Friday 15 November 2019

നമ്മുടെ പടം വരയ്ക്കാമോ ?


ഗുരുദേവൻ ശിവഗിരിയിലെ പർണ്ണശാലയ്ക്ക് മുന്നിൽ ഇരുന്ന് സംസ്കൃതവിദ്യാലയത്തിലെ പഠനം ശ്രദ്ധിക്കുകയായിരുന്നു . കുട്ടികൾ സംസ്കൃതകാവ്യങ്ങൾ തെറ്റുകൂടാതെ ചൊല്ലുന്നതു കേട്ടപ്പോൾ ഗുരുദേവന് അത്യധികം സന്തോഷമുണ്ടായി . പർണ്ണശാലയ്ക്ക് സമീപം നിന്നിരുന്ന ഒരു മുത്തശ്ശിമാവിൽ നിന്നും അതിനിടയിൽ പഴുത്തു വീണിരുന്ന കുറെ മാങ്ങകൾ പെറുക്കിയെടുത്തു ഗുരുദേവൻ ഇടവേളനേരത്ത് അവിടുത്തെ കുട്ടികളെ വിളിച്ചു കൊടുത്തു . അതിനുശേഷം കുന്നിറങ്ങി ശാരദാമഠത്തിനു പിറകുവശത്തുള്ള വാതിൽ തുറന്ന് അവിടെയുള്ള പടികളിൽ ഇരുന്നു . കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു യുവാവ് ശാരദാമഠ വലം വെച്ചു തൊഴുതുകൊണ്ട് ഗുരുദേവൻ ഇരുന്നിടത്തേക്ക് വന്നു കാഴ്ചയിൽ നല്ലൊരു കലാകാരനെപ്പോലെ തോന്നിച്ചിരുന്ന അയാൾ ഗുരുദേവനെ സാഷ്ടാംഗം നമസ്കരിച്ചു . അയാളുടെ ഭക്തിയും വിനയവും ലക്ഷണവും കണ്ടിട്ട് ഗുരുദേവൻ ചോദിച്ചു .
"ചിത്രമെഴുതും . അല്ലേ ? "
താൻ ചിത്രമെഴുതും എന്നു ഗുരുദേവൻ എങ്ങനെയറിഞ്ഞു എന്നു ചിന്തിച്ചു അയാളപ്പോൾ അതിശയിച്ചു നിന്നു .

ഗുരുദേവൻ : "പേരെന്ത് ? "
യുവാവ് : "രാമകൃഷ്ണനാശാരി "
ഗുരുദേവൻ : "എവിടെ നിന്നാണ് വരുന്നത് ? "
യുവാവ് : "നെയ്യാറ്റിൻകരയിൽ നിന്നാണ് ". ഗുരുദേവൻ : "ഉം "
കുറച്ചുനേരത്തേക്കു പിന്നെ സംഭാഷണമുണ്ടായില്ല . ആ ഇടവേളയിൽ മാവിൻ കൊമ്പത്തിരുന്ന ഒരു കുയിൽ നീട്ടിപ്പാടുവാൻ തുടങ്ങുകയായി . ആ നേരത്ത് അയാൾ ഏതാനും കടലാസുചു രുളുകൾ നിവർത്തി ഗുരുദേവനെ കാണിച്ചു . അതെല്ലാം അയാൾ മുൻകാലങ്ങളിൽ വരച്ച ചിത്രങ്ങളായിരുന്നു . അതുകണ്ടിട്ട് ഗുരു ദേവൻ ആ യുവാവിനെ അനുഗ്രഹിച്ചുകൊണ്ട് മൊഴിഞ്ഞു . "കൊള്ളാമല്ലോ" .
അയാൾ ഏറെ സംതൃപ്തനായി ആ ചിത്രങ്ങൾ വീണ്ടും ചുരുട്ടി ഒരു സഞ്ചിയിലാക്കി വച്ചു . അപ്പോൾ ഗുരുദേവൻ ചോദിച്ചു .
"നമ്മുടെ പടം വരയ്ക്കാമോ ? " അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് രാമകൃഷ്ണനാശാരി അല്പനേരത്തേക്കു യാതൊന്നും ഉരിയാടാനാവാതെ നിന്നു പോയി . കാരണം അന്നു അയാൾ അവിടെ വന്നതുതന്നെ ഒത്താൽ ഗുരുദേവന്റെ ഒരു ചിത്രം വരയ്ക്കണമെന്ന ആഗ്രഹത്തോടെ യിരുന്നു .

" അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ എഴുതാം ".
അയാൾ പറഞ്ഞു .
അതുകേട്ടിട്ട് ഗുരുദേവൻ മന്ദഹസിച്ചു . ഉടനെ രാമകൃഷ്ണനാശാരി ഒരു കടലാസ് എടുത്തു അതിൽ പെൻസിൽ കൊണ്ട് ചില വരകളും കുറികളുമിട്ടു . അന്നു ഗുരുദേവൻ കല്പിച്ചതുപ്രകാരം ശിവഗിരിയിൽ നിന്നു ഊണും കഴിച്ചിട്ടാണ് അയാൾ നെയ്യാറ്റിൻകരയ്ക്ക് മടങ്ങുകയുണ്ടായത് .
അടുത്ത ദിവസംതന്നെ രാമകൃഷ്ണനാശാരി എണ്ണച്ചായത്തിൽ ഗുരുദേവന്റെ ഒരു ചിത്രം വരയ്ക്കുവാനുള്ള ഒരുക്കം തുടങ്ങി . ഒരു വ്രതം എന്നപോലെയായിരുന്നു അയാൾക്ക് ആ ചിത്രമെഴു ത്ത് . കുറച്ചു ദിവസങ്ങൾകൊണ്ട് ഗുരുദേവൻ ഇരിക്കുന്ന രൂപത്തി ലുള്ള ആ ചിത്രം അയാൾക്ക് പൂർത്തിയാക്കാനായി .

പിന്നീട് താമസിയാതെ ഒരു ദിവസം രാമകൃഷ്ണനാശാരി ആ ഗുരുദേവചിത്രവുമായി ശിവഗിരിയിലെത്തി . ആളൊഴിഞ്ഞ ഒരു നേരത്ത് ഗുരുദേവനെ അതുകാണിച്ചു . ഗുരുദേവന് ആ ചിത്രം വളരെ ഇഷ്ടമായി . രണ്ടു പഴവും ഒരു പിടി കലണ്ടവും നല്കി രാമകൃഷ്ണനാശാരിയെ ഗുരുദേവൻ അനുഗ്രഹിച്ചു . എന്നിട്ട് ഇപ്രകാരമരുളിച്ചെയ്തു : "ഓ ഇത് ഒത്തുപോയല്ലോ ".
അക്കാലത്ത് ആ എണ്ണഛായാചിതം ശാരദാമഠത്തിന്റെ പിന്നിലുള്ള വാതിൽ തുറന്നാൽ കാണത്തക്കവിധം അവിടെ ഏറെക്കാലം സൂക്ഷിച്ചുവെയ്ക്കുകയുണ്ടായി . പിന്നീട് അത് വൈദികമഠത്തിലേക്കു മാറ്റി വച്ചു .

ഗുരുദേവൻ മഹാസമാധി പ്രാപിച്ചശേഷം ജനങ്ങൾക്ക് ആരാധന നടത്തുവാനായി രാമകൃഷ്ണനാശാരി വരച്ച ആ പടമായിരുന്നു സമാധി സ്ഥാനത്ത് വച്ചിരുന്നത് .

ശ്രീനാരായണ പരമ ഗുരവേ നമഃ

0 comments:

Post a Comment