സശീരനായിരുന്നപ്പോഴും അതിനുശേഷവും വിവിധ തരക്കാരായ ഒട്ടേറെപ്പേരെ തന്നിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരപൂര്‍വ്വ ഋഷീശ്വരനായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകളും സാമൂഹ്യമായ അനാചാരങ്ങളും രൂക്ഷമായിരുന്ന ആ കാലത്തു പോലും ജീവിതത്തിലെ നാനാതുറകളില്‍പ്പെട്ട വിവിധ ജാതിമതസ്ഥര്‍ അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ വന്നണഞ്ഞിരുന്നു. അവരില്‍ ഗൃഹസ്തശിഷ്യന്മാരായിത്തീര്‍ന്ന് സ്വന്തം ജീവിതത്തിനും സ്വന്തം കര്‍മ്മമേഖലയ്ക്കുംകൂടുതല്‍ അര്‍ത്ഥം കണ്ടെത്തിയവരും ഗുരുവില്‍ നിന്ന് സന്യാസം സ്വീകരിച്ച് ശിഷ്ടകാലം ആ പാദങ്ങളില്‍ അര്‍പ്പിച്ച ത്യാഗവീരന്മാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം സേവനം ശ്രീനാരായണപ്രസ്ഥാനത്തിനു മാത്രമല്ല പില്‍ക്കാല സാമൂഹ്യജീവിതത്തിനും പല വിധത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര പഠിക്കപ്പെടാതെ പോയ ഒരു അദ്ധ്യായമാണിത്. ഈ കൂട്ടത്തില്‍ ആദ്യം പരിചയപ്പെടേണ്ട ഒരപൂര്‍വ്വ വ്യക്തിയാണ് പേരുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തനായ സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍.
ആദ്യനാളുകള്‍
ഗുരുവായൂരിനടുത്തുള്ള ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893 ല്‍ ജനിച്ച സി.പരമേശ്വരമേനോന്‍ എന്ന വ്യക്തിയാണ് ശ്രീനാരായണഗുരുവില്‍ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് കരുണാകരമേനോന്‍ തൃശ്ശൂരില്‍ അഭിഭാഷകനായിരുന്നു. അമ്മ പാര്‍വ്വതിയമ്മ. തിയോസഫി പ്രസ്ഥാനത്തിലും മറ്റ് ആത്മീയകാര്യങ്ങളിലും തത്പരനായിരുന്ന പിതാവിന്റെ സ്വാധീനം ചെറുപ്പകാലത്തുതന്നെ പരമേശ്വരന്റെ മനസ്സിലും ആത്മീവഷയങ്ങളില്‍ താത്പര്യം ജനിക്കുന്നതിന് കാരണമായിത്തീര്‍ന്നു. തൃശ്ശൂര്‍ സി.എം.എസ് വിദ്യാലയത്തിലെ പഠനം ചെറുപ്രായത്തില്‍തന്നെ ക്രിസ്തുമതത്തോടുള്ള താത്പര്യത്തിന്റെ ആദ്യബീജങ്ങള്‍ മനസ്സില്‍ പാകി. എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ ബിരുദം സമ്പാദിച്ചതിനുശേഷം അദ്ദേഹം എറണാകുളത്ത് കൊച്ചി ദിവാന്റെ ഓഫീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. നേരത്തേ പരിചയമുണ്ടായിരുന്ന ഒരു യുവതിയെ ഈ കാലത്ത് അദ്ദേഹം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുണ്ടായി. തുടര്‍ന്ന് ജീവിതോത്കര്‍ഷം ലക്ഷ്യമാക്കി കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ബോംബെയ്ക്ക് പോയി, സ്വപരിശ്രമത്താല്‍ പഠിച്ച് ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം സമ്പാദിച്ചു. ഈ കാലത്ത് ചില അസ്വാരസ്യങ്ങളെത്തുടര്‍ന്ന് അദ്ദേഹം വിവാഹബന്ധം വേര്‍പെടുത്തി.
നാട്ടില്‍ തിരിച്ചെത്തി തൃശ്ശൂരില്‍ പ്രാക്ടീസ് ആരംഭിച്ച പരമേശ്വരമേനോന്‍ പല വിധത്തിലുള്ള സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഒരു തവണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുകൂടിയുരന്ന അദ്ധ്യാത്മവിഷയങ്ങളോടുള്ള താത്പര്യം ഈ കാലത്ത് കൂടുതല്‍ വെളിവാകുവാന്‍ ആരംഭിച്ചു. വക്കീല്‍പണിയിലെ നെറികേടുകളോടും സാമൂഹ്യമായ അനാചാരങ്ങളോടും പൊരുത്തപ്പെടാനാകാതെ അദ്ദേഹം സാവകാശം മാനസികമായ വലിയ അസ്വസ്ഥതകള്‍ അനുഭവിച്ചു തുടങ്ങി.
