Tuesday, 17 March 2020
ശ്രീനാരായണകുടുംബയോഗങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണം
ഗുരുദേവസന്ദേശപ്രചരണം വ്യാപകമായി നിര്വ്വഹിക്കുവാന് പറ്റിയ ഏറ്റവും ലളിതമായ മാര്ഗ്ഗമാണ് ശ്രീനാരായണ കുടുംബയോഗങ്ങള് സംഘടിപ്പിക്കുക എന്നത്. ഓരോ കുടുംബങ്ങളും തമ്മില് പരിചയപ്പെടുവാനും കുടുംബങ്ങള് തമ്മില് സ്‌നേഹവും ഐക്യതയും ഊട്ടിഉറപ്പിച്ച് കുടുംബഭദ്രത വളര്ത്തുവാനും, ഗുരുദേവാരാധനയില് അധിഷ്ഠിതമായ ഒരു ശ്രീനാരായണസ മൂഹത്തെ വാര്ത്തെടുക്കുവാനും കുടുംബയോഗങ്ങള് പോലെ പര്യാപ്തമായ മറ്റൊരു സംവിധാനമില്ല.
ഉദ്ദേശം പത്തുപതിനഞ്ച് വര്ഷങ്ങള്ക്കുമുമ്പ് ഇതെഴുതുന്ന എസ്.എന്.ഡി.പി. യോഗത്തിന്റെ ഭാരവാഹികളെ കണ്ട് കുടുംബയോഗങ്ങള് ശാഖകള് തോറും സംഘടിപ്പിക്കുവാന് സര്ക്കുലര് വഴി നിര്ദ്ദേശം നല്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. അക്കാര്യം ഏറെ ചര്ച്ച ചെയ്തുവെങ്കിലും അവരുടെ താല്പര്യക്കുറവിനാല് സംരംഭം ഫലവത്തായില്ല. പിന്നീട് ശിവഗിരിമഠത്തിന്റെ മദ്ധ്യ-തിരുവിതാംകൂറിലെ ശാഖാസ്ഥാപനങ്ങള് കേന്ദ്രമാക്കി കുടുംബയോഗങ്ങള് ആരംഭിക്കുകയും അത് എസ്.എന്.ഡി.പി. ശാഖകള് വഴിയും, യൂണിയനുകള് വഴിയും ജില്ലാതലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇപ്പോള് ഇതെഴുതുന്ന ആള് ഏറെ സന്തോഷിക്കുകയാണ്. ഗുരുദേവപ്രചരണം നിര്വ്വഹിച്ചുകൊണ്ട് ശ്രീനാരായണകുടുംബയോഗങ്ങള് മദ്ധ്യകേരളത്തില് ഇന്ന് സുശക്തമായി പ്രവര്ത്തിക്കുന്നു. കൂടാതെ കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും അങ്ങിങ്ങ് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല് മദ്ധ്യകേരളം കടന്ന് കുടുംബയോഗങ്ങള് വേണ്ട രീതിയില് സംഘടിപ്പിക്കുവാന് ശ്രീനാരായണപ്രസ്ഥാനത്തിന് സാധിച്ചിട്ടില്ല എന്ന ദുഃഖസത്യം ഇന്നും അവശേഷിക്കുന്നു. ഈ കുറവ് പരിഹരിക്കേണ്ടത് എസ്.എന്.ഡി.പി. യോഗമാണ്. ശിവഗിരിയിലെ സന്യാസിമാരെയും ബ്രഹ്മചാരികളെയും യോഗത്തിന് ഇക്കാര്യത്തില് സഹകാരികളായി പ്രയോജനപ്പെടുത്താവുന്നതാണ്. ശ്രീനാരായണസമൂഹത്തിലേക്ക് ഇതരസംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും കടന്നുകയറ്റത്തെ ചെറുക്കുവാന് കുടുംബയോഗം കൊണ്ട് സാധിക്കും. വേണ്ടപ്പെട്ടവര് കാര്യം ശ്രദ്ധിക്കുന്നില്ലെങ്കില് ചിലയിങ്ങളിലെങ്കിലും ആളൊഴിഞ്ഞ കൂടാരംപോലെ പ്രസ്ഥാനം മാറും എന്നോര്മ്മപ്പെടുത്തുവാന് മടിക്കുന്നില്ല. എസ്.എന്. ഡി.പി. യോഗത്തിന്റെ പ്രവര്ത്തനങ്ങള് ഇനിയും കടന്നുചെല്ലാത്ത ഗ്രാമാന്തരങ്ങളിലും മലബാര് പ്രദേശങ്ങളിലും പ്രസ്ഥാനത്തെ കരുപിടിപ്പിക്കുവാനുള്ള ഉത്തമമാര്ഗ്ഗങ്ങളില് നിന്ന് ഒന്നാണ് ശ്രീനാരായണ കുടുംബയോഗങ്ങള്. പ്രസ്തുത കുടുംബയോഗങ്ങള് സംഘടിപ്പിക്കേണ്ട രീതിയെ ചുരുക്കമായി താഴെ പ്രതിപാദിക്കുന്നു.
