Saturday, 10 September 2016

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍-3.അസ്തേയം :

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
3.അസ്തേയം :
അന്യന്റെ ധനം മോഷ്ടിക്കുകയോ മോഷ്ടിക്കണം എന്ന് ആഗ്രഹിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് അസ്തേയം.സര്‍വ്വ സമ്പത്തുകളും അസ്തേയം ഒള്ളവന് സ്വാധീനമാകും.സ്തേയം(മോഷണം)സര്‍വ്വവിധങ്ങളായ ആപത്തുകളേയും വിളിച്ചുവരുത്തും.ലൌകികജീവിതത്തിന് ആധാരം ധര്‍മ്മനിഷ്ഠയാണ്."ധര്‍മ്മനിഷ്ഠയുള്ളവന്‍" എന്ന് ഒരു ജനസമ്മിതി നേടിയവനു മാത്രമേ സമുദായത്തില്‍ ജീവിക്കുവാന്‍ കഴിയൂ.ആ ജനസമ്മിതിയേയും ബഹുമാനത്തെയും "മോഷണം" നശിപ്പിക്കും.മോഷ്ടാവിനെ ആരും ബഹുമാനിക്കുകയില്ല.അതുകൊണ്ട് "അസ്തേയം" കൃത്യമായും ഏവരും അനുഷ്ഠിക്കേണ്ട ഒരു ധര്‍മ്മമാണ്‌.ത്രികരണങ്ങള്‍കൊണ്ടും മോഷണത്തെ വര്‍ജ്ജിക്കുന്ന മഹാന്‍റെ മുന്നില്‍ ലോകം വിശ്വാസപൂര്‍വ്വം ആത്മസമര്‍പ്പണം തന്നെ ചെയ്യാറുണ്ട്.നേരേമറിച്ച് മോഷണവിഷം കൊണ്ട് മലിനമായ മനുഷ്യാധമനെ ജനങ്ങള്‍ പേപ്പട്ടിയെപോലെ ദൂരെ അകറ്റികളയും.

0 comments:

Post a Comment