അക്കാലത്ത് മദ്ധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചുനിന്നിരുന്ന ശ്രീനാരായണഗുരുവിലേക്ക് അദ്ദേഹം സാവകാശം ആകൃഷ്ടനായി. ഇതിനകം പത്രമാസികകളില്‍ എഴുതാന്‍ ആരംഭിച്ച അദ്ദേഹം ‘സ്റ്റുഡന്റ്‌സ് ഓണ്‍ മാഗസിന്‍’ എന്ന ഒരു മാസിക നടത്തുകയും ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തിന് പ്രചാരം നല്‍കാനായി നടത്തിയിരുന്ന ‘സ്‌നേഹിതന്‍’ എന്ന ഒരു പത്രികയുടെ സഹപത്രാധിപത്യം വഹിക്കുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ ബോധാനന്ദസ്വാമിയുമായി ചേര്‍ന്ന് ‘ശ്രീനാരായണമതം’ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. സി.പരമേശ്വരന്‍ ബി.എ, എല്‍.എല്‍.ബി, വടക്കാഞ്ചേരി, കൊച്ചിന്‍ സ്റ്റേറ്റ് എന്നാണ് ഇതില്‍ ഗ്രന്ഥകാരന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. മംഗളോദയം പ്രസ്സ് തൃശ്ശൂര്‍ 1926-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് എട്ടണയായിരുന്നു വില. ”ശ്രീനാരായണഗുരുസ്വാമികളുടെ എഴുപതാമത്തെ ജന്മനക്ഷത്രം പ്രമാണിച്ചു (1926 ആഗസറ്റ് 23) സ്വാമികളുടെ ആശ്രമമായ ശിവഗിരിമഠത്തില്‍വെച്ച് പല ആഘോഷങ്ങളും ഉണ്ടായിരുന്നെങ്കിലും ലോകത്തിന്റെ ഭാവിഗതിയെ നിയന്ത്രിക്കുവാനുള്ള ശക്തിയാലോചിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി വിചാരിക്കേണ്ടത് അന്നേദിവസം സ്വാമികളുടെ ശിഷ്യപ്രധാനികളില്‍ ചിലര്‍ ഭക്തിപുരസ്സരം നടത്തിയ ശ്രീനാരായണമതപ്രഖ്യാപനമാകുന്നു”, എന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് ഗ്രന്ഥകാരന്‍തന്നെ വെളിപ്പെടുത്തുന്നത്.
അഭിഭാഷകവൃത്തിയില്‍ നിന്ന് സന്യാസത്തിലേക്ക്
വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട് എന്ന സ്ഥലത്ത് ആയിടെ പണിതീര്‍ത്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തുന്നതിനായി 1925 ലെ മീനമാസത്തില്‍ ശ്രീനാരായണഗുരു എത്തിയ അവസരത്തില്‍ ആദ്യമായി അദ്ദേഹം ഗുരുവിനെ കണ്ടു സംസാരിച്ചു. ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്ന കാര്യം ഗുരു ശിഷ്യനായ ബോധാനന്ദ സ്വാമിയെ ഏല്‍പ്പിച്ചിട്ട് വിശ്രമത്തിനായി പരമേശ്വരമേനോന്റെ വസതിയിലെത്തി. അന്ന് അവിടെ തങ്ങിയ ഗുരു പിറ്റേന്ന് അതിരാവിലെ മടങ്ങുന്നതിനുമുമ്പായി, ”എന്താ പഞ്ചാഗ്നിയുടെ മദ്ധ്യത്തിലായിരുന്നു കഷ്ടപ്പെടുകയാണല്ലേ? ഇതൊന്നും വേണ്ടെന്നു തോന്നിയാല്‍ ശിവഗിരിയിലേക്ക് വരാം” എന്ന് അരുളിയിട്ട് യാത്രയായി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം വക്കീല്‍ ഓഫീസ് അടച്ചുപൂട്ടി ശിവഗിരിയിലെത്തി ഗുരുവിനെക്കണ്ട് നമസ്‌കരിച്ച് അവിടെ ഒരു അന്തേവാസിയായി ജീവിക്കാന്‍ തുടങ്ങി. ആദ്യം ഗുരു അദ്ദേഹത്തെ ശിവഗിരിമഠത്തിന്റെ മാനേജരായി നിയമിച്ചു. തുടര്‍ന്ന് 1927-ല്‍ ഗുരു അദ്ദേഹത്തിന് സന്യാസവും സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ എന്ന സന്യാസനാമവും നല്‍കി.
അക്കാലത്ത് ഗുരുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഗുരുവിന്റെ ഭൗതികസമ്പത്തിന്റെ പിന്‍തുടര്‍ച്ച സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗവും ഗുരുവിന്റെ സന്യാസശിഷ്യന്മാരും തമ്മില്‍ വലിയ തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിനായി ഒരു സന്യാസിസംഘം രൂപീകരിക്കണമന്നും, തന്റെ അധീനതയില്‍ വന്നു ചേര്‍ന്ന ഭൗതികസമ്പത്ത് ഈ സന്യാസി സംഘത്തിന് നല്‍കണമെന്നുമായിരുന്നു ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്‍പ്പം. ഇതിനായി ഒട്ടേറെ പരിശ്രമങ്ങള്‍ പല തലങ്ങളില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ നൈപുണ്യഫലമായി അത്തരമൊരു സന്യാസിസംഘടനയ്ക്കുവേണ്ട നിയമാവലി എഴുതിയുണ്ടാക്കുകയും 1928 ജനുവരി 9-ന് (1103 ധനു 23) കൂര്‍ക്കഞ്ചേരിയില്‍വെച്ച് ശ്രീനാരായണധര്‍മ്മസംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹമായിരുന്നു ഈ സന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി.