കുടുംബയോഗം എങ്ങനെ സംഘടിപ്പിക്കണം
1. എവിടെ വച്ചാണ് കുടുംബയോഗം സംഘടിപ്പിക്കേണ്ടതെന്ന് തീരുമാനമെടുത്തതിന് ശേഷം ഭാരവാഹികള് യോഗം ഒരുക്കുന്നതിന് വേണ്ട നിര്ദ്ദേശങ്ങള് നല്കുക. ആദ്യത്തെ യോഗം ശാഖാമന്ദിരത്തിലോ മന്ദിരമില്ലെങ്കില് ക്ഷേത്രസങ്കേതം മുതലായ പൊതുസ്ഥലങ്ങളിലോ വെച്ചാകാം. തുടര്ന്ന് കുടുംബയോഗത്തിന്റെ പ്രാദേശികവിധി നിശ്ചയിച്ചുകൊണ്ട് വിവിധ മേഖലകളായി തിരിച്ച് ആവശ്യമെങ്കില് ഓരോ മേഖലകള്ക്ക് ഭാരവാഹികളെ തെരഞ്ഞെ ടുക്കുക. കുടുംബയോഗങ്ങള് ആഴ്ചയില് ഒന്നോ അസൗകര്യമെങ്കില് മാത്രം രണ്ടാഴ്ചയിലോ മാസത്തിലോ മൂന്നുവീതം ഓരോ മേഖലയിലും പ്രത്യേകം സംഘടിപ്പിക്കുന്നത് നന്നായിരിക്കും.
2. വീടുകളില് സംഘടിപ്പിക്കുമ്പോള് മൂന്നുദിവസം മുമ്പേ മുതല്, യോഗം നടത്തുന്ന കുടുംബത്തിലെ അംഗങ്ങള് മത്സ്യ-മാസം-മദ്യാദികള് വര്ജ്ജിക്കുക. വീടും പരിസരവും ശുദ്ധമായിരിക്കണം. (ഒരു അയ്യപ്പന് പൂജക്കുള്ള സംവിധാനംപോലെ വിശുദ്ധി പരിപാലിക്കണം)
3. കുടുംബയോഗത്തില് വരുന്ന എല്ലാവര്ക്കും ഇരുന്ന് പങ്കെടുക്കുവാന് സൗകര്യം ഒരുക്കിയിരിക്കണം. തറയില് ഷീറ്റ് വിരിച്ച് ഇരിക്കുന്നതാണ് കൂടുതല് ഉത്തമം. കുറഞ്ഞ സ്ഥലപരിധിക്കുള്ളില് പരമാവധി കൂടുതല് പേര്ക്ക് പങ്കെടുക്കുവാന് ഈ രീതിയിലായാല് സൗകര്യം ഉണ്ടാകും.
4. കുടുംബയോഗത്തിന് ഒരുക്കേണ്ട പൂജാദ്രവ്യങ്ങള് 1. ഗുരുദേവന്റെ ചിത്രം 2. കളഭം 3. ചന്ദനത്തിരി 4. ഭസ്മം 5. കര്പ്പൂരം 6. പുഷ്പം 7. ഗുരുവിന്റെ ചിത്രത്തില് ചാര്ത്താന് മാല 8 നിലവിലക്ക്, എണ്ണ, തിരി, തട്ടം 9. കല്ക്കണ്ടം, ഉണക്കമുന്തിരി
5. യോഗത്തില് പങ്കെടുക്കുന്നവര്ക്ക് ദര്ശിക്കാവുന്ന തരത്തില് ഒരു പീഠത്തില് ഗുരുദേവന്റെ പൂര്ണ്ണകായചിത്രം വയ്ക്കുക. ഗുരുദേവചിത്രം പരമവിശുദ്ധിയായി എത്രയും ശുചിയോടെ പീഠം (ഫോട്ടോ വയ്ക്കുന്ന ഭാഗം) തയ്യാറാക്കി, ശുദ്ധവസ്ത്രം വിരിച്ച് അതില് വേണം വയ്ക്കുവാന്. ഇതെല്ലാം ചെയ്യേണ്ടത് ഗുരുദേവഭക്തധാരിയായ ഒരു അര്ച്ചകയാരിക്കണം.
