Saturday 10 September 2016

ഗുരുവല്ലോ പരദൈവം എന്ന വ്യക്തി അധിഷ്ഠിത വിശ്വാസം . എം. ശാർങ്‌ഗധരൻ

കേരളകൗമുദി  : September 7 - 2016 .
ദൈവവിശ്വാസം കുറവായിരുന്ന എന്നെ 1997 - ൽ ഇ. കെ . നായനാർ നയിച്ച ഇടതുപക്ഷ സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. നിയമസഭയിൽ നടത്തിയ പ്രത്യേക നിയമനിർമ്മാണത്തിന്റെ പിൻബലം ഉണ്ടായിരുന്ന ഈ നിയമനം ദൈവവിശ്വാസം സംബന്ധിച്ച് എന്റെ വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാദിവസവും ഉച്ചയ്ക്ക് ശിവഗിരിയിൽ നടക്കുന്ന ഗുരുപൂജയിൽ സന്യാസിശ്രേഷ്ഠരും ഗുരുഭക്തരും കൂടി ഉറക്കെ ചൊല്ലുന്ന ഒരു സ്തോത്രം ഉണ്ട്. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് [ 1888 ] മുമ്പ് ധ്യാനത്തിലിരുന്ന കൊടിതൂക്കിമലയിൽ നിന്നും ഗുരുവിനെ ഒഴിപ്പിക്കാനായി എത്തിയ പാർവത്തുകാർ പിന്നീട് ഗുരുദേവന്റെ പക്കൽ നിന്നും ആദ്യസന്ന്യാസി ഭീക്ഷ സ്വീകരിച്ച് ശിവലിംഗ സ്വാമികൾ ആയി മാറിയപ്പോൾ രചിച്ചതാണ് ഗുരുഷഡ്കം എന്ന സ്തുതിഗീതം.
ആറ് ശ്ളോകങ്ങൾ ഉള്ള ഈ സ്തോത്രത്തിലെ ഒാരോ ശ്ളോകത്തിന്റേയും ആദ്യാക്ഷരം എടുത്ത് കൂട്ടിവച്ചാൽ ഒാം നമശിവായ എന്ന് വായിച്ചെടുക്കാനാവും. ' ഒാം നമ ശിവായ ' എന്നതിന്റെ പൊരുൾ എന്തെന്ന് പെട്ടെന്ന് മനസിലാക്കാൻ ഗുരുദേവന്റെ കൃതിയായ ഷൺമുഖസ്തോത്രത്തിന്റെ ഒരു ചെറുഭാഗം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ' അ 'കരാഭി സ്വരാക്ഷരങ്ങൾ ക്രമമായി ഒാരോ ശ്ളോകത്തിന്റെയും ആദ്യാക്ഷരമായി വരത്തക്കവണ്ണം ആണ് ഈ കൃതി രചിച്ചിരിക്കുന്നത്. ശിവന്റെ വിശേഷണങ്ങൾ എല്ലാം സുബ്രഹ്മണ്യനും ഇണങ്ങുന്നുവെന്നുവിധം ഈ കൃതിയിൽ വിവരണം നടത്തിയിരിക്കുന്നു. ഈ രചനയിലെ ചില വർണ്ണനകൾ കാണുമ്പോൾ ശിവനും സുബ്രഹ്മണ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തോന്നിപ്പോകും.
ഷൺമുഖസ്തോത്രത്തിലെ 'അം' കഴിഞ്ഞുള്ള 'അ' എന്ന അക്ഷരത്തെ മുൻനിറുത്തി 'അല്ലിലും പകലു ... എന്ന ഒരു ശ്ളോകം ഉണ്ട്. അതിൽ 'സൗമ്യമായി മുതൽ ഉള്ളടക്കിയിരിപ്പതും ' എന്ന പ്രയോഗത്തെക്കുറിച്ച് നാരായണഗുരുകുലം അധിപൻ മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ' അങ്ങനെ സ്തുതിച്ചും ധ്യാനിച്ചും ഇരിക്കുന്ന എന്നിൽ നീയാകുന്ന സൗമ്യമായ മുതൽ വന്നുനിറയും. അതായത് നീയാകുന്ന നിർവികാരവും പ്രകാശാത്മകവും ആയ പൊരുൾ തന്നെയാവും ഞാൻ എന്ന ബോധം കൊണ്ട് എന്റെ സത്ത നിറയുന്നു. അങ്ങനെ നീയും ഞാനും രണ്ടല്ല എന്നിരിക്കുമ്പോൾ എനിക്കെങ്ങനെ നിന്നിൽ നിന്ന് അകന്നുപോകാനാവും'.
മേൽവിവരിച്ച വാക്കുകളെ മുൻനിറുത്തി മൗനം കൊണ്ട് ത്രാണനം ലഭിക്കുന്ന ' മന്ത്ര ' ത്തെ നമുക്ക് ഒരു പ്രത്യേക കോണിൽനിന്ന് വീക്ഷിക്കാം. അപ്പോൾ നമ്മുടെ പ്രാർത്ഥന ' ഒാം നമഃശിവായ ' എന്നാകാം,