ഗുരുവിന്റെ കാലശേഷം ഒരു കോടതിവിധിയെത്തുടര്‍ന്ന് ഈ സംഘം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റായിമാറി. ഈ ട്രസ്റ്റിന്റെ രൂപീകരണത്തിലും സ്വാമി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിലും അംഗമാവുകയുമുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖ്യപത്രമായി ”ധര്‍മ്മം” എന്ന പേരില്‍ ഒരു പ്രതിവാരപത്രിക ശിവഗിരിയില്‍ നിന്ന് സ്വാമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ പ്രസിദ്ധമായിട്ടുള്ള ഗുരുദേവവചനങ്ങള്‍ ശേഖരിച്ച് ഈ പത്രികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്ത് സമാഹരിച്ചതും സ്വാമിയാണ്. പിന്നീട് കുമാരസ്വാമി സന്യാസി ‘ദിവ്യസ്‌തോത്രരത്‌നാവലി’ എന്ന പേരില്‍ ഇത് പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. കൂടാതെ പലയിടത്തായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തില്‍ പരിപാലിക്കുന്നതിനാവാശ്യമായ വ്യവസ്ഥകളും മഠത്തിന്റെ മാനേജര്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. A Prophet of peace എന്ന പേരില്‍ ഗുരുവിന്റെ ഒരു ജീവചരിത്ര പഠനഗ്രന്ഥമുള്‍പ്പെടെ ചില പുസ്തകങ്ങള്‍ ഈ കാലത്ത് അദ്ദേഹം രചിക്കുകയുണ്ടായി. ശാരദാപ്രതിഷ്ഠയുടെ 25-ാം വാര്‍ഷികം അതിഗംഭീരമായി സംഘടിപ്പിച്ചതും ശിവഗിരിയിലെ ഇന്നത്തെ ഗുരുപൂജാ സമ്പ്രദായത്തിന് വ്യാപകമായി പ്രചാരം നല്‍കിയതും സ്വാമിയുടെ നേതൃത്വത്തിലാണ്.
രണ്ടാം സന്യാസം
ഇങ്ങനെ ഏകദേശം ഒമ്പതുവര്‍ഷം തുടര്‍ന്ന വ്യവഹാരങ്ങളും അവ ഏല്‍പ്പിച്ച മനസംഘര്‍ഷങ്ങളും ഒരു തികഞ്ഞ സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന സ്വാമിക്ക് താങ്ങാനാകുന്നവ ആയിരുന്നില്ല. കൂടാതെ ജാതിയുടെ പേരിലും അദ്ദേഹത്തിനു പല ദുരാനുഭവങ്ങളും സഹിക്കേണ്ടതായി വന്നു. ഇതിന്റെയെല്ലാം ഫലമായി എല്ലാം പരിത്യജിച്ച് തികച്ചും ഒരു അവധൂതനായി അദ്ദേഹം ശിവഗിരി വിട്ടിറങ്ങി. കുറച്ചുകാലം ചെമ്പഴന്തിയിലുള്ള മഠത്തില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ആ കേന്ദ്രത്തിന്റെ വികസനത്തിനായി പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ഗുരുദേവദര്‍ശനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി പല നൂതനസംരംഭങ്ങള്‍ നടത്തുകയും ചെയ്തു. പ്രത്യേകമായി തയ്യാറാക്കിയ ഒരു മാജിക്ക് ലാന്റേണില്‍ സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന സി.ആര്‍ കേശവന്‍ വൈദ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുമാരനാശാന്റെ പ്രശസ്തമായ ഗുരുസ്തവത്തിന് സ്വാമി കഥാപ്രസംഗരൂപത്തില്‍ സരളമായ ഒരു വ്യാഖ്യാനം രചിക്കുകയും അത് ഈ പ്രഭാഷണങ്ങളോടൊപ്പം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലവര്‍ഷം 1110-ല്‍ (1935) ചെമ്പഴന്തിയില്‍ അദ്ദേഹം ഗംഭീരമായ നിലയില്‍ ചതയദിനാഘോഷം സംഘടിപ്പിച്ചു. പുലയസമുദായത്തില്‍പ്പെട്ടവരുടെ ചെണ്ടമേളം സ്വാമി ഇതിന് ഏര്‍പ്പെടുത്തിയതില്‍ ചില ഈഴവ പ്രമാണിമാര്‍ ക്ഷോഭിച്ച് മേളക്കാരെ അടിച്ചോടിച്ചു. ഇതില്‍ മനംനൊന്ത സ്വാമി ഓടിപ്പോയ മേളക്കാരെ തിരികെവിളിച്ചുവരുത്തി അവരുടെ മുന്നില്‍ ദണ്ഡനമസ്‌കാരം ചെയ്ത് മാപ്പപേക്ഷിച്ചു. ഈ സംഭവങ്ങളും പില്‍ക്കാലത്ത് സ്വാമികളുടെ ആത്മകഥയ്ക്ക് എഴുതിയ ആമുഖത്തില്‍ സി.ആര്‍. കേശവന്‍ വൈദ്യര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെതുടര്‍ന്ന് സ്വാമി ചെമ്പഴന്തിവിട്ട് ദേശാടനത്തിനിറങ്ങി.
