Tuesday, 17 March 2020
പ്രതിരോധവും ധർമ്മവും
കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിൽപ്പെട്ട് ലോകമാകെ വിറകൊള്ളുകയാണ്. വളരെ വേഗം പടരുന്നുവെന്നതും രോഗശമനത്തിനായി നേരിട്ടൊരു ഔഷധം ഇല്ലെന്നതുമാണ് രോഗത്തെ ഇത്രയും ഭീതിദമാക്കിയിരിക്കുന്നത്. അതുയർത്തുന്ന ഭീഷണിയുടെയും പ്രത്യാഘാതത്തിന്റെയും വ്യാപ്തിയെന്തെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് മഹാമാരിയെന്ന ലോകാരോഗ്യസംഘടനയുടെ പുതിയ പ്രഖ്യാപനം.
ചൈനയിൽ നിന്നുദ്ഭവിച്ച് കേവലം അഞ്ചോ ആറോ ആഴ്ചകൾക്കുള്ളിൽ ലോകത്താകെ പടർന്നുകയറിയിരിക്കുന്ന മഹാവ്യാധിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ അവരവർക്കായതെല്ലാം വിശ്രമമില്ലാതെ ചെയ്യുകയാണ്. ഹസ്തദാനം നടത്തിയും മുത്തം നല്കിയും ആലിംഗനം ചെയ്തും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും പുത്തൻ സമവാക്യം തീർത്ത മനുഷ്യൻ അതിൽ നിന്നെല്ലാം പിൻവാങ്ങുന്നു, പിൻവാങ്ങാൻ ആഹ്വാനം ചെയ്യുന്നു
പണക്കൊഴുപ്പിന്റെ മേളകളായിത്തീരുന്ന ഉത്സവങ്ങളും ആർഭാടത്തിന്റെ വിളംബരങ്ങളായിത്തീരുന്ന വിവാഹങ്ങളും അഭിമാനത്തിന്റെ പ്രകടനമായിത്തീരുന്ന സത്ക്കാരങ്ങളും വേണ്ടെന്നു വയ്ക്കാൻ നിർബന്ധിതമായിത്തീരുന്ന സാഹചര്യത്തിലേക്ക് മനുഷ്യൻ എത്തിപ്പെട്ടിരിക്കുന്നു. വിദ്യാലയങ്ങളും സദ്യാലയങ്ങളും ആരാധനാലയങ്ങളും പ്രദർശനശാലകളുമെല്ലാം നിശ്ചലമായിക്കിടക്കുന്ന യുദ്ധസമാനമായ ഒരുകാലം തന്നെ ഉരുത്തിരിഞ്ഞിരിക്കുന്നു.
യാത്രകളും വിനോദങ്ങളുമെന്നുവേണ്ട ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾക്കുപോലും വിലക്കുകളും നിയന്ത്രണങ്ങളുമുണ്ടാവുന്ന ഒരു കാലം നമ്മുടെ ഓർമ്മയിലില്ല. ഇങ്ങനെ മനുഷ്യനെ നിസാരനാക്കുന്ന മഹാരോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ലോകരാജ്യങ്ങൾക്കൊപ്പം കേരളവും ആവുന്നതെല്ലാം ചെയ്യുകയാണ്. ഒന്നാലോചിച്ചാൽ ഈ തത്രപ്പാടെല്ലാം എന്തിനുവേണ്ടിയാണ് ? ഒരു മനുഷ്യജീവൻ പോലും ഈ മഹാരോഗത്താൽ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഈ മുന്നൊരുക്കങ്ങളെല്ലാം ഇന്ദ്രിയലാളനകളാൽ സുഖം തേടുന്ന മനുഷ്യശരീരത്തിൽ ഈ രോഗത്തിന്റെ വൈറസിന് ഇരിക്കാനൊരിടം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്ന ആരോഗ്യപ്രവർത്തകരെയും സർക്കാർ സംവിധാനങ്ങളെയും അഭിനന്ദിക്കുന്നു. എന്നാൽ ഇതിനോടൊപ്പം ചേർത്ത് പറയേണ്ട ഒരു കാര്യം ഇവിടെ പറയാതിരിക്കാൻ കഴിയുന്നുമില്ല. മനുഷ്യസുരക്ഷയുടെ പേരിൽ, സാമൂഹ്യസുരക്ഷയുടെ പേരിൽ, മനുഷ്യരുടെ വിനിമയവും കൂടിച്ചേരലും പരമാവധി വിലക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകർത്താക്കൾ രോഗപ്രതിരോധത്തിന് വേണ്ടി ഇനിയെന്തു ചെയ്യാനും മടിക്കില്ലെന്നു തുറന്ന് പറയുന്നതിനൊപ്പം നമ്മുടെ നാട്ടിലുള്ള മദ്യശാലകളെല്ലാം തുറന്നു വയ്ക്കാൻ അനുവദിക്കുന്നത് ഒരു വിരോധാഭാസമല്ലേയെന്ന് തോന്നുകയാണ്.
