടുകയോ നിസ്കാരപള്ളി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. 
3.     ഹിന്ദുമത ദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങളാണ്‌ ഗുരു രചിച്ചിട്ടുള്ളത്‌. 
4.     ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്‌ ശ്രീനാരായണഗുരു     
        പ്രവർത്തിച്ചിട്ടുള്ളത്‌. 
5.      കേരളത്തിലെ ഈഴവർ ഹിന്ദുമതം ഉപേക്ഷിച്ച്‌ ക്രിസ്തുമതം സ്വീകരിക്കുവാൻ 
         ശ്രമിച്ചപ്പോൾ ശ്രീനാരായണഗുരു അതിനെ നിരുത്സാഹപ്പെടുത്തി.

സാമാന്യമായി ചിന്തിച്ചാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയായി തോന്നാം. എന്നാൽ ഗുരുവിന്റെ ജീവിതത്തോടും ദർശനത്തോടും കുറച്ചുകൂടി അടുത്തുനിന്ന്‌ മേൽപ്പറഞ്ഞ അഞ്ചുവിഷയങ്ങളെ വിലയിരുത്താൻ ശ്രമിച്ചാൽ ഗുരുവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഹിന്ദുമതത്തിൽ നിന്ന്‌ വേറിട്ടൊരു മാനമുണ്ടെന്ന്‌ ബോദ്ധ്യമാകും.

ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ

ഇന്ത്യയിൽ ശ്രീനാരായണഗുരുവല്ലാതെ മറ്റൊരാചാര്യനും ഇത്രയധികം ക്ഷേത്രപ്രതിഷ്ഠകൾ നിർവ്വഹിച്ചിട്ടില്ലെന്നുള്ളത്‌ വസ്തുതയാണ്‌. എന്നാൽ ശങ്കരാചാര്യർ ഉൾപ്പടെയുള്ള ഭാരതീയ ഋഷിപരമ്പരയിലുള്ള സന്യാസിമാർ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയതിന്റെ ലക്ഷ്യവും ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യവും തികച്ചും വ്യത്യസ്തമായിരുന്നു. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യം അരുവിപ്പുറത്തുതന്നെ ഗുരു ആലേഖനം ചെയ്തു:- “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്‌”. ഇങ്ങനെയൊരു ലക്ഷ്യം ഭാരതത്തിലെ മറ്റൊരു സന്യാസിക്കും ഉണ്ടായിരുന്നില്ലെന്നുള്ളത്‌ സുവിദിതമാണ്‌.
പൗരാണിക സാമ്പ്രദായികരീതികളുടെ ആവിഷ്കാരമായിരുന്നില്ല ഗുരുവിന്റേത്‌. ഹിന്ദുമതവിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളെയാണ്‌ ക്ഷേത്രങ്ങളായി കരുതപ്പെടുന്നത്‌. അതുകൊണ്ടാണ്‌ അഹിന്ദുക്കൾക്ക്‌ അവിടെ പ്രവേശനം നിഷിദ്ധമായിരിക്കുന്നത്‌. അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെന്ന മൂന്നാര്റിയിപ്പ്‌ ഹൈന്ദവക്ഷേത്രങ്ങളുടെ മുൻപിലുണ്ടാകും. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ ആചാരനിഷേധമാണ്‌. ആചാരനിഷേധങ്ങൾക്ക്‌ വിധിപ്രകാരമുള്ള പരിഹാരക്രിയകൾ ചെയ്യേണ്ടതുണ്ട്‌. അത്തരം സങ്കീർണ്ണതകൾ ഒഴിവാക്കുവാനാണ്‌ മൂന്നാര്റിയിപ്പായി അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന്‌ ഓർമ്മപ്പെടുത്തുന്നത്‌. കാരണം ഹൈന്ദവക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതും ആചാരങ്ങളാലാണ്‌. അവിടെ ആചാരങ്ങൾ പാലിക്കപ്പെടണം.