ഹൈന്ദവദുഷ്പ്രഭുത്വചരിത്രം
തമിഴ്‌നാടും ആന്ധ്രയും കാല്‍നടയായി സഞ്ചരിച്ച് പല പുണ്യസ്ഥലങ്ങളും കണ്ടറിഞ്ഞതില്‍ ഹിന്ദുമതത്തിലെ പല ജീര്‍ണ്ണതകളും അദ്ദേഹത്തിന് നേരിട്ടു ബോധ്യമായി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി ഹിന്ദുമതം എന്താണെന്നു സത്യസന്ധമായി അറിയുവാനായി ഒരു പുസ്തകം എഴുതണമെന്ന് അദ്ദേഹത്തിനു തോന്നി. രാജമന്ദ്രിയിലെ എഡ്‌ള രാമദാസ് മഠത്തില്‍ താമസിച്ചുകൊണ്ട് ഒന്നര വര്‍ഷം നടത്തിയ തീവ്രമായ പഠനമനനങ്ങളുടെ ഫലമായി അദ്ദേഹം Menace of Hindu Imperialism എന്ന ഗ്രന്ഥത്തിന്റെ നക്കല്‍ തയ്യാറാക്കി. ഇത് എഴുതിക്കഴിഞ്ഞതോടെ ഈ രാജ്യത്തെ പാരമ്പര്യമനുസരിച്ചുള്ള മതാചാരങ്ങളില്‍ തനിക്കു വിശ്വാസം കുറഞ്ഞു എന്നാണ് സ്വാമി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന്, ലാഹോറിലുള്ള ചില സ്‌നേഹിതന്മാര്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സഹായം വാഗ്ദാനം ചെയ്തതിനാല്‍ അദ്ദേഹം ലാഹോറിലേക്കു പോയി. അവിടെയുണ്ടായിരുന്ന ജാത്പാല്‍ തൊടക്മണ്ഡല്‍ (ജാതിനാശിനിസംഘം) എന്ന പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെട്ട് തുടര്‍ന്നു പ്രവര്‍ത്തിച്ചു. ആര്യസമാജത്തിലെ ഉല്‍പതിഷ്ണുക്കളായ ഏതാനുംപേര്‍ ചേര്‍ന്നു 1922-ല്‍ രൂപം നല്‍കിയ ഈ സംഘടന അക്കാലത്ത് വളരെയധികം സാമൂഹ്യമാറ്റങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. അവര്‍ സ്വാമിയുടെ ഈ കൃതിയും തുടര്‍ന്ന് എഴുതിയ മറ്റനേകം കൃതികളും അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. ”പഞ്ചാബിലേക്കുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥജി മഹാരാജിന്റെ വരവ് ഒരു ദൈവനിയോഗമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഉചിതമായ രീതിയില്‍ നേതൃത്വം നല്‍കുന്നതിനാവശ്യമായ യോഗ്യതയും അനുഭവസമ്പത്തും ജ്ഞാനവും ഉള്‍ക്കാഴ്ചയുമായാണ് അദ്ദേഹം കടന്നുവന്നത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായി ഞാന്‍ ഉടനെ എന്നെത്തന്നെവിട്ടുകൊടുത്തു,” എന്നാണ് ആ സംഘടനയുടെ അന്നത്തെ സെക്രട്ടറി ഹര്‍ഭഗവാന്‍ ഈ ഗ്രന്ഥത്തിന്റെ പ്രസാധകക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ല്‍ ഈ കൃതിക്ക് ഒരു രണ്ടാം പതിപ്പുകൂടി ജാത്പാത് തൊടക്മണ്ഡല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
അക്കാലത്ത് വലിയതോതിലുള്ള അനുവാചകശ്രദ്ധ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ”എനിക്ക് വളരെയധികം മതിപ്പുതോന്നുന്ന ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന പല കാര്യങ്ങളും ഞാനിപ്പോള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥത്തില്‍ സ്പര്‍ശിക്കുന്നവ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ ഈ ഗ്രന്ഥം വളരെ സ്വാഗതാര്‍ഹമായി എനിക്ക് അനുഭവപ്പെട്ടു,” എന്നാണ് ഡോ.ബി.ആര്‍. അംബേദ്കര്‍ സ്വാമിയുടെ ഈ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറെയാണ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് സിക്കുകാരുടെ വകയായ പഞ്ചാബ്‌ലിബ് എന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ കാണാവുന്നതാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, മാറിയ സാഹചര്യത്തില്‍ ഈ ഗ്രന്ഥം സ്വാമി തന്നെ വേണ്ട രീതിയില്‍ പരിഷ്‌കരിച്ച് History of Hindu Imperialism എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകരിച്ചു. സ്വാമി ഈ പുസ്തകത്തിന് ഒരു സ്വതന്ത്ര മലയാള പരിഭാഷയും ‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രംസംഗ്രഹം’ എന്ന അതിന്റെ ഒരു സംഗ്രഹീതപതിപ്പും രചിച്ചത് 1969-ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ട് ഈ ഗ്രന്ഥം പില്‍ക്കാലത്ത് ദളിത് പ്രസ്ഥാനങ്ങളുടെ സവിശേഷ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ഫലമായി കടുത്തുരുത്തിയിലുള്ള ബാബസാഹേബ് അംബേദ്കര്‍ ഫൗണ്ടേഷന്‍ 1992-ല്‍ ഈ കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് പുനഃ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഡോ.കെ.എസ് ഭഗവാന്‍ ഈ കൃതി കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ ഡല്‍ഹിയില്‍ മീഡിയ ഹൗസ് എന്ന സ്ഥാപനം ഇതിന്റെ ഒരു എഡിറ്റഡ് പതിപ്പ് 2004-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈത്രി ബുക്‌സ്, തിരുവനന്തപുരം ഈ കൃതി (മലയാളം) അടുത്തയിടെ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
ലാഹോറിലും ഡല്‍ഹിയിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ. അംബേദ്കര്‍, ജിന്ന, രാംഗോപാല്‍ മോഹന്ത, സര്‍ തേജ് ബഹാദൂര്‍ സപ്രു, പോത്തന്‍ ജോസഫ് തുടങ്ങിയ അക്കാലത്തെ പല പ്രമുഖരുമായി അടുത്തിടപെഴകുന്നതിനും തന്റെ മനസ്സിലുണ്ടായിരുന്ന പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനും പുതിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സ്വാമിക്കു കഴിഞ്ഞു. ഹിന്ദുമതം ഇന്നതാണെന്നു പറഞ്ഞു ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ പര്യാപ്തമായത് ഭഗവദ്ഗീത ഒന്നു മാത്രമാണെന്ന് ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തോന്നിത്തുടങ്ങി. ഗീത ആഴത്തില്‍ പഠിച്ചതിന്റെ ഫലമായി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ തത്ത്വം കുടികൊള്ളുന്നത് ഭഗവദ്ഗീതയിലാണെന്നും, ഏതു മതസ്ഥര്‍ക്കായാലും ഉല്‍പ്പതിഷ്ണുക്കള്‍ക്കായാലും ജാതിമതവ്യത്യാസങ്ങളോ വിഗ്രഹാരാധനയോ ബ്രാഹ്മണമേധാവിത്വവമോ അംഗീകരിക്കാത്ത പരിഷ്‌കൃതാശയര്‍ക്കായാലും സമ്മതമായ ഒരു തത്ത്വചിന്ത ഗീതയിലടങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് ബോദ്ധ്യമായി. അതുകൊണ്ട് ഗീത ശരിയായ രീതിയില്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി Yoga for all എന്ന ഒരു ഗീതാമതസാരം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഈ ഗീതാമതത്തെ പ്രമാണമാക്കി ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ഹിന്ദുമിഷണറി സൊസൈറ്റി എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
കേരളത്തില്‍ തിരിച്ചെത്തുന്നു
1947-ഓടെ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി ചെമ്പഴന്തിയില്‍ താമസിച്ചുകൊണ്ട് മുന്‍കാലങ്ങളിലെപ്പോലെ ഗുരുദേവദര്‍ശനത്തെ അവംലബമാക്കി പല പ്രവര്‍ത്തനങ്ങളിലും വ്യപൃതമായി കഴിഞ്ഞു. എന്നാല്‍ അക്കാലത്തുണ്ടായ മനംപ്പടുപ്പിക്കുന്ന ചില അനുഭവങ്ങളുടെ ഫലമായി അദ്ദേഹം അവിടം വിട്ടുപോവുകയും ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തിരുപ്പത്തൂരിലെ ക്രിസ്തുകുലാശ്രമത്തില്‍ പോയി താമസം തുടങ്ങുകയും ചെയ്തു, കുറെക്കാലത്തെ ധ്യാനമനനങ്ങളെത്തുടര്‍ന്ന് അദ്ദേഹം 1949 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്തുവെച്ച് സി. എം. എസ്. ക്രൈസ്തവസഭയില്‍ നിന്ന് ജ്ഞാനസ്‌നാനമേറ്റ് ആ സഭയില്‍ ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍ പ്രശ്തനായിത്തീരുകയുമാണുണ്ടായത്. ഇതോടെ അദ്ദേഹം ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ നിന്ന് ഔപചാരികമായി രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അദ്ദേഹം കേളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധഭാഗങ്ങളിലുളള പളളികളും ആശ്രമങ്ങളിലും മറ്റുമായി കഴിയുകയും ഒട്ടേറെ പുസ്തകങ്ങള്‍ രചിക്കുകയും ആത്മീയവും സാമൂഹികവുമായ പലവിധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി കഴിയുകയും ചെയ്തു.