മനുഷ്യജീവനു ഭീഷണിയായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ പോലെയോ അതിലധികമോ മനുഷ്യജീവനു ആപത്തു വരുത്തുന്ന ഒന്നാണ് മദ്യവും മറ്റ് ലഹരിഉത്പന്നങ്ങളും. ഒരു കണക്കെടുപ്പു നടത്തിയാൽ മദ്യപാനം കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം കൊറോണ കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തെക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കുമെന്ന് നമുക്ക് ബോധ്യപ്പെടും. മറ്റൊന്ന് മദ്യാസക്തി കൊണ്ട് ജീവിച്ചിരിക്കെത്തന്നെ മരണതുല്യരായിക്കഴിയുന്നവരുടെ പെരുപ്പമാണ്. രോഗം തോല്പിക്കുന്നത് നമ്മുടെ ശരീരത്തെയാണ്. അതൊരുപക്ഷേ മരണത്തിലേക്കുവരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തേക്കാം. എന്നാൽ മദ്യം ഒരുവന്റെ ശരീരത്തെ മാത്രമല്ല തോല്പിക്കുന്നത് , ബുദ്ധിയെയും തൊഴിലിനെയും സ്വാതന്ത്ര്യത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും കൂടിയാണ്. ഇതാകട്ടെ ഒരു വ്യക്തിയുടെ മരണത്തിലേക്കല്ല അതിനപ്പുറം സമൂഹത്തിന്റെ നിർജീവതയിലേക്കാണ് നമ്മെ നയിക്കുന്നത്.
കൊറോണയ്ക്കു മുന്നിൽ സർവ ഉണർവോടും കൂടി നില്ക്കുന്ന നമ്മൾ സമൂഹത്തിന്റെ ആരോഗ്യത്തെ കെടുത്തുന്ന മദ്യത്തിനു മുന്നിൽ ഉണർവറ്റു നില്ക്കുന്നത് ഭൂഷണമല്ല. സർവ സിരകളെയും മന്ദീഭവിപ്പിച്ചു മനുഷ്യനെ മൃതതുല്യനും മൃഗതുല്യനുമാക്കി മാറ്റുന്ന മദ്യം കൊറോണ വൈറസ് പോലെതന്നെ മനുഷ്യജീവന് ഭീഷണിയുയർത്തുന്ന മഹാവിപത്താണെന്ന തിരിച്ചറിവിലേയ്ക്ക് ഇത്തരം ഒരവസ്ഥയിൽ പോലും നാം ഉണരാത്തത് ഖേദകരമാണ്.
ഗുരുദേവ തൃപ്പാദങ്ങൾ അരുതെന്ന് വിലക്കിയത് മദ്യത്തെയും ജാതിയെയും മാത്രമാണ്. 'മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.' ഈ രണ്ടിന്റെയും അരുതില്ലായ്മകൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന ഗുരുചിന്തയെ ഇനിയും മാറിമാറിവരുന്ന സർക്കാരുകളും സമൂഹവും വേണ്ടത്ര ഗൗരവത്തിൽ ഉൾക്കൊണ്ടിട്ടുള്ളതായി കാണുന്നില്ല. മദ്യം നമ്മുടെ ബുദ്ധിയെ നശിപ്പിക്കുമെന്നും സ്വാതന്ത്ര്യത്തെ തടയുമെന്നും ഗുരുദേവൻ നിരന്തരം ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ മറ്റെല്ലാം കൃത്യമായി ഓർമ്മിക്കുന്ന നമ്മൾ ഇതുമാത്രം സൗകര്യപൂർവം ഓർമ്മിക്കാതിരിക്കുകയാണ്.