ക്ഷേത്രങ്ങളെ ഗുരു കാണുന്നത്‌ ആചാരങ്ങളെ പാലിക്കുന്ന സങ്കേതങ്ങളായിട്ടല്ല. ഈ അടിസ്ഥാന സങ്കൽപത്തിൽത്തന്നെ ഹൈന്ദവക്ഷേത്രങ്ങളും ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും തമ്മിൽ വ്യത്യസ്തമാകുന്നു. ഗുരു പറയുന്നു: “ഈശ്വരവിശ്വാസത്തിൽ ജാതിമതചിന്തകൾ വെടിഞ്ഞ്‌ മനുഷ്യർക്കെല്ലാം ഒത്തുകൂടുവാനുള്ളൊരിടമെന്ന നിലയിലാണ്‌ നാം ക്ഷേത്രങ്ങളെ കാണുന്നത്‌. ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ ഉദ്യാനങ്ങളും വിദ്യാലയങ്ങളുമുണ്ടാകണം. സർവ്വമതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളുണ്ടാകണം. ഈശ്വരവിശ്വാസത്തിൽ എല്ലാവരും കുളിച്ച്‌ ശുദ്ധമായി ശുദ്ധവായു ശ്വസിച്ച്‌ ശുദ്ധമായ ആഹാരം കഴിച്ച്‌ നല്ല പുസ്തകങ്ങൾ വായിച്ച്‌ ശുദ്ധമായ ചിന്തകളുണ്ടാകുവാൻ……..”
ഗുരുവാക്കുകൾ തുടരുകയാണ്‌. അതിൽ തൊഴിൽശാലയും കൃഷിയിടവും കളിസ്ഥലവുമൊക്കെ പരാമർശിക്കുന്നുണ്ട്‌.

ആചാരങ്ങളെ പാലിച്ച്‌ വിശ്വാസം വളർത്തുന്നതിനുവേണ്ടിയായിരുന്നില്ല ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നുള്ളത്‌ ഗുരുവിന്റെതന്നെ വാക്കുകളിൽ വ്യക്തമാണ്‌. അനുവർത്തനങ്ങളിൽ മാത്രമല്ല, ക്ഷേത്രത്തിന്റെ ഘടനയിൽപ്പോലും ഈ വ്യത്യസ്തത ഗുരുക്ഷേത്രങ്ങൾ പുലർത്തുന്നുണ്ട്‌. ദ്വാരപാലകനും ബലിക്കല്ലും ഉപദേവതകളുമൊന്നും ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലില്ല. ഇതൊക്കെ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും ഉണ്ടാക്കണമെന്നാണ്‌ ഗുരുവിന്റെ ക്ഷേത്രങ്ങളുടെ പൊരുളറിയാത്തവർ ആഗ്രഹിക്കുന്നത്‌. ഇപ്പോൾ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നടന്നുവരുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമിതാണ്‌.

കാറ്റും വെളിച്ചവും കടക്കുന്നവിധം ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും ക്രിസ്ത്യാനികൾ പള്ളി പണിയുന്നതുപോലെ ആരാധനാലയങ്ങൾ നിർമ്മിക്കണമെന്നുമുള്ള ഗുരുകൽപനയുടെ പുരോഗമനാത്മകത ആചാരങ്ങളിൽപ്പെട്ടുപോയവർക്ക്‌ ബോധ്യപ്പെടാൻ എളുപ്പമല്ല. മനുഷ്യന്റെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവുമായ വികാസമായിരുന്നു ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ലക്ഷ്യം. മനുഷ്യരുടെ വിശ്വാസത്തെ സംസ്കരിച്ച്‌ എങ്ങനെ മാനവപുരോഗതിക്കും സാമൂഹികപുരോഗതിക്കും ഉപയുക്തമാക്കാമെന്നതിന്റെ ഉത്തമമാതൃകയാണ്‌ ശ്രീനാരായണഗുരുവിന്റെ ക്ഷേത്രങ്ങൾ.