ക്രിസ്തുവും ക്രിസ്തുമതവും തനിക്ക് എങ്ങനെ പ്രചോദനവും ആശ്വാസവുമായിത്തീര്‍ന്നുവെന്ന് അദ്ദേഹം hinduism and christianity എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഹിന്ദുമതവും ക്രിസ്തുമതവും’ എന്ന പേരില്‍ സ്വാമിതന്നെ ഈ കൃതി മലയാളത്തിലും എഴുതിട്ടുണ്ട്. ”ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് വളരെ ശാന്തവും അഗാധവുമായ ഒരു ആത്മീയവളര്‍ച്ചയാണ്. അല്ലാതെ മാനസികമായ എന്തെങ്കിലും ക്ഷോഭങ്ങളുടെ ഫലമായി ഉണ്ടായിട്ടുളള വിപ്ലവമല്ല അതൊന്നും. ഗീതയില്‍നിന്ന് ക്രിസ്തുവിലേക്കുളള മാറ്റം ഒരു വലിയ മാറ്റമല്ലായിരുന്നുവെന്നും ഇന്നലെയും ഇന്നും തമ്മിലുളള വ്യത്യാസംമാത്രമായെ തനിക്ക് ഇത് തോന്നിയുളളു” എന്നതാണ് തന്റെ മതംമാറ്റത്തെക്കുറിച്ച് ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ജാതിയും മതവും ഉപേക്ഷിച്ച ഒരു സംന്യാസിക്കിങ്ങിനെ ഔപചാരികമായി ക്രിസ്തുമതം സ്വീകരിക്കാന്‍ കഴിയുമെന്ന് ഒരിടത്തും അദ്ദേഹം വ്യക്തമാക്കുന്നില്ല. അദ്ദേഹം ഒരു കാലത്തും വ്യവസ്ഥാപിത ക്രൈസ്തവപ്രസ്ഥാനങ്ങളോട് ചേര്‍ന്നുപോയിരുന്നില്ലെന്നും എക്കാലത്തും ഒരു സന്യാസിയുടെ സര്‍വ്വസംഗപരിത്യാഗശീലവും നിര്‍മ്മതയും പുലര്‍ത്തിയിരുന്നതായും അദ്ദേഹത്തിന്റെ ആത്ഥകഥയില്‍ നിന്നും മനസ്സിലാക്കാം. നിയമപരമായി കുടുംബബന്ധങ്ങള്‍ ഒഴിവാക്കിയതായി പ്രമാണം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടാണ് അദ്ദേഹം സന്യാസജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് പൂര്‍വ്വാശ്രമത്തിലെ തന്റെ കുടുംബത്തില്‍നിന്ന് സഹായത്തിന് വിളിവന്നപ്പോള്‍ അഞ്ചുവര്‍ഷത്തോളം അദ്ദേഹം അവിടെചെന്ന് താമസിക്കുകയും ചെയ്യുന്നുണ്ട്.
അവസാന നാളുകള്‍
തന്റെ ജീവിതാവസാനം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് വേണ്ട പല കരുതലുകളും അദ്ദേഹം ചെയ്തുവെച്ചു. തന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുളള ഒരു രൂപരേഖ തയ്യാറാക്കിയതും തന്റെ പേരിലുണ്ടായിരുന്ന പണം അതിനായി വിനിയോഗക്കേണ്ടതിനെക്കുറിച്ചുളള വ്യവസ്തകളും അദ്ദേഹം അവസാനകാലത്ത് കഴിഞ്ഞിരുന്ന തിരുവനന്തപുരത്ത് നന്തന്‍കോട്ടുളള ആനത്തറവീട്ടിലെ എന്‍. സാമുവല്‍ എന്ന സ്‌നേഹിതനെ പറഞ്ഞേല്‍പ്പിച്ചിരുന്നു. സ്വന്തം ശവസംസ്‌കാരച്ചടങ്ങിനുളള തുകവരെ അദ്ദേഹം നേരത്തെ ഈ സ്‌നേഹിതനെ ഏല്‍പ്പിച്ചു. ആ സ്‌നേഹിതന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ 1976 ജൂലൈ 19-ന് അദ്ദേഹം നിര്യാതനായി. ക്രിസ്തീയമതപ്രകാരമുളള ശവസംസ്‌കാരച്ചടങ്ങുകളോടെ അദ്ദേഹത്തിന്റെ ശരീരം തിരുവനന്തപുരത്ത് പാളയം സി.എസ്.ഐ. പളളി സെമിത്തേരിയില്‍ അടക്കുകയാണ് ചെയ്തത്. ലളിതമായ രീതിയില്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും അവിടെ കാണാവുന്നതാണ്.
പിന്‍ക്കാലത്ത് സ്വാമിയുടെ സ്മരണക്കായി എന്‍. സാമുവല്‍ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പളളികള്‍ പണിയിച്ചു. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ മെമ്മോറിയല്‍ സി.എസ.്‌ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്. ഒരു സന്യാസിയുടെ സ്മരണക്കായി ഒരു ക്രിസ്ത്യന്‍സ്‌നേഹിതന്‍ ക്രിസ്ത്യന്‍ പളളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവിതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.
തിരുശേഷിപ്പുകള്‍
ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് ശ്രീനാരായണധര്‍മ്മസംഘത്തില്‍ നിന്ന് സ്വാമി ഔപചാരികമായി രാജിവെച്ചെങ്കിലും ഒരിക്കലും തന്റെ ചിന്തയില്‍ നിന്നും പ്രവൃത്തികളില്‍നിന്നും അദ്ദേഹം ശ്രീനാരായണഗുരുവിനെ ഉപേക്ഷിച്ചിരുന്നില്ല. പളളിയിലെ തന്റെ മുറിയില്‍ അദ്ദേഹം ഗുരുവിന്റെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. താന്‍ മതം മാത്രമേ മാറിയുളളു, ഗുരുവിനെ മാറിയില്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു ജാതി ഒരു മതം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി, പലമതസാരവുമേകം തുടങ്ങിയ ഗുരുവിന്റെ വചനങ്ങളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും കണക്കാക്കാവുന്നതാണ്. ഇക്കാരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നത്. സ്വന്തം കൃതികളുടെയെല്ലാം പകര്‍പ്പവകാശം ഉപേക്ഷിച്ചതായും അവആര്‍ക്കുവേണമെങ്കിലും പരിഭാഷപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്യാമെന്ന കാര്യം പുസ്തകങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിവെയിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുളളതുമായ സ്വാമിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മിക്ക കൃതികളും എല്‍.എം.എസ്. ബുക്ക് ഡിപ്പോ, പുത്തന്‍ചന്ത, തിരുവനന്തപുരം എന്ന സ്ഥാപനമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചില കൃതികളുടെ പ്രസാധകനായി സ്വാമിയുടെ പേരും മറ്റും ചില കൃതികളുടെ പ്രസാധകനായി എന്‍. സാമുവല്‍ ബി.എ., ആനത്തറ, ചാരാച്ചിറ, തിരുവനന്തപുരം എന്ന പേരും കാണുന്നുണ്ട്. മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി. എസ്. ഐ. പാര്‍സനേജ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, തൃശുര്‍ ആണ് ഹിന്ദുമതവും ക്രിസ്തുമതവും പ്രസിദ്ധീകരിച്ചത്.