6. ഗുരുദേവചിത്രത്തിന്റെ ഇടത് വശത്ത് ഒരു തട്ടത്തില് നിലവിളക്ക് ഒരുക്കുക. (നിറപറ മുതലായവ ആവശ്യമില്ല) ഒരു കിണ്ടിയിലോ ശുദ്ധമായ ഗ്ലാസിലോ തീര്ത്ഥം ഒരുക്കുക. (ശിവഗിരി തീര്ത്ഥം എന്ന് സങ്കല്പിച്ച് തുളസിയില, ചെത്തിപ്പൂ ആവശ്യമെങ്കില് പനിനീര് എന്നിവ ചേര്ത്ത് തീര്ത്ഥം ഒരുക്കണം)
7. തീര്ത്ഥം, കളഭം, ഭസ്മം, കല്ക്കണ്ടം - മുന്തിരി എന്നിവ പുഷ്പമാല ചാര്ത്തിയ ഗുരുദേവചിത്രത്തിന് മുമ്പില്, പ്രസാദമായി കൊടുക്കുന്നതിലേക്ക് ഭക്തിപൂര്വ്വം ഒരുക്കി വയ്ക്കുക. കല്ക്കണ്ടവും മുന്തിരിയും ഇലയില് വച്ചശേഷം മൂടിവയ്ക്കുക. ഇപ്രകാരം പ്രസാദം ഒരുക്കുമ്പോള് ഗുരുദേവന്റെ മുമ്പിലാണ് ഒരുക്കുന്നത് എന്നു മനസ്സിലാക്കി വേണം പെരുമാറാന്.
പ്രാര്ത്ഥനായോഗത്തില് പങ്കെടുക്കുന്നവരെല്ലാം കുളിച്ച് വൃത്തിയായി ശുദ്ധവസ്ത്ര ധാരികളായിരിക്കണം. അന്നേ ദിവസമെങ്കിലും മത്സ്യ-മാംസാംദികള് വര്ജ്ജിച്ചിരിക്കണം.
പ്രാര്ത്ഥനായോഗം ആരംഭിക്കുന്നവിധം
ഇപ്രകാരം എല്ലാം തയ്യാറാക്കിയതിന് ശേഷം വന്നുചേര്ന്നിട്ടുള്ള എല്ലാവരും കൂപ്പുകൈകളോടെ എഴുന്നേറ്റ് നില്ക്കുകയും ഈ സമയത്ത് നിലവിളക്ക് ജ്വലിപ്പിക്കുകയു ചെയ്യണം. തുടര്ന്ന് എല്ലാവരും ഗുരുദേവനെ വന്ദിച്ചതിന് ശേഷം നിര്ദ്ദിഷ്ടാനങ്ങളില് ചമ്രം പടിഞ്ഞ് നേരെ നിവര്ന്ന് വരിവരിയായി ഇരിക്കുക. ഇനി സമൂഹപ്രാര്ത്ഥന ആരംഭിക്കാം. പ്രാര്ത്ഥനായോഗത്തിന് നേതൃത്വം നല്കുന്നയാള് പ്രാര്ത്ഥനകള് ചൊല്ലിക്കൊടുക്കുകയും എല്ലാവരും പ്രാര്ത്ഥന ഏറ്റ് ചൊല്ലുകയും വേണം. ഈ സമയം ഏവരും കണ്ണുകളടച്ച് ഗുരുദേവന്റെ ദിവ്യസ്വരൂപം ഹൃദയപത്മത്തില് കണ്ട് അതില് മനസ്സിനെ ഏകാഗ്രമാക്കി വേണം പ്രാര്ത്ഥന ചൊല്ലുവാന്. പ്രാര്ത്ഥനയ്ക്ക് ശ്രീനാരായണവിശ്വാസികള് പരമ്പരാഗതി അനുഷ്ഠിച്ച് പോരുന്ന പ്രാര്ത്ഥനാക്രമം സ്വീകരണം 1. ഗുരുദ്ധ്യാനം (ഓം ഗുരുര്ബ്രഹ്മാ...) 2. ഗുരുസ്തവം (നാരായണമൂര്ത്തേ...) അഥവാ ഗുരുഷഡ്ക്കം (ഓം ബ്രഹ്മണേ മൂര്ത്തി മതേ...) 3. ദൈവദശകം (ദൈവമേ കാത്തുകൊള്കങ്ങ്...) 4. സമര്പ്പണശ്ലോകം (ഓം അന്യഥാ ശരണം നാസ്തി...) 5. ശാന്ത്രിമന്ത്രം (ഓം പൂര്ണ്ണമദ... എന്ന ക്രമത്തില്...