ഈശ്വരനെ ബിംബമായും വിശ്വാസത്തെ ആചാരമായും മാത്രം കാണുന്നവർക്ക്‌ ഗുരുവിന്റെ ക്ഷേത്രങ്ങൾക്ക്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നുള്ള അന്തരം കാണുവാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ ജാതിമതചിന്തകൾക്കതീതമായി ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളെ ഹിന്ദുമതക്ഷേത്രങ്ങളായി തെറ്റിദ്ധരിക്കേണ്ടിവരുന്നത്‌. എന്നാൽ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ഗുരുവിന്റെ മൂന്നാര്റിയിപ്പും അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെന്നുള്ള മൂന്നാര്റിയിപ്പും തമ്മിലുള്ള അന്തരം ആർക്കാണ്‌ മനസ്സിലാകാത്തത്‌?
അരുവിപ്പുറം പ്രതിഷ്ഠയും സന്ദേശവും

ശ്രീനാരായണ ഗുരുവിന്റെ കർമ്മകാണ്ഡമാരംഭിക്കുന്നത്‌ അരുവിപ്പുറത്തുനിന്നുമാണ്‌. എന്തുകൊണ്ടാണ്‌ ഗുരു ക്ഷേത്രപ്രതിഷ്ഠയിലൂടെ തന്റെ സാമൂഹിക നവോത്ഥാന പ്രക്രിയയ്ക്ക്‌ തുടക്കം കുറിച്ചതെന്നുള്ളത്‌ ചിന്തവ്യമാണ്‌. പ്രതിഷ്ഠയെപ്പോലെതന്നെ പ്രസക്തമാണ്‌ ഗുരു കുറിച്ച സന്ദേശവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ നിലനിൽപ്‌ അവന്റെ വിശ്വാസപ്രമാണങ്ങളാണ്‌. അതുകൊണ്ടുതന്നെ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്‌. ജാതിഭേദചിന്തയുടെ അടിസ്ഥാനത്തിൽ വിശ്വാസങ്ങളെ സംരക്ഷിക്കുവാൻ അവസരമില്ലാതെപോയൊരു സമൂഹമാണ്‌ ഗുരുവിനെ സമാശ്രയിച്ചത്‌.
ദൈവത്തെ വിശ്വസിക്കുവാനും ആരാധിക്കുവാനുമുള്ള അവസരം ജാതിയുടെയും മതത്തിന്റെയും പേരിൽ നിഷേധിക്കുന്നത്‌ ആത്മനിഷ്ഠനായൊരു തപോധനന്‌ ന്യായീകരിക്കാവുന്ന കാര്യമല്ല. ഒരു ഹിന്ദു സന്യാസിക്ക്‌ അവർണ്ണന്‌ ആരാധനാസ്വാതന്ത്ര്യമില്ലെന്നുള്ളതിൽ ഒരു പോരായ്മയും തോന്നുകയില്ല. കാരണം അത്‌ ഹിന്ദുസംസ്കാരത്തിന്റെ-ഹൈന്ദവാചാരത്തിന്റെ ഭാഗമാണ്‌. ശങ്കരാചാര്യരോ മറ്റേതെങ്കിലും ഹിന്ദുസന്യാസിമാരോ ഇത്തരം വ്യവസ്ഥിതികൾക്കെതിരെ പ്രതികരിക്കാതിരുന്നതും അതുകൊണ്ടുതന്നെയാണ്‌. ഗുരുവിന്‌ ഹിന്ദുത്വത്തോട്‌ എന്തെങ്കിലുമൊരു കൂറുണ്ടായിരുന്നെങ്കിൽ ഒരിക്കലും അവർണർക്ക്‌ ക്ഷേത്രാരാധന നിഷേധിച്ചത്‌ തെറ്റായി എന്നു തോന്നുമായിരുന്നില്ല.