സ്വാമി രചിച്ച ഗുരുവിന്റെ ജീവചരിത്രപഠനഗ്രന്ഥമായ A Prophet of Peace or Sree Narayana Gurudev of Malabar ഏറെ പ്രശസ്തമാണ്. അനേകംപേര്‍ ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004 ല്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രസിദ്ധീകരിച്ചതായിരിക്കണം ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
http://www.sreenarayanaguru.in/content/prophet-peace നോക്കുക.
സ്വാമിതന്നെ ഇതിന് ‘ശ്രീനാരായണ ഗുരുദേവന്‍ അഥവാ സമാധാനപ്രവാചകന്‍’ എന്ന പേരില്‍ ഒരു സ്വതന്ത്ര മലയാളപരിഭാഷയും രചിച്ചിട്ടുണ്ട്.
സ്വാമിയുടെ Sree Narayana Gurudev – The Prophet of the new order എന്ന ഒരു ലഘുകൃതി പോക്കറ്റ് എഡിഷനയി ശിവഗിരി മഠം പ്രസിദ്ധീകരിച്ചത് ഇപ്പോഴും വില്‍പ്പനയിലുണ്ട്. ശിവഗിരി മഠം അദ്ദേഹത്തിനര്‍പ്പിച്ച ശ്രദ്ധാഞ്ജലിയായി ഇതിനെ കണക്കാക്കാവുന്നതാണ്. ‘ശ്രീനാരായണ ഗുരുദേവ് – നവയുഗ് കെ പൈഗംഹൃബര്‍’ എന്ന പേരില്‍ ഇതിന്റെ ഒരു ഹിന്ദി പരിഭാഷ ചെമ്പഴന്തിയിലെ ശ്രീനാരായണ പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദസ്വാമികള്‍ , സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ ഏതാനും ലേഖനങ്ങളും ലഘുകൃതികളും സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുളളത് ഇപ്പോഴും ലഭ്യമാണ്. ശ്രീനാരായണ ഗുരുദേവമാഹാത്മ്യം, മാതൃഹൃദയം , സ്വതന്ത്രമനുഷ്യരുടെ മതം, സ്വതന്ത്ര ഇന്ത്യ എങ്ങോട്ട്? ക്രൈസ്തവ സര്‍വ്വോദയം Hinduism and Christianity, Are all religions same ?, Yoga of Christ, Yoga for all, The secret of happy homelife, The true way, Hints on presentatin of Gospels, Sarvodaya Democracy തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. ഇവയില്‍ പലതും ഇപ്പോള്‍ കണ്ടുകിട്ടാനില്ല.
അദ്ദേഹത്തിന്റെ ആത്മകഥയാണ് എടുത്തുപറയത്തക്ക മേന്മയുളള മറ്റൊരു കൃതി. മലയാളത്തിലെഴുതിയ ആത്മകഥയുടെ കൈയ്യെഴുത്തുപ്രതി ആത്മസ്‌നേഹിതനായിരുന്ന സി. ആര്‍. കേശവന്‍ വൈദ്യരെ 1947-ല്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 1987-ല്‍ മാത്രമാണ് വൈദ്യര്‍ക്ക് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനായത്. സ്വാമിയുടെ ആത്മകഥാപരമായ വിവരങ്ങളും ക്രിസ്തുമതത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും വിവരിക്കുന്ന ഗ്രന്ഥമാണ് Hinduism and Christianity and The Religion of Free Pepole. തികച്ചും നിസ്സംഗനായി മാറിനിന്ന് വേറെ ആരുടെയോ ജീവിതം കണ്ടു വിവരിക്കുന്നതുപോലെയുളള ഒരു ശൈലിയാണ് ഇരുഭാഷകളിലുമുളള ഈ ആത്മകഥകള്‍ ആദ്ദേഹം രചിച്ചിട്ടുളളത്. മലയാളപുസ്തകത്തില്‍ സന്യാസം സ്വീകരിക്കുന്നതുവരെയുളള കാലം വിവരിക്കുന്നത് ‘കുഞ്ഞപ്പൂ’ എന്ന ഗുപ്തനാമത്തിലും അതിനുശേഷമുളള കാര്യങ്ങള്‍ വിവരിക്കുന്നത് ധര്‍മ്മതീര്‍ത്ഥന്‍ എന്ന പേരിലുമാണ്. ഇംഗ്ലീഷിലാകട്ടെ He, His, Him, Dharmatheerthan എന്നിങ്ങനെയാണ് സ്വയം പരാമര്‍ശക്കുന്നത്. ആത്മകഥകളുടെ ലോകത്ത് തികച്ചും സവിശേഷമായ ഒരു രീതിയാണിതെന്നു കാണാം. സര്‍വ്വസംഗപരിത്യാഗിയായ ഒരു സന്യാസിക്കുമാത്രം