' ഒാം ശരവണ ഭവ ' എന്നാകാം. വെറും ' ഒാം' എന്നാകാം. കേവല മനനവുമാകാം. ഈ തത്വം മുൻനിറുത്തി എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നത് ' ഒാം ശ്രീനാരായണ പരമഗുരുവേ ' എന്നാകുന്നത് മറ്റൊരാൾക്ക് എങ്ങനെ ചോദ്യംചെയ്യാനാവും. തടയാനാവും. മാത്രമല്ല എന്നോടൊപ്പം ഇത് മനനം ചെയ്യുന്ന ദശലക്ഷങ്ങൾ ഈ ഭൂമി മലയാളത്തിൽ ഉണ്ട് എന്നത് കൂടി ഓർക്കുക. ഇവർക്ക് ഒാരോരുത്തർക്കും മന്ത്രിക്കുന്നതിന് അവരവരുടേതായ ന്യായവാദങ്ങളും ഉണ്ട്. അതാണ് ശ്രീനാരായണഗുരുദേവന്റെ സവിശേഷത.
ഗുരുവെന്നത് ' ഗു ' ' രു ' എന്ന രണ്ട് വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ആണ്. ' ഗു ' എന്നാൽ ഇരുട്ട്. ' രു ' എന്നാൽ ഒഴിവാക്കൽ. അതായത് ഒരു വ്യക്തിയുടെ മനസിലുള്ള അന്ധകാരത്തെ ഒഴിവാക്കി അയാളെ നേർവഴിക്ക് നയിക്കുന്നവനാണ് ഗുരു. 'ആരായുകിൽ അന്ധത്വം ഒഴിച്ചാദിമഹസിൽ / നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം' എന്ന് മഹാകവി കുമാരനാശാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ശ്രീനാരായണഗുരുവിനെ മുൻനിറുത്തിയാണ്. 'അന്യർക്ക് ഗുണം ചെയ്‌വതിന് ആയുസ് വപുസും' / ധന്യത്വമോടങ്ങ് ആത്മതപസും ബലിചെയ്ത ' ശ്രീനാരായണഗുരുതന്നെ ഞങ്ങളുടെ മുഖ്യദേവൻ. ഇത് കോടതി വിധികൊണ്ടും ജാതി ചിന്തയെന്ന് ആരോപണംകൊണ്ടും ഞങ്ങളുടെ മനസിൽ ഒഴിവാക്കാൻ കഴിയും എന്നു തോന്നുന്നില്ല. കാരണം, വ്യക്തിപരമായ വിശ്വാസമാണ് മതവും ദൈവവും ഉൾക്കൊണ്ട ആത്മീയതയുടെ സത്ത. ഒാരോ വ്യക്തിക്കും തന്റേതായ വിജ്ഞാനത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ദൈവവിശ്വാസം ഉള്ളവൻ ആകാനോ മറിച്ച് ആകാനോ ഭരണ ഘടനാപരമായ പിൻബലമുണ്ട്. നൂറുവർഷംമുമ്പ് തന്നെ ജാതി പങ്കിലമായ സമൂഹത്തെ നോക്കി 'ഞാൻ ജാതി ചിന്തവിട്ട ആളാണ്' എന്ന് പറഞ്ഞ ഞങ്ങളുടെ പൂർവികർ നേരിട്ട് കണ്ട അമാനുഷിക ശക്തിവിശേഷം ഉണ്ടായിരുന്ന ഗുരുവിന്റെ ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷംപേരും ദൈവമായി കണക്കാക്കുന്നതിനെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ, കോടതിവിധിയിലൂടെ അത് ചോദ്യം ചെയ്യുമ്പോൾ അവർ തിരിച്ചുപറയുന്നത് ഇവ്വിധമാണ്.
'ശ്രീനാരായണഗുരുദേവൻ സാമൂഹിക പരിഷ്കർത്താവല്ല. സാമുദായിക പ്രമാണിയല്ല ; സാഹിത്യകാരനല്ല ; നവോത്ഥാന നായകനുമല്ല; സന്യാസിയുമല്ല ; ഇതെല്ലാം ഒത്തുചേർന്ന സാക്ഷാൽ ഭഗവാനറെ അവതാരമാണ്.' ഭഗവാന്റെ അവതാരമാകുമ്പോൾ ഒാരോരുത്തർക്കും അവരുടെ വീക്ഷണമനുസരിച്ച് ഒാരോ വിശേഷണം കൽപ്പിക്കാം. പക്ഷേ, ഒാരോ മതവും പ്രത്യേകം പ്രത്യേകം ദൈവങ്ങളെ അവതരിപ്പിച്ചപ്പോൾ 'മനുഷ്യരെല്ലാം ഒരു ജാതിയിൽപ്പെട്ടവരാണ് എന്നും ഒരൊറ്റ ദൈവത്തിൽ മാത്രം വിശ്വസിക്കുക എന്നും പറഞ്ഞ ഒരു ഗുരുവിനെ മാത്രമേ ലോകത്ത് ഇതുവരെ കാണാനായിട്ടുള്ളൂ.
ഡോക്ടർ - എം. ശാർങ്‌ഗധരൻ - Mobile - 9447103599

0 comments:

Post a Comment