ഹിന്ദുത്വത്തിന്റെ അടിസ്ഥാനതത്വം ചാതുർവർണ്യ വ്യവസ്ഥിതിയാണ്‌. ബ്രാഹ്മണർക്കുമാത്രമെ പ്രതിഷ്ഠിക്കുവാനും പൂജിക്കുവാനും പാടുള്ളൂ. ശൂദ്രർവരെയുള്ളവർക്കു മാത്രമെ ക്ഷേത്രദർശനവും പ്രവേശനവും പാടുള്ളൂ. ശൂദ്രർക്കു താഴെയെന്നു കരുതപ്പെടുന്ന ജാതിയിൽപ്പെട്ടവർക്ക്‌ ആരാധനാസ്വാതന്ത്ര്യം അനുവദിക്കാത്തത്‌ ഹിന്ദുധർമ്മപ്രകാരം ന്യായീകരിക്കപ്പെടുന്ന വസ്തുതയാണ്‌. അതുകൊണ്ടാണ്‌ ഹിന്ദുധർമ്മവാദികൾ അബ്രാഹ്മണന്‌ ക്ഷേത്രപ്രതിഷ്ഠക്കുള്ള അധികാരമുണ്ടോയെന്ന്‌ ഗുരുവിന്റെ ആധികാരികതയെ ചോദ്യം ചെയ്തത്‌. അരുവിപ്പുറം പ്രതിഷ്ഠ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അധസ്ഥിതസമൂഹത്തിന്‌ ആരാധനാസ്വാതന്ത്ര്യമുണ്ടാക്കുന്നതിനായി ഗുരു സ്വീകരിച്ച ധീരമായ നടപടിയായിരുന്നു. ഹൈന്ദവവൈദികധർമ്മത്തിന്റെ യാതൊരാചാരവും സ്വീകരിക്കാതെ ശങ്കരൻ കുഴിയിൽ നിന്നും മുങ്ങിയെടുത്തൊരു ശിലയെ പീഠക്കല്ലിൽ സ്ഥാപിക്കുകയായിരുന്നു ഗുരു ചെയ്തത്‌. ശില ശിലയോട്‌ ഉരുകിച്ചേർന്നാണ്‌ പ്രതിഷ്ഠയായത്‌.
നൂറ്റിഇരുപത്തേഴ്‌ വർഷം കഴിഞ്ഞിട്ടും അവിടെ പുനഃപ്രതിഷ്ഠ നടത്തിയിട്ടില്ല. ഓരോ പന്ത്രണ്ടുവർഷം കഴിയുമ്പോഴും ഹൈന്ദവക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തപ്പെടേണ്ടതാണ്‌. അരുവിപ്പുറം പ്രതിഷ്ഠ ഹൈന്ദവാചാരപ്രകാരമല്ല പാലിക്കപ്പെടുന്നത്‌. അങ്ങനെ പാലിക്കപ്പെടാൻ പാടില്ലാത്തതുകൊണ്ടാണ്‌ പ്രതിഷ്ഠയോടനുബന്ധിച്ച്‌ ഗുരു ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്‌ എന്ന്‌ അവിടെ കുറിച്ചുവച്ചത്‌. ഈ സന്ദേശമാണ്‌ അരുവിപ്പുറം പ്രതിഷ്ഠയെയും ഗുരുവിന്റെ പേരിലുള്ള സകലപ്രസ്ഥാനത്തെയും പ്രസക്തമാക്കുന്നത്‌.

ഇങ്ങനെയൊരു സന്ദേശം ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രത്തിനു മുന്നിൽ കുറിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളെല്ലാം ഹൈന്ദവക്ഷേത്രങ്ങളാണെന്നു വേണമെങ്കിൽ പറയാമായിരുന്നു. ഗുരുവിന്റെ ഈ സന്ദേശത്തോടെ ഗുരുവിന്റെ ക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളിൽ നിന്ന്‌ വഴിപിരിയുകയാണ്‌. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ഹിന്ദുധർമ്മത്തെ നിഷേധിക്കുകയും മതത്തിനതീതമായ ഈശ്വരാരാധനാ സമ്പ്രദായത്തെ ആവിഷ്കരിക്കുകയുമായിരുന്നു. അരുവിപ്പുറം സന്ദേശത്തിലൂടെ ഒരു പുത്തൻ ധർമ്മസംസ്ഥാപനമാണ്‌ ഗുരു നടത്തിയത്‌. ഇത്‌ നന്നായറിഞ്ഞുകൊണ്ടാണ്‌ സഹോദരൻ അയ്യപ്പൻ “മതനിഷേധവും മതസ്ഥാപനവും പരിചിൽ സാധിച്ച പരമ സദ്ഗുരോ……” എന്ന്‌ ഗുരുവിനെ സ്തുതിച്ചത്‌.