സാധ്യമാക്കുന്ന ഒരപൂര്‍വ്വ സിദ്ധിവിശേഷമാണ് സ്വന്തം ജീവിതത്തോടും പ്രവര്‍ത്തികളോടും കാണിക്കുന്ന ഈനിര്‍മ്മത. ഈ കൃതിയിലുടനീളം പല സംഭവങ്ങളോടും ആദ്ദേഹം കുലീനവും വിവേകപൂര്‍ണ്ണവുമായ ഒരുതരം മൗനം പാലിക്കുന്നതായി കാണാം. ശ്രീ നാരായണധര്‍മ്മസംഘം രൂപീകരണം, തുടര്‍ന്നു നടന്ന സ്വത്തുകേസുകള്‍, ശിവഗിരിയില്‍നിന്നുളള ഇറങ്ങിപ്പോക്ക് തുടങ്ങി തുറന്നു പറഞ്ഞിരുന്നെങ്കില്‍ വിവാദമായേക്കാമായിരുന്ന വിഷയങ്ങളിലാണ് അദ്ദേഹം ഇത്തരത്തില്‍ മൗനം പാലിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരുവായിത്തീര്‍ന്ന ചെമ്പഴന്തിയിലെ 1110-ലെ ഗുരുജയന്തിയാഘോഷങ്ങളെക്കുറിച്ച് സ്വാമിയുടെ സ്വന്തം വാക്കുകളിലൂടെയല്ല, മറിച്ച് സി. ആര്‍. കേശവന്‍ വൈദ്യര്‍ ആത്മകഥയ്‌ക്കെഴുതിയ ആമുഖത്തില്‍ നിന്നാണ് നാം മനസ്സിലാക്കുന്നത്.
ഗുരുവിനെയും ഗുരുദര്‍ശനത്തെയും വികലമായി മനസ്സിലാക്കുകയും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരെപ്പോലെയുളള യഥാര്‍ത്ഥ ഗുരുദേവശിഷ്യരെ ആരും ഓര്‍ക്കാറില്ല. പ്രബല ശ്രീനാരായണ പ്രസ്ഥാനങ്ങളും ക്രൈസ്തവപ്രസ്ഥാനങ്ങളുമെല്ലാം സ്വാമിയെയും ആദ്ദേഹത്തിന്റെ സംഭാവനകളെയും പാടെ വിസ്മരിച്ച ഈ കാലത്ത് നവീനാശയങ്ങളും പഠനോപാധികളും ഉപയോഗപ്പെടുത്തുന്ന ഉല്‍പ്പതിഷ്ണുക്കള്‍ സ്വാമിയുടെ കൃതികളുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കി അവയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കാര്യമോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
റെഫറന്‍സ്:
1. ആത്മകഥ – സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ പ്രസാധകന്‍ : സി. ആര്‍. കേശവന്‍ വൈദ്യര്‍, ഇരിങ്ങാലക്കുട (1987)
2. Hinduism and Christianity and The Religion of Free Pepole- Swami John Dharmatheerthar
3. History of Hindu Imperialism- Swami John Dharmatheerthar (1969) Published by N.Samuel, B.A, Anathara, Charachira, Thiruvananthapuram
4. ഹൈന്ദവദുഷ്പ്രഭുത്വചരിത്രം – സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍. പ്രസാധകന്‍ : എന്‍. സാമുേവല്‍ ബി.എ. ആനത്തറ, ചാരാച്ചിറ, തിരിവനന്തപുരം (1969)
5. ഹിന്ദുമതവും ക്രിസ്തുമതവും: പ്രസാധകര്‍ : മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി എസ്. ഐ പാര്‍സനേജ്, മിഷന്‍ക്വാര്‍ട്ടേഴ്‌സ്, തൃശൂര്‍.(1953)
6. ശ്രീനാരായണ ഗുരുദേവന്‍ – ജീവിതചരിത്രവും തത്ത്വദര്‍ശനവും എഡിറ്റര്‍ & പബ്ലിഷര്‍- സച്ചിദാനന്ദസ്വാമി, ഗായത്രി ആഷ്രമം, ചാലക്കുടി (2006)
7. ശ്രീനാരായണ മതം – അഡിവ. സി. പി. മേനേന്‍ (സ്വാമി ജോണ്‍ ധര്‍മ്മ തീര്‍ത്ഥര്‍) മംഗളോദയം പ്രസ്സ് തൃശൂര്‍ (1926)
8. Annihilation of Caste – Dr.b.R.Ambedkar. The critical annotated edition by Navayana Publishing House, New Delhi (2014)
____________________________
പി.അർ.ശ്രീകുമാർ
(ദീര്‍ഘകാലമായി നാരായണഗുരുകുലത്തിന്റെ സഹചാരിയാണ് ലേഖകന്‍. ഇപ്പോള്‍ കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസീല്‍ (KUFOS) സെക്ഷന്‍ ഓഫീസര്‍. email :appukkily@gmail.com