പ്രാര്ത്ഥന കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് ഗുരുദേവനെ നമസ്‌കരിക്കുക. ഈ സമയം ഗുരുദേവചിത്രത്തിന് മുമ്പില് കര്പ്പൂരാരാധന നടത്താം. ആരാധന നിര്വ്വഹിച്ച് ദീപം ഭക്തജനങ്ങള്ക്ക് കൈമാറാതെ അവിടെത്തന്നെ സമര്പ്പിക്കുക. ഭക്തജനങ്ങള് ഗുരുദേവനെ മുട്ടുകുത്തി നമസ്‌കരിച്ചശേഷം തല്സ്ഥാനങ്ങളില് ഇരിക്കുക. അനന്തരം ഗുരുധര്മ്മപ്രഭാഷണം നടത്തണം. ക്ഷണിക്കപ്പെട്ട് വന്നെത്തിയ പ്രഭാഷകന് പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ് ഗൃഹനാഥനോ, ഭാരവാഹികളിലൊരാളോ സദസ്സിന് ലഘുവായ സ്വാഗതം പറയേണ്ടതാണ്.
ഗുരുധര്മ്മ പ്രഭാഷണം
ഗുരുദേവന്റെ ആത്മീയദര്ശനത്തിന് മുഖ്യത കല്പ്പിച്ചുകൊണ്ട് വേണം പ്രഭാഷമം നിര്വ്വഹിക്കാന്. ഗുരുദേവകൃതികള്, ഗുരുദേവന്റെ ജീവിതചരിത്രം, അത്ഭുതസംഭവങ്ങള്, സംഘടനാകാര്യങ്ങള്, കുടുംബസംവിധാനം ജീവിതക്രമം തുടങ്ങിയ വിഷയങ്ങളാണ് പ്രഭാഷണത്തിന് തെരഞ്ഞെടുക്കേണ്ടത്. ഗുരുദേവദര്ശനത്തെ (നിത്യജീവിതത്തില് അനുഷ്ഠിക്കാവുന്ന വിധത്തില്) ജീവിതവുമായി ബന്ധപ്പെടുത്തിവേണം പ്രഭാഷണം അവതരിപ്പിക്കാന്.
പ്രഭാഷണത്തിന് ശേഷം കൃതജ്ഞതാ പ്രകാശനം നടത്തി സമര്പ്പണശ്ലോകങ്ങള് ചൊല്ലി പ്രാര്ത്ഥനായോഗം അവസാനിപ്പിക്കുക. ഈ സമയം ഭക്തജനങ്ങള് എഴുന്നേറ്റ് കൂപ്പുകൈകളോടെ പ്രാര്ത്ഥനാ നിര്ഭരരായി നില്ക്കുകയും അര്ച്ചകന് കര്പ്പൂരാരതി നടത്തിയതിന് ശേഷം ഭക്തജനങ്ങള് വരിയായി വന്ന് ഓരോരുത്തരായി ഗുരുദേവപാദ ങ്ങളില് പുഷ്പമിട്ട് നമസ്‌കരിക്കുന്നത് നന്നായിരിക്കും. തുടര്ന്ന് ദീപം നമിച്ച് തീര്ത്ഥവും, പ്രസാദവും (കളഭം -കല്ക്കണ്ടംമുന്തിരി) എല്ലാവരും സ്വീകരിക്കുക.
പ്രാര്ത്ഥനായോഗം അവസാനിക്കുന്നതിന് മുമ്പ് ഭാരവാഹികളിലൊരാള് അടുത്ത പ്രാര്ത്ഥനായോഗം നടക്കുന്ന തീയതിയും സ്ഥലവും (വീട്) അപ്പോള്ത്തന്നെ നിശ്ചയിച്ച് അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കും. കുടുംബയോഗത്തിന് ഭക്തജനങ്ങളെ ക്ഷണി ക്കുന്ന ചുമതല ഭാരവാഹികളോടൊപ്പം പ്രാര്ത്ഥനായോഗം നടത്തുന്ന വീട്ടുകാരും കൂടി ഏറ്റെടുത്ത് നടത്തേണ്ടതാണ്.
by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം
0 comments:
Post a Comment