ക്ഷേത്രപ്രതിഷ്ഠ ഒരു പദ്ധതി

ക്ഷേത്രങ്ങളുടെ എണ്ണം വർധിപ്പിച്ച്‌ ആചാരബന്ധിതമായൊരു സംസ്കാരത്തെ അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നില്ല ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത്‌. വളരെ വ്യക്തമായൊരു ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു ഗുരുവിന്റെ പ്രതിഷ്ഠകളോരോന്നും. ഓരോ പ്രതിഷ്ഠയും ഒരു പദ്ധതിയുടെ ഭാഗമാണ്‌. ഒന്ന്‌ മറ്റൊന്നിനോട്‌ ചേർത്ത്‌ വയ്ക്കുമ്പോഴാണ്‌ ആ പദ്ധതി ബോധ്യമാകുന്നത്‌. മുത്തും മാലയുംപോലെ ഇതിനെ മനസ്സിലാക്കാവുന്നതാണ്‌. ഓരോ ക്ഷേത്രവും ഓരോ മുത്താണെങ്കിൽ അതെല്ലാം കൂടിച്ചേരുമ്പോൾ അതൊരു മാലയാകും.
ക്ഷേത്രങ്ങളെന്ന നിലയിൽ മാത്രം വിലയിരുത്തുമ്പോൾ അതിന്‌ ഹൈന്ദവക്ഷേത്രങ്ങളോട്‌ ചില സമാനതകൾ കണ്ടേക്കാം. എന്നാൽ ഒരു പദ്ധതിയെന്ന നിലയിൽ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാ പ്രക്രിയയെ വിലയിരുത്തുമ്പോൾ അത്‌ ഹൈന്ദവക്ഷേത്രാചാരരീതിയിൽ നിന്നുള്ള മോചനമായി മനസ്സിലാക്കാം. അങ്ങനെ മനസ്സിലാകണമെങ്കിൽ അരുവിപ്പുറം മുതൽ പ്രണവാലേഖിതമായ കണ്ണാടിപ്രതിഷ്ഠവരെയുള്ള ക്ഷേത്രപ്രതിഷ്ഠകളെ കൂട്ടിവായിക്കേണ്ടതുണ്ട്‌.
വിശ്വാസത്തിൽ നിന്ന്‌ അറിവിലേക്കുള്ള ക്രമാനുഗതമായ വികാസം ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാപ്രക്രിയയിൽ കാണാൻ സാധിക്കും. കല്ലിൽ നിന്ന്‌ കണ്ണാടിയിലേക്കുള്ളൊരു പരിവർത്തനം ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാ പ്രക്രിയയ്ക്കുണ്ട്‌. ഈ വികാസപരിണാമത്തിനിടയിലെ നാഴികക്കല്ലുകളാണ്‌ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും (1912), തൃശൂർ കാരമുക്കിലെ ദീപപ്രതിഷ്ഠയും (1921), മുരുക്കുംപുഴയിലെ ഫലകപ്രതിഷ്ഠയും (1923). ഈ മൂന്ന്‌ പ്രതിഷ്ഠകളും കണ്ണാടിപ്രതിഷ്ഠയും മാത്രമാണ്‌ ഗുരു അവിടുത്തെ ഇഷ്ടപ്രകാരം ചെയ്തിട്ടുള്ളത്‌. മറ്റുള്ള പ്രതിഷ്ഠകളെല്ലാംതന്നെ ഹിന്ദുമതവിശ്വാസികളുടെ ആവശ്യപ്രകാരം നിർവ്വഹിക്കപ്പെട്ടവയാണ്‌. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയ്ക്ക്‌ ഗുരു പ്രത്യേകമായ താത്പര്യവും ശ്രദ്ധയും കാണിച്ചിരുന്നു.
(അവസാനിക്കുന്നില്ല)

By : ഡോ.എം ആർ യശോധരൻ
(സാമൂഹ്യശാസ്ത്രജ്ഞനായ ലേഖകൻ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)