Saturday 10 September 2016

ശ്രീനാരായണ ഗുരുദേവൻ കോടതി വ്യവഹാരങ്ങൾക്കുള്ള ഉപകരണം അല്ല.


പ്രിയ സഹോദരങ്ങളെ ,
ശ്രീനാരായണ ഗുരുദേവന്റെ ദൈവികത ഏതെങ്കിലും കോടതിയിലെ വാദ പ്രതിവാദങ്ങളിലൂടെ സ്ഥാപിക്കച്ചെടുക്കേണ്ട ഒരു കാര്യം ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത്തരം തല തിരിഞ്ഞ കോടതി വിധിയെ പരമ പുശ്ചത്തോടെ .......അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാനാണ് ഓരോ ഗുരുദേവ ഭക്തനും ശ്രമിക്കേണ്ടത്. അതിനു പകരം മനസ്സും ശരീരവും ധനവും മുഴിഞ്ഞു നാറിയ കോടതി വ്യവഹാരങ്ങളുടെ ദയാ ദാക്ഷിണ്യത്തിനായി ആരും പാഴാക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്വന്തം പിതൃത്വം അംഗീകരിച്ചു കിട്ടുവാൻ കോടതി വ്യവഹാരവും ഡി. എൻ.എ . പരിശോധനയും സാക്ഷി വിസ്താരവുമായി കോടതി വരാന്ത കയറി ഇറങ്ങുന്നതുപോലെ ഏതാണ്ട് അതിനു സമാനമായിഏതെങ്കിലും ഒരു ന്യായാധിപന്റെ തലനാരിഴ കീറി പരിശോധനയും വിചാരണയും സാക്ഷി വിസ്താരവുമൊക്കെ വിധി പകർപ്പും ഒക്കെ വേണോ ഗുരുദേവൻ പരബ്രഹ്മ മൂർത്തിയാണ് എന്ന് നമുക്ക് സ്ഥാപിച്ചു കിട്ടുവാൻ ? അഥവാ ഇനി പൊതു മനസ്സിനെ ബോധിപ്പിക്കുവാൻ വേണ്ടി ഇങ്ങനെ ഒരു വിധിന്യായം അനിവാര്യം ആണ് എന്ന് ശുദ്ധാത്മാക്കളായ കുറെ സദ് ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ...... മറിച്ചാണ് സുപ്രീം കോടതിയിലെ ബഹുമാന്യ ഗോസായി ജഡ്ജ് വിധി പ്രസ്താവിക്കുന്നതെങ്കിലോ ? വീണ്ടും എങ്ങോട്ട് പോവും ? .... ഐക്യ രാഷ്ട്ര സഭയിലേക്കോ ? അതോ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയിലേക്കോ ?
( ശ്രീ. ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞാ കേസിൽ ഉണ്ടായ വിധി തീർപ്പ് ആരും മറന്നിട്ടുണ്ടാവാൻ ഇടയില്ല ... ആ വിധി ഇന്നും നില നിൽക്കുന്നു. അതിന്റെ ചുവടു പിടിച്ചു തന്നെ ആണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഇത്തരം തല തിരിഞ്ഞ നിരീക്ഷണം ഉണ്ടായത് എന്ന് മറക്കരുത് .
2003 ൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.എൽ ,ഗുപ്തയും , ജസ്റ്റിസ് ബസന്തും ചേർന്ന ഡിവിഷൻ ബെഞ്ച് ഉമേഷിന്റെ സത്യപ്രതിജ്ഞ അസാധുവാക്കുകയും ദൈവനാമത്തിൽ അല്ലങ്കിൽ ദൃഢ പ്രതിജ്ഞ എടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. , ആ വിധി വെക്കേറ്റു ചെയ്തു കിട്ടുവാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബഞ്ചിലെ ആർ.എം. ലോധയും , ആർ. അനിലും ചേർന്ന് 2012 ൽ പ്രസ്തുത കീഴ് കോടതി വിധി ശരി വയ്ക്കുകയാണ് ചെയ്‍തത്. അതാണ് നിലവിലെ കോടതി വ്യവഹാരത്തിന്റെ കഥ. നിലവിലെ സംവിധാനത്തിൽ അതിനപ്പുറം ഒരു വിധി പ്രതീക്ഷിക്കുകയും വേണ്ട )
ചരിത്രത്തിൽ ഇന്നേ വരെ കോടതി വിധിയിലൂടെ ഒരു ദൈവവും ജനിച്ചിട്ടില്ല .....പീലാത്തോസിന്റെ കോടതി നിഷ്ക്കരുണം കൈകഴുകി ഒരുവനെ കുരിശിലേക്കയച്ചപ്പോൾ അവിടെ ഒരു ദൈവം ജനിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത് ..... നിഷ്ക്കളങ്ക ഭക്തിയുടെ കണ്ണീരുപ്പിനാൽ എല്ലായ്പ്പോഴും അഭിഷേകം ചെയ്യപ്പെടുന്ന ആ ചൈതന്യമൂർത്തി അവിടെ നില നിൽക്കുന്നിടത്തോളം കാലംആർക്കും ആകുലത വേണ്ട.

0 comments:

Post a Comment