ഒരു പറ അരി ഒരു വാർപ്പിൽ വേവിക്കുമ്പോൾ അതിലൊരു ചിലന്തി വീണാൽ നല്ല വിശപ്പുണ്ടായാൽപ്പോലും ഒരുവൻ അത് കഴിക്കാതെ മാറിനില്ക്കും. ശരീരത്തിനത് അപായമുണ്ടാക്കുമെന്ന ആശങ്കയാണ് കാരണം. അതുപോലെയാണ് മദ്യപാനം ശീലമാക്കിയവനെ നമ്മൾ ഒഴിവാക്കേണ്ടതും. അതൊരു ജീവൽസന്ദേശമായിത്തന്നെ ഗുരുദേവൻ അരുളിചെയ്തിട്ടുണ്ട്. 'മദ്യാസക്തനെ ഭാര്യയും പിതാവും മാതാവും സഹോദരനും പുത്രനും എന്നുവേണ്ട ഈശ്വരൻ പോലും ദ്വേഷിക്കുന്നു. അതുകൊണ്ടു മദ്യത്തെ ഉപേക്ഷിക്കണം.' കുടുംബത്തിനും സമൂഹത്തിനും ഇത്രയും വിപത്ത് വരുത്തുന്ന വിഷവസ്തുവാണ് മദ്യം എന്നറിഞ്ഞിട്ടും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാൻ അവസരമേകുന്ന സമീപനം ഒരിക്കലും മനുഷ്യജീവനു വിലകല്പിക്കുന്നതിന്റെ ലക്ഷണമല്ല, മനുഷ്യനെ സ്നേഹിക്കുന്നതിന്റെയും അവന്റെ ബുദ്ധിയെ ദൃഢമാക്കുന്നതിന്റെയും ലക്ഷണമല്ല.
കൊറോണ ഉയർത്തുന്ന ഭീതിയും നാശവും പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെയും ഫലമായി നാളെ ഒഴിഞ്ഞുപോകുക തന്നെ ചെയ്യും. എന്നാൽ വീണ്ടും മറ്റൊരു മഹാമാരി നാളെ വന്നുകൂടെന്നുമില്ല. അപ്പോഴും നമ്മൾ പ്രതിരോധത്തിനായി വേണ്ടതെല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങും. പക്ഷേ ഇതിനെല്ലാം മുൻപ് പ്രതിരോധിക്കേണ്ടതും നിരോധിക്കേണ്ടതും മദ്യത്തിന്റെ ഉപയോഗവും വ്യാപനവുമാണ്. ഭഗവാൻ ബുദ്ധൻ പറഞ്ഞതുപോലെ ധർമ്മചിന്തയ്ക്കു മുൻപ് ആചരിക്കേണ്ട ഒരു ധർമ്മമുണ്ട്. അത് വിശക്കുന്നവന്റെ വിശപ്പടക്കുക എന്നതാണ്. കാരണം വിശപ്പുപോലെ അസഹനീയമായ മറ്റൊരു വ്യാധിയില്ല. അതുപോലെ മനുഷ്യന്റെ ബുദ്ധിയെ ദുഷിപ്പിക്കുന്ന, മനുഷ്യജീവനു ഭീഷണിയാകുന്ന, മദ്യത്തെ മറ്റേതിനും പ്രതിരോധം തീർക്കുംമുമ്പ് പ്രതിരോധിക്കുക എന്നതാവണം നമ്മുടെ ധർമ്മം.
സ്വാമി വിശുദ്ധാനന്ദ_ (പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം)
0 comments:
